Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ 35 വര്‍ഷമായി ഞാന്‍ കേരളത്തില്‍ വരുന്നുണ്ട്. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കേന്ദ്രത്തില്‍ ബിജെപി ഭരണവും ഏകദേശം ഇത്രയും കാലം പൂര്‍ത്തിയാക്കുന്നു.
കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്ന കാലം ഇടതുപക്ഷം ഭരിക്കുന്ന സര്‍ക്കാര്‍ കേരളത്തിലും ഭരണത്തില്‍ ഉണ്ടായിരുന്നു. ഈ കാലമത്രയും ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ സംവിധാനം എന്നിവയ്ക്കെതിരേ നിരന്തരമായ ആക്രമണങ്ങളും അധിനിവേശവും നടന്നു.
കേരളത്തിലെ ഇടതുപക്ഷവും സര്‍ക്കാരും ഈ ആക്രമണങ്ങള്‍ക്കെതിരേ നിരന്തരം പോരാട്ടം നടത്തിവരുകയാണ്. ഇന്ത്യയില്‍ ബിജെപിക്കെതിരെ ഒരു ബദല്‍ സൃഷ്ടിക്കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ സിപിഎം മുന്‍ അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
കേരളം, ബംഗാള്‍, തമിഴ്നാട് - ഈ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു?
കേരളത്തില്‍ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഒരു സര്‍ക്കാരാണുള്ളത്. അടുത്ത കാലത്ത് രാജ്യത്തെമ്പാടും മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളുണ്ടായി. എന്നാല്‍ കേരളത്തില്‍ 10 വര്‍ഷമായി ഒരു വര്‍ഗീയകലാപം പോലുമുണ്ടായിട്ടില്ല. 10വര്‍ഷത്തെ ഭരണത്തില്‍ കേരളത്തെ ഒരു പുതിയ കേരളമാക്കി മാറ്റാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞു. ഒരു തുടര്‍ഭരണം ജനം ആഗ്രഹിക്കുന്നു. ബംഗാളിലും ഒരു മാറ്റത്തിനായി ജനം തയാറെടുക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഒരു തുടക്കമുണ്ടാക്കാന്‍ ബംഗാളിൽ ഇത്തവണ കഴിയും. തമിഴ്നാട്ടിലും ഇടതുപക്ഷത്തിന് ഡിഎംഐ മുന്നണിയില്‍ ഭരണത്തിലെത്താന്‍ കഴിയും.
35 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം ബംഗാളില്‍ സിപിഎമ്മിന് അന്ത്യംകുറിച്ചു എന്ന വാദത്തെപ്പറ്റി?
ബംഗാളില്‍ തുടര്‍ച്ചയായി ഏഴു ടേം പാര്‍ട്ടി ഭരിച്ചു, അസാധാരണമായ കാര്യമാണ്. ഭരണം മോശമാണെങ്കില്‍ തുടര്‍ഭരണം കിട്ടില്ല. തുടര്‍ഭരണം ഏകാധിപത്യം ആകുമെന്നതൊക്കെ ചില ബുദ്ധിജീവികളുടെ മാത്രം പ്രചരണമാണ്. അതിനോട് യോജിക്കുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ തീരുമാനിക്കും ആരു ഭരിക്കണം എത്രനാള്‍ ഭരിക്കണം, എന്നെല്ലാം. ബംഗാളില്‍ മാറ്റത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചു ജനങ്ങള്‍ അത് ഏറ്റെടുത്തു. മാറ്റങ്ങള്‍ക്ക് ചില ഘടകങ്ങളും സഹായിച്ചു എന്നത് വസ്തുതയാണ്. ജനങ്ങള്‍ക്ക് വിശ്വാസം ഉള്ളിടത്തോളം കാലം ഭരിക്കാമെന്നാണ് എന്റെ നിലപാട്.
കേരളത്തിൽ ഭരണത്തുടര്‍ച്ചയുണ്ടാകുമോ?
ഡല്‍ഹിയിലെ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നോക്കിക്കാണുന്ന ഒരാളെന്ന നിലക്ക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ രാഷ്ട്രീയ നിലപാടുകളെ എങ്ങനെ നിര്‍വഹിക്കുന്നു, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പിലാക്കുന്നു തുടങ്ങിയ കാര്യങ്ങളെ ആധാരമാക്കി സംസാരിക്കുമ്പോള്‍, വിദ്യാഭ്യാസം, ആരോഗ്യം, പൊതു വികസന അജണ്ട, സാമൂഹ്യ നീതിക്കായുള്ള അജണ്ട നടപ്പാക്കല്‍, എല്ലാറ്റിനും ഉപരി മതസൗഹാര്‍ദത്തെ എങ്ങനെ നിലനിര്‍ത്തുന്നു എന്നിവയെല്ലാം മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ ഈ സര്‍ക്കാര്‍ മികച്ച റിക്കാര്‍ഡ് നിലനിര്‍ത്തി .ഈ വസ്തുതകളെ ആധാരമാക്കുമ്പോള്‍ ഭരണം ജനകീയമായിരുന്നു, അതിനാല്‍ ഈ ഭരണതുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതുണ്ടാകുക തന്നെ ചെയ്യും.
ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ജനസമ്മതിയെ ബാധിക്കുമോ?
ഈ വിഷയത്തില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല, പിന്നെ എല്ലാക്കാലത്തും തെരഞ്ഞെടുപ്പുകാലത്ത് ഇതുപോലെ അനവധി ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിലും ഈ ആരോപണം ഉയര്‍ന്നുവന്നു; അതിന് കാര്യമായ പ്രതികരണം ഉണ്ടായില്ല.
ബിജെപി ഡീല്‍, എസ്ഡിപിഐ പോലുള്ള സംഘടനകളുമായി സിപിഎമ്മിനു രഹസ്യബന്ധമുണ്ടെന്ന ആരോപണം?
തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്. ജമാഅത് ഇസ്ലാമി പോലുള്ള സംഘനകളുമായിട്ടുള്ള യുഡിഎഫിന്റെ ബന്ധത്തെപ്പറ്റി അവര്‍ പറയട്ടെ, തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളെ മറക്കാന്‍ അവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നു.
രാഹുല്‍ ഗാന്ധി, കേരളത്തില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നു പറഞ്ഞു; എങ്ങനെ കാണുന്നു.എല്‍ഡിഎഫിന് അങ്ങനെ നിലപാടുണ്ടോ ?
ആദ്യം കോണ്‍ഗ്രസ് ജയിക്കട്ടെ, മുഖ്യമന്ത്രി ആരെന്ന് പിന്നിടല്ലേ തീരുമാനിക്കുക. എല്‍ഡിഎഫും ഇക്കാര്യത്തില്‍ ആദ്യം ജനവിധി വരട്ടെ എന്നനിലപാടിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തെരഞ്ഞെടുപ്പില്‍ നയിക്കുന്നത്. മുഖ്യമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. അതാണ് സിപിഎം രീതി. ഈ കാര്യത്തില്‍ ഒന്നും പ്രവചിക്കാനാവില്ല.
വിദേശ ഫണ്ട് സംബന്ധിച്ച് പുതിയ നിയമ ഭേദഗതി?
രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ഈ നിയമത്തെ ഞങ്ങള്‍ അനുകൂലിച്ചിരുന്നു, വിദേശ ഫണ്ട് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കോ രാജ്യ സുരക്ഷയെയോ ബാധിക്കരുതെന്ന കാര്യത്തില്‍ മാത്രമായിരുന്നു. എന്നാല്‍, ഇന്ന് മോദി സര്‍ക്കാര്‍ ഈ നിയമത്തില്‍ വരുത്തുന്ന ഭേദഗതി ദുരുദ്ദേശ്യപരമാണ്.
മോദി സര്‍ക്കാര്‍ എഫ്സിആര്‍എ ഉപയോഗിക്കുന്നത് മതന്യൂനപക്ഷങ്ങള്‍ക്കും അവര്‍ നടത്തുന്ന സംഘടനകള്‍ക്കും എതിരേ ഒരു ആയുധമായിട്ടാണ്. ഇഡി, സിബിഐ അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് എങ്ങനെ തങ്ങളെ അനുകൂലിക്കാത്തവരെ വരുതിയില്‍ വരുത്താമെന്നതാണ്. മതന്യൂനപക്ഷങ്ങളെയും അവര്‍ നടത്തുന്ന സംഘടനകളെയും എങ്ങനെ നിയന്ത്രിക്കാം, വരുതിയിലാക്കാം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന വൈരുധ്യവും ഇതിലുണ്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പു വിജയത്തെ സംബന്ധിച്ച് എന്തെങ്കിലും പ്രവചനം?
കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ഒരു പ്രവചനവും എനിക്കില്ല. കേരളീയര്‍ എല്ലാവരും രാഷ്ട്രീയ പ്രബുദ്ധരാണ്. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും നന്നായി വീക്ഷിക്കുന്നവരുമാണ്. സാധാരണ ഭരണ വിരുദ്ധ വികാരം എന്ന ഒരു കാര്യം ഇവിടെ ഇപ്പോഴില്ല.
Kerala
പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘത്തിനെ പിടികൂടി പോലീസ്. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ പെരുമണ്ണൂർ കൈപ്രക്കുന്നായിരുന്നു സംഭവം. ചാലിശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്. ആക്രമത്തിൽ പരിക്കേറ്റ വാകേപ്പാടത്ത് സുബൈറിന്റെ നില ഗുരുതരമാണ്.
വലിയവളപ്പിൽ മുസ്തഫ,വി. മുസ്തഫ എന്നിവർക്ക് കൈയ്ക്കും കെ. സൂരജ്, വി.വി. അബൂബക്കർ എന്നിവർക്ക് തലയ്ക്കുമാണ് പരിക്ക്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ അതിസാഹസികമായാണ് ചാലിശേരി പോലീസ് പിടികൂടിയത്.
പിടിയിലായ പെരുമണ്ണൂർ സ്വദേശികളായ മണികണ്ഠൻ, ബാലസുബ്രമണ്യൻ, ഫ്ലമിംഗ്, അഭിജിത്ത്, അഖിൽ, വിനോദ്, അജീഷ്, ഗിരീഷ്, ജഗന്നാഥ്, ശ്രീനിവാസൻ, ജിനേഷ് , മോഹൻദാസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
International
കാബൂൾ: സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാൻ. ശാരീരികമായ ശിക്ഷയിൽ ഭാര്യക്ക് ഒടിവുകളോ മുറിവോ ഉണ്ടായാൽ 15 ദിവസത്തെ തടവ് ശിക്ഷ മാത്രമാണ് വിധിക്കുന്നത്. കോടതിയിൽ സ്ത്രീക്ക് പീഡനം വിജയകരമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ പുരുഷൻ കുറ്റക്കാരനാണെന്ന് കണ്ടെത്താനാകൂ.
പുതിയ നിയമത്തിൽ പറയുന്നത് എല്ലുകൾ ഒടിയാതയോ തുറന്ന മുറിവുകൾ ഉണ്ടാക്കാതെയോ ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാം. ഇസ്ലാമിക ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട പീനൽ കോഡിലാണ് ഇക്കാര്യം പറയുന്നത്. ഇതേ നിയമത്തിലാണ് അടിമത്തത്തെ നിയമവിധേയമാക്കിയത്.
അതേസമയം വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. ആർട്ടിക്കിൾ 9 അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മത പണ്ഡിതർ (ഉലമ), വരേണ്യവർഗം (അഷ്റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം. ഈ സംവിധാനത്തിൽ ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഇനി പ്രധാനമായും കുറ്റകൃത്യത്തിന്റെ സ്വഭാവമോ തീവ്രതയോ അനുസരിച്ചാവില്ലെന്നും മറിച്ച് പ്രതിയുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിയാണെന്നും പറയുന്നു.
Kerala
കോട്ടയം: ഗാന്ധി സ്ക്വയറില്‍ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. വൈകിട്ട് നാലോടെ ഇവിടെയെത്തിയ ഇയാള്‍ റോഡിന്റെ മധ്യത്തില്‍ ഇരുന്ന ശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു.
പോലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവില്‍ കിടക്കുകയും വാഹന ഡ്രൈവര്‍മാരെ അസഭ്യം പറയുകയും ചെയ്തു. 4.30 ഓടെ കൂടുതല്‍ പോലീസെത്തി ഇയാളെ സ്ഥലത്ത് നിന്നും നീക്കി.
National
ന്യൂഡൽഹി: ഒഡീഷയിൽ പ്രാർഥനായോഗത്തിനിടെ ബജ്രംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സംഭവം നടന്നു പത്ത് ദിവസങ്ങൾക്കുശേഷം. അതിക്രൂര ആക്രമണത്തിനിരയായ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ ഭാര്യ വന്ദന നൽകിയ പരാതിയിലാണ് ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് പോലീസ് കേസെടുത്തിരിക്കുന്നത്.
മനഃപൂർവം പരിക്കേൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക, കലാപം സൃഷ്ടിക്കുക തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ ജാമ്യം ലഭിക്കാവുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, മതപരിവർത്തന നിരോധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി തനിക്കെതിരേ പോലീസ് കേസെടുത്തതായി പാസ്റ്റർ ബിപിൻ ബിഹാരി ദീപികയോട് പറഞ്ഞു. മൂന്നു തലമുറകളായി ക്രിസ്തുമതം പിന്തുടരുന്നവരാണു തന്റെ കുടുംബമെന്നും കഴിഞ്ഞ 17 വർഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണെന്നും ബിപിൻ ബിഹാരി പറഞ്ഞു.
സംഭവത്തിൽ അന്നുതന്നെ നടപടി ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഭാര്യ വന്ദന ധെൻകനാൽ എസ്പിക്കു പരാതി നൽകിയതോടെയാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായത്. 12ന് എസ്പിക്കു പരാതി നൽകിയതിനു പിന്നാലെ 13ന് രാവിലെ 11.30 ഓടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ നാലിന് വീട്ടിൽ പ്രാർഥനായോഗത്തിൽ പങ്കെടുക്കുന്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകരെന്നു സ്വയം പരിചയപ്പെടുത്തിയ സംഘം തങ്ങളുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് ഭർത്താവിനെ ആക്രമിക്കുകയും ചെയ്തതെന്ന് എസ്പിക്കു നൽകിയ പരാതിയിൽ വന്ദന ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞിട്ടും പോലീസ് എത്താൻ വൈകി.
ബജ്രംഗ്ദൾ പ്രവർത്തകർ മുളവടികൊണ്ട് ഭർത്താവിനെ അടിക്കുകയും ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം ഓവുചാലിലെ വെള്ളം കുടിക്കാൻ നിർബന്ധിക്കുകയും ക്ഷേത്രത്തിനു മുന്നിൽ കുന്പിടാൻ ആവശ്യപ്പെടുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ പോലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ജഗനാഥനെയും ഗോമാതാവിനെയും അധിക്ഷേപിച്ച പാസ്റ്ററെ ജനക്കൂട്ടം ചാണകം തീറ്റിച്ച് ജയ് ശ്രീറാം, ജയ് ഗോമാതാ വിളിപ്പിച്ചതായി തീവ്രഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്ന ന്യൂസ് പോർട്ടലുകൾ വാർത്ത നൽകിയിട്ടുണ്ട്. പാർജാംഗ് ഹിന്ദു ഭൂരിപക്ഷ മേഖലയാണെന്നും ഏഴു ക്രിസ്ത്യൻ കുടുംബങ്ങളേ ഇവിടെയുള്ളൂവെന്നും വാർത്തയിലുണ്ട്.
National
ന്യൂഡൽഹി: തുർക്ക്മാൻ ഗേറ്റിലെ മസ്ജിദിനു സമീപമുള്ള കൈയേറ്റങ്ങൾ പൊളിക്കുന്നതിനിടെ പോലീസുകാർക്കുനേരേ കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.
മുഹമ്മദ് ഇമ്രൻ, അദ്നൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളുടെ മാറ്റിവച്ച ജാമ്യാപേക്ഷയിൽ ഇന്ന് വൈകുന്നേരം നാലിന് കോടതി വിധി പറയും. ജനുവരി ഏഴിന് നടന്ന സംഭവത്തിൽ 25 ഓളം പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
Kerala
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ലവ് ജിഹാദ് ആരോപിച്ച് പിറന്നാൾ ആഘോഷം തടസപെടുത്തുകയും യുവാക്കളടക്കമുള്ളവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്.
ബജ്റംഗ്ദൾ നേതാവ് ഋഷഭ് താക്കൂർ ഉൾപ്പടെ കണ്ടാലറിയുന്ന 25 പേർക്കെതിരെയാണ് ബറേലി പോലീസ് കേസെടുത്തത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മർദിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ശനിയാഴ്ച രാത്രി പ്രേംനഗർ പ്രദേശത്തെ റസ്റ്റൊറന്റിൽ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്.
അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതിൽ രണ്ട് പേർ മുസ്ലീം യുവാക്കളായിരുന്നു.
ഹിന്ദു പെൺകുട്ടിക്കൊപ്പം മുസ്ലീം യുവാക്കൾ ഉണ്ടെന്നറിഞ്ഞെത്തിയ ഹിന്ദുത്വ പ്രവർത്തകർ ആഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ലവ് ജിഹാദ് ആരോപിക്കുകയുമായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പ്രേംനഗർ പോലീസ് വിദ്യാർഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു മുസ്ലീം യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പിടികൂടി. ക്രമസമാധാനം തകർത്തതിന് കേസെടുത്ത് മുസ്ലീം യുവാക്കൾക്ക് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പോലീസ് പിഴ ചുമത്തി.
സ്റ്റേഷനിന് പുറത്തുവന്ന 20കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് ഇതേക്കുറിച്ച് പ്രതികരിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇതേതുടർന്നാണ് കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്.
Kerala
കൊച്ചി: ക്രിസ്മസ് കാലഘട്ടത്തിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ക്രൈസ്തവരില്‍ ആശങ്കയുളവാക്കുന്നതാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ).
ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഖേദകരമാണ്.
ഗവര്‍ണറുടെ ഓഫീസില്‍ പോലും ക്രിസ്മസ് പ്രവൃത്തിദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും ഉത്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോള്‍ സംഘത്തിന് നേരേ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിന്റെ പേരില്‍ രാഷ്്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകും.
ഛത്തീസ്ഗഡിലെ റായ്പുരിലെ മാളില്‍ സാന്താക്ലോസിന്റെ രൂപം തകര്‍ത്തതും ജബല്‍പുരില്‍ അന്ധയായ ഒരു ക്രൈസ്തവ പെണ്‍കുട്ടിയെ ആക്രമിച്ചതും ഉത്തര്‍പ്രദേശില്‍ പള്ളിയിലെ പ്രാര്‍ഥന തടസപ്പെടുത്താന്‍ ശ്രമിച്ചതും കാലങ്ങളായി ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് എന്നു മനസിലാകും.
വെറുപ്പിന്റെ സംസ്കാരമല്ല, സ്നേഹത്തിന്റെ സംസ്കാരമാണ് ക്രിസ്മസ്. പ്രകോപനങ്ങള്‍ ഉണ്ടായാലും സഹിഷ്ണുതയോടുകൂടി നിലകൊള്ളുകയും അത്തരക്കാരെ തിരിച്ചറിയാന്‍ ക്രൈസ്തവ സമൂഹത്തിന് കഴിയുന്നുവെന്നുള്ളതും ആക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര് മനസിലാക്കണം.
വിദ്വേഷം വളര്‍ത്തി ഭിന്നത ഉണ്ടാക്കുന്ന സാഹചര്യങ്ങളെ ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നുണ്ട്. ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിച്ചാല്‍ അതൊന്നും നടപ്പിലാകില്ല. അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഭരണകൂടം തയാറാകണം.
ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ജാഗ്രതയുടെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ ഈ ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
National
ന്യൂഡൽഹി: ക്രിസ്മസ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്ന്ത്രിയെ ഉത്കണ്ഠതവർക്കു നേരേ നടന്ന ആക്രമണങ്ങളിലുള്ള ഉത്കണ്ഠ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിച്ചു. നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ അങ്ങേയറ്റത്തെ വേദനയും ആശങ്കയുമുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു. വിശുദ്ധ ക്രിസ്മസ് കാലത്ത് ഇത്തരം വാർത്തകൾ കേൾക്കുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു.
സമാധാനപരമായി കരോൾ പാടിയവർക്കും പള്ളികളിലും പുൽക്കൂടുകൾക്ക് മുന്നിലും പ്രാർഥനയ്ക്കായി ഒത്തുചേർന്നവർക്കും നേരേ ഉണ്ടായ ആക്രമണങ്ങൾ, സമാധാനത്തോടെ തങ്ങളുടെ വിശ്വാസം ആചരിക്കാൻ ആഗ്രഹിക്കുന്ന, നിയമം അനുസരിക്കുന്ന പൗരന്മാരിൽ ഭയവും വിഷമവും ഉണ്ടാക്കിയിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ഭയമില്ലാതെ തന്റെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ ഇത്തരം സംഭവങ്ങൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നു- അദ്ദേഹം പറഞ്ഞു.
നിയമം കർശനമായി നടപ്പാക്കണമെന്നും രാജ്യത്തുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങൾക്ക് സംരക്ഷണം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരോട് അദ്ദേഹം അഭ്യർഥിച്ചു.
ക്രിസ്മസിന്റെ സമാധാനവും സ്നേഹവും ഐക്യവും നിറഞ്ഞ സന്ദേശം സുരക്ഷിതമായ അന്തരീക്ഷത്തിലും പരസ്പരബഹുമാനത്തോടെയും ആഘോഷിക്കാൻ ഇത് സഹായിക്കും.
നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നതുപോലെ, നാനാത്വത്തിലെ ഏകത്വത്തിലും എല്ലാ പൗരന്മാരോടുമുള്ള സ്നേഹത്തിലുമാണ് ഇന്ത്യയുടെ കരുത്ത് എന്നും നിലകൊള്ളുന്നതെന്ന കാര്യവും മാർ താഴത്ത് ഓർമിപ്പിച്ചു.
National
ദിസ്പുർ: ആസാമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
National
ന്യൂഡൽഹി: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവർക്കും എതിരായി നടക്കുന്ന ആക്രമണങ്ങളിൽ അപലപിച്ച് കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ).
ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്നത്. സമാധാനപരമായി കരോൾ പാടുന്നവർക്കും പള്ളികളിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയവർക്കും എതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ആരാധിക്കാനും ജീവിക്കാനുമുള്ള അവകാശത്തെയും ഗുരുതരമായി ഹനിക്കുന്നതാണെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.
മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അത്യന്തം മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ചെയ്ത അഞ്ജു ഭാർഗവയെ ഉടൻ ബിജെപി പുറത്താക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ക്രൈസ്തവർക്കെതിരെ ഡിസംബർ 24ന് ഛത്തീസ്ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് ഹിന്ദുത്വസംഘടനകൾ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സന്ദേശങ്ങൾ സമൂഹത്തിൽ സംഘർഷമുണ്ടാക്കാനും അക്രമം അഴിച്ചുവിടാനും കാരണമാകുമെന്ന് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരവും ശക്തവുമായ നടപടികൾ കൈക്കൊള്ളണമെന്നും, രാജ്യത്തുടനീളം ക്രിസ്മസ് സമാധാനപരമായും സുരക്ഷിതമായും ആഘോഷിക്കാൻ ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും സിബിസിഐ പിആർഒ ഫാ. റോബിൻസൺ റോഡ്രിഗസ് പങ്കുവച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Kerala
തൃശൂര്‍: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ മനു അറസ്റ്റിലായത്. ജനറല്‍ ആശുപത്രിയിലേക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി എത്തിയ കരുവന്നൂര്‍ സ്വദേശി റിസ്വാന്റെ (21) കൂടെ വന്നതായിരുന്നു മനു.
ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ പി.ഡി. ദീപയുടെ പരാതി പ്രകാരം പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയിലെ ഒ.പിയില്‍ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പ്രണവിനേയും സെക്യൂരിറ്റി ജീവനക്കാരിയെയും അസഭ്യം പറഞ്ഞ് മനു ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.
സ്ത്രീത്വത്തിന് അപമാനം ഏല്‍പ്പിക്കുകയും ഒപിയുടെ ഡോര്‍ തല്ലി പൊളിച്ച് പൊതുമുതല്‍ നശിപ്പിക്കുകയും ആശുപത്രിയില്‍ ഡ്യൂട്ടിയിലുളളവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. നാല് ക്രിമിനല്‍ക്കേസിലെ പ്രതിയാണ് മനു.
Kerala
കോഴിക്കോട്: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്‍ശനമാക്കണമെന്നു ഡോക്ടര്‍മാര്‍. പലപ്പോഴും നടപടികള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല. ഇക്കാര്യങ്ങള്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 68-ാമത് വാർഷിക സംസ്ഥാന സമ്മേളനം ചര്‍ച്ചചെയ്യുമെന്നും ഐഎംഎ ഭാരവാഹികള്‍. സംസ്ഥാന സമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫറോക്ക് മറീന കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ആരോഗ്യ രംഗത്തെ നിലവിലുള്ള സമകാലിക പ്രശ്നങ്ങളും, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും മുൻ നിർത്തിയുള്ള ചർച്ചകൾ നടക്കും.വാർഷിക സംസ്ഥാന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ രാവിലെ എട്ടിന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ പതാക ഉയർത്തും. തുടർന്ന് വാർഷിക സംസ്ഥാന കൗൺസിൽ യോഗം ഡോ. കെ. ജയറാം മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ് നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി സമാന്തര സിഎംഇ പ്രോഗ്രാം, പിജി വിദ്യാർഥികൾക്കുള്ള പേപ്പർ പ്രസന്റെഷൻ, ഇ-പോസ്റ്റർ അവതരണം എന്നിവ നടക്കും. ഉച്ച കഴിഞ്ഞ് ഐഎംഎ വിമൻസ് വിംഗിന്റെ സംസ്ഥാന സമ്മേളനവും ഒത്തുചേരലും നടക്കും. വൈകുന്നേരം സാംസ്കാരിക പരിപാടികൾ അരങ്ങേറും. തുടർന്ന് റിപ്പോർട്ടിൽ ചർച്ച നടക്കും. പിന്നീട് പുതിയ സംസ്ഥാന ഭാരവാഹികൾ തെരഞ്ഞെടുത്ത് ചുമതലയേൽക്കും. വിവിധ മേഖലകളിൽ തിരഞ്ഞെടുത്ത ഐ എം എ അംഗങ്ങൾക്ക് ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ.വി.ജി. പ്രദീപ് കുമാർ, ഓർഗനൈസിംഗ് സെക്രട്ടറിപ്രൊഫ. അനീൻ എൻ. കുട്ടി, ഐഎംഎ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ. സന്ധ്യക്കുറുപ്പ്, ഡോ.ശങ്കർ മഹാദേവൻ, ഡോ.പി. രഞ്ജിത്ത്,ഡോ.പി.എൻ. അജിത, ഡോ.ബി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
NRI
ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കെതിരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഐഒസി യുകെ കേരള ചാപ്റ്റർ. കുറ്റവാളികൾക്കെതിരേ മാതൃകാപരമായ ശിക്ഷയും അക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾക്കുമായി ഭരണ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷന് ഹർജി സമർപ്പിച്ചു.
ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാൻഡ്സ് പ്രദേശത്ത് ഒക്ടോബർ 2025-ൽ നടന്ന വംശീയത പ്രേരിതമായ ആക്രമണങ്ങളും ഇന്ത്യൻ സാംസ്കാരിക പ്രതീകങ്ങളെ ലക്ഷ്യമിട്ട നാശനഷ്ടങ്ങളുമെല്ലാം ഉൾപ്പെടുത്തി ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് ഓൺലൈനായി ഹർജി സമർപ്പിച്ചത്.
ഈ സംഭവങ്ങൾ ഇന്ത്യൻ വംശജരുടെ സുരക്ഷയ്ക്കും ആത്മവിശ്വാസത്തിനും നേരിട്ടുള്ള വെല്ലുവിളിയാണെന്നും അവയ്ക്ക് അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഒക്ടോബർ 25-ന് ബർമിംഗ്ഹാമിലെ വാൾസാൾ പാർക്ക് ഹാൾ പ്രദേശത്ത് ഒരു ഇന്ത്യൻ യുവതി നേരിട്ട ക്രൂരമായ ആക്രമണത്തെയും അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒക്ടോബർ 16ന് ഹെയിൽസൊവൻ നഗരത്തിൽ മറ്റൊരു യുവതിക്കെതിരേയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടന്നതും ഹർജിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
അതിക്രൂരവും വംശീയാക്ഷേപ ചുവയുള്ളതുമെന്ന് പോലീസ് വിശേഷിപ്പിച്ച അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഈ രണ്ട് സംഭവങ്ങളുടെയും സ്വഭാവസാമ്യവും ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായായി ഹർജിയിൽ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതോടൊപ്പം, ലണ്ടൻ തവിസ്ക്വയറിൽ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ വികൃതമാക്കിയ സംഭവവും ഇന്ത്യൻ സമൂഹത്തിനും ഇന്ത്യ - ബ്രിട്ടൻ സൗഹൃദ മൂല്യങ്ങൾക്കും ഗൗരവമായ അപമാനമാണെന്ന് സംഘടന പ്രസ്താവിച്ചു.
യുകെ ഹോം ഓഫീസ്, പോലീസ്, പ്രാദേശിക അധികാരികൾ എന്നിവരുമായി നേരിട്ടുള്ള ഉയർന്നതല നയതന്ത്ര ഇടപെടലുകളും ബന്ധവും ഉറപ്പാക്കുക, വിദ്വേഷപ്രേരിത കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഹൈക്കമ്മീഷനിൽ പ്രത്യേക സെല്ല് രൂപീകരിക്കുക, ഇരകൾക്കും കുടുംബങ്ങൾക്കും നിയമസഹായം, മാനസിക പിന്തുണ, അനുയോജ്യമായ കൗൺസലിംഗ് എന്നിവ ലഭ്യമാക്കുക,
ഇന്ത്യൻ പൈതൃക പ്രതീകങ്ങളുടെ നിരീക്ഷണവും സംരക്ഷണം ഉറപ്പാക്കുക, ഇന്ത്യൻ വംശജരുടെ സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു അധികാരികളെ ബോദ്യപ്പെടുത്തുക, കുറ്റക്കരെ ഒറ്റപ്പെടുത്തുന്നതിനും മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനും സർക്കാരിൽ സമ്മർദം ചെലുത്തുക തുടങ്ങി ഇന്ത്യൻ ഹൈകമ്മീഷൻ അടിയന്തിരമായി പരിഗണിക്കേണ്ടതായി ചില നിർദേശങ്ങളും ഹർജിയിൽ സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.
ഇന്ത്യൻ സമൂഹം വർഷങ്ങളായി കഠിനാധ്വാനം, മാന്യത, സാമൂഹിക പങ്കാളിത്തം എന്നിവയുടെ മാതൃകാ സമൂഹമായി യുകെയിൽ നിലകൊള്ളുന്നതായും എന്നാൽ ഒക്ടോബറിലെ ഈ ആക്രമണങ്ങൾ പ്രസ്തുത സഹജീവിതത്തിന്റെ ആത്മാവിനെയും ഐക്യത്തെയും തച്ചു തകർക്കുമെന്നും സമൂഹത്തിൽ വിശ്വാസവും നീതിയിലുള്ള പ്രതീക്ഷയും പുനഃസ്ഥാപിക്കാൻ ഹൈക്കമ്മീഷന്റെ അടിയന്തര ഇടപെടലും പൊതുവായ പ്രതികരണവും അനിവാര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ അഭ്യർഥിച്ചുകൊണ്ട് ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റ് പ്രസിഡന്റ് കെ. മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ഹർജിയും ഇന്ത്യൻ ഹൈകമ്മീഷന് സമർപ്പിച്ചിട്ടുണ്ട്.
National
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയുടെ വെടിവയ്പ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു. ഹോയ്ഖോൾഹിംഗ് എന്ന സ്ത്രീയാണ് മരിച്ചത്.
കുക്കികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ചുരാചന്ദ്പൂരിലെ ചിംഗ്ഫെയ് ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് കുക്കികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
മെയ്തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുരക്ഷാസേന അറിയിച്ചു. ഒരു കർഷകന് കുക്കികളുടെ വെടിവയ്പ്പിൽ പരിക്കേറ്റിരുന്നു.
ഇതാണ് കുക്കി സംഘവും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.