പ്രതീകാത്മക ചിത്രം
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യത്തെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05യുടെ വിക്ഷേപണവിജയം വലിയ നേട്ടമാണ്. ദൗത്യത്തിൽ പങ്കാളിയായ മുതിർന്ന ശാസ്ത്രജ്ഞരിലൊരാൾ ‘ആകാശത്തിലെ കണ്ണ്’ എന്നാണ് ഈ ഉപഗ്രഹത്തെ വിശേഷിപ്പിച്ചത്.
ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം നിലയുറപ്പിക്കുന്നത്. ഭൂമിയുടെ കറക്കത്തിന് തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ തത്സമയ ചിത്രങ്ങളും വിവരങ്ങളും ലഭ്യമാക്കാൻ ഇതിനു സാധിക്കും.
കാർഷിക മേഖലയിലെ പുരോഗതി, കൃത്യമായ ദുരന്തനിവാരണം, രാജ്യസുരക്ഷ എന്നിവയുൾപ്പെടെ രാജ്യത്തിനു നിർണായകമായ വിവിധ ആവശ്യങ്ങൾക്ക് ഈ വിവരങ്ങൾ ഏറെ സഹായകമാകും. കൃത്യമായ മുന്നറിയിപ്പുകളും തത്സമയ വിവരശേഖരണവും ദുരന്തനിവാരണത്തിന് ഏറെ ഉപകരിക്കും. തന്ത്രപ്രധാന വിവരങ്ങൾ തത്സമയം നൽകുന്നതിലൂടെ പ്രതിരോധ മേഖലയ്ക്കു വലിയ കരുത്താകും.
തിരിച്ചടികൾ മറികടന്നുള്ള ശക്തമായ തിരിച്ചുവരവ്
കഴിഞ്ഞ ജനുവരിയിൽ നടന്ന പിഎസ്എൽവി-സി62 ദൗത്യവും 2021ലെ ഇഒഎസ്-03 (ജിഎസ്എൽവി-എഫ്10) ദൗത്യവും സാങ്കേതിക തകരാറുകൾ മൂലം പരാജയപ്പെട്ടിരുന്നു. ഈ തിരിച്ചടികൾക്കുശേഷം ഐഎസ്ആർഒ നടത്തിയ ശക്തമായ തിരിച്ചുവരവും ഈ വർഷത്തെ ആദ്യ വിജയവുമാണിത്.
തോമസ് കുര്യൻ (മിഷൻ ഡയറക്ടർ), ഇംതിയാസ് അഹമ്മദ് (പ്രോജക്ട് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ ഉപഗ്രഹത്തെ അന്തിമ ഭ്രമണപഥത്തിലേക്ക് ഉയർത്തും.
Tags : NationalSecurity Eye Sky SatelliteEOS05 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash