പ്രതീകാത്മക ചിത്രം
അധ്യാപകൻ നൽകുന്ന പ്രചോദനമാണ് വിദ്യാർഥിയുടെ ജീവിതംതന്നെ മാറ്റിമറിക്കുന്നത്. പ്രിയ അധ്യാപകൻ പ്രഫസർ ആചാരി സാർ തന്ന പ്രചോദനമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
പിറവം മുളങ്കുളം സ്വദേശിയായിരുന്നു പ്രഫ. കെ.കെ. രാജപ്പൻ ആചാരി. വാഴൂർ എസ്വിആർ എൻഎസ്എസ് കോളജിലെ ആക്ടിംഗ് പ്രിൻസിപ്പലും കോമേഴ്സ് വിഭാഗം മേധാവിയും. ഞാൻ കണ്ടതിൽവച്ച് ഏറ്റവും ഉത്തമനായ അധ്യാപകൻ.
തുടർച്ചയായി ഒരു പോള കണ്ണടയ്ക്കാതെ യാതൊരുവിധ റഫറൻസ് ഇല്ലാതെ ഗിന്നസ് അധികൃതരുടെ അതികർശനമായ നിബന്ധനകളെയെല്ലാം പാലിച്ച് നാല് പകലും മൂന്നു രാത്രിയും തുടർച്ചയായി പ്രസംഗിച്ച് പ്രസംഗത്തിനുള്ള ലോക റിക്കാർഡ് ആയ ‘ഗിന്നസ് വേൾഡ് റിക്കാർഡ് ഫോർ സ്പീച്ച്’ കരസ്ഥമാക്കാൻ സാധിച്ചതിന്റെ പിന്നിൽ എന്റെ അധ്യാപകനായിരുന്നു. പത്താം ക്ലാസ് വരെ ഒരിക്കൽപോലും സ്റ്റേജിൽ കയറുകയോ മൈക്ക് കൈകൊണ്ടു തൊടുകയോപോലും ചെയ്യാത്ത എന്നെ ആദ്യമായി സ്റ്റേജിൽ കയറ്റിയത് ആചാരി സാറാണ്.
നാഷണൽ സർവീസ് സ്കീമിന്റെ ദശദിന ക്യാമ്പ് ആണ് വേദി. ഞാനും ക്യാമ്പിലെ ഒരു അംഗമാണ്. ക്യാമ്പിന്റെ നടത്തിപ്പിലേക്ക് വിവിധ കമ്മറ്റികളുണ്ട്. ഫുഡ് കമ്മിറ്റി, ഡിസിപ്ലിൻ കമ്മിറ്റികൾ, വർക്ക് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി തുടങ്ങി പല കമ്മിറ്റികൾ. എല്ലാ കുട്ടികളും ഏതെങ്കിലും കമ്മിറ്റിയിൽ അംഗമായിരിക്കണം. പ്രോഗ്രാം ഓഫീസർ ആയിരുന്ന ആചാരി സാർ എന്നെ ഏൽപ്പിച്ച ചുമതല എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ ആ ദിവസത്തെ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തൽ നടത്തണമെന്നതായിരുന്നു. ഞാൻ ഞെട്ടിപ്പോയി. അപ്പോൾ സാർ സ്നേഹവും ആത്മാർഥതയും കാർക്കശ്യവും എല്ലാം നിറഞ്ഞ സ്വതസിദ്ധമായ ഗൗരവത്തിൽ എന്റെ തോളിൽ രണ്ടടി അടിച്ചിട്ട് പറഞ്ഞു, “എടാ ബിനു, നിനക്ക് സാധിക്കുമെടാ.”
അങ്ങനെ ഞാൻ ആദ്യമായി അന്ന് സ്റ്റേജിൽ കയറി. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ക്യാമ്പാണ്. പലരും പല കുരുത്തക്കേടും കുസൃതിയുമൊക്കെ കാണിക്കുമല്ലോ. ഇതെല്ലാം ഞാൻ സ്റ്റേജിൽ കയറി മൈക്കിന് മുമ്പിൽ പച്ചയ്ക്ക് പേരെടുത്തു പറഞ്ഞു. സരസമായി അവതരിപ്പിച്ചു സ്റ്റേജിൽനിന്ന് ഇറങ്ങിയപാടെ ആൺകുട്ടികൾ പിടിച്ച് നല്ല ഇടി തന്നു. പെൺകുട്ടികൾ കരയാനും തുടങ്ങി. കുറെ ഇടി കിട്ടിയാലും പെൺകുട്ടികൾ ഇരുന്നു കരഞ്ഞാലും ഒരു കാര്യം എനിക്ക് മനസിലായി. ഞാൻ പറയുന്ന കാര്യങ്ങൾ എറിക്കുന്നുണ്ട് എന്ന്.
ഈ ക്യാമ്പിലെ 10 ദിവസം കൊണ്ട് മൈക്ക് എന്റെ അടുത്ത സുഹൃത്തായി മാറി. പിന്നെ സ്റ്റേജ് കിട്ടാത്ത കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നിരവധി വർഷത്തെ കഠിനപരിശ്രമത്തിനൊടുവിൽ 2017 സെപ്റ്റംബർ അഞ്ചിനു (അധ്യാപകദിനം) രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച പ്രസംഗം സെപ്റ്റംബർ എട്ടാം തീയതി രണ്ടുമണി വരെ നീണ്ടു. തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് റിക്കാർഡ്!
ഇത് എന്റെ മിടുക്കല്ല. കാരണക്കാരൻ എന്റെ അധ്യാപകനാണ്. എനിക്ക് ലഭിച്ച ലോകറിക്കാർഡ് ഈ അധ്യാപകദിനത്തിൽ എന്റെ പ്രിയ ഗുരുനാഥൻ ആചാരി സാറിന് ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.
Tags : Teacher Life Changed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash