സ്വരേവ്, എലേന റെബക്കിന
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ കടുത്ത വെല്ലുവിളി അതിജീവിച്ച് പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ അലക്സാണ്ടർ സ്വരേവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരമായ ക്വെന്റിൻ ഹാലിസിനെ 6-4, 4-6, 7-6(7-3), 6-7(3-7), 6-3 എന്ന സ്കോറിനാണ് ജർമൻ താരമായ സ്വരേവ് പരാജയപ്പെടുത്തിയത്.
ഒന്നാം സീഡായി തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ മത്സരിക്കുന്ന ജർമൻതാരം ന്യൂയോർക്കിൽ കളിച്ച രണ്ട് മത്സരങ്ങളിലും അഞ്ച് സെറ്റ് നീണ്ട പോരാട്ടങ്ങളിലൂടെയാണ് വിജയം കണ്ടത്. ആദ്യ രണ്ട് മത്സരങ്ങൾക്കായി ആകെ 10 സെറ്റുകളും ഏകദേശം 10 മണിക്കൂർ സമയവുമാണ് വേണ്ടിവന്നത്.
ആദ്യ റൗണ്ടിൽ ലോറെൻസോ സോനെഗോയെ നാലു മണിക്കൂറും 33 മിനിറ്റും നീണ്ട മത്സരത്തിൽ മറികടക്കാൻ അഞ്ചു സെറ്റുകൾ വേണ്ടിവന്ന സ്വരേവിന് രണ്ടാം റൗണ്ടിൽ ഹാലിസിന്റെ കടുത്ത വെല്ലുവിളിയെ നേരിട്ടാണ് മുന്നേറിയത്. ഹാലിസിനെതിരേയുള്ള മത്സരം നാലു മണിക്കൂറും 33 മിനിറ്റുമാണ് നീണ്ടത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തിൽ തുടർച്ചയായ രണ്ട് അഞ്ചു സെറ്റ് മത്സരങ്ങളോടെ ഒരു ഗ്രാൻസ്ലാം ടൂർണമെന്റ് ആരംഭിക്കുന്ന ആദ്യ ടോപ് സീഡ് താരമെന്ന പേരും സ്വരേവിന്റെ പേരിലായി.
29കാരനായ താരം പലപ്പോഴും ബേസ്ലൈനിൽ നിന്ന് ആക്രമണോത്സുകമല്ലാത്ത രീതിയിലാണ് കളിച്ചത്. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഫോർഹാൻഡ് ഷോട്ടുകളുടെ കരുത്ത് ഗണ്യമായി കുറയുന്നതായും കണ്ടു. മത്സരം ആവേശകരമായി നിലനിർത്തുന്നതിൽ ഹാലിസും പങ്കുവഹിച്ചെങ്കിലും, ഒടുവിൽ അദ്ദേഹത്തിന്റെ പിഴവുകൾ തിരിച്ചടിയായി. മത്സരത്തിൽ സ്വരേവ് 49 അണ്ഫോഴ്സ്ഡ് എററുകൾ വരുത്തിയപ്പോൾ, ഫ്രഞ്ച് താരം 63 പിഴവുകളാണ് വരുത്തിയത്.തന്റെ പ്രകടനം തീർത്തും മോശമായിരുന്നതായി സ്വരേവ് പറഞ്ഞു.
അലക്സ് ഡി മിനോർ പുറത്ത്
പുരുഷ സിംഗിൾസിൽ ഏഴാം റാങ്കിലുള്ള ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിന് രണ്ടാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി. നെതർലൻഡ്സിന്റെ ബോട്ടിക് വാൻ ഡി സാൻഡ്ഷുൽപ്പിനോടാണ് ഓസ്ട്രേലിയൻ താരം പരാജയപ്പെട്ടത്. മുന്‍പ് ഡി മിനോർ നാലു തവണ പരാജയപ്പെടുത്തിയിട്ടുള്ള വാൻ ഡി സാൻഡ്ഷുൽപ്പിനോടാണ് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയത്. 6-4, 7-5, 6-2നാണ് ഓസ്ട്രേലിയൻ താരത്തിന്റെ തോൽവി.
വനിതകളിൽ മുൻനിരക്കാരുടെ മുന്നേറ്റം
വനിതാ സിംഗിൾസ് മത്സരങ്ങളിൽ ആദ്യ സീഡുകൾ മുന്നേറ്റം തുടരുന്നു. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ എലേന റെബക്കിന അനായാസ ജയത്തോടെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം സീസണിലെ രണ്ടാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന ലോക രണ്ടാം റാങ്ക് റബാക്കിന ഒരു മണിക്കൂറും എട്ടു മിനിറ്റും മാത്രം നീണ്ട മത്സരത്തിൽ 6-2, 6-4ന് ജെസീക്ക ബൗസാസ് മനേറോയെ പരാജയപ്പെടുത്തി.
ഗൗഫ്, ഷ്യാങ്ടക്, ഒസാക മൂന്നാം റൗണ്ടിൽ
വനിതാ സിംഗിൾസിലെ മുൻ ചാന്പ്യന്മാരായ കൊക്കോ ഗൗഫ്, ഇഗാ ഷ്യാങ്ടെക്, നവോമി ഒസാക എന്നിവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. നാലാം റാങ്ക് ഗൗഫ് 6-4, 7-6(7-5)ന് പൗല ബഡോസയെയും ഷ്യാങ്ടെക് 6-3, 6-2ന് നാദിയ പോഡോറോസ്കയും തോൽപ്പിച്ചു.
ഒസാക മൂന്നു സെറ്റ് നീണ്ട മത്സരത്തിൽ കാതെറിന സിനിയക്കോവയെ 6-2, 5-7, 6-1ന് പരാജയപ്പെടുത്തി. അമാൻഡ അനിസിമോവ, മാഡിസണ്‍ കീസ്, ലിൻഡ നോസ്കോവ, എലീന സ്വിറ്റോലിന എന്നിവർ മൂന്നാം റൗണ്ടിലെത്തി.
Tags : USOpen AlexanderZverev MensSingle Sports Tennis