National
അഗർത്തല: ത്രിപുരയിൽ പശുമോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജലീൽ റഹ്മാൻ (45) ആണ് കൊല്ലപ്പെട്ടത്.
അഗർത്തല ജില്ലയിലെ ഗിലാടാലി സ്വദേശിയായ റഹ്മാൻ വിലകൊടുത്ത് വാങ്ങിയ രണ്ടു പശുക്കളുമായി വീട്ടിലേക്കു പോകവേ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.45നായിരുന്നു സംഭവം. പൊലിസെത്തി റഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
National
മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മാനേജരായിരുന്ന ദിശ സാലിയാന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.
ദിശ സാലിയാൻ മരിച്ചിട്ട് ആറു വർഷമായെങ്കിലും സിറ്റി പോലീസ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ജസ്റ്റീസുമാരായ സാരംഗ് കോട്വാൾ, രഞ്ജിത്സിൻഹ രാജ ഭോൺസലെ എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി.
കേസ് സംബന്ധിച്ച് എല്ലാ രേഖകളും സിബിഐക്കു കൈമാറാൻ പോലീസിനോടു കോടതി നിർദേശിച്ചു.
2020 ജൂൺ എട്ടിനാണ് ദിശ സാലിയാൻ മരിച്ചത്. മുംബൈ മലാഡിലെ പാർപ്പിടസമുച്ചയത്തിന്റെ 14-ാം നിലയിൽനിന്നു വീണായിരുന്നു മരണം.
Kerala
മലപ്പുറം: കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലിസ് കസ്റ്റഡിയിലെടുത്തു.
ഉച്ചഭക്ഷണത്തിൽ തയാറാക്കിയ കറിയെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ റഷീദ് കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിനു താഴെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുള്ളതായി നാട്ടുകാർ പറഞ്ഞു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഫസീലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ കുളത്തില്‍ കാല്‍വഴുതി വീണ് വയോധികന് ദാരുണാന്ത്യം. കറുകുറ്റി താഴത്തുപറമ്പില്‍ വര്‍ഗീസ് (80) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മോട്ടോര്‍ നന്നാക്കുന്നതിനിടെയാണ് കാല്‍വഴുതി വീണത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് നടപടികള്‍ക്കായി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
International
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള ടൈംസ് സ്ക്വയറിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു. 32കാരിയായ എറിൻ പിയാസെന്റി ആണ് കൊല്ലപ്പെട്ടത്.
49കാരിയായ പമേല സിസ്നെറോസ് ആണ് ആക്രമണം നടത്തിയത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തിൽ 68കാരനും കുത്തേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് പൊലിസ് അറിയിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
വെസ്റ്റ് 42 സ്ട്രീറ്റിനും സെവൻത് അവന്യുവിനും സമീപം തിങ്കളാഴ്ച ഉച്ചയോടെ ആണ് ആക്രമണം ഉണ്ടായത്. കൊലയാളിയായ പമേല സിസ്നെറോസ് ക്വീൻസ് സ്വദേശിയാണെന്നും ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നതെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഷോപ്പിംഗ് ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കത്തികൾ ഉപയോഗിച്ചാണ് പമേല സിസ്നെറോസ് ആക്രമണം നടത്തിയത്. ആദ്യം 68കാരനെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമി, ഉടൻതന്നെ എറിൻ പിയാസെന്റിയെയും ആക്രമിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത്. പ്രതിക്ക് ഏറെ നാളായി മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ന്യൂയോർക്ക് പൊലിസ് ഡിപ്പാർട്ട്മെന്റ് കമ്മിഷണർ ജെസിക്ക ടിഷ് പറഞ്ഞു.
Kerala
ഉള്ളൂര്‍: വയോധികന് ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്നു വീണുമരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊല്ലം ചടയമംഗലം വെട്ടുവഴി പുളിന്തിട്ട വീട്ടില്‍ സുകുമാരപിള്ള (84) ആണ് മരിച്ചത്. വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജനറല്‍ മെഡിസിന് വകുപ്പ് തലവനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഓഗസ്റ്റ് 26ന് പക്ഷാഘാതം ബാധിച്ചതിനെത്തുടര്‍ന്നാണ് സുകുമാരപിള്ള ആശുപത്രിയിലാകുന്നത്. ആദ്യം കൊല്ലത്തെ ഒരു ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍കോളജിലെ 28-ാം വാര്‍ഡിലാണ് ഇദ്ദേഹം ചികിത്സയിലായിരുന്നത്. അതിനിടെ കഴിഞ്ഞ ശനിയാഴ്ച കട്ടിലില്‍ നിന്നു തറയില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ എല്ലിന് പൊട്ടലുണ്ടാകുകയും ഡോക്ടര്‍ എത്തി തുന്നലിടുകയും ചെയ്തു. എന്നാല്‍ വീണ്ടും അതേ കട്ടിലില്‍ തന്നെ പ്രവേശിപ്പിച്ചുവെന്നും അത്യാഹിത വിഭാഗത്തിലേക്കു കൊണ്ടുപോയില്ലെന്നുമാണ് സുകുമാരപിള്ളയുടെ ബന്ധുക്കളുടെ ആരോപണം. വീഴ്ചയില്‍ തലയ്ക്കും പരിക്കേറ്റു. തലയ്ക്കും തുന്നലിട്ടു.
അതേസമയം സുകുമാരപിള്ളയെ കിടത്തിയിരുന്ന കട്ടിലിന് സുരക്ഷയില്ലായിരുന്നുവെന്നും അത്യാവശ്യം വേണ്ടുന്ന സംരക്ഷണകവചം കട്ടിലിന്റെ നാലുഭാഗത്തും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സുകുമാരപിള്ളയുടെ മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയുണ്ടായി.
എന്നാല്‍ സുകുമാരപിള്ള കട്ടിലില്‍ നിന്നു വീണസമയത്ത് ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നുവെന്നും അവരുടെ അനാസ്ഥയാണ് വയോധികന്റെ പരിക്കിലേക്കു നയിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വകുപ്പ് മേധാവിയിൽ നിന്നുള്ള വിശദീകരണം ലഭിച്ചതിനുശേഷം അനന്തരനടപടികള്‍ സ്വീകരിക്കുമെന്നു മെഡിക്കല്‍കോളജ് ആശുപത്രി സൂപ്രണ്ട് സി.ജി. ജയചന്ദ്രന് പറഞ്ഞു.
രോഗി മരിച്ചതോടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം വിസമ്മതിക്കുകയും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രോഗിമരിച്ചതുമായി ബന്ധപ്പെട്ട് മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ആശുപത്രിഅധികൃതരുടെ അനാസ്ഥ ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്കാന് തീരുമാനിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ വിശദീകരണത്തിനുശേഷമായിരി്കും ഇതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
Kerala
കൊച്ചി: അഭിഭാഷകന്റെ വീട് ആക്രമിച്ച പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച വയോധികനായ പിതാവ് മരിച്ചു. വൈപ്പിന്‍ മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസ് (80) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചത്.
ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവര്‍ മോഹന്‍ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അഭിഭാഷകനായ ടി.എം. ഡോള്‍ഗോ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്റെ വക്കാലത്ത് എടുത്തതാണ് ആക്രമണത്തിന് കാരണം.
അക്രമികള്‍ അഭിഭാഷകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ദാസ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികളെ ഞാറക്കല്‍ പോലീസ് പിടികൂടിയിരുന്നു.
Kerala
മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽവച്ച് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരൻ ആസാം സ്വദേശിയായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ അനധികൃതമായാണ് കോഴി ഫാമിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 26-ാം തീയതിയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽവച്ച് സഹോദരന്മാർ ഷോക്കേറ്റ് മരിച്ചത്.
എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകളില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ദൗത്യം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റർ അയക്കാൻ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല.
പ്രളയ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നത്. എന്നാൽ കാണാതായവരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Kerala
വിഴിഞ്ഞം: വിഴിഞ്ഞം വെങ്ങാനൂരിനു സമീപം കാർ കത്തിയമർന്നു, വാഹനം ഓടിച്ചിരുന്നയാൾ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (63) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ വിഴിഞ്ഞം പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ അയ്യൻകാളി സ്മാരക സ്കൂളിനു സമീപത്തായിരുന്നു സംഭവം.
വെങ്ങാനൂരിൽ നിന്ന് ചാവടിനട ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ നിന്ന് പെട്ടെന്ന് തീ ആളിപ്പടരുന്നതും കാർ പുറകിലേക്ക് വരുന്നതുമാണ് കണ്ടതെന്ന് ദൃക്സാക്ഷിയും സമീപവാസിയുമായ ദിലീപ് പറഞ്ഞു.
ബൈക്ക് യാത്രികരും നാട്ടുകാരും സമീപവാസികളും പിന്നിലെ ഡോറിന്റെ ഗ്ലാസ് തകർത്ത് ടൈറ്റസിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീയണച്ചത്. ഇതിനിടെ കാർ പൂർണമായും കത്തിയമർന്നു.
സീറ്റിൽ ഇരിക്കുന്ന നിലയിൽ പൂർണമായി കത്തിക്കരിഞ്ഞ, അസ്ഥിമാത്രമായി അവശേഷിച്ച ടൈറ്റസിനെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. സമീപത്തെ സിസിടിവി പരിശോധിച്ച് കാറിന്റെ നമ്പർ കണ്ടെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളിനെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഞായറാഴ്ച രാത്രി ഒന്‍പതോടെ ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ഇദ്ദേഹം തിരുവനന്തപുരം വഴി വെങ്ങാനൂരിൽ എത്തിയെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയോടെ സ്ഥലത്ത് എത്തിയ ഇദ്ദേഹത്തിന്റ ഏക മകൻ ഡോ. ഡെന്നീസ്, മൃതദേഹത്തിൽ കണ്ട ചില സൂചനകൾ പ്രകാരം ആളെ തിരിച്ചറിഞ്ഞെങ്കിലും ഉറപ്പിക്കാനായില്ല. തുടർന്ന് വിഴിഞ്ഞം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹ അവശിഷ്ടം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗവും സ്ഫോടക വസ്തു പരിശോധന വിഭാഗവും സ്ഥലത്ത് എത്തി ഇന്നലെ പരിശോധന നടത്തി.
ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനത്തിൽ കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നു കണ്ടെത്തിയതാണ് ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതെന്നു വിഴിഞ്ഞം പൊലീസ് പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഫിലോമിനയാണ് ടൈറ്റസ് കുര്യന്റെ ഭാര്യ. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Kerala
കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് എ. ആശാലതയുടെ (41) മരണം സംബന്ധിച്ച് എഡിഎം പി. ഉദയകുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ചു. ജോലി സമ്മര്‍ദമോ സ്ഥലം മാറ്റമോ അല്ല ആത്മഹത്യക്കു കാരണമെന്നും അഞ്ചു വര്‍ഷമായി ആശാലത വിഷാദരോഗിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്കള അതൃകുഴി സ്വദേശിനിയായ ആശാലത ഓഗസ്റ്റ് ഏഴിനാണ് ഐസ്ക്രീമില് എലിവിഷം കലര്‍ത്തി കഴിച്ചത്.
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശാലത ആദ്യം ചെങ്കളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും സമ്മര്‍ദ്ദം മൂലമല്ല വിഷം കഴിച്ചതെന്നായിരുന്നു ആശാലത അന്നു പോലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. അന്നു രാത്രിയോടെ ആശാലതയുടെ നില ഗുരുതരമാവുകയും കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് ഒന്‍പതിന് ആശാലത മരണത്തിനു കീഴടങ്ങി.
സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന ആശാലതയെ അകാരണമായി എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്കു സ്ഥലം മാറ്റിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.
റവന്യു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആശാലതയെ മേയ് 10നാണ് അതേ ഓഫീസിന്റെ തൊട്ടുമുകളിലെ നിലയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്. എഡിഎം നല്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉടന്‍ സര്‍ക്കാരിനു കൈമാറും.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ഞായറാഴ്ച ചൈന അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി.
ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചു വിവരങ്ങളില്ല.
Kerala
മലപ്പുറം: പ്രമുഖ കണ്ടന്റ് ക്രിയേറ്റർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടാണ് അന്ത്യം.
മലപ്പുറം വളാഞ്ചേരി സ്വദേശിയായിരുന്നു സ്വാലിഹ്. ശാരീരിക വെല്ലുവിളികള്‍ നേരിട്ടിരുന്ന സ്വാലിഹിന്റെ വീഡിയോകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കരേക്കാട് സി.കെ. പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.
National
സൂര്യപേട്ട്: തെലങ്കാനയിൽ വീടിന് സമീപത്തെ വേപ്പുമരത്തെച്ചൊല്ലിയുള്ള ദീർഘകാല തർക്കം സംഘർഷത്തിൽ കലാശിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. സൂര്യപേട്ട് ജില്ലയിൽ ആണ് സംഭവം. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
എറഗഡ്ഡ തണ്ട ഗ്രാമത്തിലാണ് സംഭവം. രണ്ട് കുടുംബങ്ങൾ തമ്മിൽ ഏകദേശം 25 വർഷമായി നിലനിന്നിരുന്ന തർക്കമാണ് ശനിയാഴ്ച രാവിലെ അക്രമത്തിലേക്ക് നീങ്ങിയത്. വീടിന്റെ അതിർത്തിയോട് ചേർന്നുള്ള വേപ്പുമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് തൽക്ഷണ കാരണം.
62കാരനായ മന്ദ വെങ്കടേശ്വർലു യാദവ് തൊഴിലാളികളുമായി എത്തി മരം മുറിക്കാൻ ശ്രമിച്ചതോടെയാണ് എതിർവിഭാഗവുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് ഇരുകൂട്ടരും കോടാലിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായാണ് പോലീസ് പറയുന്നത്.
സംഘർഷത്തിനിടെ ഭുക്യ രാമു കോടാലി ഉപയോഗിച്ച് വെങ്കടേശ്വർലുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കടേശ്വർലു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഘർഷം തടയാൻ ഇടപെട്ട രാമുവിന്റെ പിതാവ് ഭുക്യ സൈദയെയും രാമു ആക്രമിച്ചതായാണ് വിവരം. 58കാരനായ സൈദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു.
രണ്ട് പേർ കൊല്ലപ്പെട്ടതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയുടെ വീടിന് സമീപം ആളുകൾ തടിച്ചുകൂടിയതോടെ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് സ്ഥലത്തെത്തി.
പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മെല്ലച്ചെരുവു പോലീസ് സ്റ്റേഷൻ എസ്ഐ നവീൻ കുമാറിന് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ഹുസൂർനഗർ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത രാമുവിനെ ചോദ്യം ചെയ്യുന്നതോടൊപ്പം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ദൃക്സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ എറഗഡ്ഡ തണ്ടയിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതികാര ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ പോലീസ് നിരീക്ഷിച്ചുവരികയാണ്.
Kerala
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി മരുതോങ്കര മാവുള്ള പറമ്പില്‍ വീട്ടില്‍ മോഹന്‍ദാസിന്റെ മകന് അനില്‍ കുമാര്‍ (43) ആണ് മരിച്ചത്. കുറ്റ്യാടി-വയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലാണ് സംഭവം നടന്നത്.
അനില്‍ കുമാര്‍ ഈ ലോഡ്ജില്‍ നാലു മാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Kerala
കാലടി: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ചൊവ്വര മാടവന വീട്ടില്‍ തോമസിന്റെ മകന് ഷാരോണ്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് അപകടം നടന്നത്.
ഷാരോണിന്റെ ബൈക്ക് ശ്രീമൂലനഗരത്ത് എതിര് ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ഷാരോണിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാറ്ററിംഗ് ജോലിക്കാരനായ ഷാരോണ്‍ അതുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു അപകടം നടന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചൊവ്വര സെന്റ് ജോസഫ് പള്ളിയില്‍ സംസ്കരിക്കും. അമ്മ: സിനി. സഹോദരിമാര്‍: അയന, അന്ന.
Kerala
കൊച്ചി: പെരിയാറില്‍ കാണാതായ മാള സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നാം ദിനം നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. മാള കൊച്ചുകടവ് സ്വദേശി അഫ്സല് അന്‍സാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആലുവ മഹിളാലയം പാലത്തിന് സമീപം 23ന് ഇയാളുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. ആദ്യ ദിനം യുവാവിനെ കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ രണ്ടാം ദിവസത്തെ തെരച്ചിലില്‍ അങ്കമാലിയില്‍ നിന്നും കാണാതായ മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. വേങ്ങൂര്‍ കുന്നുവെട്ടിയില് ഗോപാലന്റെ മകന് ശ്രീജിത്തിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്.
അങ്കമാലിയിലെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ശ്രീജിത്ത് പെരിയാറിലേക്ക് ചാടിയ വിവരം ആരും അറിഞ്ഞിരുന്നില്ല. കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരുവോണ ദിവസം നടത്തിയ തെരച്ചിലിലാണ് അഫ്സലിന്റെ മൃതദേഹം ലഭിച്ചത്.
Kerala
തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
പ്രിജു സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘവുമായി വാക്കേറ്റമുണ്ടായി. ഇത് പിന്നീട് പെട്ടെന്ന് തന്നെ കൈയാങ്കളിയിലേക്കും അടിപിടിയിലേക്കും വഴിമാറുകയായിരുന്നു. ഇതിനിടയിൽ പ്രതികളിലൊരാളായ ഗൗരികൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രിജുവിനെ കുത്തുകയായിരുന്നു.
ആക്രമണത്തിൽ പ്രിജുവിന്റെ നെഞ്ചിൽ രണ്ടുതവണയും പിൻഭാഗത്തായി ഒരുതവണയും കുത്തേറ്റു. ഉടൻതന്നെ പ്രിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Kerala
തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്.
ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ജയ്പുരിലെ വിദ്യാധർ നഗർ മേഖലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ മൂത്ത സഹോദരനും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഷാക്കിർ (22) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാക്കിർ ചികിത്സയിലിരിക്കെ സവായ് മാൻ സിംഗി ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. സഹോദരൻ ഖയ്യൂമിനും (38) കുത്തേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ഒരു ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ ഷാക്കിറും സഹോദരനും ഒരു കൂട്ടം യുവാക്കളുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേയ്ക്ക് നീളുകളും ചെയ്തിരുന്നു.
തർക്കം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി മന്ദിർ മോഡിന് സമീപം ഇരു വിഭാഗങ്ങളും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചയ്ക്കിടെ സ്ഥിതിഗതികൾ വഷളാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭട്ട ബസ്തിയിലെ ചില യുവാക്കളുമായി ഖയ്യൂമിന് നേരത്തെ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ആദ്യം ഖയ്യൂം ഒറ്റയ്ക്കാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇളയ സഹോദരൻ ഷാക്കിറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇവർ കത്തികൾ പുറത്തെടുത്ത് ആദ്യം ഷാക്കിറിന്റെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് ഖയ്യൂമിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഷാക്കിറിനെ എസ്എംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചില യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രക്കിടിച്ച് എട്ടുവയസുകാരൻ മരിച്ചു. ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയാണ് മരിച്ചത്. പ്രാർഥന കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്ക് ഇറങ്ങിയ ഉടൻ അമിതവേഗത്തിലെത്തിയ ട്രക്ക് കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു.
പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിക്കുകയും അപകടമുണ്ടാക്കിയ ട്രക്കിനു തീയിടുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സിനെയും പോലീസിനെയും നാട്ടുകാർ തടഞ്ഞു. ട്രക്ക് പൂർണമായും കത്തിയമരുന്നതുവരെ തീ അണയ്ക്കാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല.
അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി ഇയാളെ പോലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് മാമുരാബാദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസപ്പെട്ടു.
International
ഷാർജ: ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. അൽ നബ്ബയിൽ താമസിക്കുന്ന കാസർഗോഡ് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(7) ആണ് മരിച്ചത്. വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു.
ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് ജോലിക്ക് പോയതിനാൽ പിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ ഒൻപതോടെയാണ് സംഭവം. ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേനലവധിക്ക് നാട്ടിൽ പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി ഷാർജയിൽ താമസിക്കുകയാണ് കുടുംബം.
Kerala
പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരിൽ ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു.
നിർത്തിയിട്ടിരുന്ന ലോറിയിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. ലോറി പൂർണായും കത്തി നശിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Kerala
തലശേരി: ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു. ഇല്ലത്ത് താഴയിലെ സുജേഷിനാണ് വെട്ടേറ്റത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് സൂചന.
പരിക്കേറ്റ സുജേഷിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. ആസാം സ്വദേശികളായ ഷെഫീഖുലും ഭാര്യ റുക്സാനയുമാണ് മരിച്ചത്.
ദേശമംഗലം തലശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കോഴി ഫാമിലെ തൊഴിലാളികളാണിവർ. ഫാമിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കൊളജിലേയ്ക്ക് മാറ്റി. ചെറുതുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു ഷഹൽ ഷാ (17)ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
NRI
മനാമ: ബഹ്റിനിലെ അൽ റാംലി ഹൗസിംഗ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.
ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്റിൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
National
പാറ്റ്ന: ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണില്‍ സംഗീതപരിപാടി കണ്ടു നിന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര് മരിച്ചു. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേറ്റു.
ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒരു കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
പരിപാടി നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയാണ് ഉണ്ടായത്. ഗോരഖ്പൂരില്‍ നിന്നും ബേത്തിയയിലേക്ക് വരികയായിരുന്നു ബസ്.
രണ്ട് പേര് സംഭവസ്ഥലത്തും ബാക്കി മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയുമാണ് മരിച്ചതെന്ന് ലോരിയ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അറിയിച്ചു. അപകട ശേഷം ബസ് നിര്‍ത്താതെ പോയ ഡ്രൈവര്‍, പിന്നീട് ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭർത്താവിനെ മർദിച്ചു കൊന്ന യുവതിയും ബന്ധുക്കളും അറസ്റ്റിൽ. എൻജിനീയറായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയിയും ഭാര്യ രേഖയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കത്തിന് പിന്നാലെ രേഖ വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രേഖയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചേർന്ന് വിനയിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് വീട്ടിലെ സിസിടിവി കാമറകൾ രേഖ ഓഫ് ചെയ്തിരുന്നു. നെഞ്ചിനും ശരീരത്തിനും ഗുരുതര പരിക്കേറ്റ വിനയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രേഖയെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Kerala
കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് ശക്തമായ തിരയില്‍പ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഒമനക്കുട്ടന് (50), പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്. ലതിക (50) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മൂന്നുമണിയോടെയായിരുന്നു സംഭവം. പുലിമുട്ടുകള്‍ക്കിടയിലെ മണല്‍പ്പരപ്പിലായിരുന്നു ഇരുവരും ഇരുന്നത്. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയില്‍ കടലിലേക്ക് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കള്‍ സംഭവം അറിഞ്ഞത്.
യുവാക്കള്‍ ഉടന്‍ കടലില്‍ ഇറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരെയും രക്ഷിക്കാനായില്ല. ഇരുവരും എത്തിയ ബൈക്ക് അപകടത്തിന് ശേഷം റോഡരികില്‍ കണ്ടെത്തി.
ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്.
Movies
പ്രശസ്തനടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെള്ളിയാഴ്ച ഉച്ഛയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് നന്ദി അവാർഡുകൾ, ഒരു കലൈമാമണി, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - സൗത്ത്, പത്മശ്രീ എന്നിവയും അവർ നേടിയിട്ടുണ്ട്.
1931 ഡിസംബർ 12-ന് മാധ്വ ബ്രാഹ്മണ കുടുംബത്തിലാണ് ജാനകി ജനിച്ചത്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് ഒരു കന്നഡ കുടുംബത്തിൽ ശങ്കരമഞ്ചി ജാനകി എന്ന പേരിലാണ് ജനിച്ചത്.
ആകാശവാണി മദ്രാസിൽ റേഡിയോ ജോക്കിയായി അവർ ജോലി ചെയ്തിരുന്നു. 1947-ൽ 16-ാം വയസിൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രികുലേഷൻ പരീക്ഷ എഴുതിയത്. പിന്നീട് അസമിലെ ഗുവഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ മൂന്ന് മക്കളാണ് അവർക്കുള്ളത്
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി അരങ്ങേറ്റം കുറിച്ചത്. അതോടെയാണ് അവർക്ക് സൗക്കാർ എന്ന പേര് ലഭിച്ചത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. നായികയായി വ്യത്യസ്ത ഭാഷകളിലെ ഹിറ്റുകളിലൂടെ അവർ പ്രശസ്തയായി.
പണം പാടും പാടു (1954), പുതിയ പറവൈ (1964), നീർക്കുമിഴി (1965), മഹാകവി കാളിദാസ് (1966), എതിർ നീചൽ (1968), ഇരു കൊടുങ്ങൾ (1969), ഉയർന്ന മനിതൻ (1968), കവിയ രാം 1910, (1970) എന്നിവ അവരുടെ തമിഴിലെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്.
റൊജുലു മറായി (1955), കന്യാസുൽകം (1955), ജയം മനാഡെ (1956), പാണ്ഡുരംഗ മഹത്യം (1957), ഡോക്ടർ ചക്രവർത്തി (1964), അക്ക ചെല്ലേലു (1970), ബഡി പന്തുലു (1972), തായരമ്മ ഒംബാഗര (1979), തായരമ്മ ഒബാഗര (1979) എന്നിവ അവരുടെ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളാണ്.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേഎന്ന തെലുങ്ക് ചിത്രത്തിലും, ആർ. കണ്ണൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ബിസ്കോത്ത് എന്ന തമിഴ് പാരഡി ചിത്രത്തിലുമാണ് ജാനകി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സിനിമയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി 2022-ൽ അവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
Kerala
കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് ശക്തമായ തിരയില്‍പ്പെട്ടു പുരുഷനും സ്ത്രീയും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഒമനക്കുട്ടന് (50), പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്. ലതിക (50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നോടെയാണ് ദാരുണമായ സംഭവം. മുണ്ടയ്ക്കല്‍ പാപനാശത്തെ പുലിമുട്ടുകള്‍ക്കിടയിലെ മണല്‍പ്പരപ്പില്‍ ഇരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയില്‍ ഇരുവരും കടലിലേക്കു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്തു മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഇരുവരും തിരയില്‍പ്പെട്ട വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കള്‍ സംഭവം അറിഞ്ഞത്. യുവാക്കള്‍ ഉടന്‍ കടലില്‍ ഇറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ഇരുവരും എത്തിയ ബൈക്ക് അപകടത്തിനു ശേഷം റോഡരികില്‍ കണ്ടെത്തി. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
International
ബെർലിൻ: ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പടിഞ്ഞാറൻ, മധ്യ ജർമനിയിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. പടിഞ്ഞാറൻ ജർമൻ സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിലെ വാൾഡോർഫിലാണ് അപകടം നടന്നത്.
സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 58 വയസ്സുകാരി പെട്ടെന്നുണ്ടായ കാറ്റിൽ നിന്ന് രക്ഷനേടാൻ സമീപത്തെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറിയെങ്കിലും, മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബവേറിയയിലെ ക്രോണാഹിൽ നടന്ന ഒരു പ്രാദേശിക ഉത്സവ നഗരിയിൽ കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.
ഏകദേശം 3,500 പേരെ ഔട്ട്ഡോർ വേദിയിൽ നിന്നും സുരക്ഷിതമായി ബിയർ ഹാളുകളിലേക്ക് മാറ്റി. ഹെസ്സനിലെ വെറ്റ്സ്ലാർ മേഖലയിൽ മാത്രം അറുപതോളം വീടുകൾക്ക് ചുഴലിക്കാറ്റിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ഫയർഫോഴ്സ് അറിയിച്ചു.
തുരിങ്ങൻ, ബ്രാൻഡൻബുർഗ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റിൽ മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജർമനിയിലെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
പൂച്ചാക്കൽ: ആലപ്പുഴ തൈക്കാട്ടുശേരി പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശിനി അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം.
പാലത്തിന് നടുവിൽ സ്കൂട്ടർ ഹെഡ്ലൈറ്റ് ഓഫ് ചെയ്യാതെ ഇരിക്കുന്നത് കണ്ട വഴിയാത്രക്കാർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൂച്ചാക്കൽ പോലീസും അഗ്നിശമനസേനയും രാത്രി തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ബുധനാഴ്ച രാവിലെ ആറോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം സംസ്കാരം നടത്തി.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാസ് സ്റ്റേഷനിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:37 ഓടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് പോലീസിനെയും അഗ്നിശമനസേനയെയും വിന്യസിച്ചിട്ടുണ്ട്. ട്രക്കിന്റെ സിലിണ്ടറിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ഔട്ടർ ഡിസിപി അറിയിച്ചു.
ഗ്യാസ് സ്റ്റേഷനിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Kerala
പാലക്കാട്: സ്വകാര്യബസിൽ കയറുന്നതിനിടെ താഴെവീണ ഷൂ എടുക്കാൻ ശ്രമിക്കവേ കാൽതെറ്റി പുറത്തേക്കുവീണ കോളജ് വിദ്യാർഥിനിക്ക് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം.
കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണന്റെയും ബീനയുടെയും മകൾ ഗൗരി ജി. കൃഷ്ണ(18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാംവർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെ കോങ്ങാടിനടുത്ത് ചല്ലിക്കലിലാണ് അപകടമുണ്ടായത്. രാവിലെ കോളജിലേക്കു പോകുന്നതിനായി ചല്ലിക്കലിൽവച്ച് സ്വകാര്യ ബസിൽ കയറുകയായിരുന്നു ഗൗരി. ഇതിനിടെ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്കു വീണു. ബസ് മുന്നോട്ട് എടുക്കുന്ന സമയത്തായിരുന്നു ഇത്. ഷൂ എടുക്കുന്നതിനായി വിദ്യാർഥിനി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു.
വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മദ്യസൽക്കാരത്തിൽ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇവരെ ചോദ്യംചെയ്ത് വരികയാണ്. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പോലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ആണ് സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു.
20 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ഇതിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും രണ്ടുപേർ വേദ് ഐസിയുവിലുമാണ്. ചികിത്സയിലുള്ളവരെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചുവരികയാണ്.
Kerala
അമ്പലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും മകൻ ദൃണവ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം. റെയിൽപാളത്തിന് സമീപത്തെ അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ റെയിൽപാളത്തിലേക്ക് പോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
എറണാകുളത്തുനിന്ന് കൊല്ലത്തേക്കു പോയ മെമുവാണ് ഇടിച്ചാണ് അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Kerala
പുല്‍പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട കാരക്കണ്ടിയില്‍ ഏറ്റുമുട്ടിയ കൊമ്പനാനകളില്‍ ഒന്ന് ചരിഞ്ഞു. 40 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.
ജഡം വനത്തിലെ ചതുപ്പില്‍ കാരക്കണ്ടി ഊരുനിവാസികളില്‍ ചിലരാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ഉടന്‍ വനപാലകരെ വിവരം അറിയിച്ചു. കൊമ്പുകോര്‍ക്കുന്ന ആനകളുടെ അലര്‍ച്ച തിങ്കളാഴ്ച വൈകുന്നരം ഊരുവാസികള്‍ കേട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ വനത്തില്‍ പരിശോധന നടത്തിയത്.
ചരിഞ്ഞ ആനയുടെ ദേഹത്ത് കുത്തേറ്റ പാടുകളുണ്ട്. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. രാജീവ്കുമാര്‍, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് റേഞ്ച് ഓഫീസര്‍ ഗ്രേഡ് എ. നിജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കണ്ണൂരില്‍നിന്നുള്ള വെറ്ററിനറി സര്ജന് ഇല്ല്യാസിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
Kerala
ഹരിപ്പാട്: കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമന്ദിരത്തിൽ പ്രദീപ് (58) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വലിയഴീക്കൽ സ്കൂളിന് കിഴക്കുഭാഗത്തായിരുന്നു അപകടം. കൊച്ചുവള്ളത്തിൽ വല നീട്ടിക്കൊണ്ടിരിക്കെ അതുവഴി കടന്നുപോയ 'കണ്ടശ്ശേരി' എന്ന ലൈലന്റ് വള്ളത്തിന്റെ പ്രൊപ്പല്ലറിൽ വല കുരുങ്ങുകയായിരുന്നു. വല പ്രദീപിന്റെ കൈയിൽ ബന്ധിച്ചിരുന്നതിനാൽ വള്ളവും പ്രദീപും മറ്റേ വള്ളത്തിനൊപ്പം വലിച്ചിഴയ്ക്കപ്പെട്ടു.
കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം കൊച്ചുവള്ളം പൂർണമായും തകർന്ന് മറിയുകയും പ്രദീപ് കായലിൽ മുങ്ങിപ്പോവുകയുമായിരുന്നു. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ പ്രദീപിനെ കരയ്ക്കെത്തിച്ച് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യുപിഎസിൽ നിന്ന് ഷോക്കേറ്റ് സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ മരിച്ചു. പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിൽ സുനിൽകുമാർ (50) ആണ് മരിച്ചത്.
കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽഐസി ഓഫീസിന് മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ക്ലിനിക്കിന്റെ ഉടമയാണ് മരിച്ച സുനിൽകുമാർ. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. ലാബിനുള്ളിലെ കമ്പ്യൂട്ടർ യുപിഎസിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് സുനിൽകുമാറിനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
District News
പാലാ: ഭര്‍ത്താവിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന് ജോസഫ് (കുര്യച്ചന് -73), ഭാര്യ ഷെര്‍ലി കുര്യന് (71) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കുര്യച്ചന് മരിച്ചത്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തുന്നതിനായി ഇന്നലെ രാവിലെ 11ന് സംസ്കാരം തീരുമാനിച്ചു. ചടങ്ങിനിടെ കുഴഞ്ഞുവീണയുടന്തന്നെ ഷെർലിയെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കിയശേഷം ബന്ധുക്കള്‍ പള്ളിയിലേക്ക് തിരിച്ചു. എന്നാല്‍ കുര്യച്ചന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍തന്നെ ഷെർലിയുടെ മരണവിവരം ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
പാലായിലെ ആദ്യകാല വ്യാപാരിയും കൊറിയര്‍ സ്ഥാപന ഉടമയുമായിരുന്നു വാഴയില്‍ കുര്യച്ചന്. എടത്വാ-പച്ച കാവില വീട്ടില്‍ കുടുംബാംഗമാണ് ഷെര്‍ലി.
ഷെര്‍ലിയുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. തുടര്‍ന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയിലെ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം തന്നെ സംസ്കരിക്കും. മക്കള്‍: ഏയ്ഞ്ചല കുര്യന് (അഞ്ജു), അന്നാ കുര്യന്, എബി കുര്യന്. മരുമക്കള്‍: ലിയോ മൈക്കിള്‍ പറമുണ്ടയില്‍ മേതിരി, ജോണ്‍ വിന്‍സന്റ് കണ്ടിരിക്കല്‍ തൊടുപുഴ, സോനാ മാത്യു കൊട്ടാരത്തില്‍ മുട്ടുചിറ.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ വിധികൾ ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. നാല് മാസത്തിനിടെ വിവിധ കേസുകളിലായി 22 പ്രതികൾക്കാണ് ജഡ്ജി വധശിക്ഷ വിധിച്ചത്.
മുസാഫർനഗറിൽ ചുമതലയേറ്റെടുത്ത ശേഷം 10 കേസുകളിലായാണ് ജഡ്ജി 22 പ്രതികൾക്ക് മരണശിക്ഷ വിധിച്ചത്. ഇതിനുമുമ്പ് ബറൈലി കോടതിയിൽ സേവനമനുഷ്ഠിക്കവെ 13 പേർക്കും അദ്ദേഹം വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ ഇതുവരെ വധശിക്ഷ വിധിച്ച ആകെ പ്രതികളുടെ എണ്ണം 35 ആയി ഉയർന്നു.
ഏപ്രിൽ ആറിന് അഡ്വക്കേറ്റ് സമീർ സൈഫിയുടെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടാണ് മുസാഫർനഗർ സെഷൻസ് ജഡ്ജിയായുള്ള അദ്ദേഹത്തിന്റെ ആദ്യ വധശിക്ഷാ വിധി പുറത്തുവരുന്നത്. ഏപ്രിൽ 28ന് ഒരു കൊലപാതകക്കേസിൽ സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് കോടതി വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവർച്ചാ കൊലപാതക കേസിൽ നാല് പേർക്കാണ് ഒടുവിൽ വധശിക്ഷ വിധിച്ചത്.
ബിഎൻഎസ്എസ് സെക്ഷൻ 407(1) പ്രകാരം സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ അംഗീകാരത്തിന് വിധേയമാണ്. ഹൈക്കോടതി വിധി ശരിവച്ചാൽ മാത്രമേ ഈ വധശിക്ഷകൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
Kerala
തൃശൂർ: പാവറട്ടിയിൽ മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് ബെൻഹർ ഡോളിയെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Movies
നടി അനന്യ രാജ് (27) അന്തരിച്ച വാർത്ത പുറത്തുവന്നതിന്റെ ഞെട്ടലിലാണ് ആരാധകർ അടക്കമുള്ളവർ. ജൂലൈ 15-ന് ഉറക്കത്തിനിടെ മരിച്ചുവെന്നാണ് കുടുംബം പറയുന്നതെങ്കിലും ഒരു മാസത്തിന് ശേഷം ഈ വിവരം പുറത്തുവിടുന്നത് എന്തുകൊണ്ടാണെന്ന സംശയവും ഉയരുന്നു.
ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നാണ് കുടുംബം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം ഓഗസ്റ്റ് 15-ന് നടിയുടെ മരണവിവരം പുറത്തുവിട്ടത്.
‘‘ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’’ – ഇൻസ്റ്റഗ്രാമിലെ സന്ദേശത്തിൽ കുടുംബം എഴുതി.
ഏഴു മാസം മുൻപും നടിയുമായി സംസാരിച്ചിരുന്നുവെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇൻഫ്ലുവൻസർ പങ്കജ് ശർമ കുറിച്ചു.
അത് ഞങ്ങളുടെ അവസാന സംഭാഷണമാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നാണ് പങ്കജ് ശർമ അനുശോചനക്കുറിപ്പിൽ പറഞ്ഞത്. അതേസമയം, മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ൽ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. 'ദി ഫൈനൽ എക്സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.
International
ലണ്ടൻ: കേംബ്രിജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗക്കാരനായ പ്രഫസര്‍ ജെയ്സൺ ആർഡെയെ (41) മരിച്ചനിലയിൽ കണ്ടെത്തി. തെക്കൻ ലണ്ടനിലെ ബാറ്റർസീയിലുള്ള വസതിയിലാണ് വെള്ളിയാഴ്ച അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം ബ്രിട്ടീഷ് അക്കാദമിക് മേഖലയിലും രാഷ്ട്രീയവൃത്തങ്ങളിലും വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആർഡെയുടെ മരണം വലിയൊരു ദുരന്തമാണെന്നും കാര്യങ്ങൾ എങ്ങനെയാണ് ഈ ഘട്ടത്തിലെത്തിയതെന്ന് എല്ലാവരും ചിന്തിക്കേണ്ട സമയമാണിതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രതികരിച്ചു.
വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരുന്ന വ്യക്തിഹത്യ താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് വ്യക്തമാക്കി ജെയ്സൺ ആർഡെ ഓഗസ്റ്റ് ആദ്യം തുറന്ന കത്തെഴുതിയിരുന്നു. തുടർന്ന് സർവകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം കഴിഞ്ഞ അഞ്ചിന് രാജിവച്ചു. പിന്നാലെയാണു കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ആരോപണം
സോഷ്യോളജി വിഭാഗം പ്രഫസറായിരുന്ന ജെയ്സൺ ആർഡെ 2015ൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധത്തിൽ മറ്റു പ്രബന്ധങ്ങളിലെ ഭാഗങ്ങൾ പകർത്തിയെഴുതിയെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അവകാശവാദങ്ങളിലും സംശയങ്ങൾ ഉയർന്നതോടെ കേംബ്രിഡ്ജ് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ആരോപണങ്ങളും ശരിയല്ലെന്ന് പിന്നീട് കണ്ടെത്തി.
എന്നാൽ, മാധ്യമങ്ങളും ചില സംഘടനകളും നടത്തിയ ആസൂത്രിതമായ വേട്ടയാടലും വ്യാജപ്രചാരണങ്ങളും സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചിന് അദ്ദേഹം കേംബ്രിജ് സർവകലാശാലയിലെ പ്രഫസർ പദവി രാജിവയ്ക്കുകയായിരുന്നു.
ഓട്ടിസം ബാധിതനായ തനിക്കു വിവരങ്ങൾ മനസിലാക്കാൻ മറ്റു പ്രബന്ധങ്ങൾ അനുകരിക്കേണ്ടിവന്നതാണ് ചില പിഴവുകൾക്കു കാരണമെന്നും ഇത് മനഃപൂർവമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വ്യക്തിഹത്യക്ക് ഇരയെന്ന് കുടുംബം
മാധ്യമങ്ങളുടെയും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ക്രൂരമായ വ്യക്തിഹത്യയെയും വംശീയ വേട്ടയാടലിനെയും തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും ആരോപിച്ചു.
അക്കാദമിക് മേഖലയിലെ കറുത്തവർഗക്കാർ നേരിടുന്ന വംശീയ അധിക്ഷേപത്തിന്റെ ഇരയാണ് ആർഡെയെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കേംബ്രിജിൽനിന്നു രാജിവച്ചതിനുശേഷം തനിക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്തവിധം മാനസികമായി തകർന്നിരുന്നതായി മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആർഡെ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു.
മരണം അപ്രതീക്ഷിതമാണെങ്കിലും നിലവിൽ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അതേസമയം, ആർഡെയുടെ നിയമനത്തെക്കുറിച്ചും കേംബ്രിഡ്ജ് സർവകലാശാല സ്വീകരിച്ച നടപടികളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പോളണ്ടിൽ രജിസ്റ്റർ ചെയ്ത ബസ് മെസോകെറെസ്റ്റെസ് നഗരത്തിന് സമീപം എം3 മോട്ടോർവേയിൽ അപകടത്തിൽപ്പെടുകയായിരുന്നു.
നൈറെജിഹാസ നഗരത്തിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞതായി ഹംഗറി പൊലീസ് അറിയിച്ചു. അപകടസമയത്ത് ബസിൽ 57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ബസ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും കൂടുതലും പോളിഷ് പൗരന്മാരാണെന്നാണ് വിവരം.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഗുരുതരമായി തകർന്ന ചുവപ്പ് നിറത്തിലുള്ള ബസ് ഒരു വശത്തേക്ക് മറിഞ്ഞുകിടക്കുന്നതും ബസിന്റെ ജനലുകൾ തകർന്നതും യാത്രക്കാരുടെ സാധനങ്ങളും സ്യൂട്ട്കേസുകളും റോഡരികിൽ ചിതറിക്കിടക്കുന്നതും കാണാം.
അപകടത്തിൽ 12 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തനിവാരണ ഏജൻസി (ബിഎൻപിബി) നൽകുന്ന വിവരങ്ങൾ അനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പലയിടത്തും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യൻ തീരത്തുനിന്ന് ഏകദേശം 68 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പരിക്കേൽക്കുമെന്ന ഭയത്താൽ പരിഭ്രാന്തരായി ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവായ പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ വലിയ ഭൂചലനങ്ങളും സുനാമികളും ഇന്തോനേഷ്യൻ തീരങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.
National
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പീപ്പൽകോട്ടിയിൽ നിർമാണത്തിലിരുന്ന ടിഎച്ച്ഡിസി ജലവൈദ്യുത പദ്ധതിയുടെ ടണലിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി ഉയർന്നതായി അധികൃതർ അറിയിച്ചു. ടണലിനുള്ളിൽ നിന്ന് ശനിയാഴ്ച ഒരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന മറ്റ് രണ്ടുപേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ബിർഹി നദിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വൻതോതിൽ വെള്ളവും ചെളിയും അവശിഷ്ടങ്ങളും പെട്ടെന്ന് ടണലിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ജോലിയിലുണ്ടായിരുന്ന 22ഓളം തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന , സംസ്ഥാന ദുരന്തനിവാരണ സേന, കരസേന, ഐടിബിപി എന്നിവരുടെ നേതൃത്വത്തിലാണ് രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ടണലിനുള്ളിൽ ഉയർന്ന അളവിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. തുടർന്ന് പ്രത്യേക പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളഞ്ഞ ശേഷമാണ് കൂടുതൽ തെരച്ചിൽ സാധ്യമാക്കിയത്.
സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം നിർമാണ പദ്ധതികളിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.
ഭൂകമ്പ മാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നെന്നാണ് വിവരം. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈസ്റ്റ് നുസ ടെങ്കാറ പ്രവിശ്യയിലെ നഗരമായ എൻഡെയ്ക്ക് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.
Kerala
ചാലക്കുടി: റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേയുടെ വൈദ്യുത ലൈനിൽനിന്നു ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ എറിയാപറമ്പിൽ സജികുമാർ (50) ആണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ മരിച്ചത്.
വ്യാഴാഴ്ച രാവിലെ 10.30 നാണ് അപകടമുണ്ടായത്. തൊഴിലാളികൾ ഗുഡ്സ് ട്രെയിൽനിന്ന് ചാക്കുകൾ ലോറിയിൽ കയറ്റവേ മഴ പെയ്തു. സജികുമാർ ഈ സമയം ലോറിക്കു മുകളിൽ കയറി ടാർപായ ഇട്ടു.
തൊട്ടരികെ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ കാൽ വച്ചപ്പോൾ തെന്നി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ശരീരത്തിൽ തീപടർന്ന് താഴേക്കുവീണ സജിയെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പറവൂര്‍: പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ ശശികുമാറിന്റെയും സാബിതയുടെയും മകള്‍ പി.എസ്. സുരമ്യയാണു (24) മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. നാലു മാസം മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍നിന്നു പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പിന്മാറ്റത്തില് താത്പര്യമില്ലാതിരുന്ന ഷിബിന്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് വിളിച്ചതിനെത്തുടര്‍ന്ന് സുരമ്യ ഇന്നലെ രാവിലെ ബസില്‍ പറവൂരിലെത്തി. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ ഒരു സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുരമ്യ ജോലിക്കു പോകുകയാണെന്നു പറഞ്ഞാണു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്.
പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇവിടെ വച്ചുള്ള സംസാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ മുറിയില്‍ വച്ച് കത്തിയെടുത്തു സുരമ്യയെ കുത്തുകയായിരുന്നു. പിന്നാലെ മുറിയില്‍നിന്നു പുറത്തിറങ്ങിയ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലും നെഞ്ചിലുമാണു സുരമ്യക്കു കുത്തേറ്റത്. ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റു.
ഇന്‍ക്വസ്റ്റിന് ശേഷം സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് നടക്കും. സഹോദരന്: സൂരജ്.
District News
തലയോലപ്പറമ്പ്: പനിയെ തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചത് ചികിത്സാപ്പിഴവുമൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ. വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലയിൽ ജോൺ കുര്യാക്കോസിന്റെ ഭാര്യ റെജിമോളു (53)ടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ വെള്ളൂർ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 30ന് പനിയെത്തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ റെജിമോൾക്ക് കുത്തിവയ്പ്പും മരുന്നും നൽകിയിരുന്നു. പിന്നീട് കൈയിൽ നീരുവന്ന് കൈ ഉയർത്താൻ കഴിയാത്ത സ്ഥിതിവന്നതോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ വീണ്ടും എത്തിയെങ്കിലും സ്കാനിംഗ് നടത്താൻ നിർദ്ദേശിച്ചതോടെ സാമ്പത്തിക പരാധീനതമൂലം വീട്ടിലേക്ക് മടങ്ങി.
കൈയ്ക്ക് വേദന അസഹ്യമായതോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ 10ന് ചികിത്സ തേടിയ റെജിമോൾക്ക് 12ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.10 ഓടെ മരിച്ചു.
നിർധന കുടുംബത്തിന്റെ താങ്ങായിരുന്ന വീട്ടമ്മയുടെ അകാലത്തിലെ വിയോഗം കുടുംബത്തിന് കനത്ത പ്രഹരമായി. വൈക്കത്ത് ആശുപത്രിയിൽ നിന്നെടുത്ത കുത്തിവയ്പ്പിനെത്തുടർന്നാണ് റെജിമോൾക്ക് അസുഖം മൂർച്ഛിച്ചതെന്നും താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് വീട്ടമ്മയുടെ മരണത്തിനിടയാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. റെജിമോളുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ഇറുമ്പയം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ:അനിത, ജോസ്മി, സിറിൾ.
Kerala
കൊല്ലം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ യുവാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് ആദര്‍ശ് ഭവനില്‍ ആദര്‍ശ് (30) ആണ് മരിച്ചത്.
സംഭവത്തിൽ ആദർശിന്റെ സുഹൃത്ത് സുനില്‍കുമാറി(41നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടാത്തലയിലെ സുനിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം.
കൊലപാതകത്തിനു ശേഷം നിര്‍മാണ തൊഴിലാളിയായ സുനിൽ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട ആദര്‍ശും പ്രതി സുനിലും സുഹൃത്തുക്കളാണ്. ഇരുവരും പതിവായി മദ്യപിക്കാറുണ്ട്.
ഇന്നലെ ആദര്‍ശും സുനിലും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ സുനില്‍ കോടാലിക്കൈ ഉപയോഗിച്ച് ആദര്‍ശിന്റെ തലയ്ക്കടിച്ചു.
ആദര്‍ശ് തിരിച്ചടിച്ചതില്‍ പ്രകോപിതനായ സുനില്‍ കോടാലി കൊണ്ട് കഴുത്തിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് വിവരം. പുലര്‍ച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്.
NRI
ബംഗളൂരു: മലയാളി യുവതി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്.
ബംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഭർത്താവ് എസ്.എൽ. ആകർഷും ബംഗളൂരുവിൽ ജോലിചെയ്യുകയാണ്.
Kerala
മാനന്തവാടി: ജോലിക്കിടെ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സ്രാമ്പിക്കല്‍ ബാപ്പു-നബീസ ദമ്പതികളുടെ മകന് സെയ്തലവിയാണ്(44)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞയാഴ്ച പീച്ചംകോടിന് സമീപം ജോലിക്കിടെയാണ് സെയ്തലവി അപകടത്തില്‍പ്പെട്ടത്. ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്‍: ഷറഫുദീന്‍, ഉമ്മു ഖുല്‍സു, ഹസീന, സുലൈഖ,ആരിഫ.
Kerala
കൊല്ലം: പുത്തൂർ മൂഴിക്കോടിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തർക്കത്തെത്തുടർന്ന് മൂഴിക്കോട് സ്വദേശി ആദർശിനെ (30) പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൂരാച്ചുണ്ട്: എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്തു ദിവസമായി ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കൂരാച്ചുണ്ട് ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഈ മാസം ഒന്നിനാണ് പനി കൂടിയതിനെ തുടർന്ന് കൂരാച്ചുണ്ട് സിഎച്ച്സിയിൽ വീട്ടമ്മ ചികിത്സ തേടിയത്.
തുടർന്ന് മൂന്നിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഭർത്താവ്: ഷാജു. മകൾ: അലീന. മരുമകൻ: സുനിൽ തൂങ്കുഴി. സഹോദരങ്ങൾ: ജോർജ്, സാലി, ആന്റോ. സംസ്കാരം വ്യാഴാഴ്ച ഒൻപതിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
Kerala
കാസർഗോഡ്: പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസർഗോഡ് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ, കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.
ആദ്യം വധുവായ യുവതിയെ കര്‍ണാടകയിലെ ഹുൻസൂരില്‍ വച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവര്‍.
പിന്നാലെയാണ് വരന് അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഡിസംബര്‍ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Kerala
കൊച്ചി: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. ങ്കമാലിയിലെ ഒരു സ്ഥാപനത്തില്‍ ഏതാനും ദിവസം മുമ്പാണ് യുവാവ് ജോലിക്ക് കയറിയത്.
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കാരണം സ്ഥിരീകരിക്കാനാവുകയുള്ളു. യുവാവിന്റെ ബന്ധുക്കളെ പെരുമ്പാവൂര്‍ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.