കൊച്ചി: ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. ലഹരി മാഫിയയെ നേരിടാന്‍ പോലീസിന് കഴിയും. നിയമപരമായി നേരിട്ട് മുന്നോട്ടു പോകും എന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നിലവില്‍ കെ. സുധാകരന്‍ എംപി പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തെ കുറിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും കാളിരാജ് മഹേഷ് കുമാര്‍ പ്രതികരിച്ചു.
ഗുണ്ടകള്‍ ആണെന്ന് കരുതി മാറ്റി നിര്‍ത്തരുത്, പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാന്‍ നടത്താനാവില്ല എന്നാണ് യോഗത്തിന്‍റെ സംഘാടകനായ എകെജി സെന്‍റര്‍ ആക്രമണക്കേസ്, വീസ തട്ടിപ്പ് കേസുകളിലെ പ്രതി സുഹൈല്‍ ഷാജഹാന്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.
ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന്‍ എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞാണ് കാണാന്‍ വന്നത്. 20 പേര്‍ ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര്‍ ആയി എന്നും സുഹൈല്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.