മുത്തോലപുരം പള്ളിക്ക് സമീപം കാടുകയറി നശിക്കുന്ന പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടം.
ഇഞ്ഞി: പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുത്തോലപുരം പള്ളിക്കു സമീപം സംസ്ഥാനപാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന കെട്ടിടം അധികൃതരുടെ സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലായി. ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്കു മുൻപ് കൃഷിവകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കായി നിർമിച്ച ഈ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഏതാനും നാളുകൾ മാത്രമാണ് പ്രവർത്തിച്ചത്. പിന്നീട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയെത്തുടർന്ന് കെട്ടിടം പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാവുകയായിരുന്നു.
നിലവിൽ കാടുകയറി മൂടിയ കെട്ടിടത്തിൽ വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. പ്രധാന റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ഇത് വലിയ സുരക്ഷാ ഭീഷണിയാകുന്നുണ്ട്. ഇതിനുപുറമെ, സന്ധ്യ മയങ്ങിയാൽ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആളുകൾ ഇവിടെ തമ്പടിക്കുന്നതും പതിവായിരിക്കുകയാണ്. മേൽക്കൂരയും വാതിലുകളും തകർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
യാത്രാതിരക്കുള്ള സംസ്ഥാനപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ പരിസരത്തെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിച്ച് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന രീതിയിലോ കുടുംബശ്രീ യൂണിറ്റുകൾ, വായനശാല, അല്ലെങ്കിൽ മറ്റ് ജനസേവന ആവശ്യങ്ങൾക്കോ ആയി കെട്ടിടം പുനരുപയോഗിക്കാൻ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കർഷക സേവന കേന്ദ്രവും പൊതു ലൈബ്രറിയുമാക്കണം
പ്രദേശത്തെ കർഷകരുടെ ചിരകാല ആവശ്യങ്ങൾ പരിഗണിച്ച്, ആഴ്ചയിലൊരിക്കലെങ്കിലും പ്രവർത്തിക്കുന്ന ഒരു കൃഷിഭവൻ എക്സ്റ്റൻഷൻ ഓഫീസാക്കി ഇവിടം മാറ്റണം. കർഷകർക്ക് ആവശ്യമായ വളം, വിത്ത്, കാർഷിക ആനുകൂല്യങ്ങൾ എന്നിവ സ്വന്തം നാട്ടിൽത്തന്നെ ലഭ്യമാക്കാൻ ഇത് സഹായിക്കും. ഒപ്പം തന്നെ, ബാക്കി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നാട്ടിലെ വിദ്യാർഥികൾക്കും വായനാപ്രേമികൾക്കുമായി ഒരു പൊതു ലൈബ്രറിയും റീഡിംഗ് റൂമും ഇവിടെ സജീകരിക്കാവുന്നതാണ്.
കെ.കെ.ടോമി,
കൂമാക്കിയിൽ
Tags : District News Nattuvishesham Panchayat building verge of ruin