District News
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ് പരിക്കേറ്റത്.
തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥിനി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻചക്രം കാൽപാദത്തിലൂടെ കയറിയിറങ്ങി.
തുടർന്ന് നാട്ടുകാരും മറ്റും ചേർന്ന് മുഫീദയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Kerala
പെരിയ: കേരള കേന്ദ്രസര്വകലാശാലയില് ഇന്നും ബുധനാഴ്ചയുമായി നടക്കുന്ന വന്ദേമാതരം സെമിനാര് വിവാദത്തില്. ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് പങ്കെടുക്കുന്ന പരിപാടിക്കെതിരെയാണു പ്രതിഷേധമുയര്ന്നിരിക്കുന്നത്.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില് ആര്എസ്എസ് ആശയബന്ധമുള്ള സംഘടനകളെയും വ്യക്തികളെയും ഉള്പ്പെടുത്തിയതിനെതിരേയാണ് എസ്എഫ്ഐ, എന്എസ്യു, എംഎസ്എഫ് അടക്കമുള്ള വിദ്യാര്ഥിസംഘടനകള് രംഗത്തെത്തിയത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സാഹിത്യഅക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്വീനര് ജെ. നന്ദകുമാറാണ് ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷകന്. രാജ്യത്തെ മുതിര്ന്ന ആര്എസ്എസ് നേതാക്കളില് ഒരാളാണ് നന്ദകുമാര്. അഖില ഭാരതീയ സാഹിത്യ പരിഷത്തും പ്രജ്ഞാ പ്രവാഹും ആര്എസ്എസിന്റെ പ്രധാനപ്പെട്ട അനുബന്ധ സംഘടനകളാണ്.
വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യം അനുസ്മരിക്കുന്നതില് എതിര്പ്പില്ലെന്നും എന്നാല് ആര്എസ്എസ് സംഘടനകളുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കുന്നത് സര്വകലാശാലയെ കാവിവത്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നും ഇതിനെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കുമെന്നും വിദ്യാര്ഥിസംഘടന ഭാരവാഹികള് അറിയിച്ചു.
ഇന്നു രാവിലെ 10നു ലൈബ്രറി സെമിനാര് ഹാളില് നടക്കുന്ന പരിപാടി തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്ത്തകനുമായ മാലന് വി. നാരായണന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്വകലാശാല വൈസ് ചാന്സലര് പ്രഫ. സിദ്ദു പി. അല്ഗുര് വിശിഷ്ടാതിഥിയാകും. നാളെ രാവിലെ 11നു നടക്കുന്ന സമാപനസമ്മേളനത്തില് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോര്ഡ് കണ്വീനര് കെ.പി. രാമനുണ്ണി സമാപനസന്ദേശം നല്കും. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല് സെക്രട്ടറി പവന്പുത്ര ബാദല് അധ്യക്ഷത വഹിക്കും.
National
കോൽക്കത്ത: കോൽക്കത്തയിലെ സ്കൂളിൽ ക്ലാസ് മുറിയിൽ അധ്യാപകരുടെ മുന്നിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് സൗത്ത് പോയിന്റ് സ്കൂളിലാണ് സംഭവം നടന്നത്. പുസ്തകങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ക്ലാസ് മുറിയിൽ വച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 15 കാരനായ വിദ്യാർഥിയുടെ കഴുത്തിനും ഇടത് കൈവിരലുകൾക്കുമാണ് പരിക്കേറ്റത്. സ്കൂളിൽ വച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു. ആക്രമണം നടത്തിയ കുട്ടിയെ ഉടൻ തന്നെ ക്ലാസ് മുറിയിൽ നിന്ന് മാറ്റുകയും സ്കൂൾ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകിയ ശേഷം പിതാവിനൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു.
സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന് സാക്ഷിയായ മറ്റ് കുട്ടികൾക്കും കൗൺസിലിംഗ് നൽകുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളത്ത് പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർഥിനിയുടെ പരാതി.
സീറോ ടിക്കറ്റിന് പണം ആവശ്യപ്പെട്ടെന്നും പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞും അപമാനിച്ചതായാണ് പരാതി. നോർത്ത് പറവൂർ പൊലിസിലാണ് വിദ്യാർഥിനി പരാതി നൽകിയിട്ടുള്ളത്. അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. സുരേഷ് ചന്ദിന്റെ മകൾ പ്രാചിയാണ് (14) മരിച്ചത്. രാജ്നഗർ എക്സ്റ്റൻഷനിലെ രാജ്നഗർ റെസിഡൻസി സൊസൈറ്റിയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് അപകടം നടന്നത്.
ബാൽക്കണിയിൽ ഉണങ്ങാനിട്ടിരുന്ന വസ്ത്രമെടുക്കാൻ പോയതായിരുന്നു പ്രാചി. ഇതിനിടെ കാൽതെറ്റി പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്തിടെ മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ റോപ്പ് സ്കിപ്പിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ പ്രാചി രണ്ട് സ്വർണ മെഡലുകൾ നേടിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകടകാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളും കുടുംബാംഗങ്ങളുടെ മൊഴികളും പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ സദർ ബസാറിൽ ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മഖ്സൂദാക്കാണ് (56) പിടിയിലായത്. സെപ്റ്റംബർ 16ന് രാത്രി 11നാണ് സംഭവം.
പഠനോപകരണങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങിയ കുട്ടിയെ മഖ്സൂദാക്ക് കടയ്ക്കുള്ളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കടയ്ക്കുള്ളിൽ കയറ്റിയ ശേഷം കുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട് പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. രാത്രി തന്നെ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ അമിതവേഗത്തിലെത്തിലെത്തിയ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. റോഡിലൂടെ നടന്നുപോവുകയായിരുന്ന നാല് വിദ്യാർഥികളുടെ നേരെയാണ് കാർ ഇടിച്ചുകയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളുടെ നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികൾ റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് വാഹനം കണ്ടെത്താനും ഡ്രൈവറെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
National
മുംബൈ: ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. എനർജി സയൻസ് എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥി സാഹിൽ വാകോഡെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികൾ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. ഇതേ തുടർന്ന് അധ്യാപകർ കുട്ടിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഈ കാലയളവിൽ ഹോസ്റ്റലിൽ നിൽക്കാൻ അനുവാദമില്ലെന്നും പറഞ്ഞെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് സാഹിലിന്റെ കുടുംബവും ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ ഐഐടി അധികൃതർ തള്ളി. കോപ്പിയടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സാഹിലിനെ വിളിച്ചുവരുത്തി ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സസ്പെൻഷനോ നടപടിയോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ബോംബെ ഐഐടി കാമ്പസിൽ മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂലൈയിലും സമാനമായ രീതിയിൽ രണ്ടാം വർഷ വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
Kerala
ശ്രീകൃഷ്ണപുരം: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ. പി. സ്കൂളിനു സമീപം കോട്ടയിൽ രാജൻ-ദീപ മകൻ ദമ്പതിമാരുടെ ദിൽരാജ് ആണ് മരിച്ചത്. 16 വയസായിരുന്നു.
കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ദിൽരാജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മാങ്ങോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
District News
പന്തളം: എൻഎസ്എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെ പുറത്തിറങ്ങിയ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. എംസി റോഡിൽ കോളജിന്റെ മെയിൻ ഗേറ്റിന് മുന്നിലായിരുന്നു സംഘർഷം. പൊലിസ് ലാത്തി വീശിയതോടെ ഇരു വിഭാഗങ്ങളും ചിതറിയോടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയാണ് വിജയിച്ചത്.
District News
കുമളി: ഇരുന്പുകന്പി തലയിൽ പതിച്ച് പ്ലസ്ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ ശരണിനാണ് പരിക്കേറ്റത് . കുമളി സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ കെട്ടിടത്തിനരികിലാണ് വിദ്യാർഥിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഫുട്ബോൾ കളിച്ച ശേഷം സുഹൃത്തുക്കളോടൊപ്പം സമീപത്തെ സ്കൂൾ കെട്ടിടത്തിലേക്കു കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
മുന്നിൽ നടന്നിരുന്ന സുഹൃത്ത് നിലത്തുകിടന്നിരുന്ന ഇരുമ്പുകമ്പി എടുത്ത് വീശുന്നതിനിടെ കമ്പി ശരണിന്റെ തലയിലിടിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ശരണിന്റെ മുഖത്തും തലയിലും രക്തം വാർന്നു. പേടിച്ചു സുഹൃത്തുക്കൾ നിലവിളിച്ച് ആളെ കൂട്ടുകയും നാട്ടുകാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യാർഥി. സംഭവസമയത്ത് ശരണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കുമളി പൊലിസ് ചോദ്യം ചെയ്തുവരികയാണ്. സുഹൃത്തുക്കൾ തമാശയായി ഇരുമ്പുകമ്പി ഉപയോഗിച്ച് കളിക്കുന്നതിനിടെയുണ്ടായ അബദ്ധമാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണത്തിലൂടെയേ വ്യക്തമാകുകയുള്ളൂവെന്ന് കുമളി പൊലിസ് അറിയിച്ചു.
Kerala
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു സജ ഫാത്തിമ. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
മാതാവ്: ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ.
Kerala
തളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് പിന്നോട്ടെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കാലിൽ കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പിലെ മാവിലോത്ത് പുതിയപുരയിൽ എ.പി.ഫാത്തിമയ്ക്ക് (11) ആണ് പരിക്കേറ്റത്.
ഇന്നു രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നതിന് മാതാവിനൊപ്പം എത്തിയതായിരുന്നു വിദ്യാർഥിനി.
സ്റ്റാൻഡിൽ ബസ് ഇറങ്ങിയശേഷം പയ്യന്നൂർ ബസിൽ കയറാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഇടത് കാൽപ്പാദത്തിനാണ് പരിക്ക്. വിദ്യാർഥിനിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം കെ.കെ. ഷാജുവാണ് കേസെടുത്തത്.
അധ്യാപകരുടെ പീഡനമാണ് മരണത്തിന് പിന്നിൽ എന്ന് ആരോപിച്ച് സഹപാഠികൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പുത്തൻകുരിശ് എസ്എച്ച്ഒയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ട്യൂഷൻ സെന്റർ അധ്യാപകനെതിരേ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. ആക്ടിംഗ് ചെയർപേഴ്സണ് സിസിലി ജോസഫാണ് സ്വമേധയാ കേസെടുത്തത്.
അഞ്ചൽ കരുകോണിൽ പ്രവർത്തിക്കുന്ന ട്യൂട്ടോറിയലിലെ അധ്യാപകനായ സൂഫിയാനെതിരേയാണ് പരാതി. മറ്റു കുട്ടികളെയും ഇയാൾ മർദിച്ചതായി വാർത്തകളുണ്ടായിരുന്നു.
സംഭവത്തിൽ അഞ്ചൽ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസറോടും കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.
Kerala
എറണാകുളം: എറണാകുളം കോലഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐക്കരനാട് ചിറമ്പാട്ടുവീട്ടിൽ ഏബൽ സിജു ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് പുത്തൻകുരിശ് പൊലിസ് കേസെടുത്തിട്ടുണ്ട്.
Kerala
ആറ്റിങ്ങൽ: മങ്കാട്ടുമൂലയിൽ കോളജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ ശോഭക് (ശ്രീക്കുട്ടൻ-20) ആണ് അറസ്റ്റിലായത്.
സംഭവത്തിൽ ഇയാൾക്കൊപ്പം പങ്കെടുത്ത പ്രായപൂർത്തിയാകാത്തയാളെയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്, ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
അറസ്റ്റിലായ ശോഭക് ലഹരിക്കച്ചവടം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തോന്നയ്ക്കൽ ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥി ശ്രീകാര്യം സ്വദേശി വിഘ്നേഷിനാണ് (19) വെട്ടേറ്റത്.
പഠനം കഴിഞ്ഞ് വീട്ടിലേക്കുപോകാൻ മങ്കാട്ടുമൂല ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് വിഘ്നേഷിനെ ആക്രമിച്ചത്. തലയ്ക്കു വെട്ടേറ്റ വിഘ്നേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോളജ് വിദ്യാർഥികൾ മങ്കാട്ടുമൂല ജംഗ്ഷനിൽ കൂട്ടംകൂടി നിൽക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളായ പ്രതികൾ നേരത്തേ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയിട്ടുള്ളത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ ആറ്റിങ്ങൽ പൊലിസ് രാത്രിയിൽ തെരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിക്കാനായി മങ്കാട്ടുമൂലയ്ക്കു സമീപം ക്രിമിനൽസംഘം രഹസ്യകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഈ കേന്ദ്രത്തിലും വെള്ളിയാഴ്ച പൊലിസ് സംഘം പരിശോധന നടത്തി.
Kerala
പത്തനാപുരം: കല്ലടയാറ്റിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം നടുക്കുന്ന് സ്വദേശി മുഹമ്മദ് സുഹൈലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലടയാറ്റിലെ തര്യൻതോപ്പ് കടവിലുണ്ടായ അപകടത്തിലാണ് സുഹൈലിന് ജീവൻ നഷ്ടമായത്.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം കിഴക്കേഭാഗം തര്യൻ തോപ്പിനു സമീപം പൂന്തോട്ടത്തിൽ കടവിൽ കുളിക്കാനെത്തിയതായിരുന്നു മുഹമ്മദ് സുഹൈൽ. ഇതിനിടെ സുഹൈൽ ഒഴുക്കിൽപ്പെട്ടു. അഗ്നിശമനസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
District News
കരുവാരക്കുണ്ട്: ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്ഥിനി പി. സൂര്യ രചിച്ച ആത്മായനം നോവലിന്റെ പ്രകാശനം മന്ത്രി എ.പി. അനില്കുമാര് നിര്വഹിച്ചു.
സ്കൂളിന്റെ സമഗ്ര വിവരങ്ങള് ഉള്ക്കൊള്ളിച്ച് തയ്യാറാക്കിയ വിദ്യാ ആപ്പിന്റെ ലോഞ്ചിംഗും ചടങ്ങില് നടന്നു. ഒലീവ് ബുക്സ് അച്ചടിച്ച് ജിഎച്ച്എസ്എസ് കരുവാരക്കുണ്ട് പ്രസിദ്ധീകരിച്ച നോവലിന് ഇതിനകം തന്നെ വായനാ ലോകത്തുനിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിട്ടുള്ളത്.
സ്കൂളിലെ പ്ലസ് ടു വിദ്യാര്ഥിനി അഫ്ര സഹ്നയാണ് നോവലിന്റെ കവര് ചിത്രം തയ്യാറാക്കിയത്. മുഖ്താര് ഉദിരമ്പൊയിലാണ് പുസ്തകത്തിന്റെ ഡിസൈനര്.
ആദ്യപ്രതി ഫിദ ഫാത്തിമ ഏറ്റുവാങ്ങി. ചടങ്ങില് ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല് ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്. ഉണ്ണീന്കുട്ടി വിദ്യാ ലിങ്ക് ആപ്പിന്റെ ലോഞ്ചിംഗും, പ്രധാനധ്യാപകന് ഇ.ആര്. ഗിരിജ ഉപഹാര സമര്പണവും നിര്വഹിച്ചു.
ഡെപ്യൂട്ടി എച്ച്എം മണി പുസ്തക പരിചയം നടത്തി. പ്രിന്സിപ്പല് കെ. സിദ്ദീഖ്, എസ്എംസി ചെയര്മാന് സജനു തഅലീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഡേവിഡ്, സ്ഥിരസമിതി അധ്യക്ഷരായ നൗഷാദലി കുരിക്കല്, സബീറലി, ഫസീല, വാര്ഡ് അംഗം സബാദ്, മുന് പ്രധാനധ്യാപകനും എഴുത്തുകാരനുമായ രാജന് കരുവാരകുണ്ട്, എഴുത്തുകാരന് നൗഷാദ് പുഞ്ച, എഴുത്തുകാരിയും അധ്യാപികയുമായ പി. ശാലിനി, പിടിഎ വൈസ് പ്രസിഡന്റ്, നോവലിസ്റ്റ് പി. സൂര്യ, സ്റ്റാഫ് സെക്രട്ടറി ഹൈദരലി എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയായ വിഘ്നേഷിനാണ് വെട്ടേറ്റത്.
കോളജിന് പുറത്ത് ബസ്സ്റ്റോപ്പിലായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ടുപേരും വിഘ്നേഷും തമ്മിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ചെട്ടികുളങ്ങര: ചെട്ടികുളങ്ങരയിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കായംകുളം തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങരയ്ക്കു സമീപം വാഹനാപകടം. സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എൻജിനിയറിംഗ് വിദ്യാർഥി ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പരമേശ്വരൻ (18) ആണ് മരിച്ചത്.
National
മൈസൂരു: കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദനമേറ്റ് വിദ്യാർഥിയുടെ കണ്ണിന് പരിക്കേറ്റു. പതിനാറുകാരനായ രെഹാൻ ഷെരീഫ് എന്ന വിദ്യാർഥിയാണ് ആക്രമണത്തിനിരയായത്.
മൈസൂരുവിലെ സ്കൂളിൽ വച്ച് അധ്യാപകൻ രെഹാനെ മുഖത്തടിക്കുകയും കണ്ണിന് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ടിസി നൽകി സ്കൂളിൽ നിന്നു പുറത്താക്കുമെന്നും അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തി.
വിവരം അറിഞ്ഞ കുട്ടിയുടെ പിതാവ് വസീം ഷെരീഫ് പൊലിസിൽ പരാതി നൽകുകയും അധ്യാപകനെതിരെ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂർ പൊലിസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള് മോര്ഫ് ചെയ്ത് അശ്ലീലരീതിയില് പ്രചരിപ്പിച്ച കേസിലെ മുഖ്യസൂത്രധാരന് മലപ്പുറം സ്വദേശിയായ വിദ്യാര്ഥിയെന്ന് അറസ്റ്റിലായ എസ്. ശ്രീഹരിയുടെ മൊഴി. നിലവില് ഒളിവിലുള്ള വിദ്യാര്ഥിക്കായി അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
പൂര്വ വിദ്യാര്ഥികളടങ്ങുന്ന വന് റാക്കറ്റ് ആണ് മോര്ഫിംഗിന് പിന്നിലെന്നും മൊഴിയില് പറയുന്നു. ബിബിഎ വിദ്യാര്ഥിയായ ശ്രീഹരിയും എട്ടു വിദ്യാര്ഥികളും അടങ്ങുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പിലും പതിനായിരത്തോളം പേര് അംഗങ്ങളായ മറ്റൊരു ടെലിഗ്രാം ഗ്രൂപ്പിലുമാണ് മോര്ഫ് ചെയ്ത ഫോട്ടോകള് പ്രചരിപ്പിച്ചത്.
രണ്ടാമത്തെ ഗ്രൂപ്പില് മറ്റ് കോളജുകളിലെ വിദ്യര്ഥികളുമുണ്ട്. ഈ ടെലിഗ്രാം ഗ്രൂപ്പുകള് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈബര് പൊലിസ്.
കോളജില് ചടങ്ങുകള് നടക്കുമ്പോള് ശ്രീഹരിയായിരുന്നു പ്രധാന ഫോട്ടോഗ്രഫര്. സഹപാഠികളില് ചിലര് ശ്രീഹരിയെ കൊണ്ട് ഫോട്ടോ എടുപ്പിക്കാറുണ്ടെന്നും അതില് ചില ചിത്രങ്ങള് മോര്ഫ് ചെയ്തു വിറ്റതില് ഉണ്ടെന്നുമാണ് സംശയം. കോളജിന് പുറത്തുള്ള പെണ്കുട്ടികളുടെ ചിത്രങ്ങളും ശ്രീഹരി മോര്ഫ് ചെയ്ത കൂട്ടത്തിലുണ്ട്. സമൂഹമാധ്യമങ്ങളില് നിന്ന് ശേഖരിച്ചതാകാം എന്നാണ് പൊലിസിന്റെ നിഗമനം.
ചില ചിത്രങ്ങള് ശ്രീഹരി നേരിട്ട് മോര്ഫ് ചെയ്യാതെ മറ്റു ചിലര്ക്ക് അയച്ചു നല്കി, അവര് മോര്ഫ് ചെയ്തു തിരികെ അയച്ചു കൊടുത്തതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പൊലിസ് കമ്മിഷണര് സി.കെ. ബിജോയ് ചന്ദ്രന്റെ മേല്നോട്ടത്തില്, തൃക്കാക്കര പൊലിസ് ഇന്സ്പെക്ടര് എസ്. സനല് തലവനായ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബര് പൊലിസ് വിദഗ്ധരും സംഘത്തിലുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ മൂന്ന് വയസുകാരിയായ വിദ്യാർഥിയെ ബസ് ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രൈമറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്. കുട്ടികളെ വീടുകളിൽ ആക്കുന്നതിനിടെ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയ ശേഷം ബസിൽ ഒറ്റയ്ക്കായ മൂന്ന് വയസുകാരിയെ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുത്തശിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായ പതിനാറുകാരി ജീവനൊടുക്കി. ദാബുവ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ബിരിയാണിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ വഴക്കിൽ തന്റെ മകൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും അധ്യാപിക കുട്ടിക്ക് ശിക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കുട്ടിയെ അധ്യാപിക നാല് മണിക്കൂറോളം വെയിലത്ത് നിർത്തി ശിക്ഷിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ കുട്ടിക്ക് യാതൊരുവിധ ശിക്ഷയും നൽകിയിട്ടില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. ശർമ്മ പറയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. അധ്യാപകർ, മറ്റ് വിദ്യാർഥികൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കണ്ണൂര്: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്ജിതം. വിദ്യാർഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
തലശേരി എഎസ്പിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില് നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല് കാര്യമായ സൂചനകള് ലഭിച്ചിട്ടില്ല. നാട്ടുകാര് സമൂഹ മാധ്യമങ്ങള് മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള കാമ്പയിന് നടക്കുന്നുണ്ട്.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാൻ ഇല്ലെന്ന് പരാതി. മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയുടെ മകൻ മുഹമ്മദ് സബീറിനെ(10) ആണ് കാണാതായത്.
ശനിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കൾ തമ്പാനൂർ പോലീസിൽ പരാതി നൽകിയത്. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം.
പിതാവിന്റെ പരാതിയിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു ഷഹൽ ഷാ (17)ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
പിറവം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കൊല്ലം പുനലൂർ അഴിപ്ലാക്കിൽ ഉഷ മന്ദിരത്തിൽ അരുണിന്റെ മകൻ ആദിത്യ അരുൺ കുമാറാ(20)ണു മരിച്ചത്. ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠത്തിൽ മൂന്നാംവർഷ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥിയാണ് ആദിത്യ.
ബൈക്ക് ഓടിച്ചിരുന്ന ഇതേ കോളജിലെ ബിബിഎ വിദ്യാർഥിയായ പാമ്പാക്കുട അഞ്ചൽപ്പെട്ടി മംഗലത്ത് ഡോ. അരുൺ വർഗീസിന്റെ മകൻ ഇയാൻ ജോർജ് വർഗീസിന് (20) പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെ പിറവം - മൂവാറ്റുപുഴ റോഡിൽ ഓണക്കൂർ കരയോഗപ്പടി ജംഗ്ഷനിലായിരുന്നു അപകടം. കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടവഴിയിൽനിന്ന് പ്രധാന റോഡിലേക്കു പ്രവേശിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു ഇരുവരും തെറിച്ചുവീണു. വൈദ്യുത പോസ്റ്റിലിടിച്ച് ഹെൽമറ്റ് തകർന്നു തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ആദിത്യയുടെ മരണകാരണം. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
National
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗര് ജില്ലയിൽ നീറ്റ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. സൂരജ് സുഭാഷ് ഷിൻഡെ (19) ആണ് മരിച്ചത്.
സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഗ്രാമത്തിലെ ഒരു ചടങ്ങിനായി പുറത്തുപോയതായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ സൂരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സഹോദരി മുകളിലെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് സൂരജിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: കൊടുവള്ളിയില് മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്ദിച്ച സംഭവത്തില് കേസെടുത്ത് പോലീസ്. കുട്ടിയുടെ പിതൃ സഹോദരന്, ഭാര്യ എന്നിവര്ക്കെതിരെയാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.
മര്ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്. പരാതി ഇല്ലെന്ന പേരില് കൊടുവള്ളി പോലീസ് നേരത്തെ സംഭവത്തില് കേസെടുത്തിരുന്നില്ല. പൊലീസ് കേസ്സെടുക്കാത്തതിനാല് കുട്ടിയെ ഹാജരാക്കാന് ചൈല്ഡ് വെല്ഫെയർ കമ്മിറ്റി രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
മൊഴി രേഖപ്പെടുത്തിയ സിഡബ്ലിയുസിക്ക് മര്ദനം ബോധ്യപ്പടുകയും കേസെടുക്കാൻ റൂറല് എസ്പിക്ക് നിര്ദേശവും നല്കി. റൂറല് എസ്പിയുടെ നിര്ദേശ പ്രകാരമാണ് കൊടുവള്ളി പോലീസ് കേസ് രജിസ്റ്റര് ചെയ്തത്.
Kerala
തൊടുപുഴ: വിദ്യാര്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള് തകര്ത്തു.
ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് കൊടുംക്രൂരതയ്ക്ക് കാരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന വിദ്യാര്ഥിയെ ഇന്നലെ ഡിസ്ചാര്ജ് ചെയ്തു.
തൊടുപുഴയിലെ ഗ്രാന്റിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില് പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്ഥിക്കാണ് പരിക്കേറ്റത്. മൊബൈല് ഫോണ് ആൻഡ് ലാപ്ടോപ്പ് സര്വീസ് കോഴ്സ് പഠിക്കാനാണ് വിദ്യാര്ഥി സ്ഥാപനത്തില് എത്തിയത്. വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്.
ഇതില് മൂന്നു പേര് സ്ഥിരമായി കഞ്ചാവ് ഉള്പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്ഥിയുടെ ശ്രദ്ധയില്പ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്. ഫോണില് ചിത്രീകരിച്ച ദൃശ്യങ്ങള് അധ്യാപകന് കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള് അസഭ്യം പറയുകയും ക്രൂരമായി മര്ദിച്ച് ജനനേന്ദ്രിയം തകര്ക്കുകയുമായിരുന്നു. സംഭവത്തില് ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്ത്തിയാകാത്തതിനാല് ജുവനൈല് ജസ്റ്റീസ് ബോര്ഡിന് മുന്പാകെ ഹാജരാക്കിയ ശേഷം വീട്ടുകാര്ക്കൊപ്പം വിട്ടയച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ എസ്എഫ്ഐയുടെ നേതൃത്വത്തില് വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പ്രതിഷേധമാര്ച്ച് നടത്തി. പ്രവര്ത്തകര് സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാര് രംഗത്തെത്തിയത് നേരിയ സംഘര്ഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികള് ശാന്തമാക്കി. എന്നാല് ഓഫീസില് ചര്ച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവര്ത്തകരും തമ്മില് സംഘര്ഷമുണ്ടായി. ജീവനക്കാരന് മര്ദനമേറ്റു.
വിദ്യാര്ഥിയെ മര്ദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോള്ത്തന്നെ നടപടി എടുത്തെന്നും അധികൃതര് പറഞ്ഞു. ഹോസ്റ്റല് പരിശോധിച്ചപ്പോള് ലഹരി ഉത്പ്പന്നങ്ങള് ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി.
ലഹരി ഉപയോഗത്തിന്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതന് അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാര്ഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നല്കുമെന്ന് ഗ്രാന്റിസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജര് മാഹിന് മഹമ്മദ് വ്യക്തമാക്കി. പ്രായപൂര്ത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മനഃപൂര്വമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്മിസ് ചെയ്യാന് തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാര്ഥികളെ സസ്പെന്ഡ് ചെയ്തിട്ടുണ്ടെന്നും സ്ഥാപന അധികൃതര് വ്യക്തമാക്കി.
Kerala
പാലക്കാട്: സ്വകാര്യബസിൽ കയറുന്നതിനിടെ താഴെവീണ ഷൂ എടുക്കാൻ ശ്രമിക്കവേ കാൽതെറ്റി പുറത്തേക്കുവീണ കോളജ് വിദ്യാർഥിനിക്ക് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം.
കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണന്റെയും ബീനയുടെയും മകൾ ഗൗരി ജി. കൃഷ്ണ(18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാംവർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെ കോങ്ങാടിനടുത്ത് ചല്ലിക്കലിലാണ് അപകടമുണ്ടായത്. രാവിലെ കോളജിലേക്കു പോകുന്നതിനായി ചല്ലിക്കലിൽവച്ച് സ്വകാര്യ ബസിൽ കയറുകയായിരുന്നു ഗൗരി. ഇതിനിടെ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്കു വീണു. ബസ് മുന്നോട്ട് എടുക്കുന്ന സമയത്തായിരുന്നു ഇത്. ഷൂ എടുക്കുന്നതിനായി വിദ്യാർഥിനി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു.
വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: കെഎസ്ആർടിസിബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശിയായ വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്ന് പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ രൂപ റെഡ്ഡിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ആഗസ്റ്റ് 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആക്രമണം നടക്കുമ്പോൾ രൂപ റെഡ്ഡി വീട്ടിൽ തനിച്ചായിരുന്നു.
വയറ്റിലും കഴുത്തിലും ഉൾപ്പെടെ ശരീരത്തിൽ ഗുരുതരമായി കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിൽ ആയിരുന്ന രൂപ റെഡ്ഡിയുടെ ഭർത്താവ്, താൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ രൂപ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് എൺപതോളം പേരെ പോലീസ് ചോദ്യം ചെയ്തു. തുടർന്നാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റത്തെത്തുടർന്ന് രൂപ റെഡ്ഡി ശാസിച്ചിരുന്നതായും ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും പ്രീ പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
സംസ്ഥാനത്ത് സ്കൂളുകള്ക്ക് ഓണാവധി 22 മുതല് ആരംഭിക്കുമെന്ന് അറിയിച്ച മന്ത്രി ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കുമെന്നും അന്നേ ദിവസം യൂണിഫോം നിര്ബന്ധമില്ലെന്നും വ്യക്തമാക്കി. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേൾസ് ഹൈസ്കൂളിൽ നടക്കും.
ഓണാവധിയ്ക്ക് ശേഷം ഓഗസ്റ്റ് 31 ന് സ്കൂളുകള് തുറക്കും. അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നൽകും. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്.
District News
തൊടുപുഴ: സൈക്കിളില് സഞ്ചരിക്കുന്നതിനിടെ മറിഞ്ഞുവീണ സ്കൂള് വിദ്യാര്ഥിയുടെ തുടയില് സൈക്കിളിന്റെ ഹാന്ഡില് ഒടിഞ്ഞ് കയറി ഗുരുതര പരിക്ക്. മുതലക്കോടം സെന്റ് ജോര്ജ് ഹയര് സെക്കന്ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥി മുതലക്കോടം രണ്ടുപാലം കണ്ടോത്തമാട്ടയില് അനീഷിന്റെ മകന് മുസമല് അനീഷിന്റെ (13) തുടയിലാണ് കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുംവഴി സ്കൂളിനു സമീപമാണ് മുസമല് അപകടത്തില്പ്പെട്ടത്.
സൈക്കിള് റോഡിലെ കുഴിയില് വീണ് മറിഞ്ഞതിനെത്തുടര്ന്ന് ഹാന്ഡില് ഒടിഞ്ഞ് തുടയില് തുളച്ചു കയറിയ കമ്പി മറുവശത്ത് വന്ന നിലയിലായിരുന്നു. തൊടുപുഴ ഫയര്ഫോഴ്സ് എത്തിയാണ് ഇരു വശത്തെയും കമ്പി മുറിച്ചു നീക്കിയത്. എന്നാല് കാലിനുള്ളിലെ കമ്പി നീക്കാനായില്ല.
തുടര്ന്ന് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് മുതലക്കോടത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും വിദഗ്ധ ശസ്ത്രക്രിയ നടത്താതെ കമ്പി പുറത്തെടുക്കാന് സാധിക്കാത്ത നിലയിലായിരുന്നു. തുടര്ന്ന് വിദഗ്ധ ചികിത്സക്കായി പാലാ മാര് സ്ലീവ മെഡിസിറ്റിയില് പ്രവേശിപ്പിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റസിഡൻഷ്യൽ സ്കൂളിൽ മുന്നൂറോളം വിദ്യാർഥികൾ കുടുങ്ങി. കുലസാഹി സേവാശ്രം സ്കൂളിലാണ് സംഭവം. കനത്ത മഴയയിൽ ബ്രഹ്മണി നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് സ്കൂളിൽ വെള്ളം കയറിയത്.
ഹോസ്റ്റലുകളും ക്ലാസ് മുറികളും വെള്ളത്തിനടിയിലാണ്. സ്കൂളിന്റെ അടുക്കള, കുഴൽക്കിണർ, ശുചിമുറികൾ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. വിദ്യാർഥികളെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റി. കുട്ടികൾക്ക് കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം നിരവധി ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
Kerala
പറവൂർ: യൂണിഫോം തേക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് അടിമപ്പറമ്പിൽ വീട്ടിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി(13)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് സ്വാതി. കരച്ചിൽ കേട്ട് അമ്മ നീതു ചെന്ന് നോക്കുമ്പോൾ സ്വാതി നിലത്ത് വീണ് കിടക്കുകയായിരുന്നു.
ഉടൻ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Kerala
കൊച്ചി: കോതമംഗലം എംഎ കോളജിലെ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി വാടക വീട്ടിൽ മരിച്ച നിലയിൽ. അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് മിച്ചി മാർപ്പുവിന്റെ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട് ആകുമെന്ന ഭയത്താൽ മിച്ചി മാർപ്പു ജീവനൊടുക്കിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. മിര്ച്ചി മാര്പ്പുവിനെ അടക്കം 22 ഓളം വിദ്യാര്ഥികളെ യാതൊരു അറിയിപ്പുമില്ലാതെ പുറത്താക്കിയതായി വിദ്യാർഥികള് പറഞ്ഞു. ഒന്നര മാസം മുന്പായിരുന്നു ഈ സംഭവം.
മറ്റെല്ലാ എൻജിനീയറിംഗ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആണെന്നും എംഎ കോളേജിൽ മാത്രം 22 ആണെന്നും വിദ്യാർഥികൾ ആരോപിച്ചു. കോളജ് മാനേജ്മെന്റ് ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ തയാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളജ് വഴങ്ങുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
Kerala
കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിതാവ് ശാസിച്ചതിലുണ്ടായ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. നെടുമ്പാശേരിക്ക് സമീപം കുന്നുകര ചാലക്കയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിമൂന്നുകാരിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നുകര ക്രിസ്തുരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച കുട്ടി. വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് പിതാവ് അത്യാവശ്യമായി വിളിച്ചപ്പോൾ കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് ഈ വിഷയം ചോദിക്കുകയും കുട്ടിയെ വഴക്കുപറയുകയും ചെയ്തു.
പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടിയോട് പൊതുവെ ദേഷ്യപ്പെടാത്ത പിതാവ് വഴക്കുപറഞ്ഞത് കുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലാഴ്ത്തി. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറാനെന്നു പറഞ്ഞ് മുറിയിൽ കയറിയ കുട്ടി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് നിർമാണ തൊഴിലാളിയായും മാതാവ് കൊച്ചി വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളിയായും ജോലി ചെയ്തുവരികയാണ്. മാതാപിതാക്കളും മക്കളും തമ്മിൽ വളരെ മികച്ച ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി.
മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പുകളോ ഫോണിൽ മറ്റ് അസ്വാഭാവിക വിവരങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ ചെങ്ങമനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
National
ന്യൂഡൽഹി: ഡൽഹിയിൽ മയൂർ വിഹാറിന് സമീപം ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു. കിച്ച്ഡിപൂർ സ്വദേശിനി കെയ്ന (12) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കെയ്ന സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.
പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെയ്നയുടെ വാഹനത്തിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയും, പെൺകുട്ടി ബസിനടിയിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു. രോഷാകുലരായ നാട്ടുകാരിൽ ചിലർ അപകടം വരുത്തിയ ബസ് അടിച്ചു തകർത്തു. വിവരമറിഞ്ഞ് പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
ജയ്പൂർ: ജയ്പൂരിൽ സ്കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ പ്ലസ് ടൂ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ വിദ്യാർഥി പ്രിൻസ് സോണി (17) ആണ് മരിച്ചത്. സ്കൂൾ അധികൃതരുടെ ഗുരുതരമായ അശ്രദ്ധയാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തെത്തി.
പ്രിൻസ് സ്കൂൾ കാന്റീനിൽ നിന്ന് ആലു പാറ്റി വാങ്ങി കഴിച്ചിരുന്നു. ഇത് കഴിച്ചയുടൻ അവശനായ കുട്ടി, ക്ലാസ് മുറിയിലെത്തി അധ്യാപകനോട് പറയുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസ് നടന്നുപോകുന്നതിനിടയിൽ അധ്യാപകന്റെ മുന്നിലേക്ക് കുഴഞ്ഞുവീഴുന്നത് വ്യക്തമാണ്. തുടർന്ന് കുട്ടിയെ ഒരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും അധ്യാപകൻ സിപിആർ നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടി കുഴഞ്ഞുവീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് പ്രിൻസിന്റെ പിതാവ് അമിത് സോണി പറയുന്നു. ഏകദേശം 45 മിനിറ്റോളം കുട്ടിയെ സ്കൂളിൽ തന്നെ കിടത്തിയ ശേഷമാണ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് വരുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് മാതാപിതാക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ ഉടമയെയും അധ്യാപകരെയും ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Kerala
തച്ചമ്പാറ: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ജീവനൊടുക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കുളിക്കാനായി കയറിയ റിദയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാർഥിനിയാണ് റിദ. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
കൊച്ചി: പെരുമ്പാവൂരില് കീഴില്ലം സെന്റ് തോമസ് ഹയര് സെക്കന്ഡറി സ്കൂളില് പ്ലസ് വണ് വിദ്യാര്ഥിയെ സീനിയര് വിദ്യാര്ഥികള് മര്ദിച്ചതില് റാഗിംഗ് വകുപ്പ് ചേര്ത്ത് പോലീസ് കോടതിയില് റിപ്പോര്ട്ട് നല്കും. സ്കൂള് ആന്റി റാഗിംഗ് കമ്മിറ്റി നല്കിയ റിപ്പോര്ട്ടിന് പിന്നാലെയാണ് നടപടി. ജൂലൈ 30ന് ആയിരുന്നു വിദ്യാര്ഥിക്ക് മര്ദനമേറ്റത്.
റാഗിംഗിന്റെ ഭാഗമായി വസ്ത്രം അഴിക്കാനും മറ്റും സീനിയര് വിദ്യാര്ഥികള് ആവശ്യപ്പെടുകയായിരുന്നു. എന്നാല് ഇതിനോട് വിമുഖത കാട്ടിയ കുട്ടിയെ ഇരുപതോളം പ്ലസ്ടു വിദ്യാര്ഥികള് മര്ദിച്ചുവെന്നാണ് പരാതി. സംഭവത്തില് പെരുമ്പാവൂര് പോലീസ് കേസ് എടുത്തിരുന്നു.
നാല് പ്ലസ്ടു വിദ്യാര്ഥികളെ സ്കൂളില് നിന്നും സസ്പെന്ഡ് ചെയ്തിരുന്നു. ഇതില് 18 വയസായ ഒരു വിദ്യാര്ഥിക്കെതിരെ പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
Kerala
കണ്ണൂർ: പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ശിവസൂര്യ (17) എന്ന വിദ്യാർഥിയാണ് നാടുവിട്ടത്. 'ഞാൻ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ എഴുതിയിരിക്കുന്നത്.
മൊബൈൽ ഗെയിം കളിക്കുന്നത് പതിവായത് മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനുപിന്നാലെ ശിവസൂര്യയുടെ കൈയിലുണ്ടായിരുന്ന ഫോണും മാതാപിതാക്കൾ വാങ്ങി വെച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് വിദ്യാർഥി വീടുവിട്ടിറങ്ങിയതെന്നാണ് വിവരം.
മൂന്നുദിവസം മുന്പാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഈ സമയം വീട്ടിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയെ കണ്ടെത്താനായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻരെ തീരുമാനം.
Kerala
തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സുധീർ(46) ഇയാളുടെ രണ്ടാംഭാര്യ വെള്ളറട സ്വദേശിനി ലിൻഡമോൾ(34) എന്നിവരാണ് പിടിയിലായത്.
വലിയതുറ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചു. ചൈൽഡ് വെൽഫയർ അധികൃതർ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വിവരം വലിയതുറ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ലിൻഡമോൾ കുട്ടിയെ മർദിച്ചതിന്റെ പാടുകളും ദേഹത്ത് കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരെ ജുവൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
National
റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. നിയമന പരീക്ഷകൾ റദ്ദാക്കണമെന്നും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് തെരുവിലിറങ്ങിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു ഉദ്യോഗാർഥികളുടെ ശക്തമായ പ്രതിഷേധം.
രാവിലെ 10.30 ഓടെ പഴയ നിയമസഭാ മന്ദിരത്തിന് പുറത്തുനിന്നും ആരംഭിച്ച മാർച്ച് നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങുകയായിരുന്നു. ദേശീയ പതാകകളും പ്ലക്കാർഡുകളും ഏന്തിയെത്തിയ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങി. നിയമസഭയിൽ നിന്ന് 200 മീറ്റർ അകലെ പ്രതിഷേധക്കാർ എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചത് വലിയ ഉന്തും തള്ളിലും സംഘർഷത്തിലും കലാശിച്ചു.
തുടർന്ന് പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി സമരക്കാർ അറിയിച്ചു.
National
മുംബൈ: സിബിഎസ്ഇ തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർഥിയ്ക്കു ഗുരുതരപരിക്ക്. തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിൽ പരിക്കേറ്റത്.
തലയ്ക്കാണ് പരിക്കേറ്റത്. സിബിഎസ്ഇ ചെയർമാനു കുടുംബം പരാതി നൽകി. നിയമ നടപടികൾ സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
ഗുരുതര പരിക്കേറ്റ വിദ്യാർഥി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഓഗസ്റ്റ് മൂന്നിന്ന് മഹാരാഷ്ട്രയിലെ ചന്ദ്രപുർ വച്ചാണ് മത്സരം നടന്നത്. എതിർ മത്സരാർഥി നിയമങ്ങൾ പാലിക്കാതെ മർദിച്ചെന്നാണ് ഫൈസിന്റെ കുടുംബം പറയുന്നത്. റഫറി കൃത്യമായി ഇടപെട്ടില്ല. സംഭവിച്ചതു ഗുരുതര പിഴവാണെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പ്രാഥമിക ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിദ്യാർഥിയെ എയർലിഫ്റ്റ് ചെയ്തു കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Kerala
മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ കൊച്ചി മട്ടാഞ്ചേരിയിലുള്ള വീട്ടിൽ പോലീസ് പരിശോധന നടത്തി. വീടിനുള്ളിൽനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിനുമാണ് പോലീസ് സംഘം എത്തിയത്.
സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കും സമരത്തിലുണ്ടായിരുന്ന യുവതികൾക്കുമെതിരേ ടി.ജി. മോഹൻദാസ് വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അന്വേഷണം നടത്തുന്നത്.
പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തുനിന്നുള്ള സൈബർ സെൽ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. കേസിൽ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.
District News
കല്ലമ്പലം: വിദ്യാർഥിനിയെ തെരുവ് നായ കടിച്ചു. ആലംകോട് തെഞ്ചേരിക്കോണം ഭാഗത്ത് ഞാറവിള - കൊച്ചുവിള റോഡിൽ കൂടി നടക്കുകയായിരുന്ന ഞാറവിള എഎസ്എ മൻസിലിൽ രഹന മഹറിനാണ് തെരുവ് നായയുടെ കടിയേറ്റത്.
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകി.
മണമ്പൂർ പഞ്ചായത്തിലെ ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ഉപദ്രവം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സാന്റാ ബാർബറയിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാർഥി വിക്രം മുബായിയാണ് മരിച്ചത്.
വിക്രം ഒറ്റയ്ക്കായിരുന്നു ട്രെക്കിംഗിന് പോയത്. ആഗസ്റ്റ് ഒന്നിന് രാത്രി കുടുംബവുമായി അവസാനമായി ബന്ധപ്പെട്ട വിക്രം, ട്രെക്കിംഗ് പാതയിലെ ജിപിഎസ് സ്ഥാനം പങ്കുവച്ചിരുന്നു. പിന്നീട് ബന്ധപ്പെടാതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ശേഷം ഇൻയോ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും കാലിഫോർണിയ ഹൈവേ പട്രോളും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇൻയോ നാഷണൽ ഫോറസ്റ്റിൽ നിന്ന് വിക്രമിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോങ്കോംഗിലാണ് വിക്രം ജനിച്ചതും വളർന്നതും. 2022-ൽ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നടത്തുകയായിരുന്നു.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ തുടർനടപടി സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിദ്യാർഥികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ അടുത്ത വാദം കേൾക്കുന്ന 18ന് തീരുമാനം സുപ്രീംകോടതിയെ അറിയിക്കണം.
എഫ്ഐആറുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതിയുടെ ജൂലൈ 28ലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തത വരുത്തിയത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
കൂടാതെ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന ഇടക്കാല ഉത്തരവിലെ പരാമർശം പെറ്റിക്കേസുകളിൽ ഉൾപ്പെട്ടവർക്കു ബാധകമല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ മാത്രം ഉദ്ദേശിച്ചാണിതെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവു പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാൻ തടസം നേരിടുമെന്ന് കേന്ദ്രസർക്കാരും ഹർജിക്കാരും ആശങ്ക ഉന്നയിച്ചതോടെയാണ് കോടതി വിശദീകരണം നൽകിയത്. കസ്റ്റഡിയിലെടുത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെ വിട്ടയയ്ക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. ഇതിനൊപ്പം പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചുവെന്ന് ആരോപിക്കുന്ന ഹർജികളും കോടതിമുന്പാകെ എത്തി.
വിദ്യാർഥികൾക്കെതിരേ അമിത അതിക്രമം നടത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനും സംരക്ഷിക്കപ്പെടരുതെന്നും അതുപോലെ പ്രതിഷേധത്തിന്റെ മറവിൽ കുറ്റവാളികൾ സംരക്ഷിക്കപ്പെടരുതെന്നും ഇന്നലത്തെ വാദത്തിനിടയിൽ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
വിഷയം 28ന് സുപ്രീംകോടതി പരിഗണിക്കും.
Kerala
തൃശൂർ:വരവൂരിൽ സർക്കാർ സ്കൂളിൽ ഒന്പതാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർഥിയെ മർദിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അധ്യാപകനെതിരേ കേസെടുത്തു.
ക്ലാസിലെ മറ്റൊരു കുട്ടി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
മണികണ്ഠൻ കഴിഞ്ഞ 18 വർഷമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. പേനയുടെ മൂടി താഴെവീണത് എടുക്കാൻ നോക്കിയതിനാണു മകനെ ക്രൂരമായി മർദിച്ചതെന്നു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനും ചൈൽഡ് ഹെൽപ് ലൈനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ചെറുതുരുത്തി പോലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അധ്യാപകനെതിരേ കേസെടുത്തു. ഈ അധ്യാപകൻ മറ്റു വിദ്യാർഥികളോടും ദേഷ്യത്തിലാണു പെരുമാറാറുള്ളതെന്നു പരാതിയുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാളിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസുകാരൻ ജീവനൊടുക്കി. സർക്കാർ ജൂനിയർ കോളജിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ചത്.
ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർഥി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർഥിയുമായി ക്ലാസിൽ വച്ച് അധ്യാപിക ഈ കുട്ടിയെ താരതമ്യം ചെയ്തു. ഇതിനെ വിദ്യാർഥി ചോദ്യം ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
ഈ സംഭവത്തിന് ശേഷം രണ്ട് ദിവസത്തോളം കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അധ്യാപികയിൽ നിന്നുണ്ടായ അപമാനമാണ് തീരുമാനത്തിന് കാരണമെന്നും, വിദ്യാർഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയാറാകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപികയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു.
National
കാണ്പുര്: പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്ന്ന് കാണ്പുര് ഐഐടിയുടെയും മദ്രാസ് ഐഐടിയുടെയും ഔദ്യോഗിക വെബ്സൈറ്റുകള് ഹാക്ക് ചെയ്ത് വിദ്യാര്ഥി. ഹാക്ക് ചെയ്തതിന്റെ സ്ക്രീന്ഷോട്ടുകള് എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കുകയും ചെയ്തു.
എന്നാല്, ഹാക്ക് ചെയ്ത വിദ്യാര്ഥിക്കെതിരേ നിയമനടപടികള്ക്കു പകരം ഇന്റേണ്ഷിപ്പ് വാഗ്ദാനം ചെയ്ത് മാതൃകയായി അധികൃതര്. അതേസമയം, കഴിവ് തെളിയിക്കാനായി സ്ഥാപനങ്ങളുടെ സിസ്റ്റങ്ങള് അനധികൃതമായി കൈയേറുന്നത് അംഗീകരിക്കാനാകില്ലെന്ന് ഐഐടി കാണ്പുര് കര്ശന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
വിദ്യാർഥിയുടെ ഭാവി മുന്നിര്ത്തി മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് അധികൃതര് അറിയിച്ചു. “സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്, എനിക്കൊരു അവസരം മാത്രമാണ് വേണ്ടത്’’എന്ന സന്ദേശമാണു വിദ്യാര്ഥി വെബ്സൈറ്റില് കുറിച്ചിരുന്നത്.
ബിടെക് സൈബര് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിക്കാത്തതിനെത്തുടര്ന്നാണ് വിദ്യാര്ഥി സൈബര് ആക്രമണം നടത്തിയത്. അതേസമയം, പ്രവേശന പ്രക്രിയയുടെ ഘട്ടത്തില് വിദ്യാര്ഥിക്കു തന്റെ കഴിവുകള് പൂര്ണമായി തെളിയിക്കാന് കഴിഞ്ഞിരുന്നില്ലെന്നു അധികൃതര് ചൂണ്ടിക്കാണിച്ചു. അടുത്ത വര്ഷം വിദ്യാര്ഥിക്കു വീണ്ടും പ്രവേശനത്തിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: കരുമാല്ലൂരില് നിന്നും കാണാതായ 12കാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ഇന്ന് വൈകുന്നേരത്തോടെ ആലുവയിലെത്തിക്കും. ശനിയാഴ്ച കാണാതായ പെണ്കുട്ടിയെ ചൊവ്വാഴ്ച പൂന റെയില്വേ സ്റ്റേഷനില് നിസാമുദീന് എക്സ്പ്രസില് നിന്നാണ് പോലീസ് കണ്ടെത്തിയത്.
മുനമ്പം ഭാഗത്ത് ഐസ്ക്രീം വില്പ്പന നടത്തിയിരുന്ന കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന് തറ വീട്ടില് അഭിജിത്തിന് (25) ഒപ്പമാണ് പെണ്കുട്ടി പോയത്. ഇന്സ്റ്റഗ്രാം വഴിയാണു യുവാവും വിദ്യാര്ഥിനിയും പരിചയത്തിലാകുന്നത്. ഒരു വര്ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിട്ട്.
യുവാവ് മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇടയ്ക്ക് ഓണ് ചെയ്തിരുന്നു. യുവാവിന്റെ സുഹൃത്തുക്കള് വഴി ഇന്സ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ലൊക്കേഷന് കണ്ടെത്തിയത്. ആലുവയില് എത്തിക്കുന്ന പെണ്കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
ശനിയാഴ്ച കൂട്ടുകാരിയുടെ വീട്ടില് പുസ്തകം വാങ്ങാനെന്നു പറഞ്ഞു പോയ വിദ്യാര്ഥിനി ഏറെ വൈകിയും വീട്ടില് തിരികെയെത്താത്തതിനെ തുടര്ന്നു ബന്ധുക്കള് പോലീസില് പരാതി നല്കുകയായിരുന്നു.
Kerala
കൊച്ചി: കണ്സെഷന് ടിക്കറ്റ് നല്കിയ വിദ്യാര്ഥികളെ ആക്രമിച്ച് ബസില് നിന്നും ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില് ഓടുന്ന സിമില എന്ന ബസിലെ കണ്ടക്ടര് ആണ് നോര്ത്ത് റെയില്വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില് നിന്നും കയറിയ ഒരു വിദ്യാര്ഥിനിയെയും വിദ്യാര്ഥിയെയും ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം.
വിദ്യാര്ഥികളെ തള്ളുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. വിദ്യാര്ഥികള് തങ്ങളുടെ കണ്സെഷന് ടിക്കറ്റ് ആയ നാലു രൂപ കൊടുത്തതിലുള്ള പ്രകോപനത്തെ തുടര്ന്നാണ് കണ്ടക്ടറുടെ ആക്രമണം. ബസില് നിന്നും ഇറങ്ങിപ്പോകാന് ആക്രോശിക്കുകയും വിദ്യാര്ഥിനിയെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് പരാതി.
ഇതോടെ വാക്കുതര്ക്കമുണ്ടാവുകയും പ്രതികരിച്ച വിദ്യാര്ഥിയുടെ യൂണിഫോം ഷര്ട്ട് കണ്ടക്ടര് പിടിച്ചു വലിച്ചു കീറുകയുമായിരുന്നു. അയ്യപ്പന്കാവിലെ സ്കൂളില് പഠിക്കുന്ന വിദ്യാര്ഥികളാണ് ഇരുവരും.
അതേസമയം, നോര്ത്ത് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില് നിന്നും വിദ്യാര്ഥികളെ ബസില് കയറ്റാതിരിക്കാനായി ബസുകള് നിര്ത്താതെ പോവുകയും സ്റ്റോപ്പില് നിന്നും മാറി അകലെ നിര്ത്തുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
National
വാരാണസി: പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. വാരാണസിയിലെ പാണ്ഡെയ്പുരിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം..
പ്രീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ കുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും അധ്യാപിക അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടി പാന്റിലൂടെ മൂത്രമൊഴിച്ചു.
ഇതിനു പിന്നാലെ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച അധ്യാപിക കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ അധ്യാപിക അടിച്ചെന്നും തെറ്റ് ആവർത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
കുഞ്ഞ് വീട്ടിലെത്തിയ ശേഷം സംഭവിച്ച കാര്യം അറിയിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുത്തു.