പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: ലോക ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന, വിദേശത്തേക്കുള്ള പണംകടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘം സർക്കാരിനു ശിപാർശ ചെയ്തു.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് കടത്തൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നതായി ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നീ കേന്ദ്ര ഏജൻസികളും നികുതിവെട്ടിക്കൽ ജിഎസ്ടിയും ഭൂമിയുടെ വില അധികമായി കാണിച്ചു വായ്പ എടുത്ത സംഭവത്തിൽ രജിസ്ട്രേഷൻ ഐജിയുടെ അന്വേഷണവും ആവശ്യമാണെന്നു ജിഎസ്ടി എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെയും- സംസ്ഥാന ഏജൻസികളുടെയും അന്വേഷണം നിർദേശിച്ചത്.
അർജന്റൈൻ ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിലെ സ്റ്റേഡിയത്തിൽ കളിപ്പിക്കാമെന്ന പേരിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനായി വിദേശത്തേക്കു കോടികൾ കൈമാറിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ, അനാവശ്യ ഫണ്ട് തിരിമറി, ചിട്ടിഫണ്ട് നിയമലംഘനം തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിനു പുറത്തുള്ള രണ്ട് ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിൽനിന്ന് 137. 75 കോടി, 75 കോടി രൂപ വീതം ശേഖരിച്ചു വിദേശത്തേക്കു കടത്തിയതിനാണ് രജിസ്ട്രാർ ഓഫ് ചിറ്റ്സിന്റെ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
10 ലക്ഷം രൂപയുടെ മൂലധനമുള്ള കന്പനിക്ക് 213 കോടിയോളം രൂപ നൽകിയതിലും വിശദ അന്വേഷണം വേണം. മതിയായ ഈടുകളോ, പ്രോപ്പർട്ടി പണയമോ ഇല്ലാതെ പണം നൽകി. ചെക്കുകൾ മാത്രമായിരുന്നു ഈടായി നൽകിയത്. ഇതുവരെ തിരിച്ചടവൊന്നും നടത്തിയിട്ടില്ല.
തൃക്കാക്കര, ഇടപ്പള്ളി എന്നിവിടങ്ങളിലെ ഭൂമിയുടെ വില പെരുപ്പിച്ചു കാട്ടി തട്ടിപ്പു നടത്തി. 2024ൽ ഈ മേഖലകളിൽ 9.94 കോടിക്ക് വാങ്ങിയ മൂന്ന് വസ്തുവകകൾ വായ്പ എടുക്കാനായി ഒരു വർഷത്തിനകം 154.38 കോടി മൂല്യമുള്ളതായി പെരുപ്പിച്ചു കാണിച്ചു.
വസ്തുവകകളുടെ മൂല്യം അമിതമായി കാണിച്ചതിൽ സ്റ്റാന്പ് ഡ്യൂട്ടി വെട്ടിപ്പും ക്രമക്കേടും നടന്നു. വിദേശ സേവനങ്ങളുടെ ഇറക്കുമതിയും റിവേഴ്സ് ചാർജ് മെക്കാനിസം നികുതി ബാധ്യതയുമുണ്ടായി. അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) സ്പോണ്സർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ടു 2024 ഡിസംബറിലെ കരാർ പ്രകാരം ടൂർ പ്രോഡ് എന്റർ എൽഎൽസി എന്ന അമേരിക്കയിലെ കളക്ഷൻ ഏജന്റ് വഴി ആർബിസി സേവനങ്ങൾ ഇറക്കുമതി ചെയ്തു.
വിദേശത്തുനിന്ന് സേവനം ഇറക്കുമതി ചെയ്യുന്പോൾ റിവേഴ്സ് ചാർജ് മെക്കാനിസം വഴി ജിഎസ്ടി അടയ്ക്കാൻ കന്പനി ബാധ്യസ്ഥമാണ്. വിദേശത്ത് നടത്തിയ നിയമ-മധ്യസ്ഥത ചെലവുകൾക്കായി 1.897 കോടി രൂപ അധികമായി വിദേശത്തേക്ക് അയച്ചതായും എസ്ഐടി കണ്ടെത്തി. ഇതിലൂടെയും ജിഎസ്ടി വെട്ടിപ്പു നടത്തി.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്തു
അർഹതയില്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വായ്പ യഥാർഥത്തിൽ ലഭിക്കാൻ അർഹതയില്ലാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ പ്രോസസിംഗ് ഫീസ് ബിൽ ചെയ്തതിനാൽ, സിജിഎസ്ടി, കെജിഎസ്ടി നിയമത്തിലെ വകുപ്പ് 16 പ്രകാരം ഇതിന്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് അർഹതയില്ല. എഫ്എയുടെ ഡിഫോൾട്ട് നോട്ടീസ് ലഭിച്ച 2025 ഒക്ടോബറിലാണ് വായ്പ തുക അനുവദിക്കപ്പെട്ടതും വിദേശത്തേക്ക് അയച്ചതും.
ആർബിസിയുമായി ബന്ധമുള്ള 13 കന്പനികളെയും എട്ട് വ്യക്തികളെയും എസ്ഐടി കണ്ടെത്തി. ആർബിസി ജിഎസ്ടി വകുപ്പിനു മുന്നിൽ ഒരു ബാങ്ക് അക്കൗണ്ടായ എസ്ബിഐ കാക്കനാട് മാത്രമാണ് വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ, അന്വേഷണത്തിൽ വെളിപ്പെടുത്താത്ത ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ആറ് ബാങ്ക് അക്കൗണ്ടുകൾ കൂടി എസ്ഐടി കണ്ടെത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: ഫുട്ബോൾ താരം മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന നികുതിവെട്ടിപ്പിൽ ജിഎസ്ടി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം പങ്കെന്ന് ജിഎസ്ടി എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തൽ.
തിരുവനന്തപുരം ഇന്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് എതിരേ നടപടിക്ക് ശിപാർശയുണ്ട്. ഇതു കൂടാതെ കാസർഗോഡ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ, കോഴിക്കോട് ഇന്റലിജൻസ് ജോയിന്റ് കമ്മിഷണർ എന്നിവരുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഏതാനും ഉദ്യോഗസ്ഥർക്ക് എതിരേ അച്ചടക്ക നടപടി വന്നിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ടു വിദേശത്തേക്കു കടത്തിയ 336.47 കോടി രൂപയുടെ വരവിന്റെ ഉറവിടം കാണിച്ചിട്ടില്ല. ഈ തുക റിട്ടേണ് ഫയൽ ചെയ്തതിലും ഇല്ല. കണക്ക് കാണിച്ചതും നികുതിയടച്ചതും 102.47 കോടിരൂപയ്ക്ക് മാത്രമാണ്. 102.47കോടി മാത്രമാണ് റിട്ടേണിൽ കാട്ടിയ ബാങ്ക് അക്കൗണ്ടിലുമുള്ളത്. ഇതുപ്രകാരം 234.31കോടി കള്ളപ്പണമാണ്. ഈ തുക കന്പനിയുമായി ബന്ധപ്പെട്ട വിവിധ ആളുകളുടെ പേരിൽ ഒരു ഔദ്യോഗിക രേഖയിലും പരാമർശിക്കാത്ത ആറ് ബാങ്ക് അക്കൗണ്ടു വഴിയാണ് കടത്തിയത്.
മെസിയുടെ പേരിൽ മൊത്തം 549.22 കോടി രൂപ സമാഹരിച്ചാണ് തട്ടിപ്പു നടന്നത്. ഇതിൽ 212.75 കോടി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തതാണ്.
Tags : MessiName Serious Irregularity Committed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash