x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിട്ട. അധ്യാപികയുടെ കൊലപാതകം: അയൽവാസി കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി 31ന്

ആലപ്പുഴ ബ്യൂറോ
Published: July 29, 2026 02:01 PM IST | Updated: July 29, 2026 02:01 PM IST

പ്രതി ഫ്രില്ലി

ആലപ്പുഴ: മാരാരിക്കുളത്ത് ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി 31 ന് പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു.

2010 ഓഗസ്റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടീച്ചറുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി ടീച്ചർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.

അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ സ്നേഹപൂർവം വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്ത് മുളകുപൊടി വിതറി, പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വർണവളകളും മാലയും കവർന്നു. ഈ ആഭരണങ്ങൾ പണയം വെച്ച് പ്രതി മോതിരവും വസ്ത്രങ്ങളും വാങ്ങി. തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ് പരത്തി പോലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.

വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ വി. കെ. കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസ് അന്വേഷണം നടത്തി. 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് സിബിസി ഐഡി ഇൻസ്പെക്ടർ എ. നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവർ ഹാജരായി.

Tags : Teacher Murder Court Neighbour

Recent News

Corehub Up