ഇംഫാൽ: മണിപ്പുരിൽ സംഘർഷം തുടരുന്നു. ഇന്നലെ ഉഖ്റുൾ ജില്ലയിൽ രണ്ടു കാറുകൾക്കു നേർക്ക് തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ നാലു നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ഇംഫാൽ-ഉഖ്റുൾ റോഡിൽ ന്യൂ ഹെവൻ മേഖലയിലായിരുന്നു ആക്രമണം.സായുധ തീവ്രവാദികൾ രണ്ടു കാറുകൾക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സ്ത്രീകളാണ്. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മയും മകനും മറ്റൊരു കുടുംബത്തിലെ സഹോദരങ്ങളുമാണു കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പങ്കില്ലെന്ന് ഉഖ്റുളിലെ കുക്കി സംഘടന അറിയിച്ചു. വ്യാഴാഴ്ച കാംഗ്പോക്പി ജില്ലയിൽ തീവ്രവാദി ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവയ്പിൽ നാൽപ്പത്തിരണ്ടുകാരിയായ കുക്കി വനിത കൊല്ലപ്പെട്ടിരുന്നു.
മണിപ്പുരിൽ ഈ വർഷം മുതലാണു കുക്കികളും നാഗാ വിഭാഗക്കാരും തമ്മിൽ രൂക്ഷ സംഘർഷം ആരംഭിച്ചത്. അന്പതിലേറെ പേർ കുക്കി-നാഗാ സംഘർഷത്തിൽ കൊല്ലപ്പെട്ടു.
മണിപ്പുരിൽ 24 മണിക്കൂറിനിടെ അഞ്ചു പേർ കൊല്ലപ്പെട്ടതിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കേഷാം മേഘചന്ദ്ര രംഗത്തെത്തി. കൊലപാതകങ്ങൾക്കെതിരേ എന്നാണു സർക്കാർ നടപടിയെടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു.