പ്രതീകാത്മക ചിത്രം
ഇംഫാൽ: മണിപ്പുരിൽ സേനാപതി ജില്ലയിലെ കലൻജാങ് ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൗവൈനാമേയി ഗ്രാമത്തിൽ നിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കലൻജാങ് ഗ്രാമത്തലവന്‍റെ വീട്ടിലുണ്ടായിരുന്ന ഇവർക്ക് നേരെ അജ്ഞാതരായ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. എന്നാൽ ആക്രമണ സമയത്ത് നാഗാ യുവാക്കൾ കുക്കി ഗ്രാമത്തലവന്‍റെ വസതിയിൽ എങ്ങനെയെത്തി എന്നതിൽ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക വൃത്തങ്ങൾ നൽകുന്ന സൂചന.
Tags : Violence Manipur Nagas Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash