പ്രതീകാത്മക ചിത്രം
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനു യോഗ്യതയ്ക്ക് ഇന്ത്യയുടെ വഴികൾ കഠിനം. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയുടെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോറ്റതോടെയാണ് ഇന്ത്യക്കു ഫൈനൽ യോഗ്യത കഠിനമായത്.
പരന്പര 2-1ന് ദക്ഷിണാഫ്രിക്ക നേടുകയും ചെയ്തു. പരന്പരനഷ്ടം ഓസ്ട്രേലിയയെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയുടെ ഒന്നാം സ്ഥാനത്തുനിന്നു മൂന്നാം സ്ഥാനത്തേക്ക് ഇറക്കി. ദക്ഷിണാഫ്രിക്കയാകട്ടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ന്യൂസിലൻഡാണ് ഒന്നാം സ്ഥാനത്ത്.
ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി
നിലവിൽ 68 പോയിന്റും 51.52% പോയിന്റ് ശതമാനവുമുള്ള ഇന്ത്യ ഡബ്ല്യുടിസി റാങ്കിംഗിൽ നാലാം സ്ഥാനത്താണ്. ഇന്ത്യക്ക് ഇനി ശേഷിക്കുന്നത് ഏഴു ടെസ്റ്റുകളാണ്. ഇതിൽ രണ്ടെണ്ണം ന്യൂസിലൻഡിനെതിരേയുള്ള എവേ ടെസ്റ്റും ഓസ്ട്രേലിയയ്ക്കെതിരേ അഞ്ചു മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരന്പരകളുമാണ്.
ഇവിടെനിന്നു ഡബ്ല്യുടിസി ഫൈനലിലേക്ക് യോഗ്യത നേടുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്. ഇനിയുള്ള ഏഴു മത്സരങ്ങളിൽ കുറഞ്ഞത് ആറെണ്ണത്തിലെങ്കിലും ജയിക്കണം. ഈ സാഹചര്യത്തിൽ, ന്യൂസിലൻഡിനെതിരേയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങൾ നിർണായകമായി മാറും. ന്യൂസിലൻഡിൽ ബാറ്റർമാർക്കു കഠിനമായ സാഹചര്യമാണ് നേരിടേണ്ടിവരിക.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള അഞ്ചു മത്സര പരന്പര കുറഞ്ഞ പക്ഷം സ്വന്തം നാടിന്റെ ആനുകൂല്യം നല്കും.
ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ ന്യൂസിലൻഡിനെതിരേ
ഒന്നാം ടെസ്റ്റ്: നവംബർ 19-23 വെല്ലിംഗ്ടണ്
രണ്ടാം ടെസ്റ്റ്: നവംബർ 27-ഡിസംബർ 1, ക്രൈസ്റ്റ്ചർച്ച്
ഓസ്ട്രേലിയയ്ക്കെതിരേ
ഒന്നാം ടെസ്റ്റ്: 2027 ജനുവരി 21-25, നാഗ്പുർ
രണ്ടാം ടെസ്റ്റ്: ജനുവരി 29-ഫെബ്രുവരി 2, ചെന്നൈ
മൂന്നാം ടെസ്റ്റ്: ഫെബ്രുവരി 11-15, ഗോഹട്ടി
നാലാം ടെസ്റ്റ്: ഫെബ്രുവരി 19-13 റാഞ്ചി
അഞ്ചാം ടെസ്റ്റ്: ഫെബ്രുവരി 27-മാർച്ച് 3, അഹമ്മദാബാദ്
നേട്ടം ന്യൂസിലൻഡിന്
ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും, ഈ ഫലത്തിൽനിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് ഈ രണ്ടു ടീമുകൾക്കും അല്ല, ന്യൂസിലൻഡിനാണ്. ആറു മത്സരങ്ങളിൽനിന്ന് 72.22 പോയിന്റ് ശതമാനവുമായി അവർ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 71.43 പോയിന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുനിന്നു രണ്ടാം സ്ഥാനത്തേക്കു മുന്നേറി. 75 ശതമാനത്തിൽനിന്ന് 69.23 പോയിന്റ് ശതമാനവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തുനിന്നു മൂന്നാമതെത്തി.
വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെ രണ്ടു മത്സരങ്ങളുടെ പരന്പരയിലെ ആദ്യമത്സരത്തിൽ പരാജയപ്പെടുത്തിയതോടെ, ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങുകയും ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
മറ്റു ടീമുകളുടെ ഫൈനൽ സാധ്യത
ദക്ഷിണാഫ്രിക്ക: ബംഗ്ലാദേശ് (രണ്ടു മത്സരങ്ങൾ), ഇംഗ്ലണ്ട് (മൂന്ന്), ശ്രീലങ്ക് (രണ്ട്) ഏഴു ടെസ്റ്റിൽ അഞ്ചെണ്ണമെങ്കിലും ജയിക്കണം.
ഓസ്ട്രേലിയ: ന്യൂസിലൻഡ് (നാല്), ഇന്ത്യ (അഞ്ച്) ഒന്പതു കളിയിൽ അഞ്ചെണ്ണമെങ്കിലും.
ന്യൂസിലൻഡ്: ന്യൂസിലൻഡിനാണു കൂടുതൽ മത്സരങ്ങൾ ശേഷിക്കുന്നത്. ഇന്ത്യ (രണ്ട്), ശ്രീലങ്ക (രണ്ട്), ഓസ്ട്രേലിയ (നാല്), പാക്കിസ്ഥാൻ (രണ്ട്). ഇതിൽ പത്തെണ്ണത്തിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും ജയിക്കണം.
ബംഗ്ലാദേശ്: വെസ്റ്റ് ഇൻഡീസിനെതിരേ രണ്ടു മത്സരങ്ങളുടെ പരന്പരയിൽ ആദ്യ കളിയിൽ ബംഗ്ലാദേശ് തോറ്റു. ഇനിയുള്ളത് വെസ്റ്റ് ഇൻഡീസ് (ഒന്ന്), ഇംഗ്ലണ്ട് (രണ്ട്), ദക്ഷിണാഫ്രിക്ക (രണ്ട്).
ഇംഗ്ലണ്ട്: ദക്ഷിണാഫ്രിക്ക (മൂന്ന്), ബംഗ്ലാദേശ് (രണ്ട്) അഞ്ചിൽ അഞ്ചും ജയിക്കണം.
ശ്രീലങ്ക: ദക്ഷിണാഫ്രിക്ക (രണ്ട്), പാക്കിസ്ഥാൻ (രണ്ട്), ന്യൂസിലൻഡ് (രണ്ട്) ആറിൽ ആറും ജയിക്കണം.
Tags : TestChampionship Tough Challenge India Cricket