പ്രതീകാത്മക ചിത്രം
‘ബംഗാൾ ഇനി എങ്ങോട്ട്?’ എന്ന ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഉത്തരങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഉത്തരം ബരാസത്തിൽനിന്നാണ്. അവിടെ ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സിന്റെ സ്ഥാപന പരിസരത്ത് നിയമപരമായ അനുമതിയോടെ നിർമിച്ച ഒരു സ്മാരക ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണം എന്ന് ഒരു സംഘം ആവശ്യപ്പെടുകയും സിസ്റ്റേഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ഹിന്ദു ജാഗരണ മഞ്ച്’ എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം വരുന്ന ആളുകളായിരുന്നു സംഘത്തിൽ. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
തലസ്ഥാനമായ കോൽക്കത്തയ്ക്കു തൊട്ടടുത്താണ് സംഭവം നടന്ന ബരാസത്ത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ. കോൽക്കത്ത മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശം. ഭരണകേന്ദ്രത്തോടു ചേർന്നുതന്നെ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ന്യൂനപക്ഷ സമൂഹം തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്ന് സിസ്റ്റർമാർക്കു നേരേ നടത്തിയ ആക്രോശത്തിൽ കാര്യങ്ങളെല്ലാമുണ്ട്. നിയമം നിയമത്തിന്റെ വഴിക്കും കാര്യങ്ങൾ ഞങ്ങളുടെ വഴിക്കും എന്ന സംഘധാർഷ്ട്യത്തിന്റെ പടപ്പുറപ്പാട്.
ബംഗാളിലെ പുതിയ ബിജെപി സർക്കാർ പുതിയ സോപ്പിട്ട് കുളിപ്പിച്ചുകൊണ്ടുവന്ന ഗുണ്ടാ ബില്ലിനെയും ഇതിനോടു ചേർത്തു വായിക്കേണ്ടിവരും. ന്യൂനപക്ഷങ്ങൾക്കൊപ്പം രാഷ്ട്രീയ എതിരാളികളെയും ‘കൈകാര്യം’ചെയ്യുന്നതെങ്ങനെയെന്ന പുതിയ പാഠങ്ങളാണ് വംഗദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക പാഠാവലിയിൽ കൂട്ടിച്ചേർക്കുന്നത്.
കൊളോണിയൽ കാലത്തേക്കാൾ കടുപ്പം
പ്രതിഷേധിക്കുന്നവരെയും സാമൂഹികവിരുദ്ധരെയും ആദ്യമേതന്നെ ‘ഗുണ്ട’ എന്ന് മുദ്രകുത്തുന്ന ഭരണകൂടത്തിന്റെ ചിന്താഗതിക്ക് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. പശ്ചിമബംഗാൾ നിയമസഭയിൽ പാസാക്കിയ ‘പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ, 2026’ ആ നിലപാടിനെത്തന്നെയാണ് വീണ്ടും മുന്നോട്ടു കൊണ്ടുവരുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നതിനോ വിചാരണ ആരംഭിക്കുന്നതിനോ മുമ്പുതന്നെ ഒരാളെ ദീർഘകാലം തടങ്കലിൽ വയ്ക്കാൻ അനുവാദം നല്കുന്നതാണ് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ ‘ഗുണ്ടാ ബിൽ’. അതിനുമപ്പുറം, പുതിയ നിയമം പല കാര്യങ്ങളിലും 1923ലെ കൊളോണിയൽ ഗുണ്ടാ നിയമത്തേക്കാൾ കൂടുതൽ കർശനമാണ് എന്നതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടീഷ് നിയമത്തിൽ ‘ഗുണ്ട’ എന്ന വാക്കിന് വ്യക്തമായ നിർവചനമില്ലായിരുന്നു. അത് പ്രധാനമായും ഒരു ‘നാടുകടത്തൽ നിയമം’ ആയിരുന്നു. എന്നുവച്ചാൽ, പ്രതിയെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് മാറ്റാൻ മാത്രമേ അതിൽ കഴിഞ്ഞിരുന്നുള്ളൂ. ഇന്നത്തെ നിയമത്തിലെപ്പോലെ ദീർഘകാല കരുതൽ തടങ്കൽ വ്യവസ്ഥകളുണ്ടായിരുന്നില്ല. അന്നത്തെ നിയമത്തിൽ പ്രതികൾക്ക് സ്വന്തം വാദമുഖങ്ങൾ കോടതിക്കു മുമ്പാകെ സമർപ്പിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അവസരമുണ്ടായിരുന്നു. ആധുനിക നിയമത്തിലാകട്ടെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. അതായത്, കുറ്റകൃത്യം നടക്കുന്നതിനോ വിചാരണ തുടങ്ങുന്നതിനോ മുമ്പുതന്നെ ഒരാളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്. അഭിഭാഷകന്റെ സഹായം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലതാനും. കൊളോണിയൽ ഭരണകൂടം നല്കാൻ തയാറായ ചെറിയ സൗജന്യംപോലും നൽകാൻ സ്വതന്ത്ര ഇന്ത്യയിലെ ഒരു ഭരണകൂടം തയാറാകുന്നില്ല എന്നു ചുരുക്കം.
ഈ നിയമം ‘അവർക്കെ’തിരേ പ്രയോഗിക്കാനുള്ളതാണ്, ‘നമുക്കെതിരേ’യല്ല എന്ന ചിരപുരാതനമായ മനോഭാവമാണ് ഈ നിയമത്തെ പിന്തുണയ്ക്കുന്നവരിൽ പ്രകടമാകുന്നത്. നിയമം നമ്മെ തേടിവരുമ്പോൾ പ്രതിരോധിക്കാൻ ആരുമുണ്ടാകില്ല എന്ന സത്യം അവർ മറന്നുപോകുന്നു.
ഗുണ്ടാ ഫയലുകൾ പറയുന്നത്
കടുത്ത നിയമങ്ങൾ ഉണ്ടോ ഇല്ലയോ എന്നതല്ല യഥാർഥ പ്രശ്നം. ഭരണാധികാരികളുടെ ഇച്ഛാശക്തിയും ഉത്തരവാദിത്വബോധവും എത്രത്തോളമുണ്ട് എന്നതാണ്. കടുത്ത നിയമങ്ങൾ കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല. ഇങ്ങനെയുള്ള നിയമങ്ങൾ പോലീസിനെയാണ് ഗുണ്ടകളാക്കുന്നത് എന്നതിന് ലോകചരിത്രത്തിൽത്തന്നെ അനേകം തെളിവുകളുമുണ്ട്. കോൽക്കത്ത പോലീസിന്റെ ഗുണ്ടാ ഫയലുകൾ പഠിച്ച ചരിത്രകാരനായ സുരഞ്ജൻ ദാസ് ഈ വാദത്തിന് തെളിവുകൾ നിരത്തുന്നുണ്ട്. രാഷ്ട്രീയ സംരക്ഷണം കാരണം ചിലരെ വർഷങ്ങളോളം നിയമത്തിനു തൊടാനായില്ല. കരുതിക്കൂട്ടിയുണ്ടാക്കിയ ഘടനാപരമായ പിഴവുകൾ മൂലം ചിലർക്കെതിരേയുള്ള കേസുകൾ മാഞ്ഞുപോയി. പ്രാദേശിക ഗുണ്ടകൾക്കെതിരേ കേസെടുപ്പിക്കാൻ ജനകീയ പ്രക്ഷോഭം വരെ വേണ്ടിവന്ന കാര്യം സുരഞ്ജൻ ദാസ് എഴുതിയിട്ടുണ്ട്.
കരുതൽ തടങ്കൽ എന്നത് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്ന് 2022ൽ സുപ്രീംകോടതിയും ഓർമിപ്പിച്ചിരുന്നു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ നൽകുന്ന വിവരങ്ങൾ പ്രകാരം, 2021ൽ രാജ്യത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. അവരിൽ ഇരുപത്തൊൻപതിനായിരത്തോളം പേരെ വിവിധ സംസ്ഥാനങ്ങളിലെ ഗുണ്ടാ നിയമപ്രകാരമാണ് തടവിലാക്കിയത്. അവർക്കെതിരേയുള്ള കുറ്റങ്ങൾ അപ്പോഴും കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നില്ല.
ഗുണ്ട ഒരു സാമൂഹിക മുദ്ര
കൊളോണിയൽ ഭരണകാലത്ത് ‘ഗുണ്ട’ എന്ന നിർവചനം കുറ്റകൃത്യത്തേക്കാൾ വ്യക്തികളുടെ സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പശ്ചിമബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ സുഗത നന്ദി വിശകലനം ചെയ്യുന്നുണ്ട്. 1921ൽ കൽക്കട്ട പോലീസിന്റെ ഗുണ്ടാവിരുദ്ധ വിഭാഗം അഭിമാനത്തോടെ അവകാശപ്പെട്ടത് നഗരത്തിലെ 93.6% ‘ഗുണ്ടകളും’ ബംഗാളിൽ നിന്നുള്ളവരല്ല എന്നാണ്. ബിഹാർ, അന്നത്തെ യുണൈറ്റഡ് പ്രോവിൻസ് അല്ലെങ്കിൽ പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള പാവപ്പെട്ട തൊഴിലാളികളാണ് ഗുണ്ടകൾ എന്നായിരുന്നു പോലീസ് നിഗമനം. അതായത്, ‘ഗുണ്ട’ എന്ന വാക്ക് വളരെ പെട്ടെന്നുതന്നെ ഒരു സാമൂഹിക മുദ്രയായി മാറി. അന്യസംസ്ഥാനക്കാർ, പാവപ്പെട്ടവർ, അഭയാർഥികൾ അല്ലെങ്കിൽ ചേരി നിവാസികൾ എന്നിവരുടെമേൽ ചാർത്താൻ എളുപ്പമുള്ള മുദ്ര. അഭയാർഥികൾ, കൂലിപ്പണിക്കാർ, തൊഴിലില്ലാത്ത യുവാക്കൾ അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ എന്നിവരുടെ പേരുകളാണ് ആ ഫയലുകളിൽ വന്നിരുന്നതെന്ന് സുരഞ്ജൻ ദാസിന്റെ ഗവേഷണവും വ്യക്തമാക്കുന്നുണ്ട്.
ഭരിക്കുന്നത് ബിജെപിയായാലും സിപിഎമ്മായാലും തൃണമൂൽ കോൺഗ്രസോ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ആയാലും ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യമാണ് എക്കാലവും പ്രസക്തം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് കുടിയേറ്റക്കാരായ ബംഗാളികൾ സംശയനിഴലിലാണ്. അപ്പോഴാണ് ബംഗാളിൽതന്നെ കൊളോണിയൽ യുക്തികൾ തിരിച്ചുവരുന്നത്. നിയമപോരാട്ടം നടത്താൻ സാ
ഈ നിയമം ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുക ആർക്കെതിരേയായിരിക്കും എന്ന ചോദ്യം ഡെമോക്ലീസിന്റെ വാൾ പോലെ അന്തരീക്ഷത്തിലുണ്ട്. രാഷ്ട്രീയ എതിരാളികൾക്കെതിരെയാകുമോ എന്ന ആശങ്ക സജീവമാണ്. 1923ലും ഈ ചോദ്യം ഉയർന്നിരുന്നു. കോൺഗ്രസ് ഭരണകാലത്ത് ഇടതുപക്ഷ പ്രവർത്തകരെ ‘പൊളിറ്റിക്കൽ ഗുണ്ടകൾ’ എന്നു വിളിച്ച് സാധാരണ കുറ്റവാളികളെപ്പോലെ ഇത്തരം നിയമത്തിനു കീഴിൽ കൊണ്ടുവന്നിരുന്നു.
ഇച്ഛാശക്തിയും നിലപാടും
1969ൽ കൽക്കട്ട സ്വിമ്മിംഗ് ക്ലബ്ബിലേക്ക് ഇരുപതിലധികം സന്താൾ യുവാക്കൾ നീന്തൽ വസ്ത്രം ധരിച്ച് ഇരച്ചുകയറി നീന്തിക്കളിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 22 വർഷം കഴിഞ്ഞിട്ടും വെള്ളക്കാരുടെ കുത്തകയായിരുന്നു ആ ക്ലബ്. റാം ചാറ്റർജി എന്നയാളായിരുന്നു പ്രതീകാത്മക സമരം നയിച്ചത്. കൊളോണിയൽ കാലത്തെ പോലീസ് രേഖകളിൽ ഈ റാം ചാറ്റർജി ഒരു ‘ഗുണ്ട’യായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ബംഗാളിന്റെ കായിക മന്ത്രിയായി. ഒരു മനുഷ്യനെ കുറ്റവാളിയായോ അതോ നേതാവായോ കാണേണ്ടതെന്ന് നിശ്ചയിച്ചത് അതതു കാലത്തെ രാഷ്ട്രീയമാണെന്ന് വ്യക്തം.
തൊഴിലവസരങ്ങൾ വർധിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ സാമൂഹിക അടിത്തറ ദുർബലപ്പെടുമെന്നത് കാലം തെളിയിച്ച വസ്തുതയാണ്. സുതാര്യ ഭരണമുണ്ടെങ്കിൽ രാഷ്ട്രീയ സംരക്ഷണമുള്ള മാഫിയ ഇല്ലാതാകും.നിഷ്പക്ഷവും അക്കൗണ്ടബിലിറ്റി ഉള്ളതുമായ പോലീസ് സംവിധാനമുണ്ടെങ്കിൽ അസാധാരണ അധികാരങ്ങളുള്ള ഇത്തരം നിയമങ്ങൾക്ക് പ്രസക്തി തന്നെയില്ല.
പുതിയ നിയമം ജനവിരുദ്ധമാകുമോ എന്നത് ഭരണകൂടത്തിന്റെ നിഷ്പക്ഷത, നിയമവാഴ്ച, പൗരാവകാശങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത എന്നിവയെ ആശ്രയിച്ചിരിക്കും. ബംഗാളിലെ പുതിയ അധികാരിയുടെ പാർട്ടിയുടെ ചരിത്രം ആശ്വസിക്കാൻ അധികം വഴികളൊന്നും തരുന്നുമില്ല. ഗോപാലകൃഷ്ണ ഗോഖലെയുടെ വാക്കുകൾ അറംപറ്റിക്കൊണ്ടാകുമോ ബംഗാൾ ഇനി വാർത്തകളിൽ നിറയുക?.
(അവസാനിച്ചു)
Tags : suvendu adhikari goons Bengal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews