സംസ്ഥാന സ്കൂൾ കായികമേള സീനിയർ വിഭാഗം ആൺകുട്ടികൾ 110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ നിന്ന്.
കോഴിക്കോട്: ഓരോ ഹര്‍ഡിലും കടന്ന് ഫിനിഷിംഗ് ലൈനിലേക്ക് കുതിക്കുന്ന താരങ്ങള്‍. വേഗത്തിനൊപ്പം കൃത്യതയും താളവും ഒത്തുചേര്‍ന്നപ്പോള്‍ ട്രാക്കില്‍ പിറന്നത് ആവേശക്കാഴ്ചകൾ. പോരാട്ടച്ചൂടിനിടെ ഒരു മീറ്റ് റിക്കാര്‍ഡും. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനാമിക അജീഷാണ് 13.69 സെക്കന്‍ഡില്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിലെ എന്‍.എസ്. വിഷ്ണുശ്രീ വെള്ളിയും കണ്ണൂര്‍ തലശേരി സായിയിലെ അന്ന റോസ് രാജു വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറം കടകശേരി ഐഡിയല്‍ സ്കൂളിലെ അമല്‍ കൃഷ്ണ 13.91 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. കണ്ണൂര്‍ കരിവെള്ളൂര്‍ എവിഎസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ. അഭിന വെള്ളി നേടിയപ്പോള്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ കെ.എ. അലന്ജിത് വെങ്കലത്തിലേക്ക് കുതിച്ചു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് 13.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കണ്ണൂരിന്റെ ടി.വി. ദേവശ്രീ സ്വര്‍ണം സ്വന്തമാക്കി. ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ ദേവശ്രീ 14.63 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറം കടകശേരി ഐഡിയലിലെ കെ.വി. മുഹമ്മദ് ഇസാന് സ്വര്‍ണം നേടി. 12.17 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് മുണ്ടൂര്‍ ഹൈസ്കൂളിലെ സിദ്ധ സുരേഷ് 13.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിൽ മുത്തമിട്ടു.
അനാമിക ഇനി ബ്രസീലിലേക്ക്
ഏഴു വര്‍ഷമായി നിലനിന്ന റിക്കാര്‍ഡാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനാമിക അജീഷ് തകർത്തത്. 13.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ആലപ്പുഴയുടെ താരം മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. 2018ല്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ അപര്‍ണ റോയ് 13.85 സെക്കന്‍ഡിൽ ഫിനിഷ് ചെയ്തു സ്ഥാപിച്ച റിക്കാര്‍ഡ്, അനാമിക 13.69 ആക്കി തിരുത്തി.
ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനാമിക ദേശീയ ജൂനിയര്‍ മീറ്റിലെ മിന്നുംപ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് സംസ്ഥാന കായികമേളയ്ക്കെത്തിയത്. ചെന്നൈയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും ഹെപ്റ്റാത്തലണില്‍ വെള്ളിയും നേടിയിരുന്നു.
ഡിസംബറില്‍ ബ്രസീലില്‍ നടക്കുന്ന അന്താരാഷ്ട്ര സ്കൂള്‍ ഗെയിംസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനാമിക ഇന്ത്യയെ പ്രതിനിധാനം ചെയ്യും. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് കെ.ആര്. സാംജിയുടെ കീഴിലാണ് പരിശീലനം.
മികച്ച പരിശീലന സൗകര്യങ്ങളുടെ അഭാവം അനാമികയ്ക്ക് വെല്ലുവിളിയാണ്. നാട്ടില്‍ 100 മീറ്റര്‍ ഓടാന്‍ അനുയോജ്യമായ ഗ്രൗണ്ട് പോലുമില്ല. കലവൂര്‍ റീജിയണല്‍ കോച്ചിംഗ് സെന്ററിലും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും കൊല്ലത്തുമൊക്കെയായാണ് പരിശീലനം. കെഎസ്ഇബി ജീവനക്കാരനായ ചാരമംഗലം പീടികവെളി അജീഷിന്റെയും സോണിയുടെയും മകളാണ്.
റിലേയില്‍ ആലപ്പുഴ, മലപ്പുറം
കോഴിക്കോട്: 4x100 മീറ്റര്‍ റിലേയില്‍ മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ആധിപത്യം. സബ് ജൂനിയര്‍ ഗേള്‍സ് 4x100 മീറ്റര്‍ റിലേയില്‍ ആലപ്പുഴയ്ക്കാണ് മെഡല്‍. 52.43 സെക്കന്‍ഡിലാണ് ആലപ്പുഴ ടീം ഫിനിഷ് ചെയ്തത്. കണ്ണൂരിന് രണ്ടാം സ്ഥാനവും (52.69) മലപ്പുറത്തിന് മൂന്നാം സ്ഥാനവും (53.47) ലഭിച്ചു. ആലപ്പുഴയ്ക്കുവേണ്ടി പി. അദീന, ഉത്തര ഷംജി, എസ്. സ്നേഹ, ഹര്‍ഷ ജോണ്‍ എന്നിവരാണ് മത്സരിച്ചത്.
സബ് ജൂനിയര്‍ ബോയ്സില് പ്രായതട്ടിപ്പില്‍ കോട്ടയം ജില്ലയെ ഒഴിവാക്കി തൃശൂരിനെ ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തില്‍, മലപ്പുറത്തിനാണ് ഒന്നാംസ്ഥാനം. 49.27 സെക്കന്‍ഡിലാണ് മലപ്പുറം ഒന്നാമതായി ഫിനിഷ് ചെയ്തത്. മലപ്പുറത്തിനുവേണ്ടി പി.ടി. ഹാമിന് അലി, എ.എം. സാജന് സൂര്യ, മിഷാല്‍ പര്‍വീസ്, മുഹമ്മദ് ഇസാന് എന്നിവരാണ് ഓടിയത്.
കാസര്‍ഗോഡിന് രണ്ടാം സ്ഥാനവും (49.35) ആലപ്പുഴയ്ക്ക് മൂന്നാം സ്ഥാനവും (49.48) ലഭിച്ചു.
ജൂനിയര്‍ ഗേള്‍സില്‍ പാലക്കാടിനാണ് ഒന്നാം സ്ഥാനം. 48.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. പി. നിഖിത, എസ്. ആന്‍വി, ജെ. ദിയ, ഐശ്വര്യ സുരേഷ് എന്നിവരാണ് പാലക്കാടിനുവേണ്ടി ബാറ്റണ്‍ പിടിച്ചത്. കണ്ണൂരിന് രണ്ടാം സ്ഥാനവും (49.95) മലപ്പുറത്തിന് മൂന്നാം സ്ഥാനവും (50.37) ലഭിച്ചു.
ജൂനിയര്‍ ബോയ്സ് മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം. 43.55 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. മലപ്പുറത്തിനുവേണ്ടി കെ. മുഹമ്മദ് അന്‍സില്‍, നിയാസ് അഹമ്മദ്, എസ്. ആകാശ്, സി.ടി. മഹസിന്‍ എന്നിവരാണ് അണിനിരന്നത്. പാലക്കാട് (43.58), തൃശൂര്‍ (43.75) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
സീനിയര്‍ ഗേള്‍സില്‍ ആലപ്പുഴ 49.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. ആലപ്പുഴയ്ക്കുവേണ്ടി ആര്. ശ്രേയ, ബി. സരയൂ ലക്ഷ്മി, അനാമിക അജേഷ്, ജൂലി പോള്‍ എന്നിവരാണു മത്സരിച്ചത്. പാലക്കാടിന് രണ്ടാംസ്ഥാനവും (50.04), കണ്ണൂരിന് മൂന്നാംസ്ഥാനവും (50.51) ലഭിച്ചു.
സീനിയര്‍ ബോയ്സില് തൃശൂരിനാണ് സ്വര്‍ണം. 42.73 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. തൃശൂരിനുവേണ്ടി ടി.ആർ. സനീഷ്, ജിയോ ഐസക് സെബാസ്റ്റ്യൻ, അഭിയാത്ത് ജോ സിംസണ്‍, സി.ആർ. അനല്‍ എന്നിവരാണു മത്സരിച്ചത്. ആലപ്പുഴ (42.76), മലപ്പുറം (42.80) ടീമുകൾക്കാണു രണ്ടും മൂന്നും സ്ഥാനങ്ങള്‍.
എറിഞ്ഞാലും ചാടിയാലും സ്വർണം വീട്ടിൽത്തന്നെ
കോഴിക്കോട്: ലോംഗ്ജംപിലും ഡിസ്കസ് ത്രോയിലും സ്വർണം ഒരു വീട്ടിലേക്ക്. സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ ഉച്ചയ്ക്ക് ആരതി മനോജ് സ്വർണമണിഞ്ഞ സന്തോഷത്തിലേക്ക് ഇരട്ടിമധുരമായി, വൈകുന്നേരം ചേച്ചി അശ്വതി മനോജ് സീനിയർ വിഭാഗം ലോംഗ് ജംപിൽ സ്വർണമെത്തിച്ചു. തൃശൂർ നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് രണ്ടുപേരും പഠിക്കുന്നത്.
പ്ലസ് വൺ വിദ്യാർഥിയാണ് അശ്വതി. ആരതി ഏഴാം ക്ലാസിൽ. പാലക്കാട് - തൃശൂർ റൂട്ടിൽ വഴുതപ്പാറയിലാണ് ഇവരുടെ വീട് . സ്പോർട്സിനോടുള്ള താത്പര്യം മക്കൾ പ്രകടിപ്പിച്ചതോടെ മികച്ച പരിശീലനത്തിനായി ഇവർ നാട്ടിക സ്കൂളിൽ ചേരുകയും വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയുമാണ്. ഓട്ടോ തൊഴിലാളിയായ വി.എസ്. മനോജിന്റെയും രശ്മി മനോജിന്റെയും മക്കളാണ് ഈ മിടുക്കികൾ.
5.67 മീറ്റർ ദൂരം ചാടിയാണ് അശ്വതി സ്വർണം നേടിയത്. ആരതി 27. 74 മീറ്റർ എറിഞ്ഞു.
പരിക്കേറ്റ കാലിന് "പവന്' തിളക്കം
കോഴിക്കോട്: പരിക്കേറ്റ കാലുമായി ലോംഗ്ജംപ് പിറ്റിലേക്കെത്തിയ അഭിഷേകിനു സുവർണനേട്ടം. സബ് ജൂനിയര്‍ ആൺകുട്ടികളുടെ ലോംഗ്ജംപില് മലപ്പുറം പൂക്കളത്തൂര്‍ സിഎച്ച്എംഎച്ച്എസിലെ കെ.പി. അഭിഷേക് 5.61 മീറ്റര്‍ ദൂരം താണ്ടിയാണ് ഒന്നാമനായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈ മാസം കൊല്ലത്ത് നടന്ന അമച്വര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിനിടെയാണ് അഭിഷേകിന്റെ ഇടതുകാലിനു പരിക്കേറ്റത്. ഇവിടെ ലോംഗ്ജംപില് വെള്ളി ലഭിച്ചിരുന്നു.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹൈജംപിലും മത്സരിക്കുന്നുണ്ടായിരുന്നെങ്കിലും പരിക്കിനെത്തുടർന്നു പിന്മാറി. കഴിഞ്ഞ അഞ്ചുദിവസം കാലിന് ഫിസിയോ തെറാപ്പി ചെയ്തതിനു ശേഷമാണ് മത്സരിക്കാനെത്തിയത്.
മത്സരിക്കണമെന്ന തീരാത്ത വാശിയില്‍ സ്വര്‍ണനേട്ടത്തിന് കാലിലെ പരിക്ക് വഴിമാറുകയായിരുന്നു. മലപ്പുറം തൃപ്പനച്ചി പടിഞ്ഞാറ്റ് രാജന്-മിനി ദമ്പതിമാരുടെ മകളാണ്. സഹോദരി നിവേദ്യ. റിഷാദാണ് പരിശീലകന്. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ എം. ശ്രീഹരിക്കാണ് രണ്ടാം സ്ഥാനം (5.58). കണ്ണൂര്‍ ചെറുകുന്ന് വാഹിദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ അശ്വവിന് സന്തോഷ് (5.52) മൂന്നാം സ്ഥാനം നേടി.
ഡിസ്കസ് ത്രോയിലെ ഫ്രണ്ട്സ്
കോഴിക്കോട്: അമേഗ് കൃഷ്ണയും അലൈന്‍ കൃഷ്ണയും സഹോദരങ്ങളല്ല, സുഹൃത്തുക്കളാണ്. പഠനത്തിലും കായികമത്സരങ്ങളിലും ഒരുപോലെ തിളങ്ങുന്ന സുഹൃത്തുക്കള്‍. ഡിസ്കസ് ത്രോയാണ് പ്രിയപ്പെട്ട ഇനം.
സബ് ജൂനിയര്‍ ഡിസ്കസ് ത്രോയില്‍ തൃശൂര്‍ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ കെ.കെ. അമേഗ് കൃഷ്ണയ്ക്ക് സ്വര്‍ണം ലഭിച്ചപ്പോള്‍ സുഹൃത്തായ അലൈനു വെങ്കലം ലഭിച്ചു. അമേഗ് 37.74 മീറ്റര്‍ ദൂരം എറിഞ്ഞപ്പോള്‍ അലൈന്‍ ക്ലിയർ ചെയ്തത് 31.63 മീറ്റര്‍. കോഴിക്കോട് തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇഎംഎച്ച്എസിലെ ആരോണ്‍ ജോസഫ് അനീഷിനാണ് (35.94) രണ്ടാംസ്ഥാനം.
കൊല്ലത്ത് നടന്ന അമച്വര്‍ അത്ലറ്റിക് മീറ്റില്‍ അലൈനായിരുന്നു ഒന്നാം സ്ഥാനം. അമേഗിന് രണ്ടാം സ്ഥാനവും. ജിബി പോളാണ് ഇവരുടെ പരിശീലകന്. തൃശൂര്‍ പെരിഞ്ഞലം കാരയില്‍ കാര്ത്തികേയന് -ആശ ദമ്പതികളുടെ മകനാണ് അമേഗ്. നെവിന് കൃഷ്ണ സഹോദരി. എടവിലങ്ങ് മണ്ടത്തറയിലെ നിഖില്‍ കൃഷ്ണ-ഭവിത ദമ്പതികളുടെ മകനാണ് അലൈന്‍.
കരാട്ടെ അക്ഷയ്...
കോഴിക്കോട്: സംസ്ഥാന സ്കൂൾ കരാട്ടെ 44 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ കെ.എം. അക്ഷയ്. നെടുംകുന്നം സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് സ്കൂളിലെ പ്ലവ് വൺ വിദ്യാർഥിയാണ്. തുടർച്ചയായി മൂന്നാം തവണയാണ് അക്ഷയ് സ്വർണം ഇടിച്ചുനേടുന്നത്. മമ്മൂട് കൊച്ചുപറമ്പിൽ മോഹനൻ-പി.ജി. അജിത ദന്പതികളുടെ മകൻ. ബുഷു അക്കാദമിയിലെ അഡ്വ. ശരത് എൽദോ ഫിലിപ്പാണ് ഗുരു.
പ്രായവിവാദം: അപ്പീൽ നൽകുമെന്ന് കോരുത്തോട് സ്കൂൾ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തിൽ മായമെന്ന ആരോപണത്തെത്തുടർന്ന് അത്ലറ്റിനെ അയോഗ്യനാക്കിയതിനെതിരേ കോടതിയിൽ പോകുമെന്നു കോരുത്തോട് സ്കൂൾ അധികൃതർ. എല്ല് പരിശോധനയിൽ യഥാർഥ പ്രായം നിർണയിക്കാൻ സാധ്യമല്ലെന്നു പ്രധാനാധ്യാപിക ബിന്ദു കൃഷ്ണ മാധ്യമങ്ങളോടു പറഞ്ഞു.
എല്ല് പരിശോധന അംഗീകരിക്കുന്നില്ല. ഒരു കുട്ടിയുടെ പ്രായം തെളിയിക്കുന്ന ആധികാരിക രേഖ ജനന സർട്ടിഫിക്കറ്റ് ആണ്. ഓരോ കുട്ടിയുടെയും കഷ്ടപ്പാടിന്റെ വില മനസിലാക്കണം. കുട്ടിയുടെ രക്ഷിതാവിന്റെ അനുമതിയില്ലാതെ എല്ല് പരിശോധന നടത്താൻ പാടില്ലെന്നും രക്ഷിതാവിന്റെ അനുമതി ഉണ്ടെങ്കിൽ സർക്കാർ ആശുപത്രിയിൽ നടത്താമെന്നും അവർ പറഞ്ഞു.
Tags : State School Sports Meet Sports SportsNews Highlights Tennis Cricket Badminton Anamika sets record in hurdles