National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികളെ പൊലിസ് ക്രൂരമായി മർദിച്ചുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
പൊലിസ് അതിക്രമങ്ങൾ നേരിട്ടതായി ആരോപിച്ച വിദ്യാർഥി നേതാക്കളുമായി മാധ്യമങ്ങളെ കണ്ട രാഹുൽ, വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരേയുള്ള ആക്രമണങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറ്റപ്പെടുത്തി.
എൻഎസ്യുഐയുടെ ഒരു വനിതാ പ്രവർത്തകയെ ഡൽഹി പൊലിസ് കസ്റ്റഡി ബസിൽ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.
ഈ ദൃശ്യങ്ങളിൽ മർദനം നേരിടുന്ന വനിതാ പ്രവർത്തക, എൻഎസ് യുഐ അധ്യക്ഷൻ വിനോദ് ജാഖർ, മലയാളി വിദ്യാർഥികളായ ആതിര, അർജുൻ തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുൽ മാധ്യമങ്ങളെ കണ്ടത്. എൻഎസ് യുഐ പ്രവർത്തകയും ഡൽഹി സർവകലാശാലാ വിദ്യാർഥിയുമായ ആതിരയുടെ ഒരു ചെവിയുടെ കേൾവി പൊലിസ് മർദനം മൂലം നഷ്ടമായെന്ന് രാഹുൽ പറഞ്ഞു.
പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത ബസിൽ വനിതാ പൊലിസുകാർ ഉണ്ടായിരുന്നില്ലെന്നും ബസിനുള്ളിൽവച്ച് പൊലിസ് തന്നെ ക്രൂരമായി മർദിച്ചുവെന്നും ആതിര മാധ്യമങ്ങളോടു പറഞ്ഞു. സമരക്കാരും സമരത്തിൽ പങ്കെടുക്കാത്തവരും മാധ്യമപ്രവർത്തകരും അഭിഭാഷകരും പ്രായപൂർത്തിയാകാത്തവരും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ രാജീവ് ചൗക്കിൽനിന്നു കസ്റ്റഡിയിലെടുത്തെന്നും തങ്ങളുടെ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും അർജുൻ മാധ്യമങ്ങളോടു പറഞ്ഞു.
വെറുപ്പിന് ഞങ്ങളുടെ ഉത്തരം സ്നേഹമായിരിക്കുമെന്ന് ഒരു പ്രതിഷേധക്കാരൻ മാധ്യമങ്ങൾക്കു മുന്നിൽ ഓടക്കുഴൽകൊണ്ട് “വൈഷ്ണവ ജനതോ’’ വായിച്ചു പ്രതികരിച്ചു. എല്ലാ വിദ്യാർഥികളോടും വീഡിയോ റിക്കാർഡുകൾ സൂക്ഷിക്കാനും ആ തെളിവുകൾ തങ്ങൾക്ക് അയയ്ക്കാനും താൻ പറഞ്ഞിട്ടുണ്ടെന്നും ശിക്ഷിക്കപ്പെടേണ്ട എല്ലാവരും ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.
Kerala
വൈപ്പിന്: അമിത വേഗതയില് പറഞ്ഞ സ്വകാര്യ ബസ് സ്കൂള് ബസിന്റെ പിന്നിലിടിച്ച് വിദ്യാര്ഥികള്ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടോടെ തെക്കന്മാലി പുറത്ത് വച്ചായിരുന്നു സംഭവം. പിന് സീറ്റിലിരുന്ന നാലു വിദ്യാര്ഥികള്ക്കാണ് പരിക്കേറ്റത്. ഇവരെ ഞാറക്കലെ സ്വകാര്യ ആശുപത്രി എത്തിച്ച് പ്രഥമശുശ്രൂഷ നല്കി.
വൈപ്പിന് റൂട്ടില് ഓടുന്ന ബദരിനാഥ് എന്ന ബസ് ആണ് അപകടം ഉണ്ടാക്കിയത്. സംഭവത്തിനു ശേഷം ബസ് നിര്ത്താതെ ഓടിച്ചു പോയെന്ന് പരാതിയുണ്ട്. എറണാകുളം ഹൈക്കോടതി സ്റ്റോപ്പില് യാത്രക്കാരെ ഇറക്കിയ ശേഷം ബസ് ഞാറക്കല് പൊലിസ് സ്റ്റേഷനില് ഹാജരാക്കി.
Kerala
കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് ടു വിദ്യാർഥിയും മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അവനിക (14), പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകുന്നേരം 5:45-ഓടെയായിരുന്നു അപകടം. മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തുവരുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ പ്രാഥമികമായി ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് രാത്രി ഏറെ വൈകി മാതാപിതാക്കളും ബന്ധുക്കളും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലിസ് അറിയിച്ചു.
വികാസ് നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോയി പറമ്പത്ത് സുബിഷിന്റെയും സുനിഷയുടയും മകനാണ് പാർത്ഥിബ്.
Kerala
തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി "സന്തോഷത്തോടെ പഠിക്കാം' എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കുന്നതിനാണ് ക്യാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകും.
വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസലിംഗ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് സംബന്ധിച്ചും പ്രത്യേക ബോധവത്കരണം നൽകും.
വിദ്യാർഥികളെ ലഹരിയുടെ പിടിയിൽപ്പെടുന്നതിൽ നിന്ന് രക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. തെറ്റായ കൂട്ടുകെട്ടുകളിലേക്കും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിലേക്കും കുട്ടികൾ എത്തിപ്പെടുന്നത് തടയുന്നതിനായി ആവശ്യമായ മാർഗനിർദേശവും കൗൺസലിംഗ് പിന്തുണയും ഉറപ്പാക്കും.
ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, കൗൺസിലർമാർ തുടങ്ങിയവരുടെ സേവനം കാമ്പയിനായി പരമാവധി പ്രയോജനപ്പെടുത്താനും മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.
സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തോടെ സ്കൂളുകളിൽ ആവശ്യമായ വിദഗ്ധ സേവനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ഭിന്നശേഷി വിദ്യാർഥികളുടെ പ്രത്യേക മാനസികാരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് അവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പിന്തുണ, കൗൺസലിംഗ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കും. കാമ്പയിനിലെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ തുല്യവും സജീവവുമായ പങ്കാളിത്തവും ഉറപ്പാക്കും.
മാനസികാരോഗ്യവുമായ ബന്ധപ്പെട്ട തെറ്റിദ്ധാരണകളും അപമാനബോധവും കുറയ്ക്കുന്നതിനായി വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും.
കാമ്പയിൻ ജില്ലാതലത്തിൽ ഫലപ്രദമായി നടപ്പാക്കി സംസ്ഥാനതലത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകിയതായും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
District News
മഞ്ചേരി: ലയണ്സ് ഇന്റര്നാഷണലിന്റെ ആഭിമുഖ്യത്തില് മഞ്ചേരി ഉപജില്ലയിലെ 600-ഓളം വിദ്യാര്ഥികള്ക്ക് കണ്ണടകള് വിതരണം ചെയ്തു. മഞ്ചേരി ലയണ്സ് ക്ലബ്ബില് നടന്ന നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും ഡിസ്ട്രിക്ട് ഗവര്ണര് ബാബു ദിവാകരന് ഉദ്ഘാടനം ചെയ്തു. സോണ് ചെയര്മാന് ജുനൈദ് അധ്യക്ഷത വഹിച്ചു.
എൻജിനിയര് ബാലകൃഷ്ണന്, ഡിസ്ട്രിക്ട് കോ-ഓര്ഡിനേറ്റര് അബ്ദുള് നാസര്, ഡോ. ജോര്ജ് ജേക്കബ്, ശുഭ ദിവാകരന്, ബെന്നി, ഡാനിഷ്, രാജേഷ് എന്നിവര് പ്രസംഗിച്ചു.
District News
ചങ്ങരംകുളം: സംസ്ഥാന സ്കൂള് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പില് മികച്ച നേട്ടവുമായി മൂക്കുതല പി. ചിത്രന് നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂള്. തൃശൂരില് നടന്ന മത്സരത്തില് മൂന്ന് സ്വര്ണവും ഒരു വെങ്കലവുമാണ് സ്കൂളിലെ താരങ്ങള് വാരിയത്. 60 കിലോഗ്രാം ജൂനിയര് വിഭാഗത്തില് ഇഷാന് അബ്ദുൾ ജലാല്, 77 കിലോഗ്രാം സീനിയര് വിഭാഗത്തില് ടി.വി. തുഷാര, 88 കിലോഗ്രാം സീനിയര് വിഭാഗത്തില് അദ്നാന് അബ്ദുൾ കാദര് എന്നിവരാണ് സ്വര്ണം നേടിയത്.
77 കിലോഗ്രാം ജൂനിയര് വിഭാഗത്തില് വൈഗ വെങ്കലവും സ്വന്തമാക്കി. നാഷണല് റഫറിയും കോച്ചുമായ ആഘോഷ്, കായികാധ്യാപകന് കുമാര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശിക്ഷണം. അച്ചടക്കത്തോടെയുള്ള പരിശീലനവും കഠിനാധ്വാനവുമാണ് നേട്ടത്തിന് പിന്നിലെന്ന് പിടിഎ പ്രസിഡന്റ് പ്രണവം പ്രസാദ് പറഞ്ഞു. കഴിഞ്ഞ അധ്യായനവര്ഷം പിടിഎമുന്കൈയെടുത്ത് സ്പോണ്സര് വഴി ഒളിമ്പിക് നിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങള് ലഭ്യമാക്കിയത് താരങ്ങള്ക്ക് ഏറെ തുണയായി.
മൂന്ന് താരങ്ങള് ദേശീയ ചാമ്പ്യന്ഷിപ്പിലേക്ക്
ചങ്ങരംകുളം: സ്വര്ണനേട്ടത്തോടെ മൂന്ന് താരങ്ങളും ഒക്ടോബര് അവസാനവാരം മണിപ്പൂരില് നടക്കുന്ന ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പില് കേരളത്തെ പ്രതിനിധീകരിക്കും.
ഇഷാന് അബ്ദുൾ ജലാല് തുടര്ച്ചയായി രണ്ടാം തവണയും അദ്നാന് അബ്ദുൾ കാദറും ടി.വി. തുഷാരയും തുടര്ച്ചയായി മൂന്നാം തവണയുമാണ് സംസ്ഥാന ചാമ്പ്യന്മാരാകുന്നത്.
ഇവര് മുന്പും ദേശീയ മത്സരങ്ങളില് കേരളത്തിനായി ഇറങ്ങിയിട്ടുണ്ട്. ദേശീയ മത്സരത്തിനായുള്ള ഒരുക്കങ്ങള് കൂടുതല് ശക്തമാക്കുമെന്ന് പ്രിന്സിപ്പല് മണികണ്ഠനും പ്രധാനാധ്യാപിക ജീനയും പറഞ്ഞു.
National
മഥുര: വൃന്ദാവനിലെ ഒരു റെസിഡൻഷ്യൽ സ്കൂളിൽ ജലസംഭരണി വൃത്തിയാക്കുന്നതിനായി ഉള്ളിൽ കടന്ന നാലു വിദ്യാർഥികൾ ശ്വാസംമുട്ടി മരിച്ചു. ഒരു കുട്ടി അബോധാവസ്ഥയിലായി. ചൊവ്വാഴ്ച രാവിലെ വൃന്ദാവൻ ഗുരുകുലത്തിലാണു സംഭവം.
ജലസംഭരണിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ അത് വൃത്തിയാക്കാനാണുകുട്ടികൾ ഉള്ളിലിറങ്ങിയത്. ഒരു വിദ്യാർഥിയാണ് ആദ്യം ഇറങ്ങിയത്. കൂട്ടുകാരനെ കാണാത്തതിനാൽ മറ്റുള്ളവർ പിന്നാലെ ഇറങ്ങുകയായിരുന്നു.
നാലു പേരെയും കാണാതായതോടെ നാട്ടുകാർ ടാങ്കിലിറങ്ങി കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മധ്യപ്രദേശിലെ ജബൽപുർ സ്വദേശി മനു കതാര (24), മീററ്റ് സ്വദേശി ഋഷഭ് ശർമ (18), കൗശാംബി സ്വദേശി ആര്യൻ ശർമ (18), മധ്യപ്രദേശിലെ വിദിഷ സ്വദേശി ദേവാൻഷ് (17) എന്നിവരാണു മരിച്ചത്.
അബോധാവസ്ഥയിലായ വിദ്യാർഥി രുദ്ര വിദേഷ് (18) അപകടനില തരണം ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. വിനീത് യാദവ് അറിയിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര പ്രകാശ് സിംഗ് ഉത്തരവിട്ടു.
District News
കോഴിക്കോട്: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയനാട് വാഴവറ്റ ജ്യോതി നിവാസിലെ അന്തേവാസികള്ക്കൊപ്പം സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യന് ഗേള്സ് സ്കൂള് വിദ്യാര്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു ദിവസം സ്നേഹവും കരുതലും പങ്കുവച്ചു.
പിടിഎ പ്രസിഡന്റ് വരുണ്ദാസ്ക്കര്,മാനേജര് സിസ്റ്റര് ജോവിറ്റ, ജോണി പള്ളിത്താഴത്ത്, പ്രധാനാധ്യാപിക സിസ്റ്റര് അഞ്ജലി തുടങ്ങിയവര് പങ്കെടുത്തു.
കോഴിക്കോട് നിന്ന് സിനിമ കണ്ടശേഷം ബീച്ചിന്റെ സൗന്ദര്യവും കൂടി ആസ്വദിച്ചാണ് അന്തേവാസികള് മടങ്ങിയത്.
Kerala
തിരുവനന്തപുരം: യുഡിഎഫിലും കോണ്ഗ്രസ് പാർട്ടിക്കുള്ളിലും കഴിഞ്ഞ നാലു മാസമായി പുകയുന്ന അസ്വസ്ഥതയാണ് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശിന്റെ തുറന്നു പറച്ചിലിലൂടെ ഇന്നലെ പൊട്ടിത്തെറിയിൽ കലാശിച്ചത്.
സർക്കാരിൽ പാർട്ടിക്കും മുന്നണിക്കും റോളില്ലെന്ന് ഏറെ നാളായി കോണ്ഗ്രസ് നേതാക്കൾ രഹസ്യമായി പറഞ്ഞു നടന്നതാണ് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് തന്നെ പത്രസമ്മേളനം വിളിച്ചു വെടിപൊട്ടിച്ചതോടെ പരസ്യമായത്.
പാർട്ടിയിലും മുന്നണിയിലും ഒരു ചർച്ചയും നടക്കുന്നില്ലെന്നും മുഖ്യമന്ത്രി സ്വന്തം ഇഷ് ടപ്രകാരം എല്ലാം നടത്തുകയാണെന്നുമായിരുന്നു അടൂർ പ്രകാശിന്റെ തുറന്നു പറച്ചിൽ. അടൂർ പ്രകാശിന്റെ തുറന്നു പറച്ചിലിനു പിന്നാലെ നേതാക്കൾ പക്ഷം പിടിച്ചു രംഗത്ത് എത്തിയതോടെ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
കഴിഞ്ഞ ദിവസം സാംസ്കാരിക സ്ഥാപന അധ്യക്ഷൻമാർ അടക്കമുള്ളവരെ പ്രഖ്യാപിച്ചപ്പോൾ തന്നെ കോണ്ഗ്രസ് ഉന്നത തലത്തിൽ ഏറെ അസ്വസ്ഥത രൂപപ്പെട്ടിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇതിൽ ചില പേരുകളോടു വിയോജിപ്പുണ്ടായിരുന്നു. ഇതാണ് വിയോജിപ്പുകൾ പാർട്ടി യോഗത്തിൽ ചർച്ച ചെയ്യുമെന്നും പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പുറത്തു പറയില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞത്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുസ്ലിം ലീഗിന്റെ ആറാം കാബിനറ്റ് പദവി കൂടി പുറത്തു വന്നതോടെയാണ് ഇതു പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. എല്ലാ വിഭാഗത്തേയും തൃപ്തിപ്പെടുത്തി അനുരജ്ഞനത്തിലൂടെ കാബിനറ്റ് പദവി പ്രഖ്യാപിച്ചിരുന്നെങ്കിൽ പ്രതിസന്ധിയിലേക്കു നീങ്ങില്ലായിരുന്നുവെന്നും ഒരു വിഭാഗം പറയുന്നു.
വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാർക്കെതിരേ യുവമോർച്ചയും ഡിവൈഎഫ്ഐയും തടയലും ആക്രമണവും സംസ്ഥാന വ്യാപകമായി നടത്തുന്നതിനിടെയാണ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി യുഡിഎഫ് കണ്വീനർ തന്നെ രംഗത്ത് എത്തിയത്. മന്ത്രിമാർക്കെതിരേയുള്ള കരിങ്കൊടി സമരത്തിലേക്ക് പ്രതിപക്ഷ പാർട്ടികളെ പ്രകോപിപ്പിച്ചതിൽ പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കു പങ്കുണ്ടോയെന്ന സംശയവും ഔദ്യോഗിക പക്ഷം ഉന്നയിക്കുന്നു.
Education
തിരുവനന്തപുരം: സെപ്റ്റംബർ 2026 കെടെറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഏഴുവരെ നീട്ടി.
സമർപ്പിച്ച അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഏഴുവരെ https://ktet.kerala.gov.in ലെ കാൻഡിഡേറ്റ് ലോഗിൻ മുഖേന തിരുത്താം.
Education
തിരുവനന്തപുരം: 12ന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകളുടെ ഫീസ് സൂപ്പർ ഫൈനോടെ അടയ്ക്കേണ്ട അവസാന തീയതി അഞ്ച് വരെ നീട്ടി.
Education
തിരുവനന്തപുരം: കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ‘യുഎൻ ടൂറിസത്തിന്റെ അക്കാദമിക് അംഗീകാരമായ ടെഡ്ക്വാൾ’ അംഗീകാരം ലഭിച്ചു.
കിറ്റ്സിന്റെ എംബിഎ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിനാണ് അംഗീകാരം. ടെഡ്ക്വാൾ മൂല്യനിർണയത്തിൽ ആകെ 78.7 വിജയശതമാനം നേടി മികച്ച പ്രകടനമാണ് കിറ്റ്സ് കാഴ്ചവച്ചത്.
National
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് പുനെയിൽനിന്നുള്ള എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുനെയിലെ ആലന്ദിയിലുള്ള "വിന്നേഴ്സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
48 അംഗ സംഘമാണ് വിനോദയാത്രയ്ക്കായി ദിവേഗറിൽ എത്തിയത്. ഇതിൽ 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമാണ് ഉൾപ്പെട്ടിരുന്നത്. വൈകുന്നേരം 5.30-ഓടെ കടൽത്തീരത്ത് എത്തിയ സംഘത്തിലെ എട്ട് വിദ്യാർഥികൾ കടലിൽ കുളിക്കാനിറങ്ങുകയും ശക്തമായ തിരമാലയിൽപ്പെടുകയുമായിരുന്നു.
അപകടം നടന്നയുടൻ ദിവേഗറിലെ ഒരു വാട്ടർ സ്പോർട്സ് ഉടമയും അദ്ദേഹത്തിന്റെ സംഘവും സ്വന്തം ജീവൻ പണയംവച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എട്ടുപേരുടെയും മൃതദേഹങ്ങൾ കടലിൽനിന്ന് പുറത്തെടുത്തത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലിസും പ്രദേശവാസികളായ ഗ്രാമീണരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റെടുക്കുകയും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മാറ്റുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ എഴുതിയ കത്തുകൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കത്തുകളിൽ പലതും താൻ കണ്ടെന്നും മനസിലുറയ്ക്കുന്ന ആ വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലഹരി മാഫിയയുടെ വേരറുക്കാൻ നാടൊന്നാകെ പൊരുതുന്ന ഈ ഘട്ടത്തിൽ, ആയിരക്കണക്കിന് വിദ്യാർഥികൾ ഒന്നിച്ച് കത്തെഴുതി മുന്നോട്ടുവന്നത് ലഹരിക്കെതിരെ നമ്മുടെ ചെറുത്തുനിൽപ്പിന്റെ വലിയൊരു മാതൃകയാണെന്നും ചെന്നിത്തല പ്രശംസിച്ചു.
Education
തിരുവനന്തപുരം: ഡൽഹി പൊലിസ്, കേന്ദ്ര സായുധ സേന പൊലിസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി സെപ്റ്റംബർ 30 രാത്രി 11. വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.
Education
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 15 വരെ എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ ഓൺലൈൻ മുഖേനയോ, വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 18ന് മുമ്പ് ചെയ്യണം.
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസും വിജഞാപനവും എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലുണ്ട്.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർസെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർഥികളെ തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: 0471—2560361, 362, 363, 364.
Education
കൊച്ചി: സര്ക്കാര് സ്ഥാപനമായ കെല്ട്രോണിന്റെ നോളജ് സെന്ററില് സര്ക്കാര് അംഗീകൃതവും നോര്ക്ക അറ്റസ്റ്റേഷനു യോഗ്യവുമായ ഡിപ്ലോമ ഇന് കംപ്യൂട്ടര് ഹാര്ഡ്വേര് ആന്ഡ് നെറ്റ്വര്ക്ക് മെയിന്റനന്സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, പിഎസ്സി നിയമനങ്ങള്ക്ക് യോഗ്യമായ പിജിഡിസിഎ, സിഎ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്ക്ക് ഫോൺ: 04842971400.
Kerala
തിരുവനന്തപുരം: മണ്ണന്തലയില് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില് പ്രായപൂര്ത്തിയാകാത്ത മൂന്ന് വിദ്യാര്ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസുള്ളവരാണ് പിടിയിലായത്.
പെണ്കുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാര്ഥികള് സ്കൂളില് പോകാതെ പെണ്കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. പെണ്കുട്ടിയും വിദ്യാര്ഥികളും വ്യത്യസ്ത സ്കൂളുകളിലാണു പഠിക്കുന്നത്.
സ്കൂളില് നടന്ന കൗണ്സലിങ്ങിനിടെയാണു പെണ്കുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടര്ന്നു സ്കൂള് അധികൃതര് വിവരം വീട്ടുകാരെയും പൊലിസിനെയും അറിയിച്ചു. ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്.
പിടിയിലായ മൂന്ന് പേരെയും ജുവനൈല് ജസ്റ്റിസ് ബോര്ഡിനു മുന്നില് ഹാജരാക്കുമെന്ന് മണ്ണന്തല പൊലിസ് അറിയിച്ചു.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സിബിഎസ്ഇ/ ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി-എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിൽ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കി.
സ്കൂളുകളിൽ നിന്നും www.egrantz.kerala.gov.in പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടികൾ ഒക്ടോബർ 20 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Education
കേരളത്തിലെ സര്ക്കാര് / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്ഥികള്ക്ക് നാഷണല് മീന്സ്-കം-മെറിറ്റ് സ്കോളര്ഷിപ് (എന്എംഎംഎസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 30.
സ്വന്തമായോ പ്രിന്സിപ്പല് വഴിയോ അപേക്ഷ സമര്പ്പിക്കണം. ഫീസില്ല. അപേക്ഷ സമര്പ്പിച്ചതിനുശേഷം പ്രിന്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിന്സിപ്പലിനു സമര്പ്പിക്കണം. ഹാര്ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. കേന്ദ്രീയ, ജവാഹര്, നവോദയ, സിബിഎസ്ഇ, റസിഡന്ഷ്യല്, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.
കേരളത്തിലെ 3473 കുട്ടികള്ക്ക് ഓരോ വര്ഷവും സ്കോളര്ഷിപ് കിട്ടും. പരീക്ഷയില് അര്ഹത നേടുന്നവര്ക്ക് 9 മുതല് 12 വരെ ക്ലാസുകളില് പഠിക്കുമ്പോള് പ്രതിവര്ഷം 12,000 രൂപ വീതം സ്കോളര്ഷിപ് ലഭിക്കും. പഠനം തുടര്ന്നും സര്ക്കാര് / എയ്ഡഡ് സ്കൂളില്ത്തന്നെയാകണം.
ഒന്പതാം ക്ലാസിലെ വാര്ഷിക പരീക്ഷയില് 55% മാര്ക്ക് നേടിയാലേ പത്തില് സ്കോളര്ഷിപ് തുക ലഭിക്കൂ. ഇതുപോലെ 10ല് 60%, 11ല് 55% എന്ന ക്രമത്തില് മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര്ക്ക് 5% ഇളവുണ്ട്. പരീക്ഷയിലെ ഗ്രേഡുകള് ശതമാനമായി മാറ്റേണ്ട രീതി അറിയിപ്പിലുണ്ട്. 2025-26 അധ്യയനവര്ഷം ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയില് 55% എങ്കിലും മാര്ക്ക് വേണം. പട്ടികവിഭാഗത്തിന് 50% മതി. രക്ഷിതാക്കളുടെ വാര്ഷികവരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്.
നവംബര് ഏഴിനാണ് സ്കോളര്ഷിപ്പ് പരീക്ഷ. ഒഎംആര് ശൈലിയിലുള്ള പരീക്ഷയ്ക്ക് 90 മിനിറ്റ് വീതമുള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ഓരോന്നിലും 90 മള്ട്ടിപ്പിള് ചോയ്സ് ചോദ്യങ്ങള്. രണ്ടു ഭാഗങ്ങള്ക്കും ചേര്ത്ത് 40% എങ്കിലും മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര് 32%.
District News
കരുവാരകുണ്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനം അനുവദിക്കുന്ന സ്കൂൾ വാഹനത്തിന്റെ പേരിൽ സ്കോളർഷിപ്പിനോപ്പം നല്കേണ്ട യാത്രാബത്ത ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കു നിഷേധിക്കരുതെന്നും വകയിരുത്തുന്ന തുക സ്കൂൾ മാനേജ്മെന്റിനും വിദ്യാർഥികൾക്കും നല്കാതെ ലാപ്സായി പോകുന്ന രീതിക്കു പകരം ആ തുക ഭിന്നശേഷി വിദ്യാർഥികൾക്ക് അനുവദിക്കണമെന്നും പരിവാർ അസോസിയേഷൻ കരുവാരകുണ്ട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഐക്യൂ ടെസ്റ്റ് നടത്താൻ ആവശ്യത്തിന് ക്ളിനിക്കൽ സൈക്കോളജിസ്റ്റുകൾ ഇല്ലാത്തതിനാൽ ബൗദ്ധിക ഭിന്നശേഷിക്കാർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് എടുക്കാനും പുതുക്കാനും കാലതാമസം നേരിടുകയാണെന്നും ഐക്യൂ ടെസ്റ്റ് നടത്താൻ വലിയ ഫീസ് നല്കി സ്വകാര്യ പ്രാക്ടീഷണർമാരെ സമീപിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും പരിവാർ അസോസിയേഷൻ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. ഫസീല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പരിവാർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റർ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എൻ.കെ. ഉമ്മർ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. സി. സജ്ജാദ് ഹുസൈൻ, കെ.വി.എസ്. അമീറ ബീവി, മുഹമ്മദ് പുന്നക്കാട്, സി.കെ. റഫീഖ് അരിമണൽ എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡല്ഹി: ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പേപ്പറുകളുടെ യുജിസി നെറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി സ്കോര് കാര്ഡുകള് കാണാനും ഡൗണ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) അറിയിച്ചിട്ടുണ്ട്.
മൂന്ന് വിഷയങ്ങളിലായി ആകെ 1,96,491 ഉദ്യോഗാര്ഥികളാണു പരീക്ഷയ്ക്കു രജിസ്റ്റര് ചെയ്തിരുന്നത്. ഇതില് 1,20,355 പേര് കഴിഞ്ഞ 9, 10 തീയതികളില് 272 നഗരങ്ങളിലായി സജ്ജീകരിച്ച 454 കേന്ദ്രങ്ങളില് നടന്ന പുനഃപരീക്ഷയില് പങ്കെടുത്തു.
പരീക്ഷയെഴുതിയവരില് 824 പേര് ജൂനിയര് റിസര്ച്ച് ഫെലോഷിപ്പിനും (ജെആര്എഫ്), 11,610 പേര് അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും 23,154 പേര് പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായുള്ള യോഗ്യതയ്ക്കും അര്ഹത നേടി.
ജെആര്എഫ് നല്കുന്നതിനും അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനുമായി 87 വിഷയങ്ങളിലായി യുജിസി നെറ്റ് 2026 ജൂണില് നടത്തിയിരുന്നു. എന്നാല് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലുണ്ടായ പിശകുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയരുകയും പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
Education
കൊച്ചി: കംപ്യൂട്ടർ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമായി ഐഐടി ബോംബെ പുതിയ ഇ-പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ആരംഭിക്കുന്നു.
എഡ്ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി ചേർന്നാണു കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓൺലൈൻ പഠനത്തോടൊപ്പം ഐഐടി ബോംബെ കാമ്പസിൽ നേരിട്ടുള്ള സെഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ, അൽഗോരിതങ്ങൾ, ബ്ലോക്ക്ചെയിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കംപ്യൂട്ടർ സയൻസ്, എഐ ആൻഡ് മെഷീൻ ലേണിംഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ആറ് കോഴ്സുകൾപ്പെട്ട പ്രോഗ്രാം ഒരു വർഷംകൊണ്ടു പൂർത്തിയാക്കാം.
പരമാവധി മൂന്നു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്വേർ ഡെവലപ്പർമാർ, എൻജിനിയർമാർ, ഐടി പ്രഫഷണലുകൾ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്സ് തയാറാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https:// www.cse.iitb.ac.in/academics/programme/epgd സന്ദർശിക്കുക:
Education
തിരുവനന്തപുരം: നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള കാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അപേക്ഷിക്കാം.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം അപേക്ഷ നിശ്ചിത ഫോമിൽ അതത് ജില്ലയിലെ എംസിഎച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
പ്രഫഷണൽ കോഴ്സുകളിലേക്കു പ്രവേശന പരീക്ഷയിലൂടെ ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം -1. ഫോൺ 0471 2469049.
District News
പുൽപ്പള്ളി: വയനാടിന്റെ സന്പന്നമായ പുരാവസ്തു പൈതൃകം കണ്ടെത്തന്നതിനും സംരക്ഷിക്കുന്നതുന്നതിനും ചരിത്ര വിദ്യാർഥികൾ മുന്നോട്ടു വരണമെന്ന് പുരാവസ്തു വിദ്ഗ്ധനും മാനന്തവാടി പഴശി കുടിരം മ്യൂസിയം മാനേജരുമായ ഐ.ബി. ക്ലമെന്റ് അഭിപ്രായപ്പെട്ടു. പഴശിരാജ കോളജ് ഹിസ്റ്ററി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ പുരാവസ്തു പൈതൃകം, മ്യൂസിയം പരിപാലനം എന്നീ വിഷയങ്ങളിൽ ഐ.ബി. ക്ലമെന്റ്, ഡോ.പി. രാജേഷ് എന്നിവർ ക്ലാസ് നയിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.എം.ആർ. ദിലീപ് അധ്യക്ഷത വഹിച്ചു. ഡോ. ജോഷി മാത്യു, ഫാ.ഡോ. തോമസ് മടുക്കുംമുട്ടിൽ, ഫാ. ചാക്കോ ചേലംപറന്പത്ത്, ഡോ.സി.ജെ. കോശി, ഡോ. റാണി എസ്. പിള്ള, ബേസിൽ ബെന്നി, ടി.കെ. അവന്തിക, എം. മിസ്ബാഹുള്ള എന്നിവർ പ്രസംഗിച്ചു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച രാഹുൽ ഗാന്ധിയുടെ ‘ഛത്രോം കി ഗൂഞ്ച്’ എന്ന പേരിലുള്ള സംവാദ സദസിൽ പങ്കെടുക്കുന്നതിനു രണ്ടുലക്ഷത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതായി കോൺഗ്രസ്.
ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസത്തിനുവേണ്ടിവരുന്ന വലിയ ചെലവ്, സർക്കാർ നിയമനങ്ങളിലെ ക്രമക്കേടുകൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികളുമായി രാഹുൽ ആശയവിനിമയം നടത്തുന്നതാണ് പരിപാടി.
നേരത്തേ വേദി വിട്ടുനൽകാൻ തയാറാകാത്തത് വിവാദമായിരുന്നു.
ദിവസങ്ങൾക്കുശേഷം പത്തുലക്ഷം രൂപ വാടക ഈടാക്കി ലോക്സഭാ പ്രതിപക്ഷനേതാവിന്റെ പരിപാടിക്കു ഇൻഡോർ ഡെവലപ്മെന്റ് അഥോരിറ്റി സ്ഥലം അനുവദിക്കുകയായിരുന്നു.
നേരത്തേ കോട്ട, ഡെറാഡൂൺ, പ്രയാഗ്രാജ്, പുനെ എന്നിവിടങ്ങളിൽ രാഹുൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയിരുന്നു.
District News
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ മലപ്പുറം അപ്ഹിൽ ലയണ്സ് ക്ലബിന്റെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
മലപ്പുറം ഗവണ്മെന്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന "അറിവാണ് ലഹരി’ ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ നിർവഹിച്ചു. വാർഡ് കൗണ്സിലർ മുഹമ്മദ് സാദത്ത് കാന്പ്ര അധ്യക്ഷത വഹിച്ചു. വിദ്യാർഥികളെ ലഹരിവസ്തുക്കളിൽ നിന്ന് അകറ്റി അറിവിന്റെ ലോകത്തേക്ക് നയിക്കുക, പൊതുവിജ്ഞാനവും ചിന്താശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 80 ടീമുകളിലായി 160 വിദ്യാർഥികൾ പങ്കെടുത്തു. \
വിമുക്തി ജില്ലാ മുൻ കോ-ഓർഡിനേറ്റർ ബി. ഹരികുമാർ ക്വിസ് മാസ്റ്ററായിരുന്നു. മത്സരത്തിൽ പോത്തുകൽ കാത്തലിക് ഹയർ സെക്കൻഡറി സ്കൂളിലെ എം. ഫൗസിയ സഫർ, വി.എം. സുഫിയാൻ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം (3,000 രൂപയും സർട്ടിഫിക്കറ്റും) സ്വന്തമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. ചെട്ടിയാൻകിണർ ജിവിഎച്ച്എസ്എസിലെ ടി. ഫാത്തിമ റിൻഷ, എം.കെ. ഫാത്തിമ തസ്നീം എന്നിവർ രണ്ടാം സ്ഥാനവും (2,000 രൂപയും സർട്ടിഫിക്കറ്റും), കാവനൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പി. ശിഖ, കെ. മുഹമ്മദ് ഷിഹാൻ എന്നിവർ മൂന്നാം സ്ഥാനവും (1,000 രൂപയും സർട്ടിഫിക്കറ്റും) കരസ്ഥമാക്കി. വിജയികൾക്ക് മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഇ.പി. സിബി സമ്മാനം നൽകി.
Kerala
കൊച്ചി: ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികളുടെ പേരിലാണ് പൊലിസ് കേസ് എടുത്തത്.
മറ്റൊരു സംഭവത്തിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലിസ് വ്യക്തമാക്കി. പരാതികളിൽ അന്വേഷണം തുടരുകയാണ്.
Business
കൊച്ചി: സ്കൂൾ വിദ്യാർഥികൾക്കിടയിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രതിഭകളെ കണ്ടെത്താനും അവരുടെ ആശയങ്ങൾക്കു പ്രോത്സാഹനം നൽകുന്നതിനുമായി ഒരു കോടിയുടെ മുത്തൂറ്റ് യംഗ് എഐ ഇന്നൊവേറ്റേഴ്സ് പദ്ധതിയുമായി മുത്തൂറ്റ് ഗ്രൂപ്പ്.
അടുത്ത അഞ്ചു വർഷത്തേക്കാണ് തുക മാറ്റിവയ്ക്കുന്നത്. 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ എഐ ആശയങ്ങളെ കേവലം ആശയം എന്ന നിലയിൽനിന്നു മാറ്റി, പ്രോട്ടോടൈപ്പുകളും ഉത്പന്നങ്ങളുമാക്കി മാറ്റാൻ മുത്തൂറ്റ് ഗ്രൂപ്പ് പിന്തുണ നൽകും.
മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ, ഇൻഫോ പാർക്ക് ഫേസ് രണ്ടിലെ സൻസ്കാര സ്കൂൾ ആയിരിക്കും പദ്ധതിയുടെ ഇൻക്യുബേറ്ററായി പ്രവർത്തിക്കുക. തുടക്കത്തിൽ കേരളത്തിലുടനീളമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതി പിന്നീട് ഘട്ടംഘട്ടമായി രാജ്യവ്യാപകമാക്കും.
വിദഗ്ധരുടെ മാർഗനിർദേശം, സാങ്കേതിക സഹായം, സാമ്പത്തിക പിന്തുണ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്ക് രണ്ടു ലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ പ്രാഥമിക ഗ്രാന്റായി ലഭിക്കും. കൂടുതൽ സാധ്യതയുള്ള പ്രോജക്ടുകൾക്ക് 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ തുടർനിക്ഷേപവും മുത്തൂറ്റ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
District News
അങ്ങാടിപ്പുറം : പ്രകൃതിദത്ത വർണങ്ങളിലൂടെയുള്ള ഭഗവതിക്കളവും നന്തുണിയുടെ നാദലയത്തിലുള്ള കളംപാട്ടും ആസ്വദിച്ച് പരിയാപുരം എഎംഎൽപി സ്കൂൾ വിദ്യാർഥികൾ.
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായാണ് കുട്ടികൾക്ക് കളംപാട്ടിനെ പരിചയപ്പെടുത്തിയത്. അങ്ങാടിപ്പുറം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ശിഹാബുദീൻ അധ്യക്ഷനായിരുന്നു. വാർഡ് മെംബർ ഏലിയാമ്മ തോമസ്, എം. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.
ശിൽപശാല നയിച്ച ലോക റിക്കാർഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനെ ആരിഫ് കൂട്ടിൽ പരിചയപ്പെടുത്തി. പഞ്ചവർണങ്ങളെ കൊണ്ട് കളമെഴുതുന്ന രീതി, ഉപയോഗിക്കുന്ന വർണക്കൂട്ടുകൾ ഉണ്ടാക്കുന്ന വിധം, ചടങ്ങുകൾ എന്നിവ ശിൽപശാലയിൽ വിവരിച്ചു. ശ്രീനിവാസന്റെ 324-ാമത് കളംപാട്ട് ശിൽപശാലയാണ് സ്കൂളിൽ നടന്നത്. പ്രധാനാധ്യാപിക പി. ഗൗരി ടി. അഷറഫ് എന്നിവർ സംസാരിച്ചു.
District News
നെയ്യാറ്റിന്കര: പരണിയം ഗവ. വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു.
വിവിധയിനം സസ്യങ്ങളെപ്പറ്റിയും അവയുടെ പ്രത്യേകതകൾ, വളർച്ച, പരിപാലനം, സംരക്ഷണം, ശാസ്ത്രീയ പ്രജനന രീതികള് എന്നിവയെക്കുറിച്ചും വിദ്യാർഥികൾക്ക് വിശദമായ അറിവ് ലഭിച്ചു. ടിഷ്യു കൾച്ചർ, ബഡ്ഡിംഗ് തുടങ്ങിയ സസ്യപ്രജനന രീതികളെക്കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനം വിദ്യാര്ഥികള്ക്ക് ലഭ്യമായി.
പാഠപുസ്തകത്തിൽ പഠിച്ച സസ്യശാസ്ത്ര ആശയങ്ങൾ നേരിട്ട് കണ്ടും നിരീക്ഷിച്ചും മനസിലാക്കാൻ കഴിഞ്ഞത് ഏറെ പ്രയോജനകരമായെന്ന് വിദ്യാര്ഥികള് അഭിപ്രായപ്പെട്ടു. വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും പ്രകൃതിയോടുള്ള താൽപര്യവും വളർത്തുന്നതിനും സന്ദർശനം സഹായിച്ചതായി അധ്യാപകര് കൂട്ടിച്ചേര്ത്തു.
Kerala
കൊച്ചി: കാലടി സംസ്കൃത സര്വകലാശാലയില് വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച 17 എസ്എഫ്ഐ പ്രവര്ത്തകര്ക്കും മുന്കൂര് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്ഥികള് കയ്യേറ്റം ചെയ്തെന്ന് കാട്ടി വിസി നല്കിയ പരാതിയിലായിരുന്നു വിദ്യാര്ഥികള്ക്കെതിരായ കേസ്.
നേരത്തെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വിദ്യാര്ഥികളുടെ ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില് ജാമ്യഹര്ജി നല്കിയത്. സെപ്റ്റംബര് മൂന്നിന് ഹര്ജി പരിഗണച്ചപ്പോള് വിദ്യാര്ഥികളെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ന് വീണ്ടും പരിഗണിച്ചപ്പോള് ഉപാധികളോടെ മുന്കൂര് ജാമ്യം അനുവദിക്കുകയായിരുന്നു.
വിസിയെ കൈയേറ്റം ചെയ്ത സംഭവത്തില് നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസ തോമസ് സിന്ഡിക്കേറ്റ് യോഗത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യാര്ഥികള് പ്രതിഷേധം ഉയര്ത്തിയത്.
ഈ സംഭവത്തെ തുടര്ന്ന് ആലുവ പൊലിസ് കേസ് എടുത്തിരുന്നു. തന്നെ മുടിക്ക് കുത്തിപ്പിടിച്ചു ഭിത്തിയോട് ചേര്ത്തു നിര്ത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്റെ പ്രതീകാത്മക ശവസംസ്കാര പ്രതിഷേധം നടത്തിയെന്നുമുള്ള പരാതി വിസി ഗവര്ണര്ക്കും ആഭ്യന്തര മന്ത്രിക്കും നല്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില് വീണ്ടും ഒരു എഫ്ഐആര് കൂടി ഇട്ടിരുന്നു.
വിദ്യാര്ഥികള്ക്കെതിരെ നടപടി എടുക്കാന് വൈകിയതില് ഗവര്ണര് ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര വകുപ്പുകള് ചേര്ത്ത് കേസ് എടുത്തത്. ഒരു കേസില് രണ്ടു എഫ്ഐആര് രജിസ്റ്റര് ചെയ്തുവെന്നാണ് വിദ്യാര്ഥികളുടെ ആരോപണം.
സര്ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്പ്പെടെ വിവിധ ആവശ്യങ്ങള് ഉന്നയിച്ചാണ് വിദ്യാര്ഥികള് സമരം നടത്തിയിരുന്നത്. ഇതിനിടെ നാടക വിഭാഗം പ്രവര്ത്തിക്കാത്ത ലൈറ്റുകളുടെ ശവമഞ്ചമൊരുക്കി, പ്രതീകാത്മക ശവസംസ്കാരം നടത്തിയിരുന്നു. ഇത് വിസിയുടെ ശവസംസ്കാരമാണെന്ന പേരില് വിവാദങ്ങള് ഉയര്ന്നിരുന്നു.
District News
പാലക്കാട്: വന്യമൃഗങ്ങളുടെ സഞ്ചാരപാതകളിലൂടെ കടന്നുപോകുന്ന റോഡുകളിൽ വന്യജീവികൾക്ക് അപകടം സംഭവിക്കുന്നതും മനുഷ്യർ അപകടത്തിൽപെടുന്നതും നിർമിതബുദ്ധിയുടെ സഹായത്താൽ ഒഴിവാക്കുന്നതിനും മനുഷ്യനും വന്യ ജീവികൾക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിനും സാഹചര്യമൊരുക്കുകയാണ് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥികൾ.
പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം എന്ന ആശയത്തോടെ സ്കൂളിൽ ആരംഭിച്ച പരിസ്ഥിതി സാക്ഷരതാ സെമിനാറിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്.
റോഡിൽ അപകടത്തിൽപ്പെടുന്ന മനുഷ്യരെപ്പോലെ വന്യജീവികൾക്കും തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതായിരുന്നു കുട്ടി ശാസ്ത്രജ്ഞരുടെ ആശയം. സ്കൂളിലെ റോബോട്ടിക്സ് പഠനത്തിന്റെ പിൻബലത്തിൽവന്യ ജീവികളുടെ ക്രോസിംഗുള്ള പ്രദേശങ്ങളിലെ റോഡുകളിൽ എഐ കാമറകൾ സ്ഥാപിച്ചുകൊണ്ട് വന്യ ജീവികളുടെ ക്രോസിംഗ് സമയത്ത് യാത്രക്കാർക്ക് മുൻകൂട്ടി വിവരം നല്കുകയും അപകടകാരികളായ മൃഗങ്ങളാണെങ്കിൽ പ്രത്യേക വാണിംഗ് നല്കുകയും റോഡ് നിശ്ചിത സമയത്ത് ഓട്ടോമാറ്റിക് ബാരിയർ സിസ്റ്റം ഉപയോഗിച്ച് അടക്കുകയും ചെയ്യുന്നതാണ് സേഫ് റോഡ് ക്രോസ് എന്ന എഐ സംവിധാനം.
ഇന്നലെ രാവിലെ പാലക്കാട്ടെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെയും മറ്റു ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും മുന്നിലാണ് സെന്റ് ഡൊമിനിക്സിലെ അമേയയും അമൂല്യയും തങ്ങളുടെ ടീമിന്റെ കണ്ടെത്തലിനെ അവതരിപ്പിച്ചത്. ഈ കാലത്തെ പരിസ്ഥിതി സംരക്ഷണത്തിൽ ന്യൂജനറേഷൻ എടുക്കുന്ന ഇത്തരം ചുവടുകളെ വനം വകുപ്പ് ഗൗരവമായി കാണുന്നുവെന്നുപറഞ്ഞ് വിദ്യാർഥികളെ മന്ത്രി അഭിനന്ദിച്ചു. വിദ്യാർഥികളുടെ നൂതന ആശയത്തെ യാഥാർഥ്യമാക്കാൻ എല്ലാ പ്രോത്സാഹനവും നല്കുമെന്നും മന്ത്രി വിദ്യാർഥികൾക്ക് ഉറപ്പുനല്കി.
Kerala
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ, ബിരുദ ബിരുദാനന്തര കോളജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.
‘കേരളം - കലയും തനത് സംസ്കാരവും ടൂറിസവും എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അവസാന തീയതി 24. എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐ ഡി - [email protected] . ഫോൺ - 0471 2478193, 9447728351.
Kerala
തൃശൂര്: കയ്പമംഗലത്ത് നിര്ത്തിയിട്ട ചരക്കുലോറിയില് കാറിടിച്ച് എന്ജിനിയറിംഗ് വിദ്യാര്ഥികള് മരിച്ച സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. വിദ്യാര്ഥികള് മദ്യപിച്ചിരുന്നെന്ന ഫോറന്സിക് റിപ്പോര്ട്ടിനു പിന്നാലെ നാട്ടുകാരുമായി വാക്കുതര്ക്കത്തില് ഉള്പ്പെട്ടിരുന്നെന്നും പോലീസ്.
യാത്രയ്ക്കിടെ തൃശൂര് തളിക്കുളം പത്താംകല്ലില് മുറിയെടുക്കാന് നിര്ത്തിയ സംഘം, നാട്ടുകാരുമായി വാക്കുതര്ക്കത്തില് ഏര്പ്പെട്ടെന്നും കൈയാങ്കളിയിലേക്കു നീങ്ങിയതോടെ നാട്ടുകാര് വാടാനപ്പള്ളി പോലീസില് വിവരം കൈമാറിയെന്നുമാണ് വിവരം. പോലീസ് എത്തുമെന്നറിഞ്ഞ് ഇവര് വേഗത്തില് രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തില് കൊച്ചിയിലേക്കു കടക്കുന്നതിനിടെ അപകടത്തില് പെടുകയായിരുന്നെന്നും പറയുന്നു.
പത്താംകല്ലിലെ വിവിധ സിസിടിവി ദൃശ്യങ്ങള് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ശേഖരിച്ചു. ഇവരുടെ സഞ്ചാരപാതയും അന്വേഷണത്തിന്റെ പരിധിയിലാണ്.
എട്ടുപേരുടെയും ആന്തരികാവയവങ്ങളുടെ ഫോറന്സിക് പരിശോധനയിലാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇക്കാര്യം മെഡിക്കല് കോളജിലെ ഫോറന്സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറും സ്ഥിരീകരിക്കുന്നുണ്ട്. സാമ്പിളുകള് വിശദ പരിശോധനയ്ക്കു കാക്കനാട് കെമിക്കല് എക്സാമിനേഷന് ലാബിലേക്ക് അയച്ചു. സംഭവത്തില് അറസ്റ്റിലായ ലോറി ഡ്രൈവര് പുനെ സ്വദേശി തുക്കാറാം കാംബ്ലിയെ കൊടുങ്ങല്ലൂര് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
ചര്ച്ചയായി ഡോ. ഹിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃശൂര്: ദേശീയപാത 66ല് കയ്പമംഗലത്തുണ്ടായ അപകടത്തില് കൊല്ലപ്പെട്ട യുവാക്കള് മദ്യപിച്ചിരുന്നെന്ന സൂചന നല്കി ഗവ. മെഡിക്കല് കോളജ് ആശുപത്രിയിലെ ഫോറന്സിക് മെഡിസിന് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്. റോഡ് നിര്മാണത്തിലെ സുരക്ഷാ വീഴ്ചകളും ദേശീയപാതാ അഥോറിറ്റിയുടെ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മദ്യപിച്ചുള്ള വാഹനമോടിക്കലിനെക്കുറിച്ചും ചര്ച്ച ചെയ്യണമെന്ന് അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.
റോഡ് നിര്മാണ മേഖലയില് മതിയായ സുരക്ഷാ മുന്കരുതലുകള് സ്വീകരിക്കാത്തതും റോഡരികില് ഭാരവാഹനം സുരക്ഷിതമല്ലാത്ത രീതിയില് പാര്ക്ക് ചെയ്തതും അപകട സാധ്യത വര്ധിപ്പിച്ച് ഘടകങ്ങളായിരിക്കാം. ഇത്തരം വീഴ്ചകള് ഗൗരവമായി അന്വേഷിക്കണം. എന്നാല്, ഫോറന്സിക് മെഡിസിന് വിദഗ്ധന് എന്ന നിലയില് ദുരന്തകാരണം ഒരു ഘടകത്തില് മാത്രം ചുരുക്കുന്നതു ശാസ്ത്രീയ സമീപനമല്ലെന്ന് അദ്ദേഹം പറയുന്നു.
അപകടത്തില് മരിച്ചവരില് ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നെന്ന് ഫോറന്സിക് പരിശോധനയില് കണ്ടെത്തി. ഇത് അപകടത്തിന്റെ അന്വേഷണത്തില് പ്രധാനപ്പെട്ടതാണ്. ഡ്രൈവറുടെ തീരുമാനമെടുക്കല്, ശ്രദ്ധ, പ്രതികരണ സമയം, വേഗത, ദൂരത്തെക്കുറിച്ചുള്ള നിഗമനങ്ങള് എന്നിവയെ മദ്യം ബാധിക്കുകയും അപകട സാധ്യത വര്ധിപ്പിക്കുകയും ചെയ്യാം. രക്തത്തതിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രം അപകടത്തിന്റെ കാരണമെന്ന നിഗമനത്തില് എത്താനും കഴിയില്ലെന്നത് ഓര്മിപ്പിക്കുന്നു.
മദ്യപിച്ചുള്ള വാഹനമോടിക്കല് സമൂഹം നിരുത്സാഹപ്പെടുത്തണം. ഈ ദുരന്തം നല്കുന്ന പ്രധാന സന്ദേശങ്ങളിലൊന്നും ഇതാണ്. ഇതു പറയാന് മാധ്യമങ്ങള് ഭയക്കേണ്ടതില്ലെന്നും മദ്യപിച്ചു വാഹനമോടിക്കുന്നതു സ്വന്തം ജീവന് മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നു. ഇക്കാര്യം ഓര്ത്താല് നന്നെന്നും അദ്ദേഹം കുറിപ്പില് പറയുന്നു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അഞ്ചുനില കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. സത്യനികേതനിലുണ്ടായ സംഭവത്തിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡൽഹി പൊലിസ് വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികളിൽ നിന്ന് ഫോൺകോൾ വന്നതായും അധികൃതർ പറഞ്ഞു.
ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ് രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഫോൺവിളികൾ ലഭിച്ചത്. കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് ഇപ്പോഴും ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും അപകടസ്ഥലം സന്ദർശിച്ച അനിൽ ശർമ എംഎൽഎ വ്യക്തമാക്കി.
അപകടസമയത്ത് അമ്പതോളം വിദ്യാർഥികൾ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിലെ കെട്ടിടമാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഫോൺവിളികളിലൂടെ ലഭിക്കുന്ന വിവരങ്ങൾ കൂടി ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
ഡൽഹി പൊലിസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി . ഗോവയിലെ ചിംബലിൽ പുതുതായി നിർമിച്ച ബിജെപിയുടെ സംസ്ഥാ ഓഫീസ് ഉദ്ഘാടനത്തിനായാണ് അദ്ദേഹം ഗോവയിൽ എത്തിയത്.
District News
വേങ്ങര: വേങ്ങരയിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘട്ടനം. വേങ്ങര ബോയ്സ് സ്കൂളിലെ പ്ലസ് വണ്, പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വളപ്പിൽനിന്ന് തുടങ്ങിയ തർക്കം വേങ്ങര ടൗണിലേക്ക് വ്യാപിക്കുകയായിരുന്നു.
ബസ് സ്റ്റാൻഡ് പരിസരത്ത് വലിയ രീതിയിലുള്ള സംഘർഷാന്തരീക്ഷമാണ് സൃഷ്ടിച്ചത്. സംഘർഷത്തിൽ ഒരു വിദ്യാർഥിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
വിദ്യാർഥിയെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലിസും വിരട്ടിയോടിച്ചാണ് രംഗം ശാന്തമാക്കിയത്.
Kerala
കാലടി: സംസ്കൃത സർവകലാശാല സമരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 13നാണ് ഒരുസംഘം വിദ്യാർഥികൾ സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്നു പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.
സമരം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലിസ് നടപടികൾ തടസപ്പെടുത്തുകയും വൈസ് ചാൻസലറെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ നാലുപേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരെ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
വൈസ് ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ് ചാൻസലർമാർ സംയുക്തമായും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ 22ന് ചേർന്ന പ്രത്യേക സിൻഡിക്കറ്റ് യോഗം ഇത്തരം അനിഷ്ട സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കണമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു.
തുടർനടപടികൾക്ക് വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയ യോഗം വിഷയത്തിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ സമിതിയെയും നിയോഗിച്ചിരുന്നു.
Education
സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര് സയന്സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്ട്ടികള്ച്ചര്, ലോ, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, മെറ്റീരിയല്സ് സയന്സ്, മാത്തമാറ്റിക്സ്, മീഡിയ ആന്ഡ് കമ്യൂണിക്കേഷന്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല് എഡ്യൂക്കേഷന് ആന്ഡ് സ്പോര്ട്സ്, ഫിസിക്സ്, സോഷ്യല് വര്ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, എപിഡെമിയോളൊജി ആന്ഡ് പബ്ലിക് ഹെല്ത്ത്, ടൂറിസം ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ എംഫില്. ബിരുദം / കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ 4 വര്ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര് നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര് / സിയുടിഎന് നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്.
അപേക്ഷ
അപേക്ഷകര് ഓണ്ലൈനായി സെപ്റ്റംബര് ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്ഡ് ജെന്ഡര് അപേക്ഷകര്ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില് പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില് സിഎസ്ഐആര്/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്ക്ക്: ടെലിഫോണ്: +919442488406
ഇ-മെയില്: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Education
തിരുവനന്തപുരം: ഒന്നാംഘട്ട പിജി ദന്തൽ (എംഡിഎസ്) കോഴ്സുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി മൂന്നിനു രാവിലെ 11വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. , 04712332120.
Education
കോട്ടയം: 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വണ്, പ്ലസ് ടു പഠനത്തോടൊപ്പം ഐഐടി, എയിംസ്, ഐസർ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്കുള്ള രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് നടത്തപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ ബംഗളൂരു, ദുബായി, ഖത്തർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും ഓണ്ലൈനായും പരീക്ഷ എഴുതാവുന്നതാണ്.
സ്കോളർഷിപ്പുകൾ: ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം രൂപയും നാല്, അഞ്ച് റാങ്കുകൾക്ക് 2 ലക്ഷം രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. പ്രവേശന പരീക്ഷയിൽ റാങ്കു നേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുട്ടികൾക്ക് ’ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി’ സ്കീമിലൂടെ സാന്പത്തിക സഹായവും ലഭിക്കും.
ഫൗണ്ടേഷൻ പ്രോഗ്രാം: 5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് ഓഫ്ലൈനായും ഓണ്ലൈനായും നടക്കും.
ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് (BSO2026): 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഒളിന്പ്യാഡിന്റെ ആദ്യഘട്ട പരീക്ഷ നവംബർ 14-ന് ഓണ്ലൈനായി നടക്കും. സൗജന്യമായി രജിസ്റ്റർ ചെയ്യാം.
നീറ്റ് / ജെഇഇ 2027 റിപ്പീറ്റേഴ്സ് & റീറിപ്പീറ്റേഴ്സ്: പുതിയ ബാച്ചുകൾ 16-ന് തിരുവനന്തപുരം, കൊല്ലം, പാലാ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ സെന്ററുകളിൽ ഓഫ്ലൈനായും ഓണ്ലൈനായും ബാച്ചുകൾ ആരംഭിക്കും. 2026ലെ നീറ്റ് സ്കോർ/മാർക്കിന്റെ അടിസ്ഥാനത്തിൽ 100 % വരെ സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: www.brilliantpala.org
ഫോണ്: 04822-206100, 206800.
Kerala
കൊല്ലം: വിദ്യാർഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം ചെങ്കുളം എൽഎംഎസ്എൽപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ചെങ്കുളത്ത് വച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഉടൻ തന്നെ കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാർഥികളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.
National
ന്യൂഡൽഹി: ഫിസിക്സ് ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ അന്വേഷണസമിതി രൂപീകരിച്ച് ഡൽഹി ഐഐടി. പഠിപ്പ് മുടക്കിയുള്ള കാമ്പസിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.
ഋഷികേശ് കുമാർ ശനിയാഴ്ചയാണ് കാമ്പസിലെ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ഋഷികേശിന്റെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സമിതി രൂപവത്കരിക്കുന്നതെന്ന് ഐഐടി ഡയറക്ടർ പ്രഫ. രംഗൻ ബാനർജി അറിയിച്ചു.
ഹരിയാണ കായിക സർവകലാശാല വിസിയും ഉത്തരാഖണ്ഡ് മുൻ ഡിജിപിയുമായ അശോക് കുമാർ, ഡൽഹി എയിംസിലെ സൈക്യാട്രി വിഭാഗം മേധാവി പ്രഫ. പ്രതാപ് ശർമ, രജിസ്ട്രാർ, രണ്ട് വിദ്യാർഥി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് അഞ്ചംഗസമിതി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാനിലെ കോട്ട ജില്ലയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 27 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് തലവേദന, തലകറക്കം, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
വിവരമറിഞ്ഞ ഉടൻ മെഡിക്കൽ സംഘത്തെ സ്കൂളിലേക്ക് അയച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രൂപ് സിംഗ് മീണ അറിയിച്ചു. ഏകദേശം 27 കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ഇതിൽ 10 മുതൽ 12 വരെ കുട്ടികളെ മെഡിക്കൽ കോളജിൽ എത്തിച്ചതായും മീണ പറഞ്ഞു. ഇവരിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് കുട്ടികളെയും മെഡിക്കൽ സംഘം പരിശോധിച്ച് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി.
കുട്ടികളുടെ ആരോഗ്യനിലയിൽ ഗുരുതരമായ മാറ്റങ്ങളുണ്ടാകാതിരിക്കാൻ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും അവരുടെ ജീവൽസൂചകങ്ങൾ സാധാരണ നിലയിലാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാജസ്ഥാൻ മന്ത്രി മദൻ ദിലാവറും ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. എല്ലാ കുട്ടികളും നിലവിൽ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
National
റായ്പൂർ: ഛത്തീസ്ഗഢ് റായ്പുരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിൽ ബിഎസ്സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ.
ദുർഗ് ജില്ലയിലെ സ്വകാര്യകോളജ് അധ്യാപകനായ യോഗേഷ് സോൻകേസരിയ (38), വിദ്യാർഥികളായ അജയ് നായക് (20), ത്രിദേവ് പട്ടേൽ(22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നിവരെയാണ് അറസ്റ്റിലായത്.
സീൽ ചെയ്ത കവറിനുള്ളിലേക്ക് എൻഡോസ്കോപ്പിക് കാമറ കടത്തിവിട്ടാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തിയത്.
കഴിഞ്ഞ 20നു നിശ്ചയിച്ചിരുന്ന രണ്ടാം വർഷ എന്റമോളജിയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇവ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സർവകലാശാല അധികൃതർക്ക് പരീക്ഷനടക്കുന്ന ദിവസമാണ് വിവരം ലഭിച്ചത്. തുടർന്ന് പരീക്ഷ റദ്ദാക്കി.
അറസ്റ്റിലായ പ്രഫസർ സർവകലാശാലയിൽനിന്ന് ചോദ്യപേപ്പർ ശേഖരിച്ച് കോളേജിലേക്കു കൊണ്ടുപോകുന്ന ചുമതല വഹിച്ചിരുന്നയാളാണ്. എന്നാൽ 17-ന് ഇയാൾ ശേഖരിച്ച ചോദ്യപേപ്പറുകൾ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് വീട്ടിലെത്തിച്ചു കവറിനുള്ളിൽ ചെറുദ്വാരമുണ്ടാക്കി, കാമറ അതിലൂടെ കടത്തിവിട്ട് ചോദ്യങ്ങൾ പകർത്തുകയായിരുന്നു. 11000 രൂപയ്ക്കാണ് ഇയാൾ അജയ് നായക് എന്ന വിദ്യാർഥിക്കു വിറ്റത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ഡിസിപി സ്മൃതിക് രാജനാല അറിയിച്ചു.
National
ജയ്പുർ: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രാജ്യവ്യാപകമായി നടത്തിയ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (എഐഎപിജിഇടി-2026) ജയ്പുരിലെ പരീക്ഷാ കേന്ദ്രത്തിലുണ്ടായ വൈദ്യുതി തടസത്തെ തുടർന്ന് മുടങ്ങി.
രാജ്യത്താകെ 200 പരീക്ഷാ കേന്ദ്രങ്ങളിലായി 35,837 ഉദ്യോഗാർഥികൾ ആദ്യ ഷിഫ്റ്റിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയപ്പോഴാണ് ജയ്പുരിലെ കേന്ദ്രത്തിൽ സാങ്കേതിക തടസം നേരിട്ടത്. ജയ്പുരിലെ ശ്രീ സത്യസായി പിജി കോളജിൽ ഓൺലൈനായി പരീക്ഷ എഴുതുകയായിരുന്ന 192 ഉദ്യോഗാർഥികളിൽ 49 പേർക്കാണ് സാങ്കേതിക തകരാറിനെ തുടർന്ന് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതെ പോയത്.
പരീക്ഷ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന എഡ്യൂക്വിറ്റി കരിയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിലും സാങ്കേതിക തടസത്തിലും എൻടിഎ അധികൃതർ പിന്നീട് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.
District News
പരിയാപുരം: പരിയാപുരം എഎംഎൽപി സ്കൂളിൽ ഈ വർഷം ഓണാഘോഷത്തിന് ഇരട്ടിമധുരമാണ്. സ്കൂൾ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പാർക്ക് ഒരുക്കി വ്യത്യസ്തനാവുകയാണ് സ്കൂൾ മാനേജരായ വാക്കാട്ടിൽ സുനിൽബാബു. ഏറ്റവും മനോഹരമായ പാർക്ക് മകളുടെ പേരിൽ നൽകിയ "ആലിയാസ് ഗിഫ്റ്റ് പാർക്ക്’ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുസലാം ആറങ്ങോടൻ, വാർഡ് മെംബർ ഏലിയാമ, പിടിഎ പ്രസിഡന്റ്് ശിഹാബ് ചോലയിൽ, പിടിഎ മുൻ പ്രസിഡന്റുമാരായ ബഷീർ കിനാതിയിൽ, യൂസഫ് പോത്തുകാട്ടിൽ, മുൻ പ്രധാനാധ്യാപിക മണി, അസൈനാർ, ഇഖ്ബാൽ വാക്കാട്ടിൽ, പ്രധാനാധ്യാപിക ഗൗരി, സ്റ്റാഫ് സെക്രട്ടറി ആരിഫ് എന്നിവർ പ്രസംഗിച്ചു.
Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.
ഇതേത്തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.
District News
മണിമല: സാറുമ്മാരേ എത്ര കിലോ പൂവ് വേണം. ചോദിക്കുന്നത് യൂണിഫോമിട്ട കുറച്ചു കുട്ടികൾ. പൂവ് മേടിക്കാനെത്തിയത് കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരും.
മണിമല കറിക്കാട്ടൂർ സിസിഎം എച്ച്എസ്എസ് സ്കൂൾ മൂറ്റമാണ് സ്ഥലം. സ്കൂളിലെ വിദ്യാർഥികൾ ഈ ഓണക്കാലത്ത് പൂവ് വില്പനയിലാണ്. സ്കൂൾ തുറന്ന ആദ്യ ആഴ്ച തന്നെ വിദ്യാർഥികൾ നട്ട ബന്ദി തൈകൾ പൂത്തുലഞ്ഞ് മഞ്ഞയും ഓറഞ്ചു കലർന്ന വർണപൂക്കളായി.
20 സെന്റ് സ്ഥലത്താണ് ചാണകവും കോഴി വളവും ചേർത്തൊരുക്കിയ മണ്ണിൽ മൾച്ചിംഗ് ഷീറ്റ് പാകി ബന്ദി തൈ നട്ടത്. അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ 754 കുട്ടികളും അധ്യാപകരും അനധ്യാപകരുമായ 52 പേരുമാണ് പൂന്തോട്ടത്തിനു പിന്നിൽ.
കൂട്ടിക്കൽ കാർഷിക നഴ്സറിയിൽ നിന്നുമാണ് അഞ്ചു രൂപയ്ക്ക് തൈകൾ വാങ്ങിയത്. സമീപ പ്രദേശങ്ങളിലുള്ളവർക്ക് അഞ്ചു രൂപ നിരക്കിൽ ബന്ദി തൈ വിൽക്കുന്നുണ്ട്. മണിമല കൃഷി ഓഫീസർ അരുണ് ജോസഫ് ആവശ്യമായ നിർദേശം നല്കിയിരുന്നു.
ഓരോ ക്ലാസിലെ വിദ്യാർഥികൾക്കും തൈ നടൽ മുതൽ വിളവെടുപ്പ് വരെയുള്ള കാലത്ത് ഓരോ പ്രവർത്തനങ്ങൾക്കും അവസരം നല്കിയിരുന്നു. റോണി കെ. ബേബി എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കിലോഗ്രാമിനു 140 മുതൽ 150 രൂപ വരെ നിരക്കിൽ 110 കിലോയോളം ബന്ദി പൂക്കൾ വില്പന നടത്തി. പ്രദേശത്തെ മിക്ക സർക്കാർ സ്ഥാപനങ്ങളും പൂക്കൾ വാങ്ങിയതു ഇവിടെ നിന്നാണ്.
പ്രിൻസിപ്പൽ ഷാജി കുര്യാക്കോസ്, ഹെഡ് മാസ്റ്റർ ഷിനോജ് ജോസഫ്, പിടിഎ അംഗങ്ങൾ എന്നിവർ കുട്ടിക്കർഷകർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പത്താം ക്ലാസ് വിദ്യാർഥിനി തെരേസ സുജോയ്ക്ക് ഇത്തവണ മണിമല പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷക അവാർഡും ലഭിച്ചിരുന്നു.
ബന്ദി കൃഷി വിളവെടുത്തശേഷം പച്ചമുളക് കൃഷി ആരംഭിക്കും. കൃഷിയിലൂടെ ലഭിക്കുന്ന പണം വിവിധ ആഘോഷങ്ങൾക്കും പഠനോപകരണങ്ങൾ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്.
District News
ചങ്ങനാശേരി: സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് ഓണവസ്ത്രം ധരിച്ച് ബസില് കയറിയ സ്കൂള് വിദ്യാര്ഥികള്ക്ക് കണ്സഷന് നിഷേധിച്ചു. രണ്ടു രൂപ കൊടുത്ത് യാത്ര ചെയ്യേണ്ട വിദ്യാര്ഥികളോട് കണ്ടക്ടര് ഫുള് ടിക്കറ്റ് ചാര്ജായ ഇരുപത് രൂപ വാങ്ങി.
ചങ്ങനാശേരി-കോട്ടയം റൂട്ടില് സര്വീസ് നടത്തുന്ന തണ്ടപ്ര ബസിലെ കണ്ടക്ടറാണ് വിദ്യാര്ഥികളെ മാനസികമായി പീഡിപ്പിച്ചത്. വിവിധ സ്കൂളുകളില് പഠിക്കുന്ന തൃക്കോതമംഗലം സ്വദേശികളായ ഇരുപതോളം വിദ്യാര്ഥികള്ക്കാണ് ദുരനുഭവം ഉണ്ടായത്.
ഓണാഘോഷ പരിപാടികളില് പങ്കെടുക്കുന്ന വിദ്യാര്ഥികള്ക്ക് കളര്ഡ്രസ് ധരിക്കാമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പ്രഖ്യാപനം നടത്തിയിരുന്നു. ഇതനുസരിച്ച് സ്കൂളധികൃതരുടെ അറിയിപ്പു പ്രകാരമാണ് വിദ്യാര്ഥികള് ഓണവസ്ത്രങ്ങളിഞ്ഞ് സ്കൂളില് പോയത്. ബസില് കയറിയപ്പോള് പിന്നില്നിന്ന കണ്ടക്ടര് പറഞ്ഞു ഇന്ന് എസ്ടി ഇല്ല. പരീക്ഷ കഴിഞ്ഞു. ഫുള് ടിക്കറ്റുവേണം.
ഫാത്തിമ എന്ന കുട്ടി ചോദ്യം ചെയ്തെങ്കിലും കണ്ടക്ടര് ഫുള്ടിക്കറ്റിനായി വാശി പിടിച്ചു. കയ്യില് പണമില്ലാതിരുന്ന ഫാത്തിമ അടുത്ത സീറ്റിലിരുന്ന കുട്ടികളോടും മറ്റുള്ളവരോടും വാങ്ങി ഇരുപത് രൂപ കണ്ടക്ടര്ക്ക് നല്കി.
ഈ കുട്ടിയെ ഇറങ്ങേണ്ട നിശ്ചിത സ്റ്റോപ്പില് ഇറക്കാതെ മറ്റൊരു സ്റ്റോപ്പിലാണ് ഇറക്കിവിട്ടത്. കണ്ടക്ടറില്നിന്നും ദുരനുഭവമുണ്ടായ വിദ്യാര്ഥികള് കരഞ്ഞുകൊണ്ട് വീടുകളിലെത്തി മാതാപിതാക്കളോടു പറഞ്ഞപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. ഇതുസംബന്ധിച്ച് മാതാപിതാക്കള് കോട്ടയം എന്ഫോഴ്സ്മെന്റ് ആര്ടിഒയ്ക്ക് പരാതി നല്കി. ഇതുസംബന്ധിച്ചു നടപടിയുണ്ടാകണമെന്നും മാതാപിതാക്കള് ആവശ്യപ്പെട്ടു.
District News
അതിരമ്പുഴ: അർഹരായ 50 സഹപാഠികൾക്ക് ഓണക്കിറ്റ് നൽകി വിദ്യാർഥികളുടെ ഓണാഘോഷം. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തങ്ങളുടെ സഹപാഠികൾക്ക് ഓണസമ്മാനം നൽകിയത്.
1200 രൂപയോളം വിലവരുന്ന ഒരു കിറ്റിൽ അഞ്ചു കിലോ അരി ഉൾപ്പടെയുള്ള 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രിൻസിപ്പൽ ബിനു ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റെനു ജോസഫ് എന്നിവർ നേതൃത്വം നല്കി.
മത്സരവിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. വിപിൻ കട്ടത്തറ, ഫാ. മാർട്ടിൻ നീളപറമ്പിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന, ജില്ലാതല ബാഡ്മിന്റൺ മത്സരങ്ങളിൽ മികച്ച വിജയം നേടിയ രണ്ടാംവർഷ വിദ്യാർഥി നിരഞ്ജന പി. പ്രഭയെ ആദരിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ വടംവലി മത്സരവും സ്കൂളിന്റെ ഉയരമുള്ള കൂറ്റൻ ഫ്ലക്സും ആഘോഷങ്ങൾക്ക് മിഴിവേകി. അധ്യാപകരായ ജിഷാമോൾ അലക്സ്, സഞ്ജിത് പി. ജോസ്, റോജി സി.സി. എന്നിവർ നേതൃത്വം നല്കി. എല്ലാ കുട്ടികൾക്കും അധ്യാപക അനധ്യാപക ജീവനക്കാർക്കും പായസവിതരണം നടത്തി ഓണാവധിക്ക് പിരിഞ്ഞു.
NRI
ഹൂസ്റ്റൺ: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും യുവതീയുവാക്കൾക്കുമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പ്രത്യേക ആശീർവാദ ശുശ്രൂഷ സംഘടിപ്പിച്ചു.
ഞായറാഴ്ച ഓരോ വിശുദ്ധ കുർബാനയ്ക്കും ശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. നിരവധി കുട്ടികളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു പ്രാർഥിച്ചു.
പഠനത്തിലും ജീവിതത്തിലും അറിവിലും ജ്ഞാനത്തിലും വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വികാരി ഫാ. അബ്രഹാം മുത്തോലത്ത് കുട്ടികളെ ഓർമിപ്പിച്ചു.
Kerala
കൊച്ചി: വിദ്യാര്ഥിയുടെ മരണത്തില് പ്രതിഷേധിച്ച് കോതമംഗലം എംഎ എന്ജിനിയറിംഗ് കോളേജില് നടന്ന സമരം പിന്വലിച്ചു. ചര്ച്ചകളില് അനുകൂല തീരുമാനം ഉണ്ടായതോടെയാണ് സമരം പിന്വലിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച് അന്വേഷണം നടത്താനമെന്നും വിദ്യാര്ഥികള് ഉന്നയിച്ച 12 ആവശ്യങ്ങളിലും നടപടി എടുക്കാമെന്നും കോളജ് മാനേജ്മെന്റ് ഉറപ്പു നല്കി.
അന്വേഷണ റിപ്പോര്ട്ട് വരുന്നത് വരെ എച്ച്ഒഡിയും കെടിയു കോര്ഡിനേറ്ററും കോളേജ് ക്യാമ്പസില് നിന്നും മാറി നില്ക്കും. കോളജ് അധികൃതരും വിദ്യാര്ഥികളും ഭാഗമാകുന്ന ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച ശേഷം ജീവനൊടുക്കിയ വിദ്യാര്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്നത് അടക്കമുള്ള കാര്യങ്ങള് പരിഗണിക്കും.
മിച്ചി മര്പ്പുവിന്റെ മരണത്തില് കോളജ് അധികൃതര് ഉത്തരവാദിത്തം ഏറ്റെടുക്കുക, ഉത്തരവാദികളായവര്ക്കെതിരെ നടപടികള് സ്വീകരിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നല്കുക, തങ്ങള് ഉന്നയിക്കുന്ന വിഷയങ്ങള് ഗൗരവപൂര്വം പരിഗണിക്കുക എന്നീ ആവശ്യങ്ങള് ഉയര്ത്തിയാണ് വിദ്യാര്ഥികള് ഇന്ന് രാവിലെ എട്ടു മുതല് പ്രതിഷേധം ആരംഭിച്ചത്.
രാവിലെ കോളജിലേക്ക് ആരും പ്രവേശിക്കാതെ ഗേറ്റ് അടച്ച് വിദ്യാര്ഥികള് ഒന്നടങ്കം പ്രതിക്ഷേധിക്കുകയായിരുന്നു. കോളജിലേക്കുള്ള അധ്യാപകരുടെ വാഹനങ്ങള് കവാടത്തില് തടഞ്ഞു. കോളജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്ഗീസ് വന്ന വാഹനം വിദ്യാര്ഥികള് തടഞ്ഞത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
പോലീസിന്റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവില് സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്. തുടര്ന്ന് ഗേറ്റ് തള്ളിത്തുറന്ന് വിദ്യാര്ഥികള് കോളജിന് അകത്തേക്ക് കടക്കുകയും പ്രിന്സിപ്പലിന്റെ റൂമിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കെഎസ്യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാര്ഥി സംഘടനകളും കോളജില് വിദ്യാര്ഥികള്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കേരള സാങ്കേതിക സര്വകലാശാല നിഷ്കര്ഷിക്കുന്ന ക്രെഡിറ്റ് മാര്ക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിര്ബന്ധമാക്കിയതാണ് വിദ്യാര്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികള് ആരോപിക്കുന്നു. ഇത് നേടാന് കഴിയാത്ത വിദ്യാര്ഥികള് ഇയര് ബാക്ക് ആകുകയും പഠനവും ഹോസ്റ്റല് സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.
Kerala
ഡൽഹി: ജാർഖണ്ഡിലെ വിദ്യാർഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് ചുവടുപിടിച്ചാണ് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം തുടങ്ങിയത്. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടായിരുന്നു മൂന്നാഴ്ചയിലധികം നീണ്ട പ്രതിഷേധമാണ് അവസാനിച്ചത്. കഴിഞ്ഞ മാസം 25 നാണ് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും, മുൻ പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
ചർച്ചകൾ ആവർത്തിച്ചു നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. വിദ്യാർത്ഥി നേതാവായ ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
പിന്നാലെ സമരം കടുപ്പിച്ച വിദ്യാർഥികൾ നിയമസഭാ മാർച്ച് നടത്തി. ഹേമന്ത് സോറന്റെയും, രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിച്ചു. സഖ്യകക്ഷികളിൽ നിന്നുവരെ എതിർപ്പ് ഉയർന്നതിന് പിന്നാലെ.സമരത്തിന്റെ 24 ആം നാൾ സിജിഎൽ അടക്കം ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കി.
അതിനിടെ, പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി പരീക്ഷ പാസായവരും രംഗത്തെത്തി. ഇന്ത്യാ സഖ്യം ഭരിക്കുന്ന ജാർഖണ്ഡിലെ സമരം ബിജെപി രാഷ്ട്രീയ ആയുധമാക്കവേയാണ് സർക്കാരിന്റെ നിർണായക തീരുമാനം.
Kerala
കൊച്ചി: കോതമംഗലം എംഎ എന്ജിനിയറിംഗ് കോളജില് വിദ്യാര്ഥികളുടെ പ്രതിഷേധം തുടരുന്നു. മിച്ചി മര്പ്പുവിന്റെ മരണത്തില് കോളജ് അധികൃതര് ഉത്തരവാദിത്തം ഏറ്റെടുക്കുക, ഉത്തരവാദികളായവര്ക്കെതിരെ നടപടികള് സ്വീകരിക്കുക, വിദ്യാര്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുക, തങ്ങള് ഉന്നയിക്കുന്ന വിഷയങ്ങള് ഗൗരവപൂര്വം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്ഥികള് ഉന്നയിക്കുന്നത്.
കോളജിന്റെ ഗേറ്റ് തള്ളിത്തുറന്ന് വിദ്യാര്ഥികള് അകത്തേക്ക് കടന്നു. പ്രിന്സിപ്പലിന്റെ റൂമിന് മുന്നിലിരുന്ന് വിദ്യാര്ഥികള് പ്രതിഷേധിക്കുകയാണ്. പ്രിന്സിപ്പല് നല്കിയ ഉറപ്പുകള് രേഖാമൂലം എഴുതി നല്കണമെന്നാണ് വിദ്യാര്ഥികളുടെ ആവശ്യം. കെഎസ്യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാര്ഥി സംഘടനകളും കോളജില് വിദ്യാര്ഥികള്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരള സാങ്കേതിക സര്വകലാശാല നിഷ്കര്ഷിക്കുന്ന ക്രെഡിറ്റ് മാര്ക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിര്ബന്ധമാക്കിയതാണ് വിദ്യാര്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികള് ആരോപിക്കുന്നു. ഇത് നേടാന് കഴിയാത്ത വിദ്യാര്ഥികള് ഇയര് ബാക്ക് ആകുകയും പഠനവും ഹോസ്റ്റല് സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
ഇന്ന് രാവിലെ കോളജിലേക്ക് ആരും പ്രവേശിക്കാതെ ഗേറ്റ് അടച്ച് വിദ്യാര്ഥികള് ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു. കോളജിലേക്കുള്ള അധ്യാപകരുടെ വാഹനങ്ങള് കവാടത്തില് തടഞ്ഞു. കോളജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്ഗീസ് വന്ന വാഹനം വിദ്യാര്ഥികള് തടഞ്ഞത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചു.
പോലീസിന്റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവില് സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്. നിലവില് സമരം ചെയ്ത കുട്ടികള്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പു നല്കിയിട്ടില്ല. ഇതിലും പ്രതിഷേധമുണ്ട്.
Kerala
കൊച്ചി: അരുണാചല്പ്രദേശ് സ്വദേശി മിച്ചി മര്പ്പുവിന്റെ മരണത്തില് പ്രതിഷേധിച്ച് കോതമംഗലം എംഎ എന്ജിനിയറിംഗ് കോളജിലെ വിദ്യാര്ഥികള്. മിച്ചി മര്പ്പുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരുടെ വാഹനങ്ങളടക്കം തടഞ്ഞാണ് വിദ്യാര്ഥികളുടെ പ്രതിഷേധം. ഇതിനിടെ വിദ്യാര്ഥികളും പോലീസും തമ്മില് സംഘര്ഷമുണ്ടായി.
ഉയര്ന്ന ക്രെഡിറ്റ് സ്കോര് ഇല്ലാത്തതിനാല് ഇയര്ഔട്ട് ആകുമെന്ന ഭയത്തെ തുടര്ന്നാണ് വിദ്യാര്ഥി ജീവനൊടുക്കിയത്. എന്നാല് വിദ്യാര്ഥിയുടെ മരണത്തില് ഔദ്യോഗിക പ്രതികരണത്തിനോ നഷ്ടപരിഹാരം നല്കാനോ കേസ് അന്വേഷണത്തിലോ കോളജ് മാനേജ്മെന്റ് ഇടപെട്ടില്ലെന്നും പരിഹാരം ഉണ്ടാകുന്നതു വരെ ക്ലാസ് ബഹിഷ്കരിച്ച് സമരം തുടരുമെന്ന് വിദ്യാര്ഥികള് വ്യക്തമാക്കി.
പ്രതിഷേധത്തിനൊടുവില് വിദ്യാര്ഥികളുടെ അഞ്ചു ആവശ്യങ്ങള് അംഗീകരിച്ച് കോളജ് മാനേജ്മെന്റ് ഉത്തരവിറക്കിയിരുന്നു. മിനിമം ക്രെഡിറ്റ് സ്കോര് സിസ്റ്റം നടപ്പാക്കുമെന്ന് കോളജ് സര്ക്കുലര് പുറത്തിറക്കി. എന്നാല് ഒഫീഷ്യല് ലെറ്റര് ഹെഡില് അല്ലാതെ കോളജിന്റെ സീല് ഇല്ലാത്തതിനാല് അത് അംഗീകരിക്കാന് സാധിക്കില്ലെന്നും വിദ്യാര്ഥികള് പറയുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടില് വിദ്യാര്ഥിയെ മരിച്ച നിലയില് കണ്ടത്. വിദ്യാര്ഥിയുടെ പിതാവ് മിച്ചി ഡുമ, ഭാര്യ സഹോദരന്, അയല്വാസി എന്നിവര് എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദ്യാർഥികളുമായുള്ള സംവാദ പരിപാടി ഛാത്രോം കി ഗൂംജിന്റെ അടുത്തഘട്ടം പൂനെയിൽ 22ന് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അവകാശങ്ങൾക്കു വേണ്ടി പൊരുതാൻ കൂടുതൽ വിദ്യാർഥികളോട് പരിപാടിയുടെ ഭാഗമാകാനും രാഹുൽ അഭ്യർഥിച്ചു.
"രാജ്യത്തെ പെൺകുട്ടികളുടെ ആവശ്യമെന്താണ്? സമത്വം, സുരക്ഷിതത്വം, അവസരങ്ങൾ, അവരുടെ മനസിലുള്ളത് തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നാൽ അവർക്ക് ലഭിക്കുന്നതെന്താണ്? അരക്ഷിതാവസ്ഥ, വിവേചനം, അവകാശങ്ങൾക്കായുള്ള നീണ്ട കാത്തിരിപ്പ്''-അദ്ദേഹം പറഞ്ഞു.
യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് രാഹുൽ കഴിഞ്ഞ ആഴ്ച പ്രയാഗ്രാജിൽ സംഘടിപ്പിച്ച ഛാത്രോം കി ഗൂംജിൽ പറഞ്ഞിരുന്നു. പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളായ രാജസ്ഥാനിലെ കോട്ടയിലും ഡെറാഡൂണിലുമാണ് ആദ്യ രണ്ടു ഘട്ടങ്ങൾ നടന്നത്.
National
ന്യൂഡല്ഹി: നാഷണല് അക്കാദമി ഓഫ് ലീഗല് സ്റ്റഡീസ് ആന്ഡ് റിസര്ച്ചിലെ ബിരുദധാരികൾ അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാൻ നിർദേശം നൽകിയതിൽ ക്ഷമ ചോദിച്ച് ബാര് കൗണ്സില് ഓഫ് ഇന്ത്യ ചെയര്മാന് മനന് കുമാര് മിശ്ര.
വിദ്യാര്ഥികളോടു ക്ഷമ ചോദിക്കുകയാണെന്നും ഇക്കാര്യത്തിൽ യാതൊരു പിടിവാശിയും ഇല്ലെന്നും സ്വാതന്ത്ര്യദിനത്തില് പുറത്തിറക്കിയ കത്തില് അദ്ദേഹം പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട വാക്കുകളോ കത്തോ വിദ്യാര്ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില് ആത്മാര്ഥമായി ഖേദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2026 ല് പഠനംപൂര്ത്തിയാക്കിയവര്ക്ക് എൻറോള്മെന്റിന് അനുമതി നല്കരുതെന്നു സംസ്ഥാന ബാര് കൗണ്സിലുകള്ക്ക് കത്തയച്ചിരുന്നു. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം വിലക്കു പിൻവലിക്കുകയും ചെയ്തു.
സര്വകലാശാലയിലെ ബിരുദദാനചടങ്ങില് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതില് വിദ്യാര്ഥികള് പ്രതിഷേധിച്ചതിനാലാണു വിലക്ക് പ്രഖ്യാപിച്ചത്.
National
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദേശമിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു.
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ വിദ്യാർഥികളെയായിരുന്നു വിലക്കിയിരുന്നത്. വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. സംഭവത്തിൽ ചീഫ് ജസ്റ്റീസടക്കം രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണിപ്പോൾ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞിരിക്കുന്നത്.
നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ തന്റെ വാക്കുകളോ കത്തോ, നമ്മുടെ നിയമ വിദ്യാർഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിൽ താൻ ആത്മാർഥമായി ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ പറയുന്നതിൽ യാതൊരു മടിയും തനിക്കില്ല.
ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തിന്റെയോ അഹങ്കാരത്തിന്റെയോ വിഷയമല്ല. അത് നമ്മുടെ വിദ്യാർഥികളുടെ വികാരങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് മാത്രമാണെന്നും മനൻ കുമാർ മിശ്ര പറഞ്ഞു.
Kerala
കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡില് വിദ്യാര്ഥികള് ഏറ്റുമുട്ടിയ സംഭവത്തില് 12 പേര്ക്കെതിരെ പോലീസ് കേസ് എടുത്തു. തേവര സേക്രട്ട് ഹാര്ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്ഥികളാണ് നടുറോഡില് ഏറ്റുമുട്ടിയത്.
20 ഓളം വിദ്യാര്ഥിള്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. എസ്എച്ച് കോളജില് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തര്ക്കം നടന്നിരുന്നു. ഇതിന്റെ തുടര്ച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടല്.
പാലാരിവട്ടം പോലീസില് ലഭിച്ച പരാതിയെ തുടര്ന്നാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു.