മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ ചട്ടത്തിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് സംസ്ഥാന സർക്കാർ ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
ഇതു സംബന്ധിച്ചു കേന്ദ്രസർക്കാരിൽനിന്നു മറുപടി ലഭിച്ചിട്ടില്ല. 66 ഗ്രാമപഞ്ചായത്തുകളെ സിആർഇസഡ് നിയന്ത്രണ വിഭാഗത്തിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നും എ.കെ.എം. അഷ്റഫിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
2019ലെ കോസ്റ്റൽ റെഗുലേഷൻ സോണ്‍ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം തയാറാക്കിയ തീരദേശ പരിപാലന പ്ലാൻ പ്രകാരം കേരളത്തിലെ 10 തീരദേശ ജില്ലകളിൽ കോസ്റ്റൽ റെഗുലേഷൻ സോണ്‍ സംബന്ധിച്ച വിജ്ഞാപനം ബാധകമായിട്ടുണ്ട്.
2011ലെ ജനസംഖ്യാ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2,161 പേരോ അതിൽ കൂടുതലോ ഉള്ള പ്രദേശങ്ങളെ സിആർഇസഡ് മൂന്ന് എ വിഭാഗത്തിലും, അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആർഇസഡ് മൂന്ന് ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
അനുവദനീയമായതും മുൻകൂർ അനുമതി നേടാത്തതുമായ ഗാർഹിക നിർമാണങ്ങൾ ക്രമവത്കരിക്കാൻ അനുമതി നൽകാൻ വ്യവസ്ഥയുണ്ട്. അത്തരം ക്രമവത്കരണ നടപടികൾ കേരള തീരദേശ പരിപാലന അഥോറിറ്റി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Tags : CoastalRegulationZone Grama Panchayats Niyamasabha Norms VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash