പ്രതീകാത്മക ചിത്രം
ബെയ്റൂട്ട്: തെക്കൻ ലബനനിലെ അലി അൽ-താഹിർ മലനിരകളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം. ഹിസ്ബുള്ള നിർമിച്ച വൻ തുരങ്ക ശൃംഖലകളും മിസൈലുകളും റോക്കറ്റുകളും തകർത്തതായി ഇസ്രയേൽ വ്യോമസേന വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ സ്ഫോടന പരമ്പരകളിലൂടെയാണ് ഇവ തകർത്തതെന്നും സൈന്യം അറിയിച്ചു. ഇറാന്റെ സാമ്പത്തിക പിന്തുണയോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിസ്ബുള്ള വികസിപ്പിച്ചെടുത്ത പ്രധാന ആയുധ-സൈനിക അടിസ്ഥാന സൗകര്യമാണ് തകർത്തത്
തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും ഭൂഗർഭ മേഖലയിലും തങ്ങളുടെ നിയന്ത്രണം ശക്തമാക്കിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലബനനിലെ നബാത്തിയ മേഖലയിലെ മലനിരകളിൽ നടന്ന സ്ഫോടനങ്ങളുടെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
ഭൂമിക്കടിയിൽ നിന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ കണക്കനുസരിച്ച് ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടന്ന വൻ തുരങ്ക സമുച്ചയമാണ് തകർത്തത്. ഹിസ്ബുള്ളയുടെ പ്രധാന ആയുധശേഖരവും സൈനിക സംവിധാനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നത്.
തുരങ്കത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ഡസൻ കണക്കിന് ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിന് ലാൻഡ് മൈനുകൾ, വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ എന്നിവയും കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
Tags : Israel Hezbollah Conflict Lebanon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNew s InDepth NewsFlash