ഗൗരി ജി. കൃഷ്ണ
പാലക്കാട്: സ്വകാര്യബസിൽ കയറുന്നതിനിടെ താഴെവീണ ഷൂ എടുക്കാൻ ശ്രമിക്കവേ കാൽതെറ്റി പുറത്തേക്കുവീണ കോളജ് വിദ്യാർഥിനിക്ക് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം.
കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണന്റെയും ബീനയുടെയും മകൾ ഗൗരി ജി. കൃഷ്ണ(18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാംവർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെ കോങ്ങാടിനടുത്ത് ചല്ലിക്കലിലാണ് അപകടമുണ്ടായത്. രാവിലെ കോളജിലേക്കു പോകുന്നതിനായി ചല്ലിക്കലിൽവച്ച് സ്വകാര്യ ബസിൽ കയറുകയായിരുന്നു ഗൗരി. ഇതിനിടെ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്കു വീണു. ബസ് മുന്നോട്ട് എടുക്കുന്ന സമയത്തായിരുന്നു ഇത്. ഷൂ എടുക്കുന്നതിനായി വിദ്യാർഥിനി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു.
വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : College Student Private Bus Death Kongad