ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് വിചാരണ നടപടികൾ ആരംഭിക്കുക. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകുന്ന വിചാരണയിൽ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാർലമെന്റിൽ ഒരുതവണ പരാജയപ്പെട്ടിരുന്നു. രണ്ടാമത് നൽകിയ നോട്ടീസിലും രാജ്യസഭയിൽ ഇതുവരെ നടപടികളുണ്ടായിട്ടില്ല. ഇതോടെയാണ് പ്രതീകാത്മക വിചാരണയിലൂടെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.
അശോക ഹോട്ടൽ, തൽക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് തുടർച്ചയായി അനുമതി നിഷേധിച്ചതോടെയാണ് ഖാർഗെയുടെ വസതി വിചാരണയ്ക്കുള്ള വേദിയായി തെരഞ്ഞെടുത്തത്. മീരാ കുമാർ സ്പീക്കറാകുന്ന പ്രതീകാത്മക പാർലമെന്റിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. തുടർന്ന് എംപിമാരും വിവിധ കക്ഷിനേതാക്കളും സംസാരിക്കും.
വോട്ടർപട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്നവരെയും വേദിയിലെത്തിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവെപ്പിക്കും. പൗരാവകാശ സംഘടനാ നേതാക്കളും വിചാരണയിൽ സംസാരിക്കും. ഒടുവിൽ രാഹുൽ ഗാന്ധി മറുപടി പ്രസംഗം നടത്തും. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി മീരാ കുമാർ പ്രതീകാത്മക വിധി പ്രഖ്യാപിക്കും.
അതേസമയം ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ രാഷ്ട്രീയഭേദമന്യേ ജനങ്ങൾ പങ്കെടുക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. പത്ത് ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ഡൽഹിയിലേക്ക് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലിസിനെയോ ലാത്തിച്ചാർജിനെയോ ഭയപ്പെടേണ്ടതില്ലെന്നും രാംലീല മൈതാനത്തെ പ്രതിഷേധം ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പരിപാടിയല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Tags : Gyanesh Kumar IndiaAlliance GyaneshKumar ChiefElectionCommissioner ElectionCommission Congress MallikarjunKharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth