Kerala
കോഴിക്കോട്: അക്കാദമിക രംഗത്തും സാഹിത്യ -സാംസ്കാരിക മണ്ഡലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച പ്രഫ. പി. ജയേന്ദ്രന്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് പ്രഫസറും വകുപ്പു മേധാവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തെ ആഴത്തില് ഉപാസിക്കുമ്പോഴും മാതൃഭാഷയോടും മലയാള സാഹിത്യത്തോടും പുലര്ത്തിയ ആത്മബന്ധം ശ്രദ്ധേയമായിരുന്നു.
വിദ്യാര്ഥികള്ക്ക് കേവലം ഒരു അധ്യാപകന് എന്നതിലുപരി പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് വഴിനടത്തിയ വഴികാട്ടിയായിരുന്നു അദ്ദേഹം. ദേവഗിരിയില് നീണ്ടകാലം സേവനമനുഷ്ഠിച്ച പ്രഫ. ജയേന്ദ്രന് ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളെയും ആധുനിക കൃതികളെയും ലളിതമായും എന്നാല് അതിഗഹനമായും വിശകലനം ചെയ്ത് അധ്യാപനത്തില് വ്യത്യസ്ത തീര്ത്തു. സജീവമായ എഴുത്തുപുര അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യമായിരുന്നു. ഹെര്മന് ഗുണ്ടര്ട്ടിനെ മലയാളം പഠിപ്പിച്ച ഗുരുക്കന്മാരുടെ തറവാടായ കണ്ണൂര് ഊരാച്ചേരിയിലെ പിന്മുറക്കാരനാണ് പ്രഫ. പി. ജയേന്ദ്രന്.
കരുവിശേരിയിലെ ‘പൗഷാലി’എന്ന അദ്ദേഹത്തിന്റെ വസതി സാംസ്കാരികകേന്ദ്രം കൂടിയായിരുന്നു. പുസ്തക കൂമ്പാരങ്ങളും പെയിന്റിംഗുകളും പൗഷാലിയെ വ്യത്യസ്തമാക്കി. അധ്യാപനത്തോടൊപ്പം കലയും സാഹിത്യവും ജീവിതസപര്യയാക്കിയ അദ്ദേഹം വിഖ്യാത ഇംഗ്ലീഷ് പ്രഫസര് സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു.
ഷെല്ലിയുടെയും കീറ്റ്സിന്റെയും കവിതകള് കാണാപ്പാഠം ചൊല്ലുമ്പോള്തന്നെ അതിന്റെ മലയാളം തര്ജമയും അവതരിപ്പിച്ച് പി. ജയേന്ദ്രന് ക്ലാസ്മുറികളില് തീര്ത്തത് അധ്യാപനത്തില് അനന്യലോകമാണ്. അദ്ദേഹത്തിന്റെ രചനകളില് ഏറെയും വിവര്ത്തനങ്ങളാണ്. ഇർവിംഗ് സ്റ്റോൺ എഴുതിയ വിൻസെന്റ് വാൻഗോഗിന്റെ വിഖ്യാത ജീവിതകഥയായ ജീവിതാസക്തി, എറിക് മരിയ റെമാർക്കിന്റെ പടിഞ്ഞാറന് മുന്നണിയില് എല്ലാം ശാന്തമാണ്, അവസാനത്തെ കവിത, അറിയപ്പെടാത്ത വിവേകാനന്ദന് തുടങ്ങിയവയാണ് പ്രധാന വിവര്ത്തന ഗ്രന്ഥങ്ങള്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചും സ്കൂൾ അനുഭവങ്ങളെക്കുറിച്ചും ഓർമകൾ പങ്കുവെച്ച് മുൻ സയൻസ് അധ്യാപകൻ എച്ച്സി പട്ടേൽ. വാഡ്നഗറിലെ ഭഗവത് ആചാര്യ നാരായൺ ആചാര്യ സ്കൂളിൽ 11, 12 ക്ലാസുകളിൽ മോദിയെ പഠിപ്പിച്ച അധ്യാപകനാണ് പട്ടേൽ.
വാഡ്നഗറിലെ ഷർമിഷ്ഠ തടാകത്തിൽ നിന്ന് ഒരിക്കൽ ഒരു ചെറിയ മുതലക്കുട്ടിയെ മോദി വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ 'അതിന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ' എന്ന് ചോദിച്ച് മാതാവ് ഹിരാബ ഉപദേശിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മോദി അതിനെ തടാകത്തിലേക്ക് തിരികെ വിട്ടതായി അധ്യാപകൻ ഓർത്തെടുത്തു.
സ്കൂൾ ചുറ്റുമതിൽ നിർമാണത്തിനുള്ള ധനസമാഹരണത്തിനായി 19-ാം നൂറ്റാണ്ടിലെ പ്രശസ്ത വിമതനായ ജോഗിദാസ് ഖുമാന്റെ വേഷം മോദി നാടകത്തിൽ അവതരിപ്പിക്കുകയും കാണികളുടെ വലിയ കൈയടി നേടുകയും ചെയ്തിരുന്നു. ഓർമശക്തിയിലും വ്യക്തിത്വത്തിലും ചെറുപ്പത്തിൽ തന്നെ അദ്ദേഹം വേറിട്ടുനിന്നിരുന്നു. പിൽക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി സമീപിച്ചപ്പോഴും സ്വജനപക്ഷപാതം കാണിക്കാതെ മാന്യമായി നിരസിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2012-ൽ തന്റെ ഗ്രാമത്തിലെ ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണവും മോദി സ്വീകരിച്ചിരുന്നതായി അധ്യാപകൻ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടണമെന്ന സര്ക്കാര് ശിപാര്ശ ഇന്നലെ ചേര്ന്ന പിഎസ്സി യോഗം തള്ളി.
സെപ്റ്റംബര്, ഒക്ടോബര്, നവംബര് മാസങ്ങളില് കാലാവധി തീരുന്ന 18 തസ്തികകളുടെ കാലാവധി നീട്ടാനായിരുന്നു സര്ക്കാര് ശിപാര്ശ.
ഒരേ കാലയളവില് അവസാനിക്കുന്ന റാങ്ക് പട്ടികകളില്നിന്നു ചിലതു മാത്രം തെരഞ്ഞെടുത്ത് നീട്ടിനല്കാന് നിലവിലെ ചട്ടങ്ങളില് വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടിയാണു പിഎസ്സി യോഗം ശിപാര്ശ തള്ളിയത്. ഇക്കാര്യം സര്ക്കാരിനെ അറിയിക്കാനും കമ്മിഷന് യോഗം തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്ശ പ്രകാരമാണ് കാലാവധി കഴിയുന്ന 18 റാങ്ക് പട്ടികകള് ആറു മാസത്തേക്കു നീട്ടാന് മന്ത്രിസഭാ യോഗം പിഎസ്സിയോടു ശിപാര്ശ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശന് പത്രസമ്മേളനത്തിലും ഇക്കാര്യം അറിയിച്ചിരുന്നു.
Kerala
കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്കുന്നതുമായി ബന്ധപ്പെട്ട പരാതികള് സര്ക്കാര് സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി എന്. ഷംസുദീന്.
എയ്ഡഡ് സ്കൂള് ജീവനക്കാരുടെ നിയമന അംഗീകാരം ഉള്പ്പടെയുള്ള വിഷയങ്ങള് അടിയന്തരമായി പരിഹരിക്കുന്നതിന് സര്ക്കാരിന്റെ 100 ദിന കര്മപരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത്-റിസോള്വിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എംഡി സെമനാരി ഹയര് സെക്കന്ഡറി സ്കൂളില് നിര്വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില് എയ്ഡഡ് മേഖല വഹിച്ച പങ്ക് നിര്ണായകമാണ്. എയ്ഡഡ് സ്കൂളുകളിലെ നിയമനത്തില് നിലവിലുള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിന് സര്ക്കാര് ശ്രമിച്ചുവരികയാണ്. കെ ടെറ്റ് വിഷയത്തില് സ്പഷ്ടീകരണത്തിനായി സുപ്രീംകോടതിയെ സമീപിക്കും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസപ്പെട്ട ഏകദേശം 1600 അധ്യാപകരുടെ പ്രശ്നം പരിഹരിച്ച് ഉത്തരവിറക്കും.
ജില്ലകളിലെ വിവിധ ഓഫിസുകളില് പരിഹരിക്കാവുന്ന വിഷയങ്ങള് തീരുമാനത്തിനായി വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കുന്നതുമൂലമുണ്ടാകുന്ന കാലാതമസം ഒഴിവാക്കപ്പെടണം. ഓരോ ഓഫിസുകള്ക്കും തീരുമാനമെടുക്കാന് കഴിയുന്ന വിഷയങ്ങള് വ്യക്തമാക്കി പ്രത്യേക മാനുവല് പ്രസിദ്ധീകരിക്കും. പരാതിപരിഹാരം കാര്യക്ഷമമാക്കുന്നതിനായി നിര്മിതബുദ്ധിയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനം വകുപ്പില് ഏര്പ്പെടുത്തും. പരാതി ലഭിച്ചാല് പരമാവധി ആറു മാസത്തിനുള്ളില് തീര്പ്പു കല്പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി "കൂടെ' എന്ന പദ്ധതിക്കു വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞശേഷവും ചില കുട്ടികള്ക്ക് യോഗ്യതയ്ക്കൊത്ത മികവില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നാല്, ഏഴ് ക്ലാസുകളില് ഇത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്കും. ഇതിനായി താരാപഥം എന്ന പേരില് ഒരു പരിപാടി നടപ്പാക്കും.
സ്കൂളുകളിലെ കായിക പ്രവര്ത്തനങ്ങള് സജീവമാക്കും. കൂടുതല് വിദ്യാലയങ്ങളില് കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. വൊക്കേഷണല് ഹയര് സെക്കന്ഡറി തലത്തില് പഠിച്ചിറങ്ങുന്ന കുട്ടികളില് തൊഴില് പ്രാവീണ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴ്സുകള് പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചാണ്ടി ഉമ്മന് എംഎല്എ അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷല് സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, അഡീഷണല് ഡയറക്ടര് ആര്.എസ്. ഷിബു എന്നിവര് പ്രസംഗിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള് ഉള്പ്പെടുന്ന ദക്ഷിണ മേഖലാ അദാലത്താണ് കോട്ടയത്തു നടന്നത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെസിഡൻഷ്യൽ സൊസൈറ്റിയിലെ ലിഫ്റ്റിൽ വളർത്തുനായയുമായി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയ്ക്ക് മർദനമേറ്റു. സ്കൂളിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ഹിന ബാരി എന്ന അധ്യാപികയെയാണ് ശ്വേത സുബെ എന്ന സ്ത്രീ വടിയുപയോഗിച്ച് മർദിക്കുകയും മുഖത്തടിക്കുകയും ചെയ്തത്.
ലിഫ്റ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഹിനയെ വളർത്തുനായയുമായി അകത്തുണ്ടായിരുന്ന ശ്വേത തടയുകയായിരുന്നു. തുടർന്ന് ശ്വേത കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് ഹിനയെ അടിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള അടിപിടി രൂക്ഷമായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് ഇവരെ പിടിച്ചുമാറ്റിയത്. സംഭവത്തിന് ശേഷം ഹിന പൊലിസിൽ പരാതി നൽകുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നു പൊലിസ് പറഞ്ഞു.
സംഭവത്തിൽ പ്രതിയായ ജഗദീശനെ പൊലിസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലിസ് പറഞ്ഞു. വിദ്യാർഥിനി എഴുതിവച്ച കുറിപ്പിൽ അധ്യാപകന്റെ പേരും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. കൂടാതെ മറ്റ് കുട്ടികൾക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം വലിയ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയുടെ ആത്മഹത്യയും സംഭവിച്ചത്. ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നൽകിയ മറുപടി.
Kerala
മലപ്പുറം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. മലപ്പുറം പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൾ കരീം മുസ്ലിയാരാണ് മരിച്ചത്.
രാവിലെ പതിനൊന്നിന് മദ്രസാ അധ്യാപകനായ അബ്ദുൾ കരീം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് ഇടിച്ചത്. ഉടന് തന്നെ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
മൈസൂരു: കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദനമേറ്റ് വിദ്യാർഥിയുടെ കണ്ണിന് പരിക്കേറ്റു. പതിനാറുകാരനായ രെഹാൻ ഷെരീഫ് എന്ന വിദ്യാർഥിയാണ് ആക്രമണത്തിനിരയായത്.
മൈസൂരുവിലെ സ്കൂളിൽ വച്ച് അധ്യാപകൻ രെഹാനെ മുഖത്തടിക്കുകയും കണ്ണിന് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ടിസി നൽകി സ്കൂളിൽ നിന്നു പുറത്താക്കുമെന്നും അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തി.
വിവരം അറിഞ്ഞ കുട്ടിയുടെ പിതാവ് വസീം ഷെരീഫ് പൊലിസിൽ പരാതി നൽകുകയും അധ്യാപകനെതിരെ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂർ പൊലിസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസപ്പെട്ടിരുന്ന 1600-ഓളം അധ്യാപകരുടെ പ്രശ്നങ്ങള് ഏതാനും ദിവസങ്ങള്കൊണ്ട് പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നു മന്ത്രി എന്. ഷംസുദ്ദീന്.
സംസ്ഥാന അധ്യാപക ദിനാഘോഷം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ഗോള്ഡന് ജൂബിലി ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമന നടപടികള് സുതാര്യമാക്കുന്നതിനും തടസമില്ലാതെ പൂര്ത്തിയാക്കുന്നതിനുമായി എല്ലാ സ്കൂളുകളിലും ഭിന്നശേഷിക്കാര്ക്കായി മാറ്റിവയ്ക്കേണ്ട നാലു ശതമാനം പോസ്റ്റുകള് കൃത്യമായി രേഖപ്പെടുത്തും.
എല്ലാ സ്കൂളുകളിലെയും നിയമനങ്ങള് ഉള്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക റോസ്റ്റര് തയാറാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസങ്ങള് നീക്കുന്നതിനായി സുപ്രീംകോടതിയില് ക്യുറേറ്റീവ് ഹർജി നല്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ ശാരീരിക ആരോഗ്യത്തിനും പ്രത്യേക ഊന്നല് നല്കുന്നതിന്റെ ഭാഗമായി കായിക അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളില് ഇളവ് വരുത്തിയിട്ടുണ്ട്.
ഫിസിക്കല് എഡ്യൂക്കേഷന് അധ്യാപകരെ നിയമിക്കുന്നതിനായി നേരത്തേ നിശ്ചയിച്ചിരുന്ന 500 കുട്ടികള്ക്ക് ഒരു അധ്യാപകന് എന്ന പരിധി 300 ആയി കുറച്ചിരുന്നു.
പരമാവധി വിദ്യാലയങ്ങളില് കായിക അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതല് ഇളവുകള് നല്കുന്ന വിഷയം പ്രത്യേക സമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില് അഡ്വ. ഫൈസല് ബാബു എംഎല്എ അധ്യക്ഷനായി.
Special News
കൊച്ചി: കാഴ്ചയില്ലായ്മയുടെ പരിമിതികള് അതിജിവിച്ച് അറിവിന്റെ വഴിയില് വിദ്യാര്ഥികള്ക്ക് വെളിച്ചമാവുകയാണ് പ്രിയേഷ് സാര്. എറണാകുളം മഹാരാജാസ് കോളജിലെ പൊളിറ്റിക്കല് സയന്സ് വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. സി.യു. പ്രിയേഷ് പ്രതിസന്ധികളെ അതിജീവിച്ച് അധ്യാപന വഴിയല് 16 വര്ഷം പിന്നിടുമ്പോള് കോളജ് അധ്യാപകനാകണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കിയതിന്റെ തിളക്കം കൂടി ഉണ്ട് ആ കണ്ണുകളില്. കാഴ്ച ഇല്ലാത്തത് കുറവായി കണ്ട് പിന്നോട്ട് നടക്കാനല്ല, പുതിയ കാലത്തിന്റെ മാറ്റങ്ങളടക്കം ഉള്ക്കൊണ്ട് ജെന്സിക്കൊപ്പം മുന്നോട്ട് നടക്കാനാണ് പ്രിയേഷിന് ഇഷ്ടം.
വെല്ലുവിളി നിറഞ്ഞ അധ്യാപന ജോലി മറ്റാരെക്കാളും ആസ്വദിച്ചാണ് പ്രിയേഷ് ചെയ്യുന്നത്. ക്ലാസെടുക്കും മുമ്പ് ലാപ്ടോപ്പില് സ്ക്രീന് റീഡര് ഉപയോഗിച്ച് പാഠഭാഗങ്ങള് വായിച്ച് മുന്നൊരുക്കം നടത്തും. വിദ്യാര്ഥികളിലൊരാള് എന്നപോലെ അവരുടെ പള്സ് അറിഞ്ഞ് ക്ലാസ് മുറിയിലെത്തുന്നതോടെ മറ്റെല്ലാവരെപ്പോലെയുള്ള അംഗീകാരം തനിക്കും കിട്ടുന്നുണ്ടെന്ന് പ്രിയേഷ് പറയുന്നു. അധ്യാപന ജീവിതത്തില് തന്റെ പരിമിതിയെ പരിഹസിക്കുന്ന തരത്തില് ഏതാനും ചില വിദ്യാര്ഥികളുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രവര്ത്തനം വിവാദമായതോടെ തന്റെ വിദ്യാര്ഥികളുടെ കണ്ണുതുറക്കാനായി അവര്ക്ക് മാപ്പ് നല്കുന്ന സമീപനവും പ്രിയേഷിനെ വ്യത്യസ്തനാക്കിയിട്ടുണ്ട്. നിലവില് പൊളിറ്റിക്കല് സയന്സ് ഗവേഷക വിദ്യാര്ഥികളുടെ ഗൈഡായും എംജി യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില അധ്യാപകരില് ഒരാളാണ് പ്രിയേഷ്.
നാലാം വയസില് പനി മൂലം കാഴ്ച നഷ്ടപ്പെട്ട പ്രിയേഷ് 2003ല് മഹാരാജാസ് കോളജില് നിന്ന് ഒന്നാം റാങ്കോടെയാണ് ബിഎ പാസായത്. 2003-04 കാലഘട്ടത്തില് കോളജ് യൂണിയന് ചെയർമാനായിരുന്നു. 2005ല് രണ്ടാം റാങ്കോടെ എംഎ പാസായി. 2010ല് തൃശൂര് കേരള വര്മ കോളജില് അധ്യാപകനായി ചേര്ന്ന പ്രിയേഷ് 2011ല് ആണ് സര്ക്കാര് സര്വീസില് പ്രവേശിച്ചത്. കൊയിലാണ്ടി, ചാലക്കുടി കോളജുകളില് സേവനത്തിനു ശേഷം 2013ലാണു മഹാരാജാസില് അധ്യാപകനായി എത്തുന്നത്. 2016 ല് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സാമൂഹിക ക്ഷേമ വകുപ്പിന്റെ അവാര്ഡ് ലഭിച്ചിട്ടുണ്ട്.
കാഴ്ചയില്ലാമയുടെ പരിമിതികള് മറികടന്ന് 2020ല് പിഎച്ച്ഡിയും നേടി. നോണ് ഗവണ്മെന്റൽ ഓര്ഗനൈസേഷന്സ്, സോഷ്യല് ജസ്റ്റീസ് ആന്ഡെസ്റ്റിറ്റിയൂഡ് ചില്ഡ്രന് ഇന് കേരള എന്ന വിഷയത്തിലാണ് എംജി സര്വകലാശാല പിഎച്ച്ഡി നല്കിയത്.
അധ്യാപന വഴിയില് വിദ്യാര്ഥികള്ക്ക് വഴികാട്ടിയായ പ്രിയേഷിന് ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലടക്കം നൂറുകണക്കിന് ശിഷ്യ സമ്പത്തുണ്ട്. വൈപ്പിന് പനമ്പുകാട് സ്വദേശിയാണ. ഭാര്യ: കെ.ടി. അശ്വനി. മക്കള്: തീര്ത്ഥ പ്രിയേഷ്, പാര്ത്ഥിപ് പ്രിയേഷ്.
District News
വെള്ളരിക്കുണ്ട്: മലയോരത്ത് കുടിയേറ്റത്തിനു ശേഷമുള്ള ആദ്യ തലമുറയിലെ ബിരുദധാരിയും അധ്യാപകനുമായ മടത്തിക്കാട്ടുകുന്നേൽ ജോർജ് അധ്യാപന രംഗത്ത് കാലം വരുത്തിയ മാറ്റങ്ങളുടെ നേർസാക്ഷിയാണ്. ഗതാഗതവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതിരുന്ന കാലത്ത് പഠിച്ചുവളർന്ന തലമുറകളിൽ നിന്ന് വിജ്ഞാനം വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന ഇന്നത്തെ തലമുറയിലേക്കുള്ള മാറ്റം നേരിട്ടു കണ്ടറിഞ്ഞ അധ്യാപകൻ.
പഴയ മലബാർ മേഖലയിൽ ഉന്നത പഠനത്തിനുള്ള സൗകര്യങ്ങൾ തീർത്തും കുറവായിരുന്ന കാലത്ത് പാലാ സെന്റ് തോമസ് കോളജിൽ ചേർന്ന് ബിരുദവും സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടിയാണ് ജോർജ് 1971ൽ അധ്യാപനമേഖലയിലെത്തുന്നത്. അന്നത്തെ കാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ ഒരാളിനുമുന്നിൽ വലിയ ശമ്പളം ലഭിക്കുന്ന മറ്റു പല തൊഴിൽമേഖലകളും ഉണ്ടായിരുന്നെങ്കിലും അധ്യാപനത്തോടുള്ള ഇഷ്ടവും താത്പര്യവും കൊണ്ടാണ് ഇദ്ദേഹം ഈ മേഖലയിലെത്തിയത്. മികച്ച കർഷകരെന്നതിനൊപ്പം ബിസിനസിലും
തനതായ ഇടം കണ്ടെത്തിയവരായിരുന്നു കുടുംബാംഗങ്ങൾ. മലയോരത്തെ ആദ്യത്തെ റബർ നഴ്സറിയും വെള്ളരിക്കുണ്ടിലെ വീനസ്, കാസിനോ തിയറ്ററുകളും ഇവരുടെ കുടുംബാംഗങ്ങളുടേതായിരുന്നു. പയ്യന്നൂരിനു സമീപമുള്ള കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലാണ് ജോർജ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പരപ്പ, കൊല്ലം ജില്ലയിലെ നെട്ടയം, വീണ്ടും കാസർഗോഡ് ജില്ലയിലെ അമ്പലത്തറ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചതിനു ശേഷം മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായാണ് സർവീസിൽനിന്ന് വിരമിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമള ദേവിയും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ വിനോദ് കുമാറും അടക്കമുള്ളവർ ജോർജ് സാറിന്റെ ശിഷ്യരാണ്.
പരപ്പയിൽ ജോലിചെയ്തിരുന്ന കാലത്തുപോലും എല്ലാ ദിവസവും വെള്ളരിക്കുണ്ട് നിന്ന് ആറു കിലോമീറ്റർ നടന്നാണ് പോയിരുന്നതെന്ന് ജോർജ് സാർ ഓർക്കുന്നു. അന്ന് ഗതാഗത സംവിധാനങ്ങൾ അത്രയ്ക്കു പരിമിതമായിരുന്നു. അധ്യാപകരുടെ അവസ്ഥ അങ്ങനെയാണെങ്കിൽ കുട്ടികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. ഇപ്പോൾ അധ്യാപകരായാലും കുട്ടികളായാലും വീട്ടുമുറ്റത്തുനിന്ന് നേരെ വാഹനത്തിൽ കയറി സ്കൂൾമുറ്റത്ത് ചെന്നിറങ്ങുകയാണ്. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പക്ഷേ ഏതു മേഖലയിലായാലും മാറ്റങ്ങളെ ഉൾക്കൊള്ളാതിരിക്കാൻ കഴിയില്ലല്ലോ. അന്ന് അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിലുംശാസനകളുടെയും അകൽച്ചയുടെയുമൊക്കെ അന്തരീക്ഷമുണ്ടായിരുന്നു. ഇപ്പോൾ അത് നേർത്തുനേർത്ത് ഇല്ലാതായി. പലപ്പോഴും അധ്യാപകരും കുട്ടികളും പരസ്പരം സഹായിക്കുന്ന കൂട്ടുകാരെപ്പോലെയായി.
വിശ്രമജീവിതകാലത്തും കാർഷികമേഖലയിൽ സജീവമാണ് ജോർജ് സാർ. ഭാര്യ ക്ലാരമ്മ ഒന്നരവർഷം മുമ്പ് മരിച്ചു. മക്കളായ നിധീഷും മിഥുനും ബിസിനസ് രംഗത്താണ്.
Leader Page
അധ്യാപകൻ നൽകുന്ന പ്രചോദനമാണ് വിദ്യാർഥിയുടെ ജീവിതംതന്നെ മാറ്റിമറിക്കുന്നത്. പ്രിയ അധ്യാപകൻ പ്രഫസർ ആചാരി സാർ തന്ന പ്രചോദനമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
പിറവം മുളങ്കുളം സ്വദേശിയായിരുന്നു പ്രഫ. കെ.കെ. രാജപ്പൻ ആചാരി. വാഴൂർ എസ്വിആർ എൻഎസ്എസ് കോളജിലെ ആക്ടിംഗ് പ്രിൻസിപ്പലും കോമേഴ്സ് വിഭാഗം മേധാവിയും. ഞാൻ കണ്ടതിൽവച്ച് ഏറ്റവും ഉത്തമനായ അധ്യാപകൻ.
തുടർച്ചയായി ഒരു പോള കണ്ണടയ്ക്കാതെ യാതൊരുവിധ റഫറൻസ് ഇല്ലാതെ ഗിന്നസ് അധികൃതരുടെ അതികർശനമായ നിബന്ധനകളെയെല്ലാം പാലിച്ച് നാല് പകലും മൂന്നു രാത്രിയും തുടർച്ചയായി പ്രസംഗിച്ച് പ്രസംഗത്തിനുള്ള ലോക റിക്കാർഡ് ആയ ‘ഗിന്നസ് വേൾഡ് റിക്കാർഡ് ഫോർ സ്പീച്ച്’ കരസ്ഥമാക്കാൻ സാധിച്ചതിന്റെ പിന്നിൽ എന്റെ അധ്യാപകനായിരുന്നു. പത്താം ക്ലാസ് വരെ ഒരിക്കൽപോലും സ്റ്റേജിൽ കയറുകയോ മൈക്ക് കൈകൊണ്ടു തൊടുകയോപോലും ചെയ്യാത്ത എന്നെ ആദ്യമായി സ്റ്റേജിൽ കയറ്റിയത് ആചാരി സാറാണ്.
നാഷണൽ സർവീസ് സ്കീമിന്റെ ദശദിന ക്യാമ്പ് ആണ് വേദി. ഞാനും ക്യാമ്പിലെ ഒരു അംഗമാണ്. ക്യാമ്പിന്റെ നടത്തിപ്പിലേക്ക് വിവിധ കമ്മറ്റികളുണ്ട്. ഫുഡ് കമ്മിറ്റി, ഡിസിപ്ലിൻ കമ്മിറ്റികൾ, വർക്ക് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി തുടങ്ങി പല കമ്മിറ്റികൾ. എല്ലാ കുട്ടികളും ഏതെങ്കിലും കമ്മിറ്റിയിൽ അംഗമായിരിക്കണം. പ്രോഗ്രാം ഓഫീസർ ആയിരുന്ന ആചാരി സാർ എന്നെ ഏൽപ്പിച്ച ചുമതല എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ ആ ദിവസത്തെ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തൽ നടത്തണമെന്നതായിരുന്നു. ഞാൻ ഞെട്ടിപ്പോയി. അപ്പോൾ സാർ സ്നേഹവും ആത്മാർഥതയും കാർക്കശ്യവും എല്ലാം നിറഞ്ഞ സ്വതസിദ്ധമായ ഗൗരവത്തിൽ എന്റെ തോളിൽ രണ്ടടി അടിച്ചിട്ട് പറഞ്ഞു, “എടാ ബിനു, നിനക്ക് സാധിക്കുമെടാ.”
അങ്ങനെ ഞാൻ ആദ്യമായി അന്ന് സ്റ്റേജിൽ കയറി. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ക്യാമ്പാണ്. പലരും പല കുരുത്തക്കേടും കുസൃതിയുമൊക്കെ കാണിക്കുമല്ലോ. ഇതെല്ലാം ഞാൻ സ്റ്റേജിൽ കയറി മൈക്കിന് മുമ്പിൽ പച്ചയ്ക്ക് പേരെടുത്തു പറഞ്ഞു. സരസമായി അവതരിപ്പിച്ചു സ്റ്റേജിൽനിന്ന് ഇറങ്ങിയപാടെ ആൺകുട്ടികൾ പിടിച്ച് നല്ല ഇടി തന്നു. പെൺകുട്ടികൾ കരയാനും തുടങ്ങി. കുറെ ഇടി കിട്ടിയാലും പെൺകുട്ടികൾ ഇരുന്നു കരഞ്ഞാലും ഒരു കാര്യം എനിക്ക് മനസിലായി. ഞാൻ പറയുന്ന കാര്യങ്ങൾ എറിക്കുന്നുണ്ട് എന്ന്.
ഈ ക്യാമ്പിലെ 10 ദിവസം കൊണ്ട് മൈക്ക് എന്റെ അടുത്ത സുഹൃത്തായി മാറി. പിന്നെ സ്റ്റേജ് കിട്ടാത്ത കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നിരവധി വർഷത്തെ കഠിനപരിശ്രമത്തിനൊടുവിൽ 2017 സെപ്റ്റംബർ അഞ്ചിനു (അധ്യാപകദിനം) രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച പ്രസംഗം സെപ്റ്റംബർ എട്ടാം തീയതി രണ്ടുമണി വരെ നീണ്ടു. തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് റിക്കാർഡ്!
ഇത് എന്റെ മിടുക്കല്ല. കാരണക്കാരൻ എന്റെ അധ്യാപകനാണ്. എനിക്ക് ലഭിച്ച ലോകറിക്കാർഡ് ഈ അധ്യാപകദിനത്തിൽ എന്റെ പ്രിയ ഗുരുനാഥൻ ആചാരി സാറിന് ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.
National
ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായ പതിനാറുകാരി ജീവനൊടുക്കി. ദാബുവ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ബിരിയാണിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ വഴക്കിൽ തന്റെ മകൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും അധ്യാപിക കുട്ടിക്ക് ശിക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കുട്ടിയെ അധ്യാപിക നാല് മണിക്കൂറോളം വെയിലത്ത് നിർത്തി ശിക്ഷിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ കുട്ടിക്ക് യാതൊരുവിധ ശിക്ഷയും നൽകിയിട്ടില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. ശർമ്മ പറയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. അധ്യാപകർ, മറ്റ് വിദ്യാർഥികൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ മൂന്നുവയസുകാരനെ കസേരയിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ മുപ്പത്തഞ്ചുകാരിയായ പ്ലേ സ്കൂൾ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികമായ മാറ്റങ്ങളും ശരീരത്തിലെ പരിക്കുകളും മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടിയുടെ മുഖത്തും കൈകളിലും പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും ചെവിക്ക് ഗുരുതര പരിക്കുകളും ഉള്ളതായി കണ്ടെത്തി.
കുട്ടിക്ക് സ്കൂളിൽ വച്ചാണ് പരിക്കേറ്റതെന്ന് സംശയിച്ച കുട്ടിയുടെ പിതാവ് സ്കൂൾ അധികൃതരെ സമീപിക്കുകയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിസിടിവി തകരാറിലാണെന്ന് പറഞ്ഞ് സ്കൂൾ അധികൃതർ ആദ്യം ഒഴിഞ്ഞുമാറി. പിന്നീട് അടുത്ത ദിവസം എത്തിയപ്പോൾ ദൃശ്യങ്ങൾ കാണിക്കുന്നതിനായി 1,500 രൂപ ആവശ്യപ്പെടുകയും മാതാപിതാക്കൾ തുക നൽകിയ ശേഷമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകുകയും ചെയ്തത്.
തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ചെവിയിൽ പിടിച്ച് വലിച്ച് കസേരയിൽ മണിക്കൂറുകളോളം കെട്ടിയിടുകയും മർദിക്കുകയും ചെയ്യുന്നത് കണ്ടത്. പരിക്കേറ്റ കുട്ടിയുടെ മേൽത്തന്നെ കുഴപ്പങ്ങൾ കെട്ടിവയ്ക്കാനും സ്കൂൾ ജീവനക്കാർ ശ്രമിച്ചിരുന്നു.
പരിക്കേറ്റ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ച് കേസെടുത്തു. പ്ലേ സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പാൽ, രണ്ട് അധ്യാപകർ എന്നിവരെയാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
കൊച്ചി: വി.ഡി. സവര്ക്കറുമായി ബന്ധപ്പെട്ട ഫ്രീഡം ക്വിസ് വിവാദത്തില് അധ്യാപകന്റെ സസ്പെന്ഷന് ഒരു മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തു. കാസര്കോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദിന്റെ സസ്പെന്ഷനാണ് ജസ്റ്റീസ് വിജു എബ്രഹാം സ്റ്റേ ചെയ്തിരിക്കുന്നത്.
എന്നാല്, അധ്യാപകനെതിരായ അച്ചടക്ക നടപടികള് സര്ക്കാരിനു തുടരാമെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി അന്വേഷണം പൂര്ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്പെന്ഡ് ചെയ്ത സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്കണമെന്ന് നിര്ദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു.
ഒരു തെറ്റായ ചോദ്യം ഉള്പ്പെടുത്തിയതിന്റെ പേരില് മാത്രം സസ്പെന്ഷന് വേണമായിരുന്നോ? അത് അനിവാര്യമായ നടപടിയാണോ എന്നു കോടതി ചോദിച്ചു. ഫ്രീഡം ക്വിസിന്റെ ചോദ്യങ്ങള് എഇഒക്ക് അയച്ചു നല്കിയിരുന്നു. എഇഒ കണ്ടതിനു ശേഷമാണ് ചോദ്യക്കടലാസ് നല്കിയതെന്നും ഗുരുപ്രസാദ് പറഞ്ഞിരുന്നു. തുടര്ന്നാണ് സസ്പെന്ഷന് സ്റ്റേ ചെയ്തത്.
അതേസമയം, ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കൈയില്നിന്നു ഏറ്റവും കൂടുതല് ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്ക്കര് എന്നുമാണ് നല്കിയത്.
കുമ്പള, കാസര്ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്പി സ്കൂളുകളില് നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്ക്കറെ മഹത്വവല്ക്കരിക്കുന്ന ചോദ്യം ഉള്പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്പെന്ഡ് ചെയ്യുകയായിരുന്നു.
ഇതിന്റെ പേരില് അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്ക്കറുടെ തടവ് ജീവിതത്തിനു കേന്ദ്രസര്ക്കാരിന്റെ കൈയിൽ രേഖകളുണ്ട്. സവര്ക്കറുടെ പേരില് തപാല് സ്റ്റാമ്പുമുണ്ടെന്നും ഗുരുപ്രസാദ് ഹര്ജിയില് ചൂണ്ടിക്കാണിച്ചിരുന്നു.
Kerala
കൊച്ചി: ഫ്രീഡം ക്വിസ് വിവാദത്തില് അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേയില്ല. കാസർഗോഡ് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദ് ആയിരുന്നു സസ്പെന്ഷന് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്ജി നല്കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
അന്വേഷണം പൂര്ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്പെന്ഡ് ചെയ്ത സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്കണമെന്ന് ഹൈക്കോടതി സിംഗിള് ബെഞ്ച് നിര്ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്ക്കറുടെ പേര്. അതിന്റെ പേരില് അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്ക്കാരിന്റെ കൈയില് രേഖകളുണ്ട്. സവര്ക്കറുടെ പേരില് തപാല് സ്റ്റാമ്പുമുണ്ടെന്നും ഹര്ജിയില് ചൂണ്ടിക്കാണിച്ചിരുന്നു.
ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കയ്യില് നിന്ന് ഏറ്റവും കൂടുതല് ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്ക്കര് എന്നുമാണ് നല്കിയത്. കുമ്പള, കാസര്ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്പി സ്കൂളുകളില് നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്ക്കറെ മഹത്വവല്ക്കരിക്കുന്ന ചോദ്യം ഉള്പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്പെന്ഡ് ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി. സവർക്കറെ പ്രകീർത്തിക്കുന്ന രീതിയിൽ വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടി. കാസർഗോഡ് പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
കാസർഗോഡ് എൽപി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസിലാണു വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലി ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. കുട്ടികൾക്കിടയിൽ നടന്ന ഈ ക്വിസ് മത്സരത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.
ബ്രിട്ടീഷുകാരിൽ നിന്നും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്നായിരുന്നു ചോദ്യാവലിയിലെ ചോദ്യം. ഇതിന്റെ ഉത്തര സൂചികയിൽ വി.ഡി. സവർക്കറുടെ പേര് രേഖപ്പെടുത്തിയതാണ് വിമർശനത്തിനും അധ്യാപകന്റെ സസ്പെൻഷനും കാരണമായത്.
District News
കരുവാരകുണ്ട്: പ്രതിഭകളായ വിദ്യാര്ഥികള്ക്ക് തിരുവനന്തപുരത്തേക്ക് സൗജന്യ ട്രെയിന് യാത്രയൊരുക്കി പ്രധാനാധ്യാപിക.
കിഴക്കേത്തല ഗവണ്മെന്റ്് എല്പി സ്കൂള് പ്രധാനാധ്യാപിക മീനു മുംതാസാണ് പ്രതിഭകളായ കുട്ടികള്ക്കും കൂടുതല് പുസ്തകങ്ങള് വായിച്ചു വായനാദിനത്തില് താര കുട്ടിക്കും സൗജന്യ യാത്രയൊരുക്കി വാക്കുപാലിച്ചത്.
2025-26 അധ്യയന വര്ഷത്തില് എല്എസ്എസ് നേടുന്ന കുട്ടികള്ക്ക് സൗജന്യ ട്രെയിന് യാത്ര വാഗ്ദാനം ചെയ്തിരുന്നു.
വായനാദിനത്തില് താരമായി മാറിയ ഫൈഹയേയും കൂട്ടിയാണ് ട്രെയിന് മാര്ഗം തിരുവനന്തപുരം യാത്ര നടത്തിയത്. യാത്രയുടെ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എന്. ഉണ്ണിന്ക്കുട്ടി നിര്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. ഹംസക്കുട്ടി, പ്രതീക്ഷ ചാരിറ്റി ചെയര്മാന് അയ്യൂബ് മേലേടത്ത്,പി. സജിനു, പിടിഎ പ്രസിഡന്റ്് കെ. ഇസ്മയില് എംടിഎ പ്രസിഡന്റ്് കെ. ഷഹീമ, പ്രധാനാധ്യാപിക മീനു മുംതാസ് എന്നിവര് പ്രസംഗിച്ചു.
District News
വെണ്ണിക്കുളം: കനത്ത മഴയേത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് സുരക്ഷാ നിർദേശങ്ങളും സ്നേഹവും പകർന്ന് അധ്യാപകന്റെ കത്ത്. വെണ്ണിക്കുളം എംഡി എൽപി സ്കൂളിലെ എൽപി അധ്യാപകനും മാന്നാർ കുട്ടംപേരൂർ സ്വദേശിയുമായ ലാബി ജോർജ് ജോണാണ് നാലാം ക്ലാസിലെ തന്റെ മുഴുവൻ വിദ്യാർഥികൾക്കും പോസ്റ്റ് കാർഡിലൂടെ വേറിട്ടൊരു സ്നേഹസന്ദേശം തയാറാക്കി പോസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഈ പോസ്റ്റ് കാർഡുകൾ കുട്ടികളുടെ കൈകളിലെത്തും.
മഴക്കാലത്ത് കുട്ടികൾ പുറത്തിറങ്ങി കളിക്കരുതെന്നും വെള്ളക്കെട്ടുകളിൽ ഇറങ്ങാതെ അച്ഛനമ്മമാരോടൊപ്പം സുരക്ഷിതരായി വീടുകളിൽത്തന്നെ കഴിയണമെന്നുമാണ് കത്തിലെ പ്രധാന നിർദേശം. ഒപ്പം അവധിക്കാലം വെറുതെയിരുന്ന് കളയാതെ സർഗാത്മകമായി ഉപയോഗിക്കണമെന്നും ഓർമിപ്പിക്കുന്നു. നല്ല കഥകൾ വായിക്കാനും ചിത്രങ്ങൾ വരയ്ക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഈ സമയം വിനിയോഗിക്കണം.
മഴ മാറി സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ വരച്ച ചിത്രങ്ങളും നിർമിച്ച കരകൗശല വസ്തുക്കളും സ്കൂളിൽ കൊണ്ടുവരണമെന്നും അധ്യാപകൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സ്മാർട്ട്ഫോൺ സന്ദേശങ്ങളുടെ ഈ കാലത്ത്, തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനിൽനിന്നുള്ള പോസ്റ്റ് കാർഡുകൾ കുട്ടികളെ ആകാംക്ഷാ ഭരിതരാക്കിയിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂൺ സ്വദേശിനി സൃഷ്ടി ഭണ്ഡാരി (26) ആണ് മരിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ ഭർത്താവ് സൗരഭ്, ഭർതൃമാതാവ് പർവീണ, സൗരഭിന്റെ സഹോദരി ചാരു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുൻപ് യുവതി ചിത്രീകരിച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു സൃഷ്ടിയുടെയും സൗരഭിന്റെയും വിവാഹം. വിവാഹ ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് സൃഷ്ടി വീഡിയോയിൽ പറയുന്നു. ദീർഘകാലമായി കിടപ്പിലായിരുന്ന സൗരഭിന്റെ പിതാവ് മരിക്കാൻ കാരണം സൃഷ്ടിയുടെ ശകുനപ്പിഴയാണെന്ന് ആരോപിച്ചു.
സംഭവത്തിൽ സൃഷ്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തൃശൂർ:വരവൂരിൽ സർക്കാർ സ്കൂളിൽ ഒന്പതാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർഥിയെ മർദിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അധ്യാപകനെതിരേ കേസെടുത്തു.
ക്ലാസിലെ മറ്റൊരു കുട്ടി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
മണികണ്ഠൻ കഴിഞ്ഞ 18 വർഷമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. പേനയുടെ മൂടി താഴെവീണത് എടുക്കാൻ നോക്കിയതിനാണു മകനെ ക്രൂരമായി മർദിച്ചതെന്നു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനും ചൈൽഡ് ഹെൽപ് ലൈനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ചെറുതുരുത്തി പോലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അധ്യാപകനെതിരേ കേസെടുത്തു. ഈ അധ്യാപകൻ മറ്റു വിദ്യാർഥികളോടും ദേഷ്യത്തിലാണു പെരുമാറാറുള്ളതെന്നു പരാതിയുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാളിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസുകാരൻ ജീവനൊടുക്കി. സർക്കാർ ജൂനിയർ കോളജിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ചത്.
ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർഥി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർഥിയുമായി ക്ലാസിൽ വച്ച് അധ്യാപിക ഈ കുട്ടിയെ താരതമ്യം ചെയ്തു. ഇതിനെ വിദ്യാർഥി ചോദ്യം ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
ഈ സംഭവത്തിന് ശേഷം രണ്ട് ദിവസത്തോളം കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അധ്യാപികയിൽ നിന്നുണ്ടായ അപമാനമാണ് തീരുമാനത്തിന് കാരണമെന്നും, വിദ്യാർഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയാറാകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപികയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു.
Kerala
ആലപ്പുഴ: മാരാരിക്കുളത്ത് ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി 31 ന് പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിര്ദേശിച്ചു.
2010 ഓഗസ്റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടീച്ചറുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി ടീച്ചർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.
അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ സ്നേഹപൂർവം വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്ത് മുളകുപൊടി വിതറി, പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വർണവളകളും മാലയും കവർന്നു. ഈ ആഭരണങ്ങൾ പണയം വെച്ച് പ്രതി മോതിരവും വസ്ത്രങ്ങളും വാങ്ങി. തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ് പരത്തി പോലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.
വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ വി. കെ. കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസ് അന്വേഷണം നടത്തി. 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സിബിസി ഐഡി ഇൻസ്പെക്ടർ എ. നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവർ ഹാജരായി.
National
ലക്നോ: ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കോളജ് അധ്യാപകനെ യാതൊരു മുന്നറിയിപ്പുമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി പരാതി. ഉത്തർപ്രദേശിലെ ബറേലി ഗാന്ന ഉത്പദക് പി.ജി കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. മോഹിത് ഭരദ്വാജ് (32) ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് പിന്തുണയറിയിച്ചുകൊണ്ട് ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത ശേഷം ജൂലൈ 20-ന് അദ്ദേഹം കോളേജിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ കോളേജിൽ എത്തിയ ഉടൻ പ്രിൻസിപ്പൽ അദ്ദേഹത്തെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ജോലിയിൽനിന്ന് പുറത്താക്കിയതായി അറിയിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കാരണം കാണിക്കൽ നോട്ടീസോ മറ്റ് നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് മാനേജ്മെന്റിന്റെ ഈ നടപടി. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മോശം പെരുമാറ്റമോ ചട്ടലംഘനങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഡോ. മോഹിത് വ്യക്തമാക്കി. തുടർച്ചയായ പരാതികളെ തുടർന്നാണ് പിരിച്ചുവിടുന്നതെന്നാണ് കോളജ് അധികൃതർ അറിയിച്ചതെങ്കിലും, കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ തനിക്കെതിരെ ഒരൊറ്റ പരാതിപോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
വാരാണസി: പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. വാരാണസിയിലെ പാണ്ഡെയ്പുരിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം..
പ്രീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ കുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും അധ്യാപിക അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടി പാന്റിലൂടെ മൂത്രമൊഴിച്ചു.
ഇതിനു പിന്നാലെ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച അധ്യാപിക കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ അധ്യാപിക അടിച്ചെന്നും തെറ്റ് ആവർത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
കുഞ്ഞ് വീട്ടിലെത്തിയ ശേഷം സംഭവിച്ച കാര്യം അറിയിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുത്തു.
Kerala
കൊച്ചി: 2004 മുതല് തുടര്ച്ചയായി സേവനമനുഷ്ഠിക്കുന്ന കോളജ് അധ്യാപികയുടെ സര്വീസ് ക്രമപ്പെടുത്താന് ഹൈക്കോടതി ഉത്തരവ്. കൊല്ലം എസ്എന് കോളജിലെ കംപ്യൂട്ടര് ആപ്ലിക്കേഷന്സ് അധ്യാപികയായ സുകി പി. രാജിന്റെ 22 വര്ഷത്തെ സേവനം ക്രമപ്പെടുത്താനാണു ജസ്റ്റീസ് ഹരിശങ്കര് വി. മേനോന്റെ ഉത്തരവ്. ക്രമപ്പെടുത്തല് ആവശ്യം സര്ക്കാര് തള്ളിയതിനെ തുടര്ന്ന് അധ്യാപിക നല്കിയ ഹര്ജിയാണ് കോടതി പരിഗണിച്ചത്.
പ്രീഡിഗ്രി വേര്പ്പെടുത്തിയതിനെത്തുടര്ന്ന് ആര്ട്സ് ആന്ഡ് സയന്സ് കോളജുകളില് അധികം വന്ന അധ്യാപകരെ ഉള്പ്പെടുത്താന് 1998ല് 440 പുതിയ കോഴ്സുകള്ക്കു സര്ക്കാര് അനുമതി നല്കിയിരുന്നു.
സര്ക്കാര് സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന നിബന്ധനയോടെയായിരുന്നു ഇത്.
2010ല് വിവിധ എയ്ഡഡ് കോളജുകളില് സോപാധിക അനുമതിയോടെ പ്രവര്ത്തിക്കുന്ന കോഴ്സുകളില് പഠിപ്പിക്കുന്നവരെ ഉള്പ്പെടെ ഉള്ക്കൊള്ളിക്കാന് ആയിരത്തിലേറെ അധ്യാപക തസ്തികകളും അനുവദിച്ചു.
ഇക്കൂട്ടത്തില് കംപ്യൂട്ടര് സയന്സിന് പകരം ഫിസിക്സില് ആണ് തസ്തിക അനുവദിച്ചത്. സര്ക്കാര് പിന്നീട് അതു തിരുത്തിയിട്ടും ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളിയതിനെ തുടര്ന്നായിരുന്നു ഹര്ജി.
അധ്യാപികയെ നിയമിക്കുകയല്ല, നിയോഗിക്കുകയാണു ചെയ്തതെന്നും നെറ്റ് യോഗ്യത ഇല്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എൻജിനിയറിംഗ് കോളജിൽ സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ പ്രതിപ്പട്ടികയിലുള്ള അധ്യാപകന് ആയുഷ്കാല വിലക്ക്.
ശിവാലിക് എൻജിനിയറിംഗ് കോളജ് അധ്യാപകൻ ആശിഷ് കുമാർ ഗുപ്തയെയാണ് വീർ മധോ സിംഗ് ഭണ്ഡാരി ഉത്തരാഖണ്ഡ് സാങ്കേതിക സർവകലാശാലാ (യുടിയു) അധ്യാപകവൃത്തിയിൽ വിലക്കിയത്. ഗുപ്തയെ സർവീസിൽ നിന്ന് പുറത്താക്കിയതായി കോളജ് അധികൃതരും പറഞ്ഞു.
ചോദ്യപേപ്പർ തയാറാക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആശിഷ് കുമാർ ഗുപ്ത ഇവ വാട്സ്ആപ്പിലൂടെയും കോളജിലെ വിദ്യാർഥികൾക്കു മാത്രമായ പോർട്ടലിലൂടെയും ചോർത്തി നൽകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കർക്കശ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ധൻ സിംഗ് റാവത് വ്യക്തമാക്കി.
Kerala
കോഴിക്കോട്: വടകരയില് ലഹരി വില്പ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക അറസ്റ്റില്. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് പിടിയിലായത്.
ലക്ഷക്കണക്കിന് രൂപയാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ടില് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് വടകരയില് കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപികയും പിടിയിലായിരുന്നു. കീര്ത്തന എന്ന അധ്യാപികയാണ് പിടിയിലായിരുന്നത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സഹപ്രവര്ത്തകയായ കാവ്യയുടെ പങ്കും പുറത്തുവരുന്നത്. ലഹരി ഇടപാടില് ഇവര് നേരിട്ട് ബന്ധപ്പെട്ടിട്ടില്ല പകരം അക്കൗണ്ട് ഉപയോഗിച്ച് പണമിടപാടുകള് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കാവ്യയുടേയും കീര്ത്തനയുടേയും അക്കൗണ്ടുകളിലേക്ക് ലഹരി ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയാണ് എത്തിയിരിക്കുന്നത്. കാവ്യയെ പോലീസ് കൂടുതല് ചോദ്യം ചെയ്ത് വരികയാണ്.
Kerala
കോഴിക്കോട്: അധ്യാപികമാരെ ഇടനിലക്കാരാക്കി നടത്തിയ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയാണ് പിടിയിലായത്.
മയക്കുമരുന്ന് വാങ്ങിയവരിൽ നിന്ന് പണം എത്തിയത് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ മരുതോങ്കര സ്വദേശിനിയായ മറ്റൊരു ബിആർസിയിലെ അധ്യാപികയായ കെ.സി. കീർത്തനയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
തൃശൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായി. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീട്ടിൽ ട്യൂഷനെത്തിയിരുന്ന കുട്ടികൾക്ക് നേരെയാണ് നൗഷാദ് അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.
തുടർന്ന് രക്ഷിതാക്കൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
National
ചണ്ഡീഗഢ്: ഹരിയാനയിലെ സിർസയിൽ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകന് പത്താം ക്ലാസ് വിദ്യാർഥിയുടെ കുത്തേറ്റു. സുനിൽ ബിരാത്ത് എന്ന അധ്യാപകനെയാണ് പത്താം ക്ലാസുകാരൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കഴുത്തിൽ പലതവണ കുത്തിയത്. ആക്രമണത്തിന് ശേഷം വിദ്യാർഥി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ക്ലാസ് മുറിയിൽ ഹോംവർക്ക് പരിശോധിച്ചുകൊണ്ടിരുന്ന സുനിലിനെ വിദ്യാർഥി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്കൂളിലെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ പ്രധാനാധ്യാപകൻ കത്തിയുമായി എത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനാണ് ആയുധങ്ങൾ കരുതിയതെന്നാണ് അധ്യാപികയുടെ വിശദീകരണം. പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് അധ്യാപിക ആരോപിക്കുന്നു. ആക്രമിക്കാൻ വരുന്ന നായ്ക്കളെ തുരത്താൻ മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും, ആരെയും ഉപദ്രവിക്കാനല്ല ഇതെന്നും അവർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം, സ്കൂളുകളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
District News
പയ്യന്നൂര്: പിഎംശ്രീ എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉത്തര്പ്രദേശ് മുസാഫര്നഗര് സ്വദേശി ലോകേഷ് കുമാറിന്റെ മകള് സുരഭിപാലിന്റെ (29) മരണം സംബന്ധിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മാര്ച്ച് 10ന് രാത്രി ഒന്പതരയോടെയാണ് കേന്ദ്രീയ വിദ്യാലയം എല്പി വിഭാഗം അധ്യാപികയായ യുവതിയെ സ്കൂളിന് സമീപത്തുള്ള ക്വാട്ടേര്സില് തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പയ്യന്നൂര് പോലീസ് അന്വേഷണം നടത്തിവന്നത്. അധ്യാപകികയുടെ സഹോദരന്റെ പരാതി പ്രകാരണാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അനില്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
District News
കണ്ണൂര്: അധ്യയന വർഷം ആരംഭിച്ചിട്ട് ഒന്നരമാസമാകാനിരിക്കുന്പോഴും ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ 200 അധ്യാപക തസ്തികൾ ഒഴിഞ്ഞു കിടക്കുന്നു. എല്പി, യുപി, ഹൈസ്ക്കൂള് വിഭാഗങ്ങളിലായാണ് അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്. എല്പി വിഭാഗത്തില് 27ഉം യുപി വിഭാഗത്തില് 35ഉം ഹൈസ്ക്കൂള് വിഭാഗത്തില് 138 അധ്യാപകരുടെയും ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഒഴിവുകള് പിഎസിക്ക് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതർ പറയുന്നത്. ഒഴിവുകൾ നികത്താനുള്ള നടപടികളില്ലാത്തത് അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതേസമയം 2026-27 വര്ഷത്തെ തസ്തികനിര്ണയ നടപടികള് പൂര്ത്തിയാക്കിയ ശേഷം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ മറ്റിടങ്ങളിൽ പുനക്രമീകരിച്ച ശേഷമേ ഒഴിവുകൾ നികത്താനുള്ള നടപടികൾ പിഎസ്സി ആരംഭിക്കുകയുള്ളൂ. അപ്പോഴേക്കും അധ്യയന ദിവസങ്ങൾ ഏറെ കഴിയുകയും ചെയ്യും.
ഇതിനിടെ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിച്ചത് സ്കൂൾ മേഖലയിലാകെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവില് സ്കൂളുകളിലെ 70 ശതമാനം അധ്യാപകരെയും സെന്സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലയില് 1290 പൊതുവിദ്യാലയങ്ങളില് 17000 അധ്യാപകരുണ്ടെന്നാണ് കണക്ക്. ജില്ലയിലാകെ 560 സര്ക്കാര് വിദ്യാലയങ്ങളും 730 എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. ഇവരില് താത്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിര്ത്തിയാല് 4000 പേര് സെന്സസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മിക്ക വിദ്യാലയത്തില് നിന്നും ശരാശരി അഞ്ച് അധ്യാപകരെയെങ്കിലും എന്യൂമറേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്. സ്കൂൾ സമയം കഴിഞ്ഞ് സെന്സസ് ഡ്യൂട്ടി നിര്വഹിച്ചാല് മതിയെന്നാണ് സര്ക്കാര് നിർദേശം.
എന്നാൽ അത്തരത്തിൽ സെൻസ് ജോലി ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാവില്ലെന്ന് പറഞ്ഞ് പലരും അവധിയെടുത്താണ് സെൻസസ് ജോലി ചെയ്യുന്നത്. ഓണപ്പരീക്ഷയ്ക്ക് കൂടുതല് സമയമില്ലെന്നിരിക്കെ പാഠഭാഗങ്ങൾ തീർക്കാനാവാത്ത അവസ്ഥയാണ് അക്കാദമിക് രംഗം നേരിടുന്നത്. അധ്യാപക ക്ഷാമം കാരണം എൽപി, യുപി വിഭാഗങ്ങളിൽ ഒരധ്യാപകൻ തന്നെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ്. ഒരു ദിവസം തന്നെ ആറ് പിരിയഡുകൾ വരെ ഇത്തരത്തിൽ പഠിപ്പിക്കേണ്ടി വരുന്നതായി അധ്യാപകർ പറയുന്നു.
Kerala
മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാഥിനിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി.
വടകര സ്വദേശി ബൽരാജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
ചവറ: മലയാള നാടകരംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും ഗാനരചയിതാവും നിര്മാതാവുമായ ചവറ തേവലക്കര തൂലികയില് ടി. കെ. ഗോപിനാഥക്കുറുപ്പ് എന്ന ബേബി കുട്ടന് തൂലിക(80) അന്തരിച്ചു.
സംസ്കാരം ഇന്ന് മൂന്നിന് തേവലക്കരയിലെ വീട്ടുവളപ്പില്. തൂലിക എന്ന നാമത്തില് നാടക ഗ്രൂപ്പ് ഉണ്ടായിരുന്ന ബേബികുട്ടൻ വിദേശ രാജ്യങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.
തകഴി ശിവശങ്കരപ്പിള്ളയുടെ "ചെമ്മീന്' നോവല് നേരിട്ട് കൈപ്പറ്റി, അദ്ദേഹത്തിന്റെ സാന്നിധ്യത്തില് നാടകമാക്കി ആദ്യമായി അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത നാടകസമിതികള്ക്കായി എഴുപതിലധികം നാടകങ്ങള് രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംസ്ഥാന പ്രൊഫഷണല് നാടക അവാര്ഡ്, ഗാന്ധിഭവന് കലാപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കള്: രാജേഷ് ജി, രഞ്ജിഷ് ടി. ജി, ശ്രീലക്ഷ്മി. മരുമക്കള് : മധുശ്രീ, അഞ്ജു, ശ്രീഹരി.
Kerala
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
National
ബംഗളൂരു: കർണാടകയിലെ അനേകലിൽ സ്കൂളിൽനിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
മോഷണത്തിൽ തനിക്കെതിരേ തെറ്റായ ആരോപണമുന്നയിച്ചതും അധ്യാപകർ അപമാനിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. സ്കൂളിൽനിന്ന് ഒരിക്കൽ 20 രൂപയും 10 രൂപയും മോഷണംപോയ സംഭവമുണ്ടായി. ഇതിൽ അധ്യാപകർ തനിക്കെതിരേയാണ് ആരോപണമുന്നയിച്ചത്. അധ്യാപകർ തന്നെ വഴക്ക് പറഞ്ഞു. അധ്യാപകരുടെ അപമാനം താങ്ങാനാകാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.
തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. തന്റെ മരണത്തിൽ അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകനെതിരെ കേസ്. സംഭവത്തിൽ പ്രൈമറി സ്കൂൾ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കുട്ടികളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ച് ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെയും മറ്റു വിദ്യാർഥികളുടെയും മൊഴികൾ രേഖപ്പെടുത്തി. പ്രതിയായ അധ്യാപകനെതിരെ കേസെടത്ത് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഒമ്പതുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ മദ്രസ അധ്യാപകന്റെ 20 വര്ഷത്തെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. കുന്നംകുളം പോക്സോ കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതി റഷീദ് നല്കിയ അപ്പീല് തള്ളിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഹര്ജിക്കാരനെതിരേ തെളിവുകളുണ്ടെന്നും ഇരയുടെ മൊഴി വിശ്വസനീയമാണെന്നും വിലയിരുത്തിയാണ് പോക്സോ കോടതിയുടെ ശിക്ഷാവിധി സിംഗിള് ബെഞ്ച് ശരിവച്ചത്. 2020 ഓഗസ്റ്റ് 25ന് പ്രതിയുടെ താമസസ്ഥലത്ത് ഓണ്ലൈന് ക്ലാസുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില് പാവറട്ടി പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്.
Kerala
കോട്ടയം: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് റോണി കെ. ബേബി എംഎൽഎ.
അദ്ദേഹം അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നെന്ന് എംഎൽഎ പറയുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
കലാകാരന്റെ ഉള്ളിലെ രാഷ്ട്രീയ ബോധത്തെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്റെ രാഷ്ട്രീയ വഴിയെ പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തിയതിൽ അഭിമാനം, സന്തോഷം.
ഡിബി കോളജിലെ താത്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചതു വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബിഎ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എംഎൽഎ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്റെ സബ്സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്.
കോളജിലെ കെഎസ്യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്റെ കോട്ടയിൽനിന്നു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു
അന്നൊരിക്കൽ കെഎസ്യു സമരകാലത്തു സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും ബിനിമോൻ തന്നോടു പരിഭവം പറയാറുണ്ടെന്നും റോണി കെ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.
Leader Page
കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിന് ലോകത്താകമാനം രണ്ടു രീതികളാണ് പിന്തുടരുന്നത്. രക്ഷിതാക്കൾ അല്ലെങ്കിൽ അധ്യാപകരിലൂടെയുള്ള നന്നാക്കൽ. ‘Teachers are first’ എന്നു രക്ഷിതാക്കളും ‘Parents are first’ എന്ന് അധ്യാപകരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ, അതു ശരിയല്ല എന്നാണ് എന്റെ അനുമാനം. കേരളത്തിലെ സ്ഥിതിയെടുത്തുനോക്കിയാൽ രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്നതിനു പുറമേ ടീച്ചർമാർ ചെയ്യേണ്ട കാര്യങ്ങൾക്കു പലതിനും അവർ തടസം നില്ക്കുന്നതായും കാണാം.
അതുകൊണ്ട്, പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ താഴെ പറയുന്ന കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം:
1. മൊബൈൽ ഉപയോഗം: കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഒരു കാരണം അക്കാര്യത്തിലെ മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ്. ജെൻസി കുട്ടികളേക്കാൾ അവരുടെ മാതാപിതാക്കളാണ് മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതെന്ന് അടുത്തിടെ ഒരു സർവേയിൽ വെളിപ്പെടുകയുണ്ടായി. സ്വന്തം ഉപയോഗം നിറുത്തിയ ശേഷമാവണം കുട്ടികൾ ഒന്നര, രണ്ടു മണിക്കൂർ ഗെയിം കളിക്കുന്നതും റീൽസ് കാണുന്നതും വിലക്കേണ്ടത്. കേട്ടല്ല, കണ്ടാണ് കുട്ടികൾ പലതും പഠിക്കുന്നത്, പ്രത്യേകിച്ചും മാതാപിതാക്കളിൽനിന്ന്.
2. ലഹരിവസ്തുക്കളുടെ ഉപയോഗം: കുട്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടോ, ഓൺലൈൻ വഴി വാങ്ങുന്നുണ്ടോ, സുഹൃത്തുക്കൾ, അയൽവാസികൾ വഴി കുട്ടി അതിലേക്ക് എത്തിപ്പെടുന്നുണ്ടോ, ഇത്തരം സാധനങ്ങൾ വില്ക്കുന്നവരുമായി കുട്ടിക്കു ബന്ധമുണ്ടോ, തങ്ങളറിയാതെ കുട്ടിയുടെ കൈയിൽ പണം വരുന്നുണ്ടോ എന്നതൊക്കെ നിർബന്ധമായും രക്ഷിതാവ് അറിയണം. സ്കൂളിന്റെ പരിസരത്തുള്ള കടകളിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്ന വിവരം കുട്ടികൾ അധ്യാപകരോടോ പിടിഎയോടോ പറയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ കുട്ടികളെ രക്ഷപ്പെടുത്താനാകും.
3. അധ്യാപകരുടെയും പിടിഎയുടെയും സ്വാതന്ത്ര്യം: വിദ്യാലയങ്ങളിൽ അധ്യാപകർക്കും പിടിഎയ്ക്കും മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം. അധ്യാപകർ നല്കുന്ന കൃത്യമായ അച്ചടക്കത്തിലൂടെ കുട്ടികളുടെ ലഹരി ഉപയോഗ നിയന്ത്രണം സാധ്യമാണ്. ക്ലാസ് മുറികളിലോ ടോയ്ലെറ്റിലോ കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതു കണ്ടാൽ കുട്ടികളെ ചെറിയ രീതിയിൽ ശിക്ഷിക്കുകയോ ശാസിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നതിന് അധ്യാപകർക്ക് സ്വാതന്ത്ര്യം നല്കണം. മക്കളെ ഒന്നും ചെയ്യരുത്, അവർ ഒരു കുറ്റവും ചെയ്യാത്തവരാണ് എന്നൊക്കെ മാതാപിതാക്കൾ ധരിക്കരുത്. പിടിഎ അതിനെ പിന്തുണയ്ക്കുകയും ചെയ്യരുത്. ഇക്കാര്യത്തിൽ അധ്യാപകർ മാനസിക പീഡനം നേരിടുന്നത് സാധാരണ കാഴ്ചയായിരിക്കുന്നു. സർക്കാർതന്നെ പറയുന്നത് സ്കൂളിൽ നിർബന്ധമായും അച്ചടക്കം വേണമെന്നും അതിനായി അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്നുമാണ്.
4. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം: കേരളത്തിലെ ധാരാളം കുട്ടികൾ ഒന്നുകിൽ ഭാരം വളരെ കൂടിയവരോ അല്ലെങ്കിൽ തീരെ കുറഞ്ഞവരോ ആണ്. അതിന്റെ പ്രധാന കാരണം അവർക്ക് കളികളില്ല എന്നതുതന്നെ. സ്കൂളുകളിലെ കായികമായ കാര്യങ്ങളിൽ ഏർപ്പെടാൻ രക്ഷിതാക്കൾ കുട്ടികളെ നിർബന്ധിക്കണം. വീട്ടിലെത്തുന്ന കുട്ടികൾക്ക് അവരുടെ താത്പര്യമനുസരിച്ചുള്ള കളികളിൽ - ക്രിക്കറ്റോ ഫുട്ബോളോ സൈക്ലിംഗോ എന്തോ ആയിക്കോട്ടെ - പങ്കെടുക്കുന്നതിനും ഒന്നോ രണ്ടോ മണിക്കൂർ സൗകര്യമുണ്ടാക്കിക്കൊടുക്കണം. കുട്ടിയുടെ മാനസിക സമ്മർദം കുറയുന്നതിനും ഡോപമിന്റെ അളവ് വർധിച്ച് നല്ല ഉന്മേഷം ലഭിക്കുന്നതിനും അതു കാരണമാവും. ഡോപമിന്റെ അളവ് ക്രമപ്പെടുന്നത് നിർണായകമാണ്. അളവു കുറയുന്ന സാഹചര്യത്തിൽ കുട്ടികൾ മയക്കുമരുന്ന് ഉപയോഗത്തിലേക്കു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്, പഠനവും കളിയും സ്പോർട്സുമൊക്കെ കുട്ടികൾക്കായി തെരഞ്ഞെടുക്കുമ്പോൾ അവരുടെ താത്പര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിനല്ല എന്ന് മനസിലാക്കണം. മാത്രമല്ല, എ പ്ലസ് പോലെയുള്ള താത്കാലിക സന്തോഷങ്ങൾക്കുവേണ്ടി കുട്ടികളിൽ സമ്മർദം കൂട്ടിയാൽ അവർ ലഹരിവസ്തുക്കളിലേക്കോ മൊബൈലിലേക്കോ ചേക്കേറാനോ അല്ലെങ്കിൽ നാടുവിട്ടുപോകാനോ, ആത്മഹത്യ ചെയ്യാനോ സാധ്യതയുണ്ട് എന്നുകൂടി മനസിലാക്കണം.
5. കുട്ടികളുമായുള്ള സംവാദവും സംഭാഷണവും: സ്കൂളിൽനിന്ന് എത്തിച്ചേരുന്ന കുട്ടിയോട് സമാധാനപരമായും സന്തോഷത്തോടെയും സംസാരിക്കണം. അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കുന്നതിന് ഇത്തരം ഡൈനിംഗ് ടേബിൾ സംസാരങ്ങൾ ഉപകരിക്കും. വീടുകളിൽ ഇത്തരം സംഭാഷണങ്ങൾ തീരെയുണ്ടാവുന്നില്ല എന്ന് രക്ഷിതാക്കൾ തന്നെ സമ്മതിക്കുന്നു. 24 മണിക്കൂറിൽ ആകെ സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം! അത് രണ്ടു കൂട്ടർക്കും നല്ലതല്ല. പരസ്പരമുള്ള വർത്തമാനം രക്ഷിതാക്കളുടെയും കുട്ടികളുടെയും സ്ട്രസ് ലെവൽ കുറയ്ക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളും ബോഡി ഷെയിമിംഗും ജാത്യധിക്ഷേപങ്ങളും അതിൽനിന്നുണ്ടാകുന്ന സമ്മർദവുമൊക്കെ തുറന്നുപറയാൻ അവർക്ക് അവസരവും വേണ്ടേ?
6. ലൈംഗിക വിദ്യാഭ്യാസം: അമേരിക്കയിൽ മൂന്നു വയസ് മുതൽ ജെൻഡർ എഡ്യുക്കേഷൻ നല്കിത്തുടങ്ങുകയും ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ തുടങ്ങിയവ എന്തെന്നു മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്ത് പ്ലസ് ടുവിന് പോലും ഇതൊക്കെയുണ്ടോ എന്നു സംശയം. പ്രായപൂർത്തിയായ ആൺകുട്ടികളോടും പെൺകുട്ടികളോടും അവരുടെ ശാരീരിക വളർച്ചയെപ്പറ്റിയും മാറ്റങ്ങളെപ്പറ്റിയും അതത് അധ്യാപകർ പറഞ്ഞു മനസിലാക്കണം. ഇപ്പോൾ ചില സ്കൂളുകളിൽ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ കൗതുകങ്ങളുണ്ടാവുകയും അത് കുറ്റകൃതൃത്തിന് വഴിവയ്ക്കുകയും ചെയ്യും.
മുതിർന്നവർ ഇപ്പോൾ സ്വന്തം ലോകത്തു മാത്രം സഞ്ചരിക്കുന്നവരായി മാറി. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലാതായിരിക്കുന്നു. നമ്മുടെ കുട്ടികളെ നേർവഴിയിലേക്കു കൊണ്ടുവരാൻ നമ്മൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. അല്ലാതെ മറ്റൊരാളെ ഏല്പിക്കലല്ല. അതുകൊണ്ട് കുട്ടികൾക്കുവേണ്ടി നമ്മൾ കൂടുതൽ സമയം കണ്ടെത്തിയേ മതിയാവൂ.
Kerala
തൃശൂർ: കേരള കലാമണ്ഡലം അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരി ആർ. നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനാണ് ഹരി. പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ അഞ്ജലി സ്കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്.
ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
Kerala
കോല്ക്കത്ത: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്ന് പശ്ചിമബംഗാൾ ആരോഗ്യവകുപ്പ്. ഒട്ടേറെ മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയിലാണ്.
പാരസെറ്റാമോൾ ഗുളിക, 100 എംഎൽ സലൈൻ വാട്ടർ, ഒആർഎസ് ലായനി, ഡിസ്പോസിബിൾ സിറിഞ്ചുകൾ തുടങ്ങിയവ ലഭ്യമല്ലാത്ത അവസ്ഥയാണ്.
മരുന്നുകളിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാത്തതാണ് ക്ഷാമത്തിനു കാരണമെന്നു പറയപ്പെടുന്നു. പാക്കിംഗ് വസ്തുക്കളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഇന്ധനനിരക്ക് വർധനയെത്തുടർന്ന് വിമാനക്കൂലി വർധിച്ചതും പ്രശ്നമാണ്. സർക്കാർ സംവിധാനത്തിലൂടെ അല്ലാതെ അവശ്യമരുന്നുകൾ സംഭരിക്കാൻ അധികൃതർ ആശുപത്രികൾക്കു നിർദേശം നൽകിയിരിക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ പൂനയിൽ ഒരു കോളജ് അധ്യാപികകൂടി അറസ്റ്റിൽ.
പരീക്ഷയുടെ ഫിസിക്സ് പേപ്പർ ചോർത്തി തെരഞ്ഞെടുക്കപ്പെട്ട ഒരുസംഘം വിദ്യാർഥികൾക്കു കൈമാറിയെന്നു കണ്ടെത്തിയതിനാലാണ് മനീഷ സഞ്ജയ് ഹവൽദാർ എന്ന ലക്ചറെ അറസ്റ്റ് ചെയ്തത്.
പൂന സേത് ഹിരാലാൽ സരഫ് പ്രസാലയിലെ അധ്യാപികയായിരുന്നു അവർ. എൻടിഎ നിയോഗിച്ച വിദഗ്ധസംഘത്തിലെ അംഗമായ ഇവർ ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങൾ പൂർണമായും കണ്ടിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് മറ്റൊരു പ്രതി മനിഷ മന്ധാരെയ്ക്ക് ചോദ്യങ്ങൾ ഇവർ കൈമാറിയത്. ബോട്ടണി അധ്യാപികയായ മനീഷയെ കഴിഞ്ഞ 16ന് പൂനയിൽനിന്ന് സിബിഐ പിടികൂടിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ ഒട്ടേറെ വിവരങ്ങൾ കണ്ടെത്തിയതായി സിബിഐ അറിയിച്ചു. രഹസ്യരേഖകൾ, ലാപ്ടോപ്, ബാങ്ക് ഇടപാടിന്റെ വിവരങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഇതിൽ ഉൾപ്പെടും.
ഡൽഹി, ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂന, ലാത്തൂർ, അഹല്യനഗർ എന്നിവിടങ്ങളിൽനിന്നായി ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു.
ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് കഴിഞ്ഞ മൂന്നാംതീയതി നടത്തിയ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയിരുന്നു. പകരം അടുത്തമാസം 21 നു വീണ്ടും പരീക്ഷ നടത്താനാണു തീരുമാനം.
University News
തേഞ്ഞിപ്പലം: മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, ബിഎസ്സി - എഐ പ്രോഗ്രാമുകളിലായി മലയാളം, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് മണിക്കൂറടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപ ഒഴിവുണ്ട്. യോഗ്യരായവർ മേയ് 25ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംബിഎ ( ഐഎഫ്, എച്ച്സിഎം) ജനുവരി 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
National
ന്യൂഡൽഹി: നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി.
ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വച്ച് മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ.
ഏപ്രിലിൽ, നേരത്തെ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി അവർ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുകയും തന്റെ വീട്ടിൽ വച്ച് വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.
സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഇവർ ഉദ്യോഗാർഥികൾക്ക് പറഞ്ഞു നൽകിയതായി സിബിഐ പറഞ്ഞു. മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ യഥാർഥ ചോദ്യങ്ങളുമായി മിക്ക ചോദ്യങ്ങളും ഒത്തുനോക്കിയതായി അന്വേഷണ ഏജൻസി പറഞ്ഞു.
സിബിഐ, രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
കേസിൽ ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൂനെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
Kerala
കാസർഗോഡ്: കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്.
ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നാണ് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് കടന്നൽ കുത്തേറ്റത്. മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകളാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉടൻ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിജയൻ മാസ്റ്റർ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. അവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല.
Kerala
വയനാട്: പിക്ക്അപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി സ്വദേശി ജിലി വിൽസൺ(49) ആണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് സംഭവം.
പള്ളിയിലേക്ക് പോകുവാനായി കാർ വീട്ടിൽനിന്നും പ്രധാനറോഡിലേക്ക് ഇറക്കുന്നതിനിടെ ബത്തേരി ഭാഗത്ത് നിന്നും വന്ന പിക്ക്അപ്പ് ജീപ്പ് കാറിന് സമീപത്ത് നിൽക്കുകയായിരുന്ന ജിലിയെ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ജിലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിൽ. കോളിയാടി യുപി സ്കൂൾ അധ്യാപികയാണ് ജിലി.
Kerala
തിരുവനന്തപുരം: സമൂഹത്തെ ചിന്തിക്കാൻ പഠിപ്പിച്ച അധ്യാപകനെയാണ് നാരായണ ഗുരുകുലം അധ്യക്ഷൻ മുനിനാരായണ പ്രസാദിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ശ്രീനാരായണ ഗുരു സന്ദേശങ്ങളുടെ പ്രചാരണം, ഗുരുവിന്റെ സാഹിത്യ കൃതികളുടെ അപഗ്രഥനം, ഹൃദ്യമായ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ലളിതമായ ഭാഷയിൽ ഗഹനമായ തത്ത്വചിന്തകൾ പങ്കുവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വാക്കിലും പ്രവൃത്തിയിലും മനുഷ്യസ്നേഹവും സമത്വബോധവും നിറച്ച അദ്ദേഹം, അനേകം മനുഷ്യരുടെ ചിന്തകളെ സ്വാധീനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Kerala
നാദാപുരം: വളയം ചെറുമോത്ത് അങ്കണവാടി അധ്യാപികയ്ക്ക് സൂര്യാതപമേറ്റു. വളയം മഞ്ചാന്തറയിലെ പൊയിലുപറമ്പത്ത് എൻ.പി. അനില (40) യ്ക്കാണ് പൊള്ളലേറ്റത്. തൂണേരി ബ്ലോക്കിന് കീഴിൽ 157-ാം നമ്പർ അങ്കണവാടി അധ്യാപികയാണ് ഇവർ. വീട്ടിൽനിന്ന് അങ്കണവാടിയിൽ എത്തിയ ഉടൻ കഠിനമായ ക്ഷീണവും ശരീരമാസകലം നീറ്റലും അനുഭവപ്പെടുകയും വലത് കൈയിലെ ചർമം പൊള്ളലേറ്റ് കറുത്ത പാട് രൂപപ്പെടുകയും ചെയ്തു.
ക്ഷീണം കനത്തതോടെ അധ്യാപിക വളയം ഗവ. ആശുപത്രിയിൽ ചികിത്സ
തേടി. രണ്ട് ദിവസം മുമ്പ് തൂണേരിഅങ്കണവാടി ഹെൽപ്പർക്ക് കഴുത്തിന്
പിൻവശത്തും കൈയിലും സാരമായി സൂര്യാതപമേറ്റിരുന്നു.
Kerala
പാങ്ങ്: ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്കൊപ്പം യാത്രകളിലെല്ലാം ഭാര്യ റുഖിയയുമുണ്ടായിരുന്നു. ഒടുവിൽ ഇരുവരുടെയും അന്ത്യയാത്രയും ഒരുമിച്ചായി. പാങ്ങ് പള്ളിപ്പറന്പ് ജിഎൽപി സ്കൂളിൽ ദീർഘകാലമായി അധ്യാപകനാണ് കാരാരിത്തൊടി അബ്ദുൾ മജീദ്.
യാത്രകളും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്ന മജീദ് മാസ്റ്റർക്ക് കാഴ്പപരിമിതി ഒന്നിനും തടസമായിരുന്നില്ല. യാത്രകളിൽ അദ്ദേഹത്തെ കൈപിടിച്ചു നടത്തിയിരുന്നത് ഭാര്യ റുഖിയയായിരുന്നു.
എങ്ങോട്ടുപോകുന്പോഴും സഹായിയായി ഭാര്യയെ മാസ്റ്റർ കൂടെ കൂട്ടുമായിരുന്നു. കഴിഞ്ഞ അവധിക്കും സ്കൂളിലെ അധ്യാപകർ ഒരുമിച്ച് യാത്ര പോയിരുന്നു. നന്നായി ക്ലാസെടുക്കുന്ന മജീദ് മാസ്റ്റർ പാട്ടു പഠിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും കുട്ടികളുടെ പ്രിയങ്കരനായിരുന്നു.
കലോത്സവങ്ങൾക്ക് കുട്ടികളെ ഒരുക്കിയിരുന്നതും ഇദ്ദേഹമായിരുന്നു. കാഴ്ചപരിമിതി അധ്യാപനത്തിന് തടസമേ ആയിരുന്നില്ല. ലാപ്ടോപ്പ് ഉപയോഗിച്ചാണ് കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തിരുന്നത്.
ഏതാനും മാസം മുന്പാണ് മജീദ് മാസ്റ്ററും ഭാര്യയും മില്ലുംപടിയിൽ പുതിയ വീടുവച്ച് താമസം തുടങ്ങിയത്. ഇവർക്ക് മക്കളില്ല. പാങ്ങ് ജിയുപിഎസ് അധ്യാപികയായ മാസ്റ്ററുടെ സഹോദരിക്കും ജന്മനാ കാഴ്ചപരിമിതയുണ്ട്.
Kerala
ചെങ്ങന്നൂർ: മാലദ്വീപിൽ വിദ്യാർഥിയുടെ ക്രൂരമായ മർദനത്തിനിരയായ അധ്യാപിക സ്മിത എൻ. പിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയായി വരികയാണെന്നും അടുത്ത ആഴ്ച ആദ്യത്തോടെ സ്മിതയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭർത്താവ് ദീപക് ശശി പറഞ്ഞു.
നിലവിൽ മാലദ്വീപിൽ വേദന സംഹാരികൾ മാത്രമാണ് നൽകുന്നത്. മൂക്കിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റ സ്മിതയുടെ ശസ്ത്രക്രിയ നാട്ടിലെത്തിയ ശേഷം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സംഭവം നടന്നിട്ടും സ്കൂൾ അധികൃതർ വിവരം കുടുംബത്തെ ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. അതേസമയം, ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഇടപെടലിനെത്തുടർന്ന് മാലദ്വീപ് വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നിലവിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും തുടർ നടപടികൾ ഹൈക്കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
മാലദ്വീപിലെ ഗാഫ് ധാൽ അറ്റോൾ സ്കൂളിലെ ലാബിലിരുന്ന് വിദ്യാർഥി സ്ഥിരമായി മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ് അക്രമത്തിന് കാരണം. വീഡിയോ എടുത്ത് പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ തട്ടിപ്പറിച്ചെറിയുകയും മുഖത്ത് പലതവണ ഇടിക്കുകയുമായിരുന്നു. തലയുടെ പിൻഭാഗത്തും മർദനമേറ്റു. മറ്റ് അധ്യാപകർ ഓടിയെത്തിയാണ് വിദ്യാർഥിയുടെ കൈയിൽ നിന്നും സ്മിതയെ രക്ഷപ്പെടുത്തിയത്.
ഈ മാസം 30-ന് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഈ ദുരനുഭവം ഉണ്ടായത്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ വീട്ടിൽ ദീപക് ശശിയുടെ ഭാര്യയാണ് സ്മിത എൻ. പിള്ള.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡിയിൽ അങ്കണവാടി അധ്യാപികയെ അഞ്ച് പേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഭർത്താവ് വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് വസന്തകുമാരിയെയാണ് ഔട്ടി ബന്ദപ്പ, കോത്തഗിരി രാമുലു, ഭൂതല വൈദ്യനാഥ്, ഔട്ടെ സായവ്വ, ചക്കാലി ബാലാമണി എന്നിവർ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്.
അങ്കണവാടിയിലായിരുന്ന വസന്തകുമാരിയെ അഞ്ച് പേരും ചേർന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വസന്തകുമാരിയുടെ ഭർത്താവ് പ്രഭാകർ അയൽവാസികളിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ അത് തിരികെ നൽകിയില്ലെന്നുമാരോപിച്ചാണ് മർദിച്ചത്.
പ്രഭാകരിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വസന്തകുമാരിയെ മർദിച്ചത്. വിവരം അറിഞ്ഞ വസന്തകുമാരിയുടെ കുടുംബം സ്ഥലത്തെത്തിയപ്പോഴാണ് ഇവരെ മോചിപ്പിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഭാകരിന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
National
ബംഗളൂരു: വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച് അധിക്ഷേപിക്കുകയും ക്ലാസിൽ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് ബംഗളൂരുവിലെ ഒരു സ്വകാര്യ സർവകലാശാലയിലെ പ്രഫസർക്കെതിരേ കേസെടുത്തു.
അധ്യാപകൻ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാ ൽ, വിദ്യാർഥിയുടെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരു നെലമംഗലയിൽ മോശമായി പെരുമാറിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുകൊണ്ടടിച്ചു. കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ ഉടമസ്ഥയിലുള്ള സിദ്ധാർഥ മെഡിക്കൽ കോളജിലാണ് സംഭവം.
ക്ലാസിൽ വച്ച് വിദ്യാർഥിനിക്ക് ചോക്ലറ്റുകൾ നൽകി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്ത വിദ്യാർഥിനി പീന്നിട് ചോദ്യം ചെയ്തപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപകൻ പറയുകയും ചെയ്തു.
ഇതിന് പിന്നാലെ ക്ലാസിൽ നിന്നിറങ്ങിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുരി അടിച്ചു. അടിയേറ്റ അധ്യാപകൻ കാറിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ സ്വകാര്യ ബസ് സ്കൂട്ടിയിൽ ഇടിച്ചു അധ്യാപികയ്ക്കു ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക ബാവോട്ടുപാറ മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ (36)യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് സുധീഷിനു പരിക്കേറ്റു. ഒാടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
മാനന്തവാടി: വയനാട്ടിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും ട്രാവലറും കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ സ്റ്റെഫിയുടെ ഭർത്താവ് വിനീതിനും മകൻ ഇയാനും പരിക്കേറ്റിരുന്നു.
National
മുംബൈ: ബൈക്കിന്റെ നമ്പർ പ്ലേറ്റിന് കേടുപാട് വരുത്തിയെന്ന കാരണത്താൽ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അഹമ്മദ്പുരിന് സമീപമുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
അധ്യാപകന്റെ ആക്രമണത്തിൽ 30ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അധ്യാപകൻ ഉജ്വൽ സോണി ആണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.