അപകടത്തിൽ തകർന്ന മിനിബസ്
കോട്ട: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ശനിയാഴ്ച പുലർച്ചെ ആറിനായിരുന്നു അപകടം നടന്നത്.
മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് രാജസ്ഥാനിലെ ഖാതു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
എക്സ്പ്രസ് വേയിലെ ഫില്ലർ നമ്പർ 384-ന് സമീപത്തുവച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് റോഡിൽ നിന്ന് മാറി 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിയുകയുമായിരുന്നു.
ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസമായെങ്കിലും പിന്നീട് ക്രെയ്നുകൾ ഉപയോഗിച്ച് ബസ് പുറത്തെടുത്തു. അപകടത്തിൽപ്പെട്ടവരിൽ 17 പേരെ സമീപത്തെ രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. കോട്ട ജില്ലാ കളക്ടർ പീയൂഷ് സമരിയയും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി.
Tags : Death Expressway Overturned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash