Kerala
തിരുവനനന്തപുരം: വി.ഡി. സതീശന്റെ വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. പരസ്യസംവാദം ആകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു.
പക്ഷേ എന്ന്, എവിടെ, എപ്പോൾ എന്നൊന്നും അറിയില്ല. വികസനകാര്യത്തിൽ നുണകൾ പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചത്. അതിനു മറുപടിയായി എന്നാൽ ഇനി ഒരു സംവാദമായാലോ എന്ന തലക്കെട്ടോടെ റിപ്പോർട്ട് കാർഡ് കൂടി ഇട്ടു കൊണ്ടു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എ പ്ലസും പത്തിൽ പത്തു മാർക്കുമാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉടനടി സതീശന്റെ മറുപടി എത്തി. ഒരു ഉപാധിയുമില്ലാതെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറയുന്ന വിഷയത്തിൽ സംവാദമാകാം എന്ന് സതീശൻ വ്യക്തമാക്കി. ഇനി രാഷ്ട്രീയ കേരളത്തിന് ഈ സംവാദത്തിനായി കാത്തിരിക്കാം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പല അവസരങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരുന്നു. എന്നാൽ അന്നൊന്നും അത് ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുന്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതിപക്ഷം പോലും പ്രതീക്ഷിച്ചിരുന്നില്ല.
സതീശനെ സംബന്ധിച്ചിടത്തോളം സംവാദത്തിൽ ആശങ്ക ഉണ്ടാകാൻ ഇടയില്ല. മുന്‍പ് ലോട്ടറി വിഷയത്തിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി സതീശൻ നടത്തിയ പരസ്യസംവാദമാണ് സതീശനെ സംസ്ഥാനതലത്തിൽ ശ്രദ്ധേയനാക്കിയത്.
സിപിഎം-ബിജെപി ഡീൽ എന്നു തുടക്കത്തിൽ ആരോപണം ഉന്നയിച്ച വി.ഡി. സതീശൻ പിന്നാലെ സിപിഎം-എസ്ഡിപിഐ ഡീൽ കൂടി ഉന്നയിച്ചതോടെ ഇതു വലിയ രാഷ്ട്രീയ വിവാദമായി മാറി. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു മുഖ്യമന്ത്രി അസ്വസ്ഥനായാണു പ്രതികരിച്ചത്. ഇതിനിടെ സംവാദത്തിനുള്ള വെല്ലുവിളി അംഗീകരിച്ചതു മുഖ്യമന്ത്രിയുടെ പതിവുരീതിക്കു വിരുദ്ധമായാണെന്നതു ശ്രദ്ധേയമാണ്.
Kerala
കൊച്ചി: പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വെല്ലുവിളിയാണെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതി.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിതെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ ഇതു നടക്കില്ലെന്നും സമിതി കുറ്റപ്പെടുത്തി.
ഓശാനദിനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് നടത്താന്‍ തീരുമാനിച്ച പരിശീലന പരിപാടി ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, വൈദിക ഉപദേഷ്ടവ് ഫാ. തോമസ് തറയില്‍, ട്രഷറര്‍ ബിജു കുണ്ടുകുളം എന്നിവര്‍ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: പെസഹ, ഈസ്റ്റർ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോൺഗ്രസ്.
സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. ഓശാന തിരുനാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.
മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ല. തിരുന്നാൾ ദിനങ്ങളിൽ പല വിധ മാർഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്പിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
Kerala
പഴയങ്ങാടി: തന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്‍പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് പഴയങ്ങാടി എരിപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വിമതനും കുലംകുത്തിയുമായ കുഞ്ഞികൃഷ്ണൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്നത് ആരോപണം മാത്രമാണ്. വ്യക്തവും സുതാര്യവുമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസുകാർക്ക് പോലും പ്രവേശനത്തിന് നിയന്ത്രണമുണ്ട്. അത്തരമൊരാളുടെ വസതിയിൽ എങ്ങിനെയാണ് സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതെന്ന് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. യുഡിഎഫിനെ വിലക്കെടുത്ത് മറ്റത്തൂർ മോഡൽ കേരളഭരണം അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
Kerala
കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലവും സമയവും നിശ്ചയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് കെ.സി. നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് മുഖ്യമന്ത്രി സംവാദത്തിന് തയാറാണെന്ന് അറിയിച്ചത്.
അതിദാരിദ്രമുക്ത സംസ്ഥാനമായതിന്റെ പേരിൽ കേരളത്തിന്റെ റേഷൻ വിഹിതം മുടക്കാൻ യുഡിഎഫ് എംപിമാർ പാർലമെന്റിൽ അനാവശ്യ ചോദ്യമുന്നയിച്ചെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് കൊണ്ട് കേരളത്തിലെ എഎവൈ കാർഡുകൾ ഇല്ലാതാക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ് എപിമാർ നോക്കുന്നത്. കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളത്. പാർലമെന്റിൽ കുനിഷ്ഠ ചോദ്യം ചോദിക്കാൻ വലിയ ആവേശമാണ്. എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനുമാണ് കുനിഷ്ഠ് ചോദ്യം പാർലമെന്റിൽ ചോദിച്ചത്.
മുണ്ടക്കൈ ദുരിതത്തിൽ കേന്ദ്രത്തിന് കേരള വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ തന്നെ കേന്ദ്രം എടുത്തു കളഞ്ഞു. അടുത്ത മാസം മുണ്ടക്കൈ ടൗൺഷിപ്പ് പൂർത്തിയാകും. ദുരിത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ടബാധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.