കിഷ്ടമ്മ പ്രതികളെ മർദിക്കുന്നു
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ സ്വർണമാല കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ തടഞ്ഞുനിർത്തി മർദിച്ചു. വഡ്ഡെ സൈലു, അരവിന്ദ് എന്നിവരാണ് കർഷകയായ കിഷ്ടമ്മ എന്ന സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്.
കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന കിഷ്ടമ്മയുടെ സമീപത്തെത്തിയ രണ്ട് യുവാക്കൾ വഴി ചോദിക്കാനെന്ന വ്യാജേന സംസാരിക്കാൻ തുടങ്ങി. ഇതിനിടെ ഇവരുടെ മൂന്ന് പവനോളം വരുന്ന സ്വർണമാല തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
മോഷ്ടാക്കൾ ഉടൻ തന്നെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിഷ്ടമ്മ നിലവിളിക്കുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. ഇത് കേട്ട് സമീപത്തുണ്ടായിരുന്ന മറ്റ് കർഷകർ ഓടിയെത്തി മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് കിഷ്ടമ്മ വടിയെടുത്ത് മോഷ്ടാക്കളെ അടിക്കുകയും തട്ടിയെടുത്ത സ്വർണമാല തിരികെ വാങ്ങിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തു. നാലോളം മോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും.