പ്രതീകാത്മക ചിത്രം
കയ്റോ/അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കൂടുതൽ വഷളാക്കിക്കൊണ്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിലെ തന്ത്രപ്രധാന തുറമുഖനഗരമായ മോച്ചയും ഹനീഷ് ദ്വീപുകളും പിടിച്ചെടുത്തു. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ബാബ് അൽ മൺഡെപ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹൂതികൾ, സൗദി അറേബ്യൻ കപ്പലുകൾക്കു മേഖലയിൽ വിലക്കേർപ്പെടുത്തി.
ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് ചരിത്രപ്രസിദ്ധമായ മോച്ച സ്ഥിതി ചെയ്യുന്നത്. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയാണ് ഹൂതികൾ ഈ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
ഹോർമൂസ് കടലിടുക്ക് നേരത്തേതന്നെ സംഘർഷം മൂലം അടഞ്ഞതിനെത്തുടർന്ന് സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി ചെങ്കടൽ പാതയെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഹൂതികൾ ഇവിടെയും ഉപരോധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായി. ഇതോടെ ആഗോളവിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനം വർധിച്ച് ബാരലിന് 105 ഡോളറിലെത്തി.
സൗദിയിലെ ഖമീസ് മുശൈതിലെ എയർബേസിനും എണ്ണ കേന്ദ്രങ്ങൾക്കും നേരേ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റതിനു പിന്നാലെ മേഖലയിൽ നയതന്ത്ര നീക്കങ്ങൾ ഊർജിതമായിട്ടുണ്ട്. ഹൂതികളെ അടിയന്തരമായി പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ഇറാനോട് ആവശ്യപ്പെട്ടു. സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
Tags : Oil Prices Soar Houthis RedSea Pakistan SaudiArabia Warning Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash