മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: ലോക കേരളസഭ പിരിച്ചുവിട്ടതു പ്രവാസി മലയാളികളോടു കാട്ടിയ ക്രൂരതയാണെന്നും അവർക്ക് അഭിപ്രായം പറയാനുള്ള വേദി ഇല്ലാതായെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
ലക്ഷ്യം നിറവേറാതിരിക്കുകയും ശിപാർശകളൊന്നും നടപ്പാക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോക കേരളസഭ പിരിച്ചുവിട്ടതെന്നും പകരം, ഫലപ്രദമായ സംവിധാനം ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും പറഞ്ഞു. കെ.കെ. വത്സരാജിന്റെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവേയായിരുന്നു ലോക കേരളസഭയെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വാദപ്രതിവാദങ്ങൾ ഉയർത്തിയത്.
പ്രവാസി ഇൻഷ്വറൻസ് പ്രീമിയം ഒറ്റയടിക്ക് 21,964 രൂപയാക്കി ഉയർത്തി. നിലവിൽ 13,411 രൂപയായിരുന്നു. പൊതുവിപണിയിലേക്കാൾ അധികം നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.
ലോക കേരളസഭയെ നയപരമായി യുഡിഎഫ് എതിർത്തതാണെന്നും പകരം സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും നിക്ഷേപം കൂടുതലുണ്ടാക്കാനും സംവിധാനമുണ്ടാകും. തിരിച്ചുവരുന്പോൾ നിക്ഷേപത്തുക ഇരട്ടിച്ച് ജീവിതാവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കാനുള്ള റെമിറ്റൻസ് ഇക്കണോമിക്ക് പകരം ഇൻവെസ്റ്റ്മെന്റ് ഇക്കണോമി കൊണ്ടുവരും.
പ്രവാസി ക്ഷേമനിധി ബോർഡ് വഴി 163 കോടിയുടെ ആനുകൂല്യങ്ങൾ നൽകി. മൂന്നു മാസത്തെ പെൻഷനായി 105 കോടി നൽകി. ക്ഷേമനിധി അംഗങ്ങൾ അഞ്ചിരട്ടി വർധിച്ചു. വരവ് 16.7 കോടിയും ചെലവ് 35 കോടിയുമാണ്. ക്ഷേമനിധിയിൽ 700 കോടി പിരിഞ്ഞുകിട്ടാനുണ്ട്.
ഇൻഷ്വറൻസിൽ നിലവിലെ രോഗങ്ങളും പരിഗണിച്ചതോടെ നോർക്ക കെയറിൽ 160 ശതമാനവും നോർക്ക കെയർ പ്ലസിൽ 350 ശതമാവും ഇൻഷ്വറൻസ് കന്പനിക്കു നഷ്ടമുണ്ടായി. സമാഹരിച്ച തുകയുടെ 150% അധികം കന്പനിക്ക് ക്ലെയിം നൽകേണ്ടിവന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അടവു മുടങ്ങിയവർക്കും ക്ഷേമനിധിയിൽ തുടരാം
തിരുവനന്തപുരം: രണ്ടോ മൂന്നോ മാസം അംശാദായം അടവ് മുടങ്ങിപ്പോയതു കാരണം പ്രവാസി ക്ഷേമനിധിക്കു പുറത്തായവർക്ക് കുടിശിക അടയ്ക്കാനായി ചട്ടഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സമയത്ത് ഒരുമിച്ച് കുടിശിക അടയ്ക്കാൻ അനുവദിക്കില്ല. മാനുഷിക പരിഗണനയിൽ കുടിശിക അടയ്ക്കാൻ അനുവദിക്കും. എത്രമാസം വരെ മുടങ്ങിയവർക്ക് കുടിശിക അടയ്ക്കാൻ അനുമതി നൽകണമെന്ന കാര്യത്തിൽ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Standoff Dissolution Ruling Opposition Niyamasabha KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash