ബെഞ്ചമിൻ നെതന്യാഹു.
ടെൽ അവീവ്: ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയതിനു പിന്നാലെ ഖത്തറിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ് അറബ് പാർട്ടി നേതാക്കൾ ഖത്തർ സന്ദർശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. സന്ദർശനത്തിന്റെ ലക്ഷ്യം ചോദ്യംചെയ്ത് നെതന്യാഹുവും അനുയായികളും രംഗത്തെത്തിയപ്പോൾ ആരോപണങ്ങൾ ഖത്തർ തള്ളി.
വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പ് ഫലവും അറബ് പാർട്ടികളുടെ മുന്നേറ്റവുമാണ് ഇസ്രയേൽ രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുൻപുതന്നെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. അറബ് പാർട്ടി നേതാവ് അഹ്മദ് തൈബി തെരഞ്ഞെടുപ്പിന് നാലുദിവസം മുമ്പ് ഖത്തർ സന്ദർശിച്ചതും ആരോപണങ്ങൾക്ക് ആക്കംകൂട്ടി.
എന്നാൽ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഇടപെടുകയോ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന് ഖത്തർ വ്യക്തമാക്കി. ഖത്തറിനെ ലക്ഷ്യമിട്ട് സംഘടിതമായ വ്യാജപ്രചാരണം നടത്തുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് അൽ അൻസാരി ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾ വിഡ്ഢിത്തവും അപകടകരവുമാണെന്നും അദ്ദേഹം തിരിച്ചടിച്ചു. മേഖലയിൽ സമാധാന ദൗത്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഖത്തറിനെ ഇത്തരം ആരോപണങ്ങൾ പിന്തിരിപ്പിക്കില്ലെന്നും അൽ അൻസാരി വ്യക്തമാക്കി.
Tags : Benjamin Netanyahu Israel BenjaminNetanyahu Qatar IsraelPolitics MiddleEast ArabParties Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth