രാഹുൽ ഗാന്ധി
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇതുവഴി രാജ്യത്തെ എല്ലാ പൗരർക്കുമേലും സർക്കാർ നികുതി ചുമത്തുകയാണെന്നും അമേരിക്കയ്ക്ക് വലിയ അളവിലുള്ള പണം നൽകുകയാണെന്നും രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഒരു നട്ടെല്ല് വളർത്താൻ രാഹുൽ പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് ആവശ്യപ്പെട്ടു. മോദിജി ഡോണൾഡ് ട്രംപിനു മുന്നിൽ മലർന്നുകിടക്കാനും സാഷ്ടാംഗം നമസ്കരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
നേട്ടം അമേരിക്കൻ കമ്പനികൾക്കെന്ന് കോൺഗ്രസ്
2000 രൂപയ്ക്കു മേലെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുമ്പോൾ നേട്ടമെത്തുന്നത് അമേരിക്കൻ കമ്പനികൾക്കെന്നു കോൺഗ്രസ് സമൂഹമാധ്യമ അധ്യക്ഷ സുപ്രിയ ശ്രീനേഥ്. കഴിഞ്ഞ സാമ്പത്തികവർഷം 2000 രൂപയ്ക്കു മുകളിലുള്ള പി2എം വ്യാപാര ഇടപാടുകളുടെ മൂല്യം രാജ്യത്ത് 66.22 ലക്ഷം കോടി രൂപയാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രിയ ഇതിന്റെ ഏകദേശം 86 ശതമാനം മാർക്കറ്റ് ഷെയറുകളും ഫോൺ പേ വഴിയും (48.9%), ഗൂഗിൾ പേ വഴിയുമാണെന്നു (37.7%) പറഞ്ഞു.
യുപിഐ ഇടപാടിൽനിന്നുള്ള ചാർജുകൾ പണമിടപാട് ശൃംഖലയിലുൾപ്പെട്ട ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ ആപ്പ് പ്രൊവൈഡർമാർക്ക് പങ്കിടും. ഫോൺപേയുടെ പ്രധാന ഓഹരി ഉടമകൾ അമേരിക്കൻ കമ്പനിയായ വാൽമാർട്ടാണെന്നും ഗൂഗിൾ പേ അമേരിക്കൻ കമ്പനിയാണെന്നും സുപ്രിയ കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വീസ, മാസ്റ്റർ കാർഡ് തുടങ്ങിയ യുഎസ് അധിഷ്ഠിത പേയ്മെന്റ് ശൃംഖലകളുടെ ആശങ്കകൾ പരിഹരിക്കാനാണ് നയം മാറ്റമെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
Tags : RahulGandhi Withdrawal UPI Tax Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash