കേരള ഹൈക്കോടതി
കൊച്ചി: 2023 മുതല്‍ 2026 വരെ തൃശൂര്‍ പൂരം പ്രദര്‍ശന നടത്തിപ്പുമായി ബന്ധപ്പെട്ട മൂന്നു വര്‍ഷത്തെ കണക്കുകളുടെ സമഗ്ര പരിശോധനയ്ക്കു ഹൈക്കോടതി നിര്‍ദേശം.
2022ലെ ഓഡിറ്റ് പൂര്‍ത്തിയായെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ രേഖകള്‍ ലഭ്യമായിട്ടില്ലെന്ന് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മനോജ്കുമാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ബന്ധപ്പെട്ട വര്‍ഷങ്ങളിലെ പൂരം പ്രദര്‍ശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഈ മാസം പത്തിന് കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നില്‍ ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോടു കോടതി നിര്‍ദേശിച്ചു.
പ്രദര്‍ശന കമ്മിറ്റിയുടെ ബൈലോ, തൃശൂര്‍ കോര്‍പറേഷനുമായുള്ള കരാറുകള്‍, ടിക്കറ്റ് വിവരങ്ങള്‍, സ്റ്റോക്ക് രജിസ്റ്റര്‍, ബാങ്ക് പാസ്ബുക്കുകള്‍, ഇരു ദേവസ്വങ്ങളുടെയും മിനിറ്റ്സ് ബുക്കുകള്‍ തുടങ്ങിയ 14 തരം രേഖകളാണു പ്രധാനമായും പരിശോധിക്കുക.
രേഖകള്‍ ഹാജരാക്കുന്നതില്‍ തടസമില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. ലഭ്യമാകുന്ന രേഖകള്‍ ഓഡിറ്റിന് പര്യാപ്തമാണോയെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് ഡെപ്യൂട്ടി ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് വിഷയം 17ന് പരിഗണിക്കാന്‍ മാറ്റി.
Tags : ThrissurPooram Exhibition KeralaHighCourt Scrutiny Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash