നിയമസഭാമന്ദിരം
തിരുവനന്തപുരം: പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യാ കോണ്‍ഫറന്‍സ് ഇന്നും നാളെയും നിയമസഭയില്‍ നടക്കും.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇത്തരമൊരു കോണ്‍ഫറന്‍സിന് ആദ്യമായാണ് സംസ്ഥാനം വേദി ആകുന്നതെന്ന് പത്രസമ്മേളനത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഇന്നു രാവിലെ 11.30ന് ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. തുടര്‍ന്ന് നിയമസഭയിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ലോകസഭ സ്പീക്കര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി വി. ഡി. സതീശന്, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഹരിവംശ് നാരായണ്‍ സിംഗ്, പാര്‍ലമെന്റിലെ പിഎസി അധ്യക്ഷന്‍ കെ.സി. വേണുഗോപാല്‍, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, സംസ്ഥാന പിഎസി അധ്യക്ഷന്‍ കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. 26 സംസ്ഥാനങ്ങളില്‍ നിന്ന് 262 അംഗങ്ങള്‍ പങ്കെടുക്കും.
രണ്ട് ദിവസങ്ങളിലായി നിയമസഭയുടെ അസംബ്ലി ഹാളില്‍ സംഘടിപ്പിക്കുന്ന പ്ലീനറി സെഷനില്‍ ‘ഓഡിറ്റ്, അക്കൗണ്ടബിലിറ്റി ആന്‍ഡ് ഗുഡ് ഗവേണന്‍സ്-ഇവോള്‍വിങ് റോള്‍ ഓഫ് ദി പിഎസി’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
നാളെ രാവിലെ 11.45 ന് ആര്.ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തോടെ കോണ്‍ഫറന്‍സ് അവസാനിക്കും. സമാപന സമ്മേളനത്തില്‍ ലോക്സഭാ സ്പീക്കര്‍, പാര്‍ലമെന്റിലെ പിഎസി ചെയര്‍പേഴ്സണ്‍, നിയമസഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിയമസഭ പിഎസി ചെയര്‍പേഴ്സണ്‍ എന്നിവര്‍ പങ്കെടുക്കും.
Tags : Conference PAC Chairpersons LegislativeAssembly ThiruvanchoorRadhakrishnan Speaker