പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ കേശവ് പുരത്ത് തീപ്പെട്ടി ചോദിച്ചത് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കഞ്ഞിയാട നഗർ സ്വദേശിയായ ഭവാനി (30) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആശാ റാം (32) എന്നയാൾ പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വസീർപൂർ സ്വദേശികളായ നരേഷ് ബഹദൂർ (19), തരുൺ (19) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർ അറസ്റ്റിലായി.
പ്രതികൾ സിഗരറ്റ് കത്തിക്കാനായി ഭവാനിയോടും ആശാ റാമിനോടും തീപ്പെട്ടി ചോദിച്ചിരുന്നു. കൈവശം തീപ്പെട്ടിയില്ലെന്ന് ഇവർ മറുപടി നൽകിയതിനെത്തുടർന്ന് വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ മൂന്നംഗ സംഘം ഇരുവരെയും മർദിക്കുകയും കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭവാനിയുടെ ജീവൻ രക്ഷിക്കാനായില്ല. ആശാ റാം ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Tags : Deepika BreakingNews Matchbox Stab Arrest