മന്ത്രി ഷിബു ബേബി ജോൺ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂളിലെ വിദ്യാർഥിനികളുടെ നൂതന ആശയം കണ്ടുമനസിലാക്കുന്നു.
പാലക്കാട്: വന്യമൃഗങ്ങളുടെ സഞ്ചാരപാതകളിലൂടെ കടന്നുപോകുന്ന റോഡുകളിൽ വന്യജീവികൾക്ക് അപകടം സംഭവിക്കുന്നതും മനുഷ്യർ അപകടത്തിൽപെടുന്നതും നിർമിതബുദ്ധിയുടെ സഹായത്താൽ ഒഴിവാക്കുന്നതിനും മനുഷ്യനും വന്യ ജീവികൾക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിനും സാഹചര്യമൊരുക്കുകയാണ് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥികൾ.
പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം എന്ന ആശയത്തോടെ സ്കൂളിൽ ആരംഭിച്ച പരിസ്ഥിതി സാക്ഷരതാ സെമിനാറിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്.
റോഡിൽ അപകടത്തിൽപ്പെടുന്ന മനുഷ്യരെപ്പോലെ വന്യജീവികൾക്കും തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതായിരുന്നു കുട്ടി ശാസ്ത്രജ്ഞരുടെ ആശയം. സ്കൂളിലെ റോബോട്ടിക്സ് പഠനത്തിന്റെ പിൻബലത്തിൽവന്യ ജീവികളുടെ ക്രോസിംഗുള്ള പ്രദേശങ്ങളിലെ റോഡുകളിൽ എഐ കാമറകൾ സ്ഥാപിച്ചുകൊണ്ട് വന്യ ജീവികളുടെ ക്രോസിംഗ് സമയത്ത് യാത്രക്കാർക്ക് മുൻകൂട്ടി വിവരം നല്കുകയും അപകടകാരികളായ മൃഗങ്ങളാണെങ്കിൽ പ്രത്യേക വാണിംഗ് നല്കുകയും റോഡ് നിശ്ചിത സമയത്ത് ഓട്ടോമാറ്റിക് ബാരിയർ സിസ്റ്റം ഉപയോഗിച്ച് അടക്കുകയും ചെയ്യുന്നതാണ് സേഫ് റോഡ് ക്രോസ് എന്ന എഐ സംവിധാനം.
ഇന്നലെ രാവിലെ പാലക്കാട്ടെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെയും മറ്റു ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും മുന്നിലാണ് സെന്റ് ഡൊമിനിക്സിലെ അമേയയും അമൂല്യയും തങ്ങളുടെ ടീമിന്റെ കണ്ടെത്തലിനെ അവതരിപ്പിച്ചത്. ഈ കാലത്തെ പരിസ്ഥിതി സംരക്ഷണത്തിൽ ന്യൂജനറേഷൻ എടുക്കുന്ന ഇത്തരം ചുവടുകളെ വനം വകുപ്പ് ഗൗരവമായി കാണുന്നുവെന്നുപറഞ്ഞ് വിദ്യാർഥികളെ മന്ത്രി അഭിനന്ദിച്ചു. വിദ്യാർഥികളുടെ നൂതന ആശയത്തെ യാഥാർഥ്യമാക്കാൻ എല്ലാ പ്രോത്സാഹനവും നല്കുമെന്നും മന്ത്രി വിദ്യാർഥികൾക്ക് ഉറപ്പുനല്കി.
Tags : District News Nattuvishesham Students St. Dominic's Sreekrishnapuram