കുവൈറ്റ് സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി കേരളം അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് "കിക്ക് 2026' വെള്ളിയാഴ്ച നടക്കുമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് എന്നിവർ അറിയിച്ചു.
രാത്രി ഏഴ് മുതൽ 10 വരെ ഇഖ്റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിലാണ് പ്രവാസ ലോകത്തെ കാൽപന്തുകളി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ പോരാട്ടം അരങ്ങേറുന്നത്.
ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ച് പ്രധാന സ്പോൺസറാകുന്ന ടൂർണമെന്റിൽ വിദ്യാഭ്യാസ സ്ഥാപനമായ "Q8IAS' ആണ് കോ-സ്പോൺസർ. സെന്റർ ലൈൻ മാനുഫാക്ട്ചറിംഗ് കമ്പനി, കൊണോൾകോ ഓസോൺ ഗ്രൂപ്പ്, പ്രൈം നോവൽറ്റി തുടങ്ങിയ കമ്പനികളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
കുവൈറ്റ് നാഷണൽ ഫുട്ബോൾ ടീം താരം അലി ഹസൻ അൽ ഖാലിദി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 75 ദിനാറും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാറും ട്രോഫിയും സമ്മാനമായി ലഭിക്കും.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പ്രത്യേക ട്രോഫിയും വ്യക്തിഗത സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : kerala association kuwait penalty shootout challenge