പ്രതീകാത്മക ചിത്രം
പെട്രോളും ഡീസലും എൽപിജിയും സിഎൻജിയും അടിസ്ഥാനപരമായി ഹൈഡ്രോകാർബൺ ഇന്ധനങ്ങളാണ്. പെട്രോളും ഡീസലും വിവിധ ഹൈഡ്രോകാർബൺ സംയുക്തങ്ങളുടെ മിശ്രിതമാണ്. അവയിലെ ഹൈഡ്രജന്റെയും കാർബണിന്റെയും അളവിനനുസരിച്ചായിരിക്കും ഇന്ധനത്തിന്റെ കലോറി മൂല്യം. കലോറി മൂല്യമാണ് ഊർജത്തിന്റെ അളവ്. ഹൈഡ്രജനും കാർബണും ഓക്സിജനിൽ പൂർണമായി കത്തുമ്പോഴുണ്ടാകുന്ന താപോർജത്തിനു സമാനമാണ് ഈ ഇന്ധനങ്ങളുടെ കലോറി മൂല്യം.
നേരേമറിച്ച് ഓക്സിജൻ കൂടി അടങ്ങിയിട്ടുള്ള ഒരു ഇന്ധനമാണെങ്കിൽ അതിന്റെ തന്മാത്രയിലെ കാർബൺ, ഹൈഡ്രജൻ മൂലകങ്ങളുടെ ഒരു ഭാഗം മുമ്പേതന്നെ ഓക്സിജനുമായി സംയോജിക്കപ്പെട്ടിരിക്കുന്നു. അതിനാൽ തുല്യ അളവ് ഹൈഡ്രോകാർബൺ ഇന്ധനത്തിനേക്കാൾ കുറവായിരിക്കും കലോറി മൂല്യം. എഥനോൾ (C2 H6 O)എന്നത് ഓക്സിജൻ അടങ്ങിയ ഇന്ധനമാകയാൽ അതിന്റെ കലോറി മൂല്യം താരതമ്യേന പെട്രോളിനേക്കാളും ഡീസലിനേക്കാളും കുറവായിരിക്കും.
അതുകൊണ്ടുതന്നെ എൻജിനിൽനിന്ന് ഒരു നിശ്ചിത അളവു ശക്തി ലഭ്യമാക്കാൻ കൂടുതൽ അളവിൽ ഇന്ധനം ഉപയോഗിക്കേണ്ടിവരും. E10, E20 എന്നിങ്ങനെയുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ പെട്രോളിന്റെയും എഥനോളിന്റെയും വ്യത്യസ്ത കലോറിമൂല്യങ്ങൾക്ക് ആനുപാതികമായ മൈലേജ് ആയിരിക്കും കിട്ടുന്നത്. നൂറു ശതമാനം പെട്രോളുമായി താരതമ്യം ചെയ്താൽ ഒരു ലിറ്റർ E10 ഇന്ധനത്തിന്റെ ഊർജമൂല്യം 97 ശതമാനവും E20 യുടേത് 93-94 ശതമാനവുമായിരിക്കും.
ഇന്ധനക്ഷമത എന്നതും മൈലേജ് എന്നതും യഥാർഥത്തിൽ വ്യത്യസ്ത അളവുകോലാണ്. ഉയർന്ന കലോറി മൂല്യമുള്ള ഒരു ഇന്ധനം ഒരു എൻജിനിൽ ഉപയോഗിക്കുമ്പോൾ ഉയർന്ന ഫലപ്രാപ്തി ഉണ്ടാകണമെന്നില്ല. ഒരു ലിറ്റർ ഡീസലും ഒരു ലിറ്റർ പെട്രോളും താരതമ്യം ചെയ്താൽ ഏകദേശം പതിനഞ്ചു ശതമാനത്തോളം ഊർജം കൂടുതലുണ്ട് ഡീസലിന്. അതേസമയം ഒരു ലിറ്റർ എഥനോളിന്റെ കലോറി മൂല്യം പെട്രോളിന്റെ മൂന്നിൽ രണ്ടു ഭാഗം മാത്രമേയുള്ളൂ.
എഥനോൾ മിശ്രിതങ്ങൾ ഇന്ധനമായി ഉപയോഗിക്കുമ്പോൾ എഥനോളിന്റെ അളവനുസരിച്ച് മൈലേജിൽ കുറവു വരും. എന്നാൽ, ഇന്ധനക്ഷമത കുറയാൻ ഇടയില്ല. യഥാർഥത്തിൽ, ഇന്ധനക്ഷമത എന്നത് എൻജിന്റെ സവിശേഷ ഗുണമാണ്. ഒരേ ഇന്ധനം വിവിധ എൻജിനുകളിൽ വ്യത്യസ്തമായ ഇന്ധനക്ഷമതയായിരിക്കും തരുന്നത്. പുതിയ എൻജിനുകൾ കൂടുതൽ എഥനോൾ സൗഹൃദമായി നിർമിക്കപ്പെടുമ്പോൾ പൊതുവിൽ യഥാർഥ ഇന്ധനക്ഷമത ഇനിയും മെച്ചപ്പെടാനാണു സാധ്യത.
എന്തുകൊണ്ട് കരിമ്പും ചോളവും?
കൃഷി എന്നത് യഥാർഥത്തിൽ പ്രകാശ സംശ്ലേഷണമെന്ന പ്രതിഭാസത്തിൽ ഊന്നിയ ഒരു ഊർജ പരിണാമ പ്രക്രിയയാണ്. സങ്കേതികമായി പറഞ്ഞാൽ വളരെ കുറഞ്ഞ ഊർജക്ഷമതയേ ഉള്ളൂ പ്രകാശ സംശ്ലേഷണം എന്ന പ്രതിഭാസത്തിന്. എന്നാൽ, കരിമ്പിനും ചോളത്തിനും അതുപോലെ പരിമിതമായ ഏതാനും സസ്യങ്ങൾക്കും അവയുടെ ചില പ്രത്യേകതകൾ മൂലം ഉയർന്ന പ്രകാശസംശ്ലേഷണ ക്ഷമതയുണ്ട്. ഒരു ഹെക്ടറിലെ കരിമ്പുവിളയിൽനിന്നു ലഭ്യമാകുന്ന ഊർജത്തിന്റെ അളവ് മറ്റു വിളകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഏറ്റവും ഊർജ അനുപാതം കൂടിയ വിളയായാണ് കരിമ്പിനെ കണക്കാക്കുന്നത്.
എഥനോൾ ഉത്പാദനം
കരിമ്പുകൃഷിയിൽ വളരെ കൂടുതൽ ഊർജം ഉപയോഗിക്കപ്പെടുന്നു എങ്കിലും ഒരു ഹെക്ടറിൽനിന്ന് 80 മുതൽ 120 ടൺ വരെ കരിമ്പു ലഭിക്കുന്നു എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിൽനിന്ന് പത്തു ടണ്ണിലധികം പഞ്ചസാരയും മുപ്പത്തഞ്ചു ടൺ വരെ കരിമ്പിൻചണ്ടിയും അഞ്ചു ടണ്ണോളം മൊളാസസും ലഭിക്കും. കരിമ്പിൻ ചണ്ടി പഞ്ചസാരമില്ലുകളിൽ ഊർജോത്പാദനത്തിനുപയോഗിക്കുന്നു. ഇന്ത്യയിലെ പഞ്ചസാര മില്ലുകളുടെ വാർഷിക ഉത്പാദനം ഏകദേശം 35 ദശലക്ഷം ടൺ എന്നു കണക്കാക്കാം. ഓരോ കിലോ പഞ്ചസാരയ്ക്കും ഏകദേശം 400 ഗ്രാം മൊളാസസ് ഉപോത്പന്നമായി ലഭിക്കും.
ഓരു കിലോ മൊളാസസിൽനിന്ന് ഏകദേശം 200 ഗ്രാം എഥനോൾ ലഭിക്കാം. ചുരുക്കിപ്പറഞ്ഞാൽ, ഓരോ കിലോഗ്രാം പഞ്ചസാരയ്ക്കുമൊപ്പം 100 മില്ലി ലിറ്റർ എഥനോൾ ലഭിക്കും. നിലവിലുള്ള വാർഷിക പഞ്ചസാര ഉത്പാദനത്തോതിന് ആനുപാതികമായി ഏതാണ്ട് മൂന്നര ബില്യൺ ലിറ്റർ എഥനോൾ ആണ് ഉത്പാദിപ്പിക്കാനാകുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 40 മുതൽ 43 ദശലക്ഷം മെട്രിക് ടൺ പെട്രോൾ ഒരു വർഷം ഉപയോഗിക്കുന്നുണ്ട്.
ആകെ ഉപയോഗിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കണമെങ്കിൽ ഏകദേശം 11.5 ബില്യൺ ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കണം. ഇതിന്റെ അർഥം മുഴുവൻ കരിമ്പും പഞ്ചസാര ഉത്പാദനത്തിന് ഉപയോഗിക്കുന്നതിനു പകരം നേരിട്ട് എഥനോൾ ഉത്പാദിപ്പിക്കാൻ മാറ്റിവയ്ക്കേണ്ടിവരും. അപ്പോൾ പഞ്ചസാരയുടെ കയറ്റുമതി നിർത്തി ആഭ്യന്തര ഉപയോഗത്തിനു മാത്രം ഉത്പാദിപ്പിക്കുക എന്ന നിലയിലേക്ക് പഞ്ചസാര മില്ലുകൾ മാറേണ്ടിവരും. കൂടാതെ, ധാന്യങ്ങളിൽനിന്നുകൂടി എഥനോൾ ഉത്പാദിപ്പിച്ചാലേ രാജ്യത്തുപയോഗിക്കുന്ന മുഴുവൻ പെട്രോളിലും 20 ശതമാനം എഥനോൾ ചേർക്കാനാവൂ. പഞ്ചസാരയുടെ ഉത്പാദനം കുറച്ച് കരിമ്പിൻനീര് നേരിട്ട് എഥനോളാക്കാൻ ബുദ്ധിമുട്ടില്ല.
എന്നാൽ, ധാന്യങ്ങളിലെ അന്നജം (സ്റ്റാർച്ച്) എഥനോളാക്കണമെങ്കിൽ ആദ്യം അത് ഹൈഡ്രോളിസിസ് എന്ന പ്രക്രിയയ്ക്കു വിധേയമാക്കി (സക്കാരിഫിക്കേഷൻ) ഗ്ലൂക്കോസാക്കി മാറ്റണം. എൻസൈമുകൾ ഉപയോഗിച്ചു നടത്തുന്ന ഈ പ്രവർത്തനം ഒഴിവാക്കാനാവാത്തതിനാൽ സ്റ്റാർച്ച് അടിസ്ഥാനമാക്കുന്ന ഇത്തരം സംവിധാനങ്ങൾ കൂടുതൽ സങ്കീർണവും ഊർജാവശ്യം കൂടിയതുമാണ്. അതിനാൽ ഈ പ്രക്രിയയിൽ ചെലവും കൂടുതലായിരിക്കും.
ഉപസംഹാരം
പെട്രോളിൽ ഘട്ടംഘട്ടമായി എഥനോൾ അനുപാതം കൂടുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ഇന്ധന സ്വ
Tags : Calorific value energy content