കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിന് ലോകത്താകമാനം രണ്ടു രീതികളാണ് പിന്തുടരുന്നത്. രക്ഷിതാക്കൾ അല്ലെങ്കിൽ അധ്യാപകരിലൂടെയുള്ള നന്നാക്കൽ. ‘Teachers are first’ എന്നു രക്ഷിതാക്കളും ‘Parents are first’ എന്ന് അധ്യാപകരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ, അതു ശരിയല്ല എന്നാണ് എന്റെ അനുമാനം. കേരളത്തിലെ സ്ഥിതിയെടുത്തുനോക്കിയാൽ രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്നതിനു പുറമേ ടീച്ചർമാർ ചെയ്യേണ്ട കാര്യങ്ങൾക്കു പലതിനും അവർ തടസം നില്ക്കുന്നതായും കാണാം.
അതുകൊണ്ട്, പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ താഴെ പറയുന്ന കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം:
1. മൊബൈൽ ഉപയോഗം: കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഒരു കാരണം അക്കാര്യത്തിലെ മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ്. ജെൻസി കുട്ടികളേക്കാൾ അവരുടെ മാതാപിതാക്കളാണ് മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതെന്ന് അടുത്തിടെ ഒരു സർവേയിൽ വെളിപ്പെടുകയുണ്ടായി. സ്വന്തം ഉപയോഗം നിറുത്തിയ ശേഷമാവണം കുട്ടികൾ ഒന്നര, രണ്ടു മണിക്കൂർ ഗെയിം കളിക്കുന്നതും റീൽസ് കാണുന്നതും വിലക്കേണ്ടത്. കേട്ടല്ല, കണ്ടാണ് കുട്ടികൾ പലതും പഠിക്കുന്നത്, പ്രത്യേകിച്ചും മാതാപിതാക്കളിൽനിന്ന്.
2. ലഹരിവസ്തുക്കളുടെ ഉപയോഗം: കുട്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടോ, ഓൺലൈൻ വഴി വാങ്ങുന്നുണ്ടോ, സുഹൃത്തുക്കൾ, അയൽവാസികൾ വഴി കുട്ടി അതിലേക്ക് എത്തിപ്പെടുന്നുണ്ടോ, ഇത്തരം സാധനങ്ങൾ വില്ക്കുന്നവരുമായി കുട്ടിക്കു ബന്ധമുണ്ടോ, തങ്ങളറിയാതെ കുട്ടിയുടെ കൈയിൽ പണം വരുന്നുണ്ടോ എന്നതൊക്കെ നിർബന്ധമായും രക്ഷിതാവ് അറിയണം. സ്കൂളിന്റെ പരിസരത്തുള്ള കടകളിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്ന വിവരം കുട്ടികൾ അധ്യാപകരോടോ പിടിഎയോടോ പറയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ കുട്ടികളെ രക്ഷപ്പെടുത്താനാകും.
3. അധ്യാപകരുടെയും പിടിഎയുടെയും സ്വാതന്ത്ര്യം: വിദ്യാലയങ്ങളിൽ അധ്യാപകർക്കും പിടിഎയ്ക്കും മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം. അധ്യാപകർ നല്കുന്ന കൃത്യമായ അച്ചടക്കത്തിലൂടെ കുട്ടികളുടെ ലഹരി ഉപയോഗ നിയന്ത്രണം സാധ്യമാണ്. ക്ലാസ് മുറികളിലോ ടോയ്ലെറ്റിലോ കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതു കണ്ടാൽ കുട്ടികളെ ചെറിയ രീതിയിൽ ശിക്ഷിക്കുകയോ ശാസിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നതിന് അധ്യാപകർക്ക് സ്വാതന്ത്ര്യം നല്കണം. മക്കളെ ഒന്നും ചെയ്യരുത്, അവർ ഒരു കുറ്റവും ചെയ്യാത്തവരാണ് എന്നൊക്കെ മാതാപിതാക്കൾ ധരിക്കരുത്. പിടിഎ അതിനെ പിന്തുണയ്ക്കുകയും ചെയ്യരുത്. ഇക്കാര്യത്തിൽ അധ്യാപകർ മാനസിക പീഡനം നേരിടുന്നത് സാധാരണ കാഴ്ചയായിരിക്കുന്നു. സർക്കാർതന്നെ പറയുന്നത് സ്കൂളിൽ നിർബന്ധമായും അച്ചടക്കം വേണമെന്നും അതിനായി അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്നുമാണ്.
4. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം: കേരളത്തിലെ ധാരാളം കുട്ടികൾ ഒന്നുകിൽ ഭാരം വളരെ കൂടിയവരോ അല്ലെങ്കിൽ തീരെ കുറഞ്ഞവരോ ആണ്. അതിന്റെ പ്രധാന കാരണം അവർക്ക് കളികളില്ല എന്നതുതന്നെ. സ്കൂളുകളിലെ കായികമായ കാര്യങ്ങളിൽ ഏർപ്പെടാൻ രക്ഷിതാക്കൾ കുട്ടികളെ നിർബന്ധിക്കണം. വീട്ടിലെത്തുന്ന കുട്ടികൾക്ക് അവരുടെ താത്പര്യമനുസരിച്ചുള്ള കളികളിൽ - ക്രിക്കറ്റോ ഫുട്ബോളോ സൈക്ലിംഗോ എന്തോ ആയിക്കോട്ടെ - പങ്കെടുക്കുന്നതിനും ഒന്നോ രണ്ടോ മണിക്കൂർ സൗകര്യമുണ്ടാക്കിക്കൊടുക്കണം. കുട്ടിയുടെ മാനസിക സമ്മർദം കുറയുന്നതിനും ഡോപമിന്റെ അളവ് വർധിച്ച് നല്ല ഉന്മേഷം ലഭിക്കുന്നതിനും അതു കാരണമാവും. ഡോപമിന്റെ അളവ് ക്രമപ്പെടുന്നത് നിർണായകമാണ്. അളവു കുറയുന്ന സാഹചര്യത്തിൽ കുട്ടികൾ മയക്കുമരുന്ന് ഉപയോഗത്തിലേക്കു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്, പഠനവും കളിയും സ്പോർട്സുമൊക്കെ കുട്ടികൾക്കായി തെരഞ്ഞെടുക്കുമ്പോൾ അവരുടെ താത്പര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിനല്ല എന്ന് മനസിലാക്കണം. മാത്രമല്ല, എ പ്ലസ് പോലെയുള്ള താത്കാലിക സന്തോഷങ്ങൾക്കുവേണ്ടി കുട്ടികളിൽ സമ്മർദം കൂട്ടിയാൽ അവർ ലഹരിവസ്തുക്കളിലേക്കോ മൊബൈലിലേക്കോ ചേക്കേറാനോ അല്ലെങ്കിൽ നാടുവിട്ടുപോകാനോ, ആത്മഹത്യ ചെയ്യാനോ സാധ്യതയുണ്ട് എന്നുകൂടി മനസിലാക്കണം.
5. കുട്ടികളുമായുള്ള സംവാദവും സംഭാഷണവും: സ്കൂളിൽനിന്ന് എത്തിച്ചേരുന്ന കുട്ടിയോട് സമാധാനപരമായും സന്തോഷത്തോടെയും സംസാരിക്കണം. അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കുന്നതിന് ഇത്തരം ഡൈനിംഗ് ടേബിൾ സംസാരങ്ങൾ ഉപകരിക്കും. വീടുകളിൽ ഇത്തരം സംഭാഷണങ്ങൾ തീരെയുണ്ടാവുന്നില്ല എന്ന് രക്ഷിതാക്കൾ തന്നെ സമ്മതിക്കുന്നു. 24 മണിക്കൂറിൽ ആകെ സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം! അത് രണ്ടു കൂട്ടർക്കും നല്ലതല്ല. പരസ്പരമുള്ള വർത്തമാനം രക്ഷിതാക്കളുടെയും കുട്ടികളുടെയും സ്ട്രസ് ലെവൽ കുറയ്ക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളും ബോഡി ഷെയിമിംഗും ജാത്യധിക്ഷേപങ്ങളും അതിൽനിന്നുണ്ടാകുന്ന സമ്മർദവുമൊക്കെ തുറന്നുപറയാൻ അവർക്ക് അവസരവും വേണ്ടേ?
6. ലൈംഗിക വിദ്യാഭ്യാസം: അമേരിക്കയിൽ മൂന്നു വയസ് മുതൽ ജെൻഡർ എഡ്യുക്കേഷൻ നല്കിത്തുടങ്ങുകയും ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ തുടങ്ങിയവ എന്തെന്നു മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്ത് പ്ലസ് ടുവിന് പോലും ഇതൊക്കെയുണ്ടോ എന്നു സംശയം. പ്രായപൂർത്തിയായ ആൺകുട്ടികളോടും പെൺകുട്ടികളോടും അവരുടെ ശാരീരിക വളർച്ചയെപ്പറ്റിയും മാറ്റങ്ങളെപ്പറ്റിയും അതത് അധ്യാപകർ പറഞ്ഞു മനസിലാക്കണം. ഇപ്പോൾ ചില സ്കൂളുകളിൽ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ കൗതുകങ്ങളുണ്ടാവുകയും അത് കുറ്റകൃതൃത്തിന് വഴിവയ്ക്കുകയും ചെയ്യും.
മുതിർന്നവർ ഇപ്പോൾ സ്വന്തം ലോകത്തു മാത്രം സഞ്ചരിക്കുന്നവരായി മാറി. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലാതായിരിക്കുന്നു. നമ്മുടെ കുട്ടികളെ നേർവഴിയിലേക്കു കൊണ്ടുവരാൻ നമ്മൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. അല്ലാതെ മറ്റൊരാളെ ഏല്പിക്കലല്ല. അതുകൊണ്ട് കുട്ടികൾക്കുവേണ്ടി നമ്മൾ കൂടുതൽ സമയം കണ്ടെത്തിയേ മതിയാവൂ.