ആലപ്പുഴ: നവകേരള യാത്രയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എംഎൽഎയെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദിച്ച കേസിൽ പ്രതികളായ അംഗരക്ഷകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ആറിന് വീണ്ടും പരിഗണിക്കും.
ബുധനാഴ്ച രാവിലെ കേസ് പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളിൽ പ്രതിഭാഗം അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചതോടെ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്ന് നിരീക്ഷിച്ച് പോലീസ് ഫോട്ടോഗ്രാഫർ ചിത്രീകരിച്ച ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കാൻ നിർദേശിച്ചാണ് സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് തുടർവാദത്തിനായി മാറ്റിയത്. കേസ് മാറ്റിവയ്ക്കുന്നതിന്റെ ആനുകൂല്യം ഉപയോഗിക്കരുതെന്നും പ്രതികളെ അതുവരെ അറസ്റ്റ് ചെയ്യരുതെന്നും പ്രോസിക്യൂഷന് നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന നിലയിൽ കൃത്യനിർവഹണത്തിന്റെ ഭാഗമായ നടപടികളാണുണ്ടായതെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം അഭിഭാഷകൻ വാദം തുടങ്ങിയത്. പ്രത്യേക അന്വേഷണസംഘം കേസേറ്റെടുത്തശേഷം മേയ് 30ന് രാവിലെ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചുമത്താതിരുന്ന വധശ്രമം വൈകുന്നേരം ചുമത്തി ജാമ്യം നിഷേധിക്കാൻ ശ്രമിച്ചത് അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
മേയ് 30ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്നേദിവസം വൈകിട്ട് നാലിന് മെഡിക്കൽ ബോർഡ് കൂടി വൈകിട്ട് അഞ്ചിനകം എങ്ങനെ വധശ്രമം ചുമത്തി റിപ്പോർട്ട് നൽകിയെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആരാഞ്ഞു. നിലവിൽ ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് ഫലവും പോലീസ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളമടക്കമുള്ള തെളിവുകളും പരിശോധിച്ച് കേസിൽ ആറിന് നടക്കുന്ന വിശദമായ വാദത്തിന് ശേഷമാകും തീരുമാനം.
Tags : Navakerala Yatra violence bail plea protesters