പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനവും അദ്ദേഹത്തിന്റെ 25 വർഷത്തെ പൊതുസേവനവും പ്രമാണിച്ച് രാജ്യവ്യാപകമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി.
ഇന്ന് രാജ്യത്തുടനീളം ‘സേവാ ദിവസ്’ആയി ആചരിക്കുന്നതിനൊപ്പം ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാന്’ തുടക്കമാകും.
മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വഡ്നഗറിൽനിന്ന് വാരണാസിയിലേക്കു നടത്തുന്ന ബൈക്ക് റാലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. വാരണാസിയിൽനിന്ന് വഡ്നഗറിലേക്കുള്ള ബൈക്ക് റാലിക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും തുടക്കമിടും.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജ്യവ്യാപകമായി ശുചീകരണ കാമ്പയിനുകൾ നടക്കും.
ഇന്നു വൈകുന്നേരം രാജ്യത്തെ 700ലധികം കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ദീർഘായുസിനായി ബിജെപി നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് ‘ആശീർവാദ് കാ ദിയ’ (ആശീർവാദ ദീപം) തെളിക്കും. നിതിൻ നബീൻ ഉജ്ജയിനിലെ റാം ഘട്ടിൽ ദീപം തെളിക്കും.
വഡ്നഗറിലെ ഷർമിഷ്ഠ തടാകക്കരയിൽ നടക്കുന്ന മഹാആരതിയിൽ അമിത് ഷാ പങ്കാളിയാകും. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തുടങ്ങിയ നേതാക്കൾ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
Tags : Modi Birthday Nationwide Events Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash