ദേവ
ചെന്നൈ: തമിഴ് സിനിമാ സംഗീതശാഖയിൽ സവിശേഷമായ ഒരു കാലഘട്ടത്തിന് നേതൃത്വം നൽകിയ പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ദേവ 'തേനിസൈ തെൻട്രൽ'(75) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ 8.30-ഓടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.
ദേവനേശൻ ചൊക്കലിംഗം എന്ന യഥാർഥ പേരിൽ 1950 നവംബർ 20-ന് ജനിച്ച ദേവ, തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കർമാരിൽ ഒരാളാണ്. തനതായ നാടൻ ഈണങ്ങളിലൂടെയും ഗ്രാമീണ സംഗീതശൈലിയിലൂടെയും ശ്രദ്ധേയനായ അദ്ദേഹം ചെന്നൈയുടെ തനത് 'ഗാന' സംഗീതത്തെ മുഖ്യധാരാ സിനിമയുടെ മുൻനിരയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ നൂറുകണക്കിന് ചിത്രങ്ങൾക്കാണ് അദ്ദേഹം ഈണം പകർന്നിട്ടുള്ളത്.
1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 'അണ്ണാമലൈ', 'ബാഷ', 'ആസൈ', 'കാതൽ കോട്ടൈ', 'നേർക്കു നേർ', 'നിനൈത്തേൻ വന്തായെ', 'വാലി'', ഖുഷി' തുടങ്ങി നിരവധി സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സൂപ്പർതാര ചിത്രങ്ങളിലൂടെയും പ്രമുഖ സംവിധായകരുടെ കൂട്ടുകെട്ടിലൂടെയും അദ്ദേഹം ഒരുക്കിയ ഗാനങ്ങൾ തെന്നിന്ത്യൻ സംഗീത ആസ്വാദകർ ഒരിക്കലും മറക്കില്ല.
Tags : MusicComposer Deva PassedAway