പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തത്തിൽ കാണാതായത് അറുനൂറോളം കുട്ടികളെ. റസുവ, നുവകോട്ട് ജില്ലകളിൽനിന്നാണ് പ്രളയം കുരുന്നുകളെ കവർന്നത്. റസുവ ജില്ലയിൽ മാത്രം 280 കുട്ടികളെ കണ്ടെത്താനുണ്ട്. നുവാകോട്ടിൽ 300നും 350നും ഇടയിൽ കുട്ടികൾ കാണാതായിട്ടുണ്ട്.
പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 1,282 ആയി. ഇനിയും 4,700 പേരെ കാണാനുണ്ട്. കാണാതായവർക്കുവേണ്ടി സുരക്ഷാസേനയുടെ സംയുക്ത കമാൻഡ് തെരച്ചിൽ നടത്തിവരികയാണ്.
കാണാതായ വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നുവാക്കോട്ട് വിദ്യാഭ്യാസ വികസന, ഏകോപന യൂണിറ്റ് മേധാവി സൂര്യ ബഹാദൂർ ഖത്രി പറഞ്ഞു. നുവാകോട്ടിലെ ബിദൂര്‍ നഗരസഭാ പ്രദേശത്തു മാത്രം 250 കുട്ടികളെ കാണാതായിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ രക്ഷിതാക്കളെ അന്വേഷിച്ച് കുട്ടികളും കുട്ടികളെ അന്വേഷിച്ച് രക്ഷിതാക്കളും എത്തുന്നുണ്ടെന്നു നഗരസഭാ വിദ്യാഭ്യാസ യൂണിറ്റ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോടു പറഞ്ഞു.
വിദ്യാര്‍ഥികൾ മാത്രമല്ല, ഇരു ജില്ലകളിലുമായി 22 അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും നഷ്ടമായിട്ടുണ്ട്. റസുവയിൽ 16 അധ്യാപകരെയും നുവാകോട്ടിൽ ആറ് അധ്യാപകരെയുംകുറിച്ച് വിവരമില്ല. റസുവ, നുവാക്കോട്ട്, ധാഡിംഗ് എന്നീ ജില്ലകളിലായി 22 സ്കൂളുകളെയാണ് പ്രളയം ബാധിച്ചത്. 12 വിദ്യാലയങ്ങൾ പൂർണമായും നശിച്ചു.
Tags : NepalFloods Children Missing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash