ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. സംഭവത്തിൽ ഭിന്ദ് സ്വദേശി രാമു ഗുർജാർ, ഇയാളുടെ സുഹൃത്തുക്കളായ അരുൺ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പെൺകുട്ടിയെ കാണാതായിരുന്നു. ഇതേ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗം ചെയ്ത് ശേഷം പ്രതികൾ കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു.
പ്രധാന പ്രതിയായ രാമു ഗുർജാർ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഗുപ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.