ഖാലിദ് ഷെയ്ഖ് മുഹമ്മദ്
വാഷിംഗ്ടൺ ഡിസി: 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റു മൂന്ന് പ്രതികളും ഒടുവിൽ വിചാരണ നേരിടുന്നു.
ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ സൈനിക ട്രൈബ്യൂണലിൽ 2028 ജൂൺ അഞ്ചിനു വിചാരണനടപടികൾ ആരംഭിക്കാൻ യുഎസ് എയർഫോഴ്സ് ജഡ്ജി ലഫ്. കേണൽ മൈക്കൽ സ്രാമ ഉത്തരവിട്ടു. രണ്ടു പതിറ്റാണ്ടിലധികമായി തുടരുന്ന നിയമതടസങ്ങൾക്കൊടുവിലാണ് കേസിൽ നിർണായകമായ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വലീദ് ബിൻ അതീഷ്, മുസ്തഫ അഹമ്മദ് അൽ ഹവ്സാവി, അലി അബ്ദുൾ അസീസ് അലി എന്നിവർ കുറ്റം സമ്മതിക്കുന്നതിനു പകരം മരണശിക്ഷ ഒഴിവാക്കി നൽകാമെന്ന ധാരണ നേരത്തേ ഉണ്ടാക്കിയിരുന്നു. എന്നാൽ ശക്തമായ ജനരോഷത്തെത്തുടർന്ന് കഴിഞ്ഞ വർഷം യുഎസ് അപ്പീൽ കോടതി ഈ കരാർ പൂർണമായും റദ്ദാക്കുകയായിരുന്നു.
2027 ജനുവരിയിൽ വിചാരണ ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിചാരണയ്ക്കു മുന്നോടിയായുള്ള തെളിവുശേഖരണത്തിനും ഹർജികൾ പരിഗണിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമാക്കി ജഡ്ജി തീയതി 2028 ജൂണിലേക്ക് നീട്ടുകയായിരുന്നു.
യുഎസ് സൈനിക ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന പ്രത്യേക ജൂറിയെ തെരഞ്ഞെടുക്കുന്നതോടെ വിചാരണയ്ക്ക് തുടക്കമാകും. ജൂറി രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷൻ തെളിവെടുപ്പും വാദവും ആരംഭിക്കും.
പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയായി 60 ദിവസത്തിനുശേഷമായിരിക്കും പ്രതിഭാഗത്തിന് തെളിവുകൾ ഹാജരാക്കാൻ അവസരം ലഭിക്കുക. തുടർന്ന് ശിക്ഷാവിധിക്കായുള്ള അന്തിമ വാദം നടക്കും.
2003 മാർച്ച് ഒന്നിന് പാക്കിസ്ഥാനിൽനിന്നാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ് പിടിയിലാകുന്നത്. പാക് മാതാപിതാക്കൾക്ക് കുവൈറ്റിൽ ജനിച്ചയാളാണ് അൽ ക്വയ്ദയുടെ പ്രചാരണവിഭാഗം തലവനായിരുന്ന ഖാലിദ്. 2002ൽ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് സ്ഥാപിച്ച ഗ്വാണ്ടനാമോ ബേയിലെ അതീവ സുരക്ഷാ തടവറയിലാണ് നിലവിൽ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
Tags : Mastermind KhalidSheikhMohammed Trial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash