Image for representation
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വെള്ളിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ചയോടെ പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ട്. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുന്നു.
വടക്കൻ തായ്‌ലൻഡിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യതയുണ്ട്. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും വരുംദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ റായലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.
തെക്കൻ കർണാടകയിൽ നിന്നും മാന്നാർ കടലിടുക്കിലേക്ക് തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Tags : Weather WeatherUpdate WeatherForecast WeatherAlert Rain Rainfall Climate Meteorology