പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ.
തിരുവനന്തപുരം: റാഗിംഗിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. നഗരൂർ കൊടുവഴന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി തല്ലിച്ചതച്ചത്. മർദ്ദനത്തിനിടെ കാലുകൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥികൾ സ്വന്തമായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഇതിനെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിന് പുറത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്ലസ് ടു വിദ്യാർഥികൾ തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളുടെ പക്കൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Tags : Ragging StudentAssault PoliceCase Violence School