നിരാശയോടെ മെസി
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ കലാശപ്പോരിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും വിശ്വവിജയികളായി. നിശ്ചിത സമയത്തും സ്കോർ രഹിതമായി തുടർന്ന മത്സരത്തിന്റെ 116-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് അർജന്റീനയുടെ നെഞ്ചകം തകർത്തത്.
കളിയിൽ ഒരു ഗോളിന്റെ വ്യത്യാസം മാത്രമാണ് കാണിക്കുന്നതെങ്കിലും 120 മിനിറ്റും മൈതാനത്ത് സ്പെയിനിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. ഇതോടെ 2010ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ആന്ദ്രേ ഇനിയേസ്റ്റയുടെ എക്സ്ട്രാ ടൈം ഗോളിൽ നെതർലൻഡ്സിനെ വീഴ്ത്തിയതിന് ശേഷം തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകിരീടത്തിൽ മുത്തമിടാൻ ലാ റോജയ്ക്ക് കഴിഞ്ഞു.
മത്സരത്തിൽ അർജന്റീനയുടെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങൾ
സൂപ്പർ താരം ലയണൽ മെസിയെ മാത്രം അമിതമായി ആശ്രയിച്ചതാണ് അർജന്റീനയ്ക്ക് വിനയായത്. ടൂർണമെന്റിലുടനീളം എട്ടു ഗോളുകളുമായി മുന്നേറിയ മെസിയെ സ്പാനിഷ് പ്രതിരോധം പൂർണമായും പൂട്ടിക്കെട്ടി. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ വെറും ഒരൊറ്റ തവണ മാത്രമാണ് മെസിക്ക് പന്ത് തൊടാനായത്.
ഒരു കീ-പാസ് പോലും നൽകാൻ കഴിയാതെ വെറുമൊരു കാഴ്ചക്കാരനായി മെസി മാറിയപ്പോൾ അർജന്റീനയുടെ താളം തെറ്റി. ടൂർണമെന്റിലുടനീളം കണ്ട സ്പാനിഷ് മധ്യനിരയുടെ ആധിപത്യം ഫൈനലിലും ആവർത്തിച്ചു. പന്ത് അതിവേഗം കൈമാറുന്നതിനൊപ്പം എതിരാളികളിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിലും സ്പെയിൻ മികച്ച നിലവാരം പുലർത്തിയതോടെ അർജന്റീനയ്ക്ക് പന്തടക്കം പൂർണമായും നഷ്ടമായി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പ് കാർഡും കണ്ട് പുറത്തായത് അർജന്റീനയ്ക്ക് കനത്ത പ്രഹരമായി. ടൂർണമെന്റിലുടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിനിനെതിരെ പത്തുപേരുമായി പൊരുതുക അർജന്റീനയ്ക്ക് അസാധ്യമായിരുന്നു.
ഒടുവിൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ (116-ാം മിനിറ്റ്) ഈ അംഗബലം സ്പെയിൻ മുതലാക്കുകയും ഫെറാൻ ടോറസ് പന്ത് വലയിലെത്തിക്കുകയുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാറായപ്പോൾ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിനേറ്റ പരിക്കും അർജന്റീനയുടെ കളി തിരിച്ചുവിട്ടു.
ടൂർണമെന്റിലുടനീളം ക്രിസ്റ്റ്യൻ റൊമേറോയുമായി ചേർന്ന് പ്രതിരോധത്തിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ മാർട്ടിനെസിന് പകരം വെറ്ററൻ താരം നിക്കോളാസ് ഒറ്റാമെൻഡിയെ പരിശീലകൻ സ്കലോണിക്ക് ഇറക്കേണ്ടി വന്നു. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒരൊറ്റ മത്സരത്തിൽ മാത്രം ആദ്യ ഇലവനിൽ കളിച്ച ഒറ്റാമെൻഡിയുടെ വരവ് പ്രതിരോധത്തിന്റെ ബാലൻസ് തെറ്റിച്ചു.
ഇതോടൊപ്പം അർജന്റീനയുടെ മുന്നേറ്റം പാടെ നിഷ്പ്രഭമായി മാറി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ അർജന്റീനയ്ക്ക് നിശ്ചിത സമയത്ത് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാനായില്ല. മത്സരം അവസാനിക്കുമ്പോൾ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയുടെ ആകെ സമ്പാദ്യം.
എന്നാൽ മറുവശത്ത് സ്പെയിൻ നിശ്ചിത സമയത്ത് മാത്രം 20 ഷോട്ടുകൾ തൊടുത്തു, അതിൽ 12 എണ്ണവും ഓൺ-ടാർഗെറ്റ് ആയിരുന്നു. ഈ കണക്കുകൾ തന്നെ ഫൈനലിൽ സ്പെയിൻ പുലർത്തിയ അപ്രമാദിത്വം വ്യക്തമാക്കുന്നു.
Tags : FIFAWorldCup Argentina Spain ArgentinaLost WorldCup2026