സ്മൃതി മന്ദാന
ദുബായി: ഏഷ്യ കപ്പ് വനിത ട്വന്റി 20 ക്രിക്കറ്റിൽ സെമി ഫൈനൽ ഉറപ്പാക്കിക്കഴിഞ്ഞ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയിൽ ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരമാണ്.
തായ്ലൻഡിനെതിരേ ജയിച്ച പാക്കിസ്ഥാൻ ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. ഇന്ന് പാക്കിസ്ഥാന് ജയിക്കാനായാൽ ഹോംങ്കോഗിനെതിരേയുള്ള മത്സരത്തിനുമുന്‍പ് തന്നെ സെമി ഉറപ്പിക്കാം.
ബാറ്റിംഗ് ആഴം പരീക്ഷിക്കപ്പെടും
ഇരു ടീമിന്റെയും ബാറ്റിംഗിലെ കരുത്താണ് ഇന്ന് ശ്രദ്ധേയമാകുക. കഴിഞ്ഞ കളികളിൽ ഇന്ത്യയുടെ ടോട്ടലിന് അടുത്തെത്താൻ പോലും എതിരാളികൾക്കായില്ല. ടോപ് ഓർഡർ മികച്ച പ്രകടനം നടത്തുന്പോൾ മധ്യനിര ബാറ്റർമാരുടെ പ്രകടനം ഇന്ത്യയെ വിഷമിപ്പിക്കുന്നു.
തായ്ലൻഡിനെതിരേയുള്ള മത്സരത്തിൽ ഓപ്പണർമാരുടെ തകർപ്പൻ പ്രകടനത്തിനുശേഷം 46 റണ്‍സ് എടുക്കുന്പോഴേക്കും എട്ടു വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ഹോങ്കോംഗിനെതിരേയുള്ള മത്സരം സ്മൃതി മന്ദാനയുടെ ഷോയായി മാറി.
സ്മൃതി സെഞ്ചുറി നേടിയപ്പോൾ സ്കോർ ഉയർന്നു. എന്നാൽ ഇന്ത്യയുടെ മൂന്നു മുതൽ ഏഴു വരെയുള്ള ബാറ്റർമാരുടെ സംഭാവന വെറും 34 റണ്‍സ് മാത്രമായിരുന്നു. സ്മൃതിക്കൊപ്പം ഓപ്പണിംഗിലെ ഷഫാലി വർമയും ഫോമിലാണ്.
തായ്ലൻഡിനെതിരേയുള്ള മത്സരത്തിൽ പാക്കിസ്ഥാന്റെ ബാറ്റർമാർ പരാജയപ്പോൾ ബൗളർമാർ തിളങ്ങിയാണ് ടീമിനെ ജയത്തിലെത്തിച്ചത്.
Tags : AsiaCup Women'sTwenty20 India Pakistan Clash Sports