പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ സമരം വിജയം.
തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കണമെന്നതടക്കമുള്ള വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം അധികൃതർ അംഗീകരിച്ചു. അടുത്ത വർഷം ജൂലൈ 16 മുതൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തും. അതിനായുള്ള ഭരണഘടന മേയ് 15ന് അംഗീകരിക്കും. വിദ്യാർഥികൾക്കെതിരായ എല്ലാ അച്ചടക്കനടപടികളും പിൻവലിക്കും.
ഹാരിസ് ബീരാൻ എംപി വൈസ് ചാൻലർ മസ്ഹർ ആസിഫുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 17 ദിവസം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താമെന്നു നേരത്തേതന്നെ അധികൃതർ സമ്മതിച്ചിരുന്നു.
യൂണിയൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു രജിസ്ട്രാർ ഓഫീസ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് ആരോപിച്ച വിദ്യാർഥികൾ സമരം തുടരുകയായിരുന്നു.
മലയാളി വിദ്യാർഥി എബിൻ അടക്കമുള്ള അഞ്ചു വിദ്യാർഥികളാണ് ഈ ആവശ്യവുമായി നിരാഹാര സമരം ആരംഭിച്ചത്. ഇതിനുപിന്നാലെ പിന്തുണയുമായി കൂടുതൽ വിദ്യാർഥികളെത്തി. ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ച ഘട്ടത്തിൽ രണ്ടുപേരൊഴികെയുള്ളവർ നിരാഹാരസമരം അവസാനിപ്പിച്ചു.
എബിൻ അടക്കമുള്ളവർ സമരം തുടർന്നു. ആവശ്യങ്ങൾ അംഗീകരിച്ച പശ്ചാത്തലത്തിൽ സമരം അവസാനിപ്പിക്കുന്ന വിഷയത്തിൽ വിദ്യാർഥികൾ ഉടൻ തീരുമാനമെടുക്കും.
Tags : JamiaUniversity Protest Success Students Accepted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash