Kerala
കൊച്ചി: പാചക വാതക ലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞിട്ടും പഴയ നിലയിലേക്ക് മടങ്ങാതെ കൊച്ചിയിലെ ഹോട്ടല്‍ ഭക്ഷണ വില. ഗ്യാസ് ലഭ്യത സാധാരണ നിലയില്‍ ആയെങ്കിലും കുത്തനെ ഉയര്‍ന്ന സിലിണ്ടര്‍ വിലയും പലചരക്ക് സാധനങ്ങളുടെ തുടര്‍ച്ചയായ വിലക്കയറ്റവും ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അതിനാല്‍ കൂട്ടിയ വില കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹോട്ടലുകള്‍.
പാചക വാതക ക്ഷാമം വരുന്നതിന് മുമ്പ് 1750 മുതല്‍ 1800 വരെയായിരുന്നു ഗ്യാസ് സിലിണ്ടറിന് വില. ക്ഷാമം രൂക്ഷമായതോടെ സിലിണ്ടറിന്റെ വില 3000ന് മുകളിലായി. എന്നാല്‍ ക്ഷാമം മാറിയെങ്കിലും സിലിണ്ടറിന്റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ അരി, പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവയുടെ വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളുടെ ചെലവും വര്‍ധിച്ചു.
വില കുറയ്ക്കണമെങ്കില്‍ ആദ്യം ചെലവ് കുറയണം. ഗ്യാസ് വില പഴയ നിലയിലെത്തിയിട്ടില്ല. പലചരക്ക് സാധനങ്ങള്‍ക്കും വില കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണവില പഴയ നിലയിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കൊച്ചിയിലെ പ്രമുഖ റെസ്റ്റോറന്റ് ഉടമ പറയുന്നു.
ബിരിയാണിയും ഊണും:
ഹാഫ് ബിരിയാണിക്ക് മുമ്പ് 100 രൂപയ്ക്ക് താഴെ ആയിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 150 മുതല്‍ 180 വരെയാണ് വില. ഫുള്‍ ബിരിയാണിക്ക് 200 മുതല്‍ 300 വരെയാണ് വില. 50-60 രൂപ വരെയുണ്ടായ ഊണിന് 150 രൂപ വരെയാണ് വില. ഊണിനൊപ്പം സ്പെഷ്യല്‍ ആയി മീനോ ഇറച്ചിക്കറിയോ വാങ്ങുകയാണെങ്കില്‍ 200ന് മുകളിലേക്ക് മീല്‍സിന്റെ വില ഉയരും.
150 രൂപയ്ക്ക് താഴെ വില വരുന്ന ഊണ് ചില ഹോട്ടലുകളില്‍ കിട്ടുന്നുണ്ടെങ്കിലും കറികളുടെ എണ്ണവും രുചിയും കുറയും. വീട്ടിലൂണ് പോലുള്ള സംരംഭങ്ങളില്‍ നിന്നുള്ള ഊണിനും വില കൂടുതലാണ്. 60-80 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് 100 രൂപയ്ക്ക് മുകളിലാണ്. ഓംലെറ്റോ ഫിഷ് ഫ്രൈയോ വാങ്ങിയാല്‍ വില കുതിച്ച് 200ന് മുകളിലെത്തും.
ചായക്കും കോഫിക്കും ചൂടേറി:
കൊച്ചിയിലെ ഒരു പ്രമുഖ ബേക്കറിയില്‍ ചായക്കും കോഫിക്കും അഞ്ചു രൂപ വരെയാണ് വില കൂട്ടിയത്. പലഹാരങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 15 രൂപയുണ്ടായിരുന്ന ചായക്ക് ഇപ്പോള്‍ 20 രൂപയും നേരത്തെ 20 രൂപയായിരുന്ന കോഫിക്ക് ഇപ്പോള്‍ 25 രൂപയുമാണ്. മുട്ട, ചിക്കന്‍, ബീഫ് പപ്സുകള്‍, കട്ട്ലെറ്റ് എന്നിവയ്ക്കും അഞ്ചു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മധുരപലാഹാരങ്ങ്ക്കും ഇതേ രീതിയില്‍ തന്നെയാണ് വര്‍ധനവ്.
കൊച്ചി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഹോട്ടലുകളില്‍ മൂന്ന് രൂപ മുതല്‍ അഞ്ച് രൂപ വരെയാണ് വില കൂടിയത്. 20-30 ലഭിച്ചിരുന്ന രൂപയ്ക്ക് ബൂസ്റ്റ്, ഹോര്‍ലിക്സ് എന്നിവയ്ക്ക് 40-50 രൂപ വരെയായി. മസാല ദോശയ്ക്ക് 60 മുതല്‍ 120 വരെയാണ് വില കൂടിയിരിക്കുന്നത്. 10 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കുറ്റി പുട്ടിന് ഇപ്പോഴത്തെ വില 15 മുതല്‍ 20 രൂപ വരെയാണ്.
ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് 15-20 രൂപ വരെയാണ് വില. 35 രൂപയായിരുന്നു കടല, മുട്ട, പയര്‍ കറികള്‍ക്ക് നിലവില്‍ 50 മുതല്‍ 80 രൂപ വരെയാണ് വില. ജ്യൂസുകളുടെ വില അധികം വര്‍ധിച്ചിട്ടില്ലെങ്കിലും ലൈം ജ്യൂസിന് വില കൂടിയിട്ടുണ്ട്. ഫ്രഷ് ലൈമിന് 35ന് മുകളിലേക്കാണ് വില. ചെറുനാരങ്ങ വില കിലോയ്ക്ക് 280 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ലൈമിനും വില കൂടിയത്.
സമൃദ്ധിയിലും വിലക്കയറ്റം:
സാധാരണക്കാര്‍ ആശ്രയിക്കുന്ന കൊച്ചി കോര്‍പറേഷന്റെ സമൃദ്ധി കിച്ചനും കൂട്ടിയ വില കുറയ്ക്കാതെ തുടരുകയാണ്. ഊണിന് വില 20 തന്നെയാണെങ്കിലും കാപ്പിയും ചായയും പലഹാരങ്ങളും കഴിക്കണമെങ്കില്‍ അതിലേറെ വില നല്‍കണം. 10 രൂപയുണ്ടായിരുന്ന ചായക്ക് ഇപ്പോള്‍ 15 രപയും കോഫിക്ക് 25 രൂപയുമാണ് വില. ബജികള്‍ക്കും പലഹാരങ്ങള്‍ക്കും മൂന്ന് രൂപ കൂടിയിട്ടുണ്ട്. കഞ്ഞിക്ക് 10 രൂപയും ബിരിയാണിക്ക് 20 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഹോട്ടലുകളിലെ അതേ വില തന്നെയായിരിക്കുകയാണ് സമൃദ്ധിയിലും.
സിലിണ്ടറിന് വില കുറഞ്ഞാല്‍ ഭക്ഷണത്തിനും കുറയ്ക്കാം: വി.കെ. മിനിമോള്‍, കൊച്ചി മേയര്‍
ഗ്യാസ് സിലിണ്ടറിന് 1000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അതിന്റെ വില കുറച്ചിട്ടില്ല. അത് കുറയ്ക്കുകയാണെങ്കില്‍ മാത്രമേ സമൃദ്ധിയിലെ ഭക്ഷണത്തിന്റെ വില കുറയ്ക്കാന്‍ പറ്റുകയുള്ളു. ഹോട്ടലുകളിലെ വില വര്‍ധനവില്‍ തീരുമാനം എടുക്കാന്‍ കോര്പറേഷന് അധികാരമില്ല. അതില്‍ സര്‍ക്കാര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
വില കൂട്ടാതെ പിടിച്ചു നില്ക്കാനാവാത്ത സാഹചര്യം: ജയപ്രകാശ്, കെഎച്ച്ആര്‍എ പ്രസിഡന്റ്
ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയതോടെയാണ് ഹോട്ടലുകള്‍ വില കൂട്ടിയത്. 400 രൂപ മാത്രമാണ് സിലിണ്ടറിന് കുറച്ചത്. ഈ മാസം ആറു രൂപ കൂടി കൂടി. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. ഒരു കിലോ അരിക്ക് 15-20 രൂപ വര്‍ധിച്ചു. സവോളയുടെ വില മൂന്നിരട്ടിയായി, 20 രൂപയുണ്ടായിരുന്ന സവോളയ്ക്ക് ഇന്ന് 60 രൂപയാണ് വില. പാലിന് നാല് രൂപ വര്‍ധിച്ചു. പഞ്ചസാരയ്ക്ക് 20-25 രൂപയോളം വര്‍ധിച്ചു. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ക്ക് വില കൂടുതലാണ്. ഇറച്ചിക്കും വില കൂടുതലാണ്. ചിക്കന്‍ മാത്രമാണ് വലിയ വില അധികം കൂടാത്തത്. സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ വില കൂട്ടാതെ പിടിച്ചു നില്ക്കാന് പറ്റാത്ത അവസ്ഥയായി.
ഈ രീതിയില്‍ പോയാല്‍ ഒന്നു കൂടി വില കൂട്ടാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല. തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആനുപാതികമായി ചെറിയൊരു വര്‍ധനവ് വരുത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ വില തുടര്‍ന്നു പോവുകയാണെങ്കില്‍ വില കൂട്ടേണ്ട സാഹചര്യം വരും. സാധാരണക്കാര്‍ ഭക്ഷണം കഴിക്കുന്ന ചെറുകിട ഹോട്ടലുകളില്‍ വില കൂടിക്കഴിഞ്ഞാല്‍ ബിസിനസിനെയും ബാധിക്കും. അതുകൊണ്ടാണ് പലരും വില കൂടാത്തത്.
Kerala
കൊച്ചി: ചെറുനാരങ്ങയ്ക്കു തീവില. കിലോയ്ക്ക് 240 രൂപയാണ് എറണാകുളം മാര്‍ക്കറ്റിലെ ഇന്നലത്തെ ചില്ലറവില.
ഓണക്കാലത്ത് 120 രൂപവരെ വില ഉയര്‍ന്നിരുന്നെങ്കിലും വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിച്ചിരുന്നില്ല. ഓണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് വില കുതിച്ചുകയറിയത്.
ആന്ധ്രാപ്രദേശില്‍നിന്നാണ് കേരളവിപണിയിലേക്കു ചെറുനാരങ്ങ കൂടുതലായും എത്തുന്നത്. എന്നാല്‍ അവിടെ ഉത്പാദനം കുറഞ്ഞതും കാലാവസ്ഥാവ്യതിയാനവും ചെറുനാരങ്ങയുടെ വരവിനെ ബാധിച്ചു.
നിലവില്‍ തമിഴ്നാട് വിപണിയെയാണു കേരളത്തിലെ വ്യാപാരികള്‍ ആശ്രയിക്കുന്നത്. തമിഴ്നാട്ടില്‍നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയാണ് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്.
Kerala
കോട്ടയം: സംസ്ഥാനത്ത് സവാള വില വീണ്ടും കുത്തനെ ഉയർന്നു. ഓണക്കാലത്ത് വർധിച്ച വില താഴേക്ക് വരാത്തത് സാധാരണക്കാരായ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പല ചില്ലറ വിപണികളിലും സവാള കിലോയ്ക്ക് 80 രൂപയും കടന്നാണ് വിറ്റഴിക്കപ്പെടുന്നത്.
സവാള ഉൽപ്പാദനത്തിൽ മുൻനിരയിലുള്ള അയൽ സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനവും വിളനാശവുമാണ് വിപണിയിലെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് പാളയം മാർക്കറ്റിൽ മൊത്തവ്യാപാര മേഖലയിൽ സവാളയുടെ ഇന്നത്തെ വില 50 മുതൽ 55 രൂപ വരെയാണ്. മൊത്തവ്യാപാര വില ഇത്തരത്തിലാണെങ്കിലും ചില്ലറ വിപണിയിലെത്തുമ്പോൾ ഗതാഗതച്ചെലവും മറ്റ് ലാഭവിഹിതവും ചേർത്ത് വില ഇനിയും ഉയരുന്നതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്.
Kerala
കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് കൊച്ചിയിലെ പൂവിപണി സജീവമായി. അത്തത്തിന് മുന്നോടിയായി പൂക്കളമൊരുക്കാനുള്ള പൂക്കള്‍ തേടി ആളുകള്‍ വിപണിയിലെത്തി തുടങ്ങിയതോടെ വില്‍പ്പനശാലകളില്‍ തിരക്കേറി. ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമല്ലി തുടങ്ങിയ പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.
ഓണപ്പൂക്കളുടെ വില ഇത്തവണ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലാണ്. ഓണപ്പൂക്കളത്തിലെ പ്രധാന താരമായ ചെണ്ടുമല്ലിക്ക് ഓറഞ്ച് നിറത്തിന് കിലോയ്ക്ക് 150 മുതല്‍ 300 രൂപ വരെയും മഞ്ഞ നിറത്തിന് 150 മുതല്‍ 250 രൂപ വരെയുമാണ് വില. വെള്ള ജമന്തിക്ക് 150 മുതല്‍ 700 രൂപ വരെയാണ് വില. ആസ്ട്രോ ബ്ലൂ, പിങ്ക് ജമന്തികള്‍ക്ക് 400 മുതല്‍ 700 രൂപ വരെയും ഈടാക്കുന്നുണ്ട്.
വയലറ്റ് വാടാമല്ലിക്ക് 250 മുതല്‍ 350 രൂപ വരെയാണ് വില. പിങ്ക് അരളിക്ക് 450 രൂപ മുതലാണ്. ചുവപ്പ് റോസാപ്പൂവിന് 400 മുതല്‍ 600 രൂപ വരെയും ഡച്ച് റോസിനും ഓറഞ്ച് റോസിനും 350 രൂപയുമാണ് വില.
പൂക്കളത്തിനൊപ്പം അലങ്കാരത്തിനാവശ്യമായ ഇലകള്‍ക്കും ആവശ്യക്കാരുണ്ട്. പനീര്‍ ലീഫ് അഥവാ ഗ്രീന്‍ ലീഫ് ഒരു കെട്ടിന് 100 രൂപയും കിലോയ്ക്ക് 200 രൂപയുമാണ്. ബൊക്കെ അലങ്കാരത്തിന് ഉപയോഗിക്കുന്ന കാമിനി ലീഫിന് 150 രൂപ മുതലാണ് വില. അലങ്കാരങ്ങള്‍ക്ക് മാത്രമല്ല, ഇവ ഇപ്പോള്‍ പൂക്കളത്തിലും എത്താറുണ്ട്.
ബംഗളൂരു, കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൊച്ചിയിലേക്ക് പ്രധാനമായും പൂക്കള്‍ എത്തുന്നത്. ഓണാഘോഷങ്ങളുടെയും പൂക്കള മത്സരങ്ങളുടെയും ഭാഗമായി വന്‍തോതില്‍ പൂക്കള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിലയും വിപണിയിലെ തിരക്കും ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതിനിടെ മുല്ലപ്പൂവിനും വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ദിവസം വരെ ഒരു മുഴത്തിന് 40 രൂപയായിരുന്ന മുല്ലയ്ക്ക് ഇന്ന് 60 മുതല്‍ 80 രൂപ വരെയാണ് വില. പൂക്കളത്തില്‍ മുല്ലയ്ക്ക് വലിയ ഡിമാന്‍ഡ് ഇല്ലെങ്കിലും ചിങ്ങമാസത്തിലെ വിവാഹങ്ങള്‍ക്കും ഓണപ്പരിപാടികള്ക്കും മുല്ലയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഓണത്തിരക്ക് കൂടുന്നതോടെ പൂവിപണിയില്‍ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
National
ന്യൂഡൽഹി: രാജ്യത്തു വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഏകദേശം 200 രൂപയോളമാണ് കുറച്ചത്.
ഡൽഹിയിൽ 202 രൂപയും കോൽക്കത്തയിൽ 209 രൂപയുമാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കുറവ് വന്നിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി.
കോൽക്കത്തയിലാകട്ടെ 2872 രൂപയാണ് പുതിയ വില. ഇന്നലെമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായി. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ മാസം ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 183.50 രൂപ കുറച്ചതിനുപിന്നാലെയാണ് വിലയിൽ വീണ്ടും കുറവ് വരുത്തിയിരിക്കുന്നത്. റസ്റ്ററന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസമാണ് വിലക്കുറവ്.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്നു മുതല്‍ 25 വരെയാണ് പരിശോധന.
അതിനായി ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താനാണു നിര്‍ദേശം.
പൊതുവിപണിയില്‍ വിവിധ അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിപ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകള്‍ ഉള്‍പ്പെടെ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരിശോധിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുതൂക്കം കൃത്യമാണോ എന്നും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നും മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
അരി, പലചരക്ക് സ്റ്റോക്ക് രജിസ്റ്ററുകളും മറ്റും പരിശോധിച്ചു സ്റ്റോക്ക് സമയത്തെ പര്‍ച്ചേസ് ബില്‍പ്രകാരമുള്ള വിലപ്രകാരം വ്യാപാരി നിശ്ചയിച്ച വിലയ്ക്കുതന്നെയാണ് പഴയ സ്റ്റോക്ക് വില്‍ക്കുന്നതെന്ന് സ്ക്വാഡ് ഉറപ്പാക്കണം. പിന്നീട് എത്തിച്ചേര്‍ന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വില്‍ക്കാവൂ എന്ന് വ്യാപാരിക്കു നിര്‍ദേശം നല്‍കണം.
സ്വകാര്യ അരി മില്ലുകള്‍ പരിശോധിച്ച് വര്‍ധന അടക്കം വിലയിരുത്തണം. മൊത്ത വ്യാപാരികള്‍ സ്റ്റോക്കും വിലയും അടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അരി പൂഴ്ത്തുകയോ വിതരണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം.
ചില്ലറ വ്യാപാരികളും വാങ്ങല്‍-വില്പന ബില്‍/ഇന്‍വോയ്സ് സൂക്ഷിക്കുന്നുണ്ടെന്നും വിലവിവര പട്ടിക വ്യക്തമായി പ്രദര്‍ശിപ്പിച്ച് കൂടുതല്‍ ഈടാക്കുന്നില്ലെന്നും ഉറപ്പാക്കും. ബില്‍/ഇന്‍വോയ്സ് നല്‍കാതെ വില്പന നടത്തുന്ന സാഹചര്യം അനുവദിക്കില്ല. അനാവശ്യ വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
Business
നാളികേര മേഖല വൻ പ്രതീക്ഷയിൽ, പഴയ പ്രതാപം വീണ്ടെടുക്കാൻ കൊപ്രയ്ക്കാവുമെന്ന നിഗമനത്തിൽ സ്റ്റോക്കിസ്റ്റുകൾ. വ്യവസായികൾ സംഘടിതരായി വെളിച്ചെണ്ണ വില നിത്യേന ഉയർത്തി.
ജപ്പാൻ ഒസാക്കയിൽ റബറിനു വ്യക്തമായ ദിശ കണ്ടെത്താനായില്ല. സംസ്ഥാനത്തു പല ഭാഗങ്ങളിലും കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചെങ്കിലും ഷീറ്റ് ക്ഷാമം വിട്ടുമാറിയില്ല. ഇന്തോനേഷ്യയിൽ കുരുമുളക് വിളവെടുപ്പു പുരോഗമിക്കുന്നു, കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ എത്രമാത്രം ബാധിച്ചുവെന്ന് ആദ്യ റൗണ്ട് വിളവെടുപ്പ് പൂർത്തിയാവുന്നതോടെ വ്യക്തമാകും. ഏലക്ക സ്വന്തമാക്കാൻ ഇടപാടുകാർ മത്സരിച്ചു.
കർക്കടകം ആദ്യ പകുതിയിൽ തന്നെ വെളിച്ചെണ്ണ വിപണി വ്യക്തമായ ഒരു ദിശയിലേക്ക് പ്രവേശിച്ചു. ചിങ്ങത്തിൽ പ്രാദേശിക മാർക്കറ്റിൽ എണ്ണയ്ക്ക് പതിവിലും ഡിമാൻഡ് ഉയരുമെന്ന നിഗമനത്തിലാണ് അയൽ സംസ്ഥാനത്തെ വൻകിട കൊപ്രയാട്ട് വ്യവസായികൾ. ഏതാനും മാസങ്ങളായി തളർച്ചയിൽ നീങ്ങിയ നാളികേരോത്പന്ന വിപണിക്ക് ഓണവേളയിൽ ശക്തമായ ഒരു തിരിച്ചുവരവിന് അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണേന്ത്യൻ നാളികേര കർഷകരും.
തമിഴ്നാട്ടിലെ വൻകിട കൊപ്രയാട്ട് വ്യവസായികൾ നേരത്തേ തന്നെ ഉയർന്ന അളവിൽ വെളിച്ചെണ്ണ സംഭരിച്ചിട്ടുണ്ട്. ചിങ്ങം വരെ കാത്തുനിൽക്കാതെ കർക്കടകത്തിൽ തന്നെ നിരക്ക് പരമാവധി ഉയർത്തി കൈവശമുള്ള എണ്ണ കേരളത്തിലേക്ക് നീക്കാനുള്ള പദ്ധതി വിജയിപ്പിക്കാനായതിന്റെ ആവേശത്തിലാണവർ.
കൊച്ചിയിൽ വെളിച്ചെണ്ണ വില 23,000 രൂപയിൽനിന്ന് ഇതിനകം 24,500 രൂപയായി. കൊപ്ര 1600 രൂപയുടെ കുതിച്ചുചാട്ടം കാഴ്ചവച്ച് 14,200ൽനിന്നും 15,800 രൂപയിലെത്തി. മുൻ വാരങ്ങളിൽ സൂചന നൽകിയതാണ് തമിഴ്നാട് ലോബിയുടെ തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച്. നിലവിലെ സാഹചര്യത്തിൽ കർക്കടകം രണ്ടാം പകുതിയിൽ 25,000 ലേക്ക് ഉയർത്തി ഓണ വേളയിൽ വിപണിയെ 27,000ലേക്ക് എത്തിക്കാനുള്ള ചരടുവലിയാണു നടക്കുന്നത്.
നാളികേരോത്പന്നങ്ങളുടെ വില ഉയരുന്നതു നമ്മുടെ കർഷകർക്ക് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കുമെന്നത് സന്തോഷകരംതന്നെ. എന്നാൽ, കേരളത്തിലെ കർഷകർ കരുതിയിരിക്കുക, തമിഴ്നാട്ടിലെ വൻകിടക്കാരുടെ എണ്ണ സ്റ്റോക്ക് വിറ്റഴിച്ചാൽ പെടുന്നനെ വിപണി ആടിയുലയാം, ഓണമല്ലേ വില ഇനിയും ഉയർന്ന ശേഷം നാളികേരവും കൊപ്രയും വില്പനയ്ക്ക് ഇറക്കാമെന്ന പഴയ നിലപാടിൽ മാറ്റം വരുത്തുന്ന കാര്യം ചിന്തിച്ചുതുടങ്ങുക.
റബർ വിലയിൽ ചാഞ്ചാട്ടം
ഏഷ്യൻ റബർ മാർക്കറ്റിനു വ്യക്തമായ ദിശകണ്ടെത്താനായില്ല, പുതിയ ദിശയ്ക്കായി രണ്ടാഴ്ചയായി നടത്തുന്ന ശ്രമങ്ങൾ വിജയിക്കാഞ്ഞതിനാൽ റബർ വില നേരിയ റേഞ്ചിൽ ചാഞ്ചാടുകയാണ്. പുതിയ വാങ്ങലുകൾക്കു തിടുക്കം കാണിക്കാതെ ഇറക്കുമതി രാജ്യങ്ങൾ ബാങ്കോക്കിൽനിന്നും അല്പം അകലം പാലിച്ചു. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് അമിത നികുതി ഏർപ്പെടുത്തിയതിനാൽ അവർ ഷീറ്റ് ഇറക്കുമതിയോട് നേരത്തെ കാണിച്ചിരുന്ന ഉത്സാഹം ഇപ്പോൾ പ്രദർശിപ്പിക്കുന്നില്ല. ബെയ്ജിംഗ് ആസ്ഥാനമായുള്ള വ്യവസായികൾ ഇത് മൂലം റബർ അവധി വ്യാപാര രംഗത്ത് ബാധ്യതകൾ കുറക്കാൻ അണിയറ നീക്കം നടത്തുന്നുണ്ട്.
മാസമധ്യം ജപ്പാൻ ഒസാക്കയിൽ കിലോ 435 യെൻ വരെ ഉയർന്ന റബർ പിന്നിട്ടവാരം 414 വരെ ഇടിഞ്ഞ ശേഷം 418 യെന്നിലാണ്. ഈവാരം 426 – 410 യെൻ റേഞ്ചിൽനിന്നും പുറത്തുകടക്കാൻ വിപണി ശ്രമം നടത്താം.
ബാങ്കോക്കിൽ റബർ 276 രൂപയിലും കൊച്ചിയിൽ നാലാം ഗ്രേഡ് 282 രൂപയിലുമാണ്. അഞ്ചാം ഗ്രേഡ് 275 രൂപയിലും ഒട്ടുപാൽ 186 രൂപയിലും ലാറ്റക്സ് 185 രൂപയിലും വിപണനം നടന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉത്പാദകർ ടാപ്പിംഗിന് ഉത്സാഹിക്കുന്നുണ്ടെങ്കിലും പകൽ താപനില ഉയർന്നു നിൽക്കുന്നതിനാൽ മരങ്ങളിൽനിന്നുള്ള യീൽഡ് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. സാധാരണ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ കർക്കടക്കത്തിൽ പാൽ ലഭ്യത ഉയരാറുണ്ട്.
കുരുമുളക് വില്പന ചുരുക്കി
കുരുമുളക് വില തുടർച്ചയായ ദിവസങ്ങളിൽ തളർത്താൻ അന്തർസംസ്ഥാന വ്യാപാരികളും അവർക്ക് കുട പിടിക്കാൻ ചില ഉത്തരേന്ത്യൻ ഇടപാടുകാരും നടത്തുന്ന നീക്കം കണ്ട് ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും സ്റ്റോക്കിസ്റ്റുകളും വൻകിട കർഷകരും വില്പന ചുരുക്കി. ഓഗസ്റ്റിൽ ഉത്സവ കാല ഡിമാൻഡ് കുരുമുളക് വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക മേഖല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിൽ വാരാന്ത്യ ക്ലോസിംഗ് നടന്നു.
ഇന്തോനേഷ്യയിൽ മുളക് വിളവെടുപ്പിനു തുടക്കം കുറിച്ചതിനാൽ മാസാന്ത്യം പുതിയ ചരക്കിന്റെ ലഭ്യത ഉയരാൻ ഇടയുണ്ട്. എന്നാൽ, കാലാവാവസ്ഥ ാവ്യതിയാനങ്ങൾ നിമിത്തം ചില ഭാഗങ്ങളിൽ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണു സൂചന. ഇത് മൂലം കയറ്റുമതിക്കാർ അന്താരാഷ്ട്ര മാർക്കറ്റിൽ നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ തയാറായില്ല. ഇന്തോനേഷ്യൻ മുളക് വില ടണ്ണിന് 6500 ഡോളറാണ്. എന്നാൽ, ഈ വിലയ്ക്ക് തിരക്കിട്ടുള്ള വിദേശ കച്ചവടങ്ങൾക്ക് ജക്കാർത്തയിലെ കയറ്റുമതിക്കാൻ താത്പര്യം കാണിച്ചില്ല.
യൂറോപ്യൻ ബയർമാർ ഇന്തോനേഷ്യൻ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനം ബ്രസീലിയൻ മുളകും വില്പനയ്ക്ക് എത്തുന്നതോടെ വിപണിയിൽ മത്സരത്തിനുള്ള സാധ്യതകളാണ് യൂറോപ്പിലെ ഇറക്കുമതിക്കാർ കണക്കുകൂട്ടുന്നത്.
ഉത്സവ ഡിമാൻഡിൽ ഏലക്ക
ഉത്സവ ഡിമാൻഡിൽ ഏലം ലേല കേന്ദ്രങ്ങളിൽ മികവ് കാഴ്ച്ചവച്ചു. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുള്ളതിനാൽ ലേലത്തിന് ഇറങ്ങുന്ന ചരക്കിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ മുൻനിർത്തി കയറ്റുമതിക്കാരും ഏലക്ക ശേഖരിക്കുന്നുണ്ട്. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 3284 രൂപയിലും മികച്ചയിനങ്ങൾ 4503 രൂപയിലും ഇടപാടുകൾ നടന്നു.
Business
തൊടുപുഴ: ജാതി കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വേകി ജാതിക്കയുടെയും പത്രിയുടെയും വിലയില്‍ വന്‍ കുതിപ്പ്. ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷമാണ് സംസ്ഥാനത്ത് ജാതിക്കവില ഉയരുന്നത്.
340-360 എന്ന നിലയിലേക്കാണ് ജാതിക്ക വില ഉയര്‍ന്നത്. ജാതിപത്രിക്ക് 2,000-2,200 തോതിലാണ് വില. ജാതിപ്പരിപ്പിന് 660-700 രൂപയായും വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ജാതിക്ക 200-250, ജാതിപത്രി 1500-1600 തോതിലായിരുന്നു വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
സാധാരണ മേയില്‍ ആരംഭിക്കുന്ന ജാതിക്ക വിളവെടുപ്പ് സെപ്റ്റംബര്‍ വരെ നീളാറുണ്ട്. എന്നാല്‍ ഇത്തവണ മേയില്‍ ആരംഭിച്ച വിളവെടുപ്പ് ജൂലൈയോടെ അവസാനിക്കുന്ന സ്ഥിതിയാണുള്ളത്. ഇതു വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധംമൂലം ഇറക്കുമതി സാധ്യതയില്ലാത്തതായതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ ഡിമാൻഡുയര്ന്നത്.
ഇത്തവണ മെച്ചപ്പെട്ട വില ലഭിച്ചതിനാല്‍ പിടിച്ചുവയ്ക്കാതെ, വിളവെടുക്കുന്നതനുസരിച്ച് കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തവണ സീസണ് നേരത്തേ അവസാനിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ വില വീണ്ടും ഉയരാനുള്ള സാധ്യതയുമുണ്ട്.
സാധാരണ ദീപാവലിയോടനുബന്ധിച്ചാണ് വിപണിയില്‍ ഏറ്റവും മെച്ചപ്പെട്ട വില ലഭിക്കുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും കര്‍ണാടകയിലുമാണ് ജാതികൃഷിയുള്ളത്. നനയ്ക്കൽ അനിവാര്യമായതിനാല്‍ ജലദൗര്‍ലഭ്യമുള്ള മേഖലയില്‍ കൃഷി ബുദ്ധിമുട്ടാണ്. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും വ്യാപകമായി ജാതികൃഷി ചെയ്യുന്നുണ്ട്.
യുദ്ധഭീതി ഇനിയും വിട്ടൊഴിയാത്തതിനാല്‍ ചരക്കുനീക്കം പ്രതിസന്ധിയിലായതും കേരളത്തിലെ കര്‍ഷകര്‍ക്ക് ഒരുപരിധിവരെ നേട്ടമായിട്ടുണ്ട്. സുനാമിയെത്തുടര്‍ന്ന് ഇന്തോനേഷ്യയിലും ശ്രീലങ്കയിലും ഉള്‍പ്പെടെ ജാതികൃഷി വ്യാപകമായി നശിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ ജാതിക്കയ്ക്ക് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും ആവശ്യക്കാരെത്തിയതും ഇവിടെ മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങിയതും. വില ഉയരുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശവും കൂടുതലാണ്.
ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാനാകാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിരവധി കര്‍ഷകര്‍ കൃഷിയില്‍നിന്നു പിന്‍വാങ്ങുന്ന സ്ഥിതിയാണുള്ളത്.
National
മൂംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്. ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
ഇതോടെ എണ്ണ വില ബാരലിന് 79 ഡോളറിലെത്തി. ഹോർമൂസിൽ ജിഎഫ്എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്. രാജ്യത്ത് എണ്ണക്കമ്പനികൾ എണ്ണ വില കുറയ്ക്കുമെന്ന് പറഞ്ഞത് ഇതോടെ ആശങ്കയായിരിക്കുകയാണ്.
Kerala
കോട്ടയം:കാലിത്തീറ്റവില വീണ്ടും വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതക്കയത്തില്‍. കെഎസ് കാലിത്തീറ്റയുടെ വില 50 കിലോഗ്രാം ചാക്കിന് 50രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ചാക്കിന് 1615രൂപയായി.
കെഎസിന്റെ എല്ലാം വിഭാഗം കാലിത്തീറ്റകള്‍ക്കും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ പശുക്കള്‍ക്കു നല്കുന്നതു കെഎസ് കാലിത്തീറ്റയാണ്.
ഇതിനു പുറമെ സംഘങ്ങള്‍ക്കു മില്‍മ നല്കികൊണ്ടിരുന്ന ഇന്‍സെന്റീവും കഴിഞ്ഞ മാസം മുതല്‍ നല്‍കുന്നില്ല. ഏതാനും നാളുകളായി സംഘം മില്‍മയ്ക്കു നല്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ടു രൂപ വീതമാണ് ഇന്‍സെന്റീവ് നല്കികൊണ്ടിരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഇന്‍സെന്റീവ് സംഘത്തില്‍ പാല് അളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
ദിവസങ്ങള്‍ക്കു മുമ്പു മില്‍മ പാലിനു നാലു രൂപ വര്‍ധിച്ചെങ്കിലും അതില്‍ നിന്നും മൂന്നുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു ഭൂരിഭാഗം കര്‍ഷകര്‍ക്കു ചെറിയ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് കാലിത്തീറ്റയുടെ വില കുതിച്ചുകയറുന്നത്. നിലവില്‍ മില്‍മയില്‍ നിന്നും ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു 47 രൂപയാണ്.
കൊഴുപ്പ് കുറവാണെങ്കിൽ വില പിന്നെയും കുറയ്ക്കും. ഉയര്‍ന്ന ഉത്പാദനചെലവ്, ഗുണനിലവാരമുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം, സങ്കരയിനം പശുക്കളുടെ പരിപാലനത്തിലെ ബുദ്ധിമുട്ടുകള്‍, വെറ്ററിനറി മരുന്നുകളുടെ വിലവര്‍ധന എന്നിവ മൂലം പശുക്കളെ വളര്‍ത്തി ജീവതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ക്ഷീരകര്‍ഷകര്‍.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാല് ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ കേരളത്തില്‍ 70 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് 86 ലക്ഷം ലിറ്റര്‍ പാലിന്റെ ആവശ്യകതയുണ്ട്. ഈ അന്തരം കുറച്ച് പ്രതിദിന ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്താനും അധികമായി വരുന്ന പാല് മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാറ്റാനുമാണു സര്‍ക്കാരും ക്ഷീരവികസന വകുപ്പും ലക്ഷ്യമിടുന്നത്.
National
ന്യൂഡല്‍ഹി: കേരളത്തിലടക്കം 7,000 പെട്രോള്‍ പമ്പുകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയ്ലറായ നയാര എനര്‍ജി പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയും വില കുറച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കൂട്ടിയ അതേ തുകയാണു കുറച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് 1,000 രൂപ കൂട്ടിയ 19 കിലോയുടെ വാണിജ്യ പാചക വാതക സിലിണ്ടറിന് ഇന്നലെ 183.50 രൂപ കുറച്ചു. വ്യോമയാന ഇന്ധനവില ലിറ്ററിന് അഞ്ചു രൂപയും കുറച്ചിട്ടുണ്ട്.
എന്നാല്‍, മേയ് മാസത്തില്‍ നാലു തവണയായി പെട്രോള്‍ ലിറ്ററിന് 7.35 രൂപയും ഡീസല്‍ ലിറ്ററിന് 7.53 രൂപയും കൂട്ടിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില ഇനിയും കുറച്ചില്ല. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ 90 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലാണ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ബാരലിന് 110-120 ഡോളര്‍ വരെ കുതിച്ചുയര്‍ന്ന അസംസ്കൃത എണ്ണവില ഇപ്പോള്‍ 70-73 ഡോളറിലേക്കു താഴ്ന്നിട്ടും രാജ്യത്തു കൂട്ടിയ വിലപോലും കുറച്ചിട്ടില്ല. ഗാര്‍ഹിക എല്‍പിജി വിലയിലും ഇളവില്ല.
അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28 മുതല്‍ ഇറാനുമായി നടത്തിയ യുദ്ധം ഏറ്റവും രൂക്ഷമായ കഴിഞ്ഞ മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ച ആദ്യത്തെ ഇന്ധന കമ്പനിയാണു നയാര. അന്നു കൂട്ടിയ അതേ തുകയാണ് ഇന്നലെ കുറച്ചത്. തിരുവനന്തപുരത്ത് നയാര പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും പൊതുമേഖലാ കമ്പനികളുടെ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ ആഗോള ഇന്ധനവിതരണത്തെ തടസപ്പെടുത്തിയതിന്റെ പേരിലായിരുന്നു ഇന്ധന വില കൂട്ടിയത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇരട്ടിയോളമാക്കിയ വ്യോമയാന ഇന്ധന (എടിഎഫ്) വിലയില്‍ ലിറ്ററിന് അഞ്ചു രൂപ കുറച്ചത് ടാറ്റ, ഇന്‍ഡിഗോ അടക്കം സ്വകാര്യ വിമാനക്കമ്പനികള്‍ക്കു നേട്ടമാകും. ഡല്‍ഹിയില്‍ ലിറ്ററിന് 110 രൂപയാണ് പുതിയ വില. ഇന്ത്യന്‍ ഓയിലിന്റെ ജെറ്റ് ഇന്ധന വില ഏപ്രില്‍ ഒന്നിന് 115 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
നാലു കോടി ബാരല്‍ എണ്ണ ഇറാന് വിറ്റു
ഇറേനിയന്‍ തുറമുഖങ്ങളിലെ അമേരിക്കയുടെ നാവിക ഉപരോധം നീക്കിയതിനുശേഷം 40 ദശലക്ഷം ബാരലിലധികം എണ്ണ കയറ്റുമതി ചെയ്തതായി ഇറാന് അറിയിച്ചു. റഷ്യയുടെ എണ്ണ കയറ്റുമതിയും സര്‍വകാല റിക്കാര്‍ഡിലെത്തി. ദിവസം ശരാശരി 70-75 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ കയറ്റുമതി ചെയ്യുന്നത്.
National
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനമെത്തുന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മെച്ചപ്പെട്ടതുമാണ് കാരണം.
ജൂണിൽ മാത്രം 20 മുതൽ 24 ശതമാനം വരെയാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ ഇടിവ്. കോവിഡ് മഹാമാരിക്കുശേഷം ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.
ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിനു മുമ്പ് ബാരലിന് 72 മുതൽ 73 ഡോളർ വരെയായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. സംഘർഷത്തെത്തുടർന്ന് ബാരലിനു 126 ഡോളർ വരെയായി കുതിച്ചുയർന്നിരുന്നു. അതോടെ ലോകമെങ്ങും പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനയുണ്ടായി. എന്നാൽ നിലവിൽ വില 75 ഡോളറിൽ താഴെയെത്തിയെങ്കിലും ഇതിന്റെ ഗുണങ്ങൾ ഉടൻ ഉപയോക്താക്കളിലേക്കെത്തിയേക്കില്ല.
ക്രൂഡ് ഓയിൽ വിലവർധനയിൽ വൻ നഷ്ടം നേരിട്ട പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾക്ക് വിലക്കുറവിന്റെ നേട്ടം ലഭിക്കാൻ കുറച്ച് ആഴ്ചകൾ കാത്തിരിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന വിലയ്ക്കു വാങ്ങിച്ചിരുന്ന ക്രൂഡ് ഓയിൽ സ്റ്റോക്ക് വിറ്റുതീരുന്നതുവരെ ഇന്ധനവിലയിൽ കുറവുണ്ടാകില്ല.
കുറഞ്ഞ വിലയുള്ള ക്രൂഡ് ഓയിൽ കമ്പനികളുടെ കൈയിലെത്തി വിപണി സന്തുലമായതിനുശേഷം മാത്രമായിരിക്കും വിലയിൽ മാറ്റം വരുത്തുന്നത് കേന്ദ്രം പരിഗണിക്കുക.
സംഘർഷം തുടങ്ങിയ മാർച്ച് മുതൽ മേയ് വരെ എണ്ണക്കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപ ഏകദേശ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഈ നഷ്ടം നികത്തുവാനുള്ള സാവകാശം കമ്പനികൾക്ക് കേന്ദ്രം നൽകിയേക്കും.
Business
ന്യൂഡൽഹി: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വൻ വിലവർധന പ്രഖ്യാപിച്ച് യുഎസ് കന്പനിയായ ആപ്പിൾ.
മാക് ഡെസ്ക്ടോപ്പുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, ആപ്പിൾ ടിവി, ഹോംപോഡ് എന്നിവയ്ക്കാണ് വില കൂട്ടിയത്. എന്നാൽ, കമ്പനിയുടെ പ്രധാന വരുമാന മാർഗമായ ഐഫോണുകളുടെ വിലയിൽ തത്കാലം മാറ്റം വരുത്തിയിട്ടില്ല. സമീപകാലത്ത് ഇന്ത്യയിൽ ആപ്പിൾ ഉത്പന്നങ്ങളിൽ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വിലക്കയറ്റമാണ്.
ഇന്ത്യയിൽ മാത്രമല്ല, മറ്റ് ആഗോള വിപണികളിലും ആപ്പിൾ സമാനമായ വിലവർധന നടപ്പിലാക്കിയിട്ടുണ്ട്.
2025ന്റെ അവസാന പാദം മുതൽ മെമ്മറി ചിപ്പുകളുടെ വില നാല് മടങ്ങിലധികമാണ് വർധിച്ചത്. ഇത് ആപ്പിളിനെ മാത്രമല്ല, വരും ദിവസങ്ങളിൽ വിൻഡോസ് ലാപ്ടോപ്പുകൾ, ക്രോംബുക്കുകൾ തുടങ്ങിയ മറ്റ് ബ്രാൻഡുകളെയും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഐഫോണുകളുടെ വില വർധിപ്പിച്ചിട്ടില്ല എന്നത് ഉപഭോക്താക്കൾക്ക് താത്കാലിക ആശ്വാസമാണെങ്കിലും, വരും മാസങ്ങളിൽ ഐഫോൺ നിരക്കുകളിലും മാറ്റം വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Kerala
കൊച്ചി: റമ്പൂട്ടാന്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. ഇക്കുറി വിപണിയില്‍ റമ്പൂട്ടാന്‍ കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്.
റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും തുടര്‍ന്ന് കര്‍ഷകര്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റമ്പൂട്ടാന്‍ കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റമ്പൂട്ടാന്‍ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ ആവശ്യക്കാര്‍ തന്നെ കുറയുകയും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഡിമാൻഡ് കുറയാനിടയാക്കി.
പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ് ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാര്‍ എത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്കി, ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇക്കുറി അത്തരം കച്ചവടക്കാര്‍ കുറവാണ്.
സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റമ്പൂട്ടാന്‍ സംഭരിക്കാന്‍ തയാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു എന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ വിപണിയില്‍ കിലോയ്ക്ക് ഏകദേശം 180 മുതല്‍ 350 രൂപ വരെയാണ് ചില്ലറ വില്‍പ്പന. എന്നാല്‍ കൃഷിക്കാര്‍ക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു.
സര്‍ക്കാര്‍ തലത്തില്‍ റംമ്പൂട്ടാന് സംഭരണം നടത്തിയാല്‍ വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. വിളവെടുപ്പ് സീസണ് ആരംഭിച്ചിട്ടും വ്യാപാരികള്‍ എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണി തകര്‍ച്ചയും മഴയും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാം.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉല്പ്പാദിപ്പിക്കുവാന് കൃഷിക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യമായ പരിശീലനവും നല്‍കണം. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്നതും കര്‍ഷകര്‍ക്ക് സഹായകമാകും.
Business
കൊച്ചി: പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹനങ്ങൾക്കു വിലവർധന പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതൽ രാജ്യത്തുടനീളം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിപണിയിൽ വാഹനനിർമാണ സാമഗ്രികളുടെ വില ഉയരുന്നതും മറ്റ് ഇൻപുട്ട് ചെലവുകളിലുണ്ടായ വർധനവും കണക്കിലെടുത്താണ് തീരുമാനം. വിവിധ മോഡലുകൾക്കും പരമാവധി 2.5 ശതമാനം വരെയായിരിക്കും വിലവർധനവെന്ന് അധികൃതർ അറിയിച്ചു.
Business
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിനു പരിഹാരമാകുന്നുവെന്ന സൂചനകൾക്കിടെ ക്രൂഡ് ഓയിൽ വില താഴ്ന്നു. അതും കഴിഞ്ഞ മൂന്നു മാസത്തെ താഴ്ന്ന വിലയിലെത്തി.
ശുഭസൂചന ഓഹരിവിപണികൾക്കും കരുത്തേകി. ലഭ്യത വര്‍ധിക്കുമെന്നതും ഹോര്‍മുസ് കടലിടുക്കിലെ യാത്രാതടസം മാറുമെന്ന വാര്‍ത്തകളുമാണ് ക്രൂഡ് വില കുറയാനിടയാക്കിയത്. ഡബ്ല്യുടിഐ, ബ്രെന്റ്, മര്‍ബന്‍ ക്രൂഡ് ഓയിലടക്കം എല്ലാത്തിനും ബാരലിന് 90 ഡോളറില്‍ താഴെയാണ്.
പ്രീമിയം ക്രൂഡ് ഓയിലായ മര്‍ബന്‍ ക്രൂഡ് ബാരലിന് ഇന്നലെ 83 ഡോളറാണ്. ബ്രെന്റ് ക്രൂഡിന് 85 ഡോളറും. സമാധാനാന്തരീക്ഷം നിലനിന്നാല്‍ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വില 70 ഡോളറിലേക്ക് എത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വെനസ്വേല, ഇറാക്ക്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വലിയതോതില്‍ ക്രൂഡ് ആഗോള വിപണിയിലേക്ക് എത്തുന്നുണ്ട്.
സമാധാന കരാറിന്റെ ഭാഗമായി ഇറാന് എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിക്കപ്പെട്ടാല്‍ എണ്ണവില കുത്തനേ താഴ്ന്നേക്കും. ഇതു ഗൾഫ് രാജ്യങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്നതിനാല്‍ സമ്പൂര്‍ണ ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയാറായേക്കില്ലെന്നാണു റിപ്പോർട്ട്.
ആഗോള ക്രൂഡ് വില താഴുമ്പോള്‍ റഷ്യന്‍ എണ്ണയും സമ്മര്‍ദത്തിലാകും. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് നാലു വർഷത്തിലേറെയായി പാശ്ചാത്യ, യുഎസ് ഉപരോധം നേരിടുകയാണ് റഷ്യ.
ഇന്ത്യയും ചൈനയുമടക്കം ചുരുക്കം ചില രാജ്യങ്ങളാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. ആഗോള എണ്ണവില ഇടിയുമ്പോള്‍ കൂടുതല്‍ ഡിസ്കൗണ്ട് നൽകാന് റഷ്യ തയാറാകും. ഇത് വില വീണ്ടും ഇടിയാന്‍ കാരണമായേക്കും. ഫെബ്രുവരി 28ന് യുദ്ധം ആരംഭിക്കുന്നതിനുമുന്പ് ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറായിരുന്നു.
ഇന്ത്യക്ക് ആശ്വാസം
പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവു വരുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ഇറാനെതിരേ അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചശേഷം ഇന്ത്യ വലിയ സാമ്പത്തികപ്രതിസന്ധിയാണു നേരിടുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനം ആയിരം കോടി രൂപയിലധികമാണു നഷ്ടം നേരിട്ടിരുന്നത്.
എണ്ണവില കുറയുന്നതോടെ നഷ്ടം ചുരുക്കാനും കഴിഞ്ഞ മാസങ്ങളിലെ തിരിച്ചടി നികത്താനും സാധിക്കും. എണ്ണ വില കുറയുകയും ഇറക്കുമതിയിലെ തടസങ്ങൾ നീങ്ങുകയും ചെയ്യുന്നത് പണപ്പെരുപ്പം കുറയ്ക്കാനും രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാനും സഹായിക്കും. ഇതിനെല്ലാം പുറമെ ഇന്ധന-പാചകവാതകവില കുറയ്ക്കാനും സഹായകമാകും.
എന്നാൽ, ക്രൂഡ് വില 70 ഡോളറായാല്പ്പോലും വില കുറച്ച് റിസ്കെടുക്കാന്‍ കേന്ദ്രം തയാറായേക്കില്ലെന്നാണു സൂചന. എല്‍പിജി വിതരണം ചെയ്യുന്നതുവഴി എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നുണ്ട്. വില കുറച്ച് കിട്ടുമ്പോള്‍ നഷ്ടം നികത്താനാകും സര്‍ക്കാര്‍ താത്പര്യപ്പെടുക.
Business
കോട്ടയം: റബർ അന്താരാഷ്ട്രവില ഒറ്റക്കുതിപ്പിനു കിലോയ്ക്ക് ഏഴര രൂപ വർധിച്ച് 299.36 ലെത്തി സർവകാല റിക്കാർഡ് കുറിച്ചു. 2011 ഫെബ്രുവരി 21ന് ലഭിച്ച 292.98 രൂപയായിരുന്നു മുൻപുണ്ടായ ഉയർന്ന വിദേശവില. അന്ന് ആഭ്യന്തര വില 240 രൂപയായിരുന്നു. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 263 രൂപയും ഗ്രേഡ് അഞ്ചിന് 260 രൂപയുമായി ആഭ്യന്തര വിലയും റിക്കാർഡ് കുറിച്ചു. കഴിഞ്ഞ ഏപ്രിലിലെ 262 രൂപയായിരുന്നു മുൻപുണ്ടായ ഉയർന്ന വില. ഇന്നലെ ഡീലർമാരിൽനിന്ന് ടയർ കന്പനികൾ 266 രൂപയ്ക്ക് വരെ ഷീറ്റ് വാങ്ങി.
വിദേശവില 300ലേക്കു കടന്നിട്ടും റബർ ബോർഡ് വിലയിൽ മുൻദിവസത്തേക്കാൾ ഒരു രൂപ മാത്രമാണ് ഇന്നലെ വർധിപ്പിച്ചത്. നിലവിലെ വിപണി സാഹചര്യത്തിൽ റബർ ബോർഡ് വില കിലോയ്ക്ക് 270 കടക്കേണ്ടതാണ്. ഉത്പാദനത്തിലെ കുറവും ഡിമാൻഡിലുണ്ടായ വൻ വർധനയുമാണ് റബർവില അതിവേഗം കുതിക്കാൻ ഇടയാക്കിയത്. ഇന്ന് വിദേശ വില 300 മറികടന്നേക്കും. ലോക്കൽ മാർക്കറ്റ് വില ഇന്ന് 264 രൂപയിലേക്ക് ഉയരാം.
കേരളത്തിൽ എല്ലാ ജില്ലകളിലും കാലവർഷം കനത്തതോടെ വേനൽ അവധിക്കുശേഷം ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. അടുത്ത രണ്ടാഴ്ച കാലവർഷം ശക്തമായി പെയ്യുമെന്നാണ് നിരീക്ഷണം. ആസാം, ത്രിപുര, നാഗാലാൻഡ് ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കാലം തുടങ്ങി.
റബർ ഉത്പാദനത്തിൽ മുൻനിരയിലുള്ള തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റനാം തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലും ശക്തമായ മഴയെത്തുടർന്ന് ടാപ്പിംഗ് നടക്കുന്നില്ല. ആഗോള റബർ ഉത്പാദനത്തിന്റെ 85 ശതമാനവും കിഴക്കനേഷ്യയിൽനിന്നാണ്. ടയർ ഉൾപ്പെടെ റബർ അധിഷ്ഠിതവ്യവസായത്തിനുണ്ടായ വൻ വളർച്ചയാണ് വിലക്കുതിപ്പ് പ്രധാന കാരണം. കാർ ടയറുകൾക്കാണ് ഏറ്റവു ഡിമാൻഡ് വർധിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്പന കഴിഞ്ഞ മാസത്തിൽ മാരുതി സുസുക്കി സ്വന്തമാക്കി. ആഭ്യന്തര വിപണിയിലും വിദേശത്തുമായി 2,42,688 വാഹനങ്ങളാണ് മാരുതി മേയിൽ വിറ്റഴിച്ചത്. പാസഞ്ചർ കാറുകൾ, എസ്യുവികൾ, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ലഭിച്ച മികച്ച പിന്തുണയാണ് മാരുതിയെ വില്പനയിൽ റിക്കാർഡിലെത്തിച്ചത്.
ഇന്ത്യയിൽ മാത്രം 1,95,535 വാഹനങ്ങൾ മാരുതി സുസുക്കി മേയിൽ വിറ്റു. വില്പനയിൽ ഇതും റിക്കാർഡാണ്. കാർവില വർധിക്കുമെന്ന് കന്പനികൾ ജനുവരിയിൽ നടത്തിയ അറിയിപ്പും വില്പന ഉയരാൻ കാരണമായി.
Business
കോട്ടയം: റബർ വിദേശവില കിലോയ്ക്ക് 300 രൂപയിലേക്ക് അടുക്കുന്നതിനു പിന്നാലെ ആഭ്യന്തരവിലയിലും ഗണ്യമായ കയറ്റം. രണ്ടാഴ്ചത്തെ നേരിയ മാന്ദ്യത്തിനു ശേഷം ആഭ്യന്തരവില ആർഎസ്എസ് നാല് ഗ്രേഡിന് 262 രൂപയിലേക്കും ഗ്രേഡ് മൂന്നിന് 259 രൂപയിലേക്കും ഉയർന്നു. ഡീലർമാരിൽനിന്ന് 265 രൂപയ്ക്ക് ഇന്നലെ ടയർ കന്പനികൾ ഷീറ്റ് വാങ്ങി. ബാങ്കോക്ക് വിദേശവില കിലോയ്ക്ക് 292 രൂപയിലെത്തി.
റബർ ഉപഭോഗ വർധനയും ലഭ്യതക്കുറവുമാണ് വില മെച്ചത്തിന് അടിസ്ഥാന കാരണം. എല്ലായിനം ടയറുകളുടെയും ഉത്പാദനത്തിൽ മുൻവർഷത്തേക്കാൾ ശരാശരി 20 ശതമാനം വർധനയുണ്ടായത് വരുംമാസങ്ങളിലും റബർ വില മെച്ചപ്പെടുമെന്നതിന് സൂചനയാണ്. തായ്ലൻഡ്, ഇന്തോനേഷ്യ ഉൾപ്പെടെ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മഴ ശക്തമായതും ഉത്പാദനം മെച്ചപ്പെടാത്തതും ആഭ്യന്തരവിപണിക്ക് വിലനേട്ടമായി.
നിലവിൽ ആഭ്യന്തര ഉത്പാദനം എട്ട് ലക്ഷവും ഉപഭോഗം 14.5 ലക്ഷം ടണ്ണുമാണ്. ഇതിൽതന്നെ 40 ശതമാനവും ലാറ്റക്സ് വില്പനയായതിനാൽ ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്. വിപണിയിലേക്ക് കാര്യമായി റബർ വരുന്നുമില്ല. റബർ ബോർഡ് കണക്കിൽ ഉൾപ്പെടാതെ വ്യവസായികൾ പോയ വർഷം മൂന്നര ലക്ഷം ടണ്‍ കോന്പൗണ്ട് റബർ ഇറക്കുമതി ചെയ്തതുകൂടി കണക്കാക്കിയാൽ വാർഷിക ഉപഭോഗം 18 ലക്ഷം ടണ്ണിലെത്തി. അഞ്ച് ശതമാനം തീരുവ അടച്ചും പൂർണമായി തീരുവ ഇളവിലും വ്യവസായികൾ കോന്പൗണ്ട് റബർ ഇറക്കുമതി തുടങ്ങിയത് അഞ്ചു വർഷം മുൻപാണ്.
വാണിജ്യമന്ത്രാലയം കോന്പൗണ്ട് റബർ തിരുവ ഷീറ്റ് റബറിന്റേതുപോലെ പോലെ 25 ശതമാനമായി ഉയർത്തിയാൽ റബർ ഷീറ്റിന് കുറഞ്ഞത് 300 രൂപ സ്ഥിരവില ലഭിക്കും. ചൈനയിൽ ഉൾപ്പെടെ റബർ വ്യവസായം ഉണർന്ന സാഹചര്യത്തിൽ റബർ വില ഉടനെ കുറയാനിടയില്ല. ഇന്ത്യയിൽനിന്നുള്ള ടയർ കയറ്റുമതിയിലെ വർധനയും നേട്ടമാണ്.
കേരളത്തിൽ 30 ശതമാനം തോട്ടങ്ങൾ മാത്രമാണ് മഴമറയിട്ട് ടാപ്പിംഗ് പുനരാരംഭിച്ചിരിക്കുന്നത്. ഒരു വിഭാഗം കർഷകർ ഓഗസ്റ്റിലാണ് ടാപ്പിംഗ് തുടങ്ങുന്നത്. ടാപ്പിംഗ് തൊഴിലാളികളുടെ ലഭ്യത ഓരോ വർഷവും കുറയുന്നത് കൃഷിയിൽ ആശങ്ക ഉളവാക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ വരവു കുറഞ്ഞതും കാർഷിക, വ്യവസായ മേഖലകളിൽ മാന്ദ്യമുണ്ടാക്കി.
District News
കൊല്ലം: വിപണിയില്‍ പച്ചക്കറി വില കുതിക്കുന്നു. തമിഴ്നാട്ടില്‍ വേനല്‍ കടുക്കുകയും പച്ചക്കറി കൃഷി വ്യാപകമായി നശിക്കുകയും ചെയ്തതോടെയാണ് പച്ചക്കറി വില കുതിച്ചുയരാന്‍ ഇടയാക്കിയത്.
വേനല്‍ കടുത്തതോടെ കേരളത്തില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞു. ഇതോടെ തമിഴ്നാട് പച്ചക്കറിയെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. ഈ അവസരം മുതലെടുത്ത് തമിഴ്നാട് പച്ചക്കറിക്ക് വിലകൂട്ടുകയും ചെയ്തു.
ചില പച്ചക്കറി ഇനങ്ങളുടെ വില ഇരട്ടിയായി. മറ്റു ചിലതിന് 15 രൂപ വരെ വിലകൂടി. ബീന്‍സ് വിലയാണ് രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയായത്.
ബീന്‍സ് മൊത്ത വില 70 ല്‍ നിന്ന് 140 രൂപയായിട്ടാണ് ഉയര്‍ന്നത്. ഇഞ്ചി വില കിലോയ്ക്ക് 80 മുതല്‍ 140 വരെയായി ഉയര്‍ന്നു. പാവയ്ക്ക കിലോയ്ക്ക് 70- 80 വരെയാണ് മൊത്തവിപണി വില. തക്കാളി 55 ല്‍ നിന്ന് 60 ആയി. വെള്ളരി വിലയില്‍ മാറ്റമില്ല. തടിയന്, മത്തന്‍ 20 വീതം ചേന 30, മുരിങ്ങക്ക- 30, അമര- 30 , വെണ്ടയ്ക്ക- 30, കത്തിരി -40, പച്ചമുളക് -40 രൂപ വീതമാണ്.
ചെറിയ ഉള്ളി, ചേമ്പ്, പയര്‍ എന്നീ ഇനങ്ങള്‍ക്ക് 70- 75 വരെയാണ് വില. പച്ചക്കറി ചില്ലറ വില്പനയില് ദൂരം കൂടുന്നതിന് അനുസരിച്ച് വില വ്യത്യാസം നേരിടും.തെങ്കാശി, പുളിയങ്കുടി, ചത്രം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പച്ചക്കറിയെത്തുന്നത്. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വളരെകുറച്ച് പച്ചക്കറി ഇനങ്ങള്‍ മാത്രമേ കൊല്ലം വിപണിയില്‍ എത്തുന്നുള്ളൂ.
Business
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ പ്ലാസ്റ്റിക് വ്യവസായത്തിനും കാര്‍ഷികമേഖലയ്ക്കും കനത്ത ആഘാതമായി. റബര്‍ മഴമറയ്ക്കുള്ള പ്ലാസ്റ്റിക് വില മുന്‍വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് 65 രൂപ ഉയര്‍ന്ന് 220 രൂപയായി.
പശയുടെ വിലയില്‍ പത്തു രൂപയുടെ വര്‍ധന. ഒറ്റപ്പട്ടയുള്ള ഒരു റബറിന് മഴമറയിടാനുള്ള ചെലവ് 35 രൂപയില്‍നിന്ന് ഇക്കൊല്ലം 45 രൂപയായി. റബര്‍ വില മെച്ചപ്പെട്ടെങ്കിലും മഴമറയിടാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പ്ലാസ്റ്റിക് കിട്ടാനുമില്ല.
പ്ലാസ്റ്റിക് ചാക്കിന് വില 12 രൂപയില്‍നിന്ന് 15 രൂപയായി. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. ബക്കറ്റ്, മഗ്ഗ് ഉള്‍പ്പെടെ വസ്തുക്കളുടെയും പ്ലാസ്റ്റിക് ഷീറ്റുകളുടെയും വിലയില്‍ 80 ശതമാനം വരെയാണ് വര്‍ധന. കൃഷിയിടങ്ങളിലെ തുള്ളിനന സംവിധാനങ്ങള്‍ക്കും ചെലവേറി. പാക്കിംഗിനുള്ള പ്ലാസ്റ്റിക്കിനും ക്ഷാമമുണ്ട്.
പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മാണത്തില്‍ ആവശ്യമായ പോളിത്തലീന്‍, പോളിപ്രൊപ്പലീന്‍, പിവിസി എന്നിവയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുകിട-ഇടത്തരം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റുകള്‍ പലതും ഉത്പാദനം കുറയ്ക്കുകയോ തത്കാലത്തേക്ക് പൂട്ടുകയോ ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവിലെ അനിശ്ചിതത്വവും വ്യവസായത്തിന് ആഘാതമായി. അസംസ്കൃത എണ്ണയില്‍നിന്നും വാതകത്തില്നിന്നും ഉത്പാദിപ്പിക്കുന്ന പോളിമര്‍ വില 60 ശതമാനം വര്‍ധിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കുകയും വിതരണശൃംഖല സാധാരണ നിലയിലാകുകയും ചെയ്താല്‍തന്നെ അനിശ്ചിതത്വം രണ്ടു മാസംകൂടി നീളും.
വന്‍തോതില്‍ ക്രൂഡോയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍, അസംസ്കൃത വസ്തുക്കള്‍ക്കു നിരന്തരമായി വില വര്‍ധിക്കുന്നുണ്ട്. വിദേശ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന പല പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളും നിലവില്‍ വിപണിയില്‍ ലഭ്യമല്ല. സംഘര്‍ഷം തുടങ്ങിയതു മുതല്‍ പ്ലാസ്റ്റിക് അസംസ്കൃത വസ്തു വിലയില്‍ ശരാശരി 45 ശതമാനത്തിലധികം വര്‍ധനയുണ്ടായിട്ടുണ്ട്.
സംഘര്‍ഷം തുടര്‍ന്നാല്‍ മഴക്കാലത്തും കുപ്പിവെള്ളത്തിന് വില കൂടും. വെള്ളം നിറയ്ക്കുന്ന കുപ്പിയുടെ നിര്‍മാണച്ചെലവ് 40 ശതമാനമാണ് വര്‍ധിച്ചത്. കുപ്പി അടപ്പുകളുടെ വില ഇരട്ടിയോളം വര്‍ധിച്ചു. ലേബലുകള്‍ക്കും ചെലവേറും. ഹാര് ഡ്ബോര്ഡ്ബോക്സുകള്, ലേബലുകള്‍, ഒട്ടിക്കാനുള്ള ടേപ്പുകള്‍ എന്നിവയ്ക്കും വിലയേറി. 40,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ കുപ്പിവെള്ളം വിപണി.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്തും വില വർധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.25 രൂപയായി. ഡീസലിന് 99.63 രൂപയുമാണ്.
രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.
Business
കൊച്ചി: സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വര്‍ധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം. രാവിലെ കത്തിക്കയറിയ വില ഉച്ചയോടെ തിരിച്ചിറങ്ങി. രാവിലെ ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 15,390 രൂപയിലും പവന് 1,23,120 രൂപയിലും എത്തിയിരുന്നു.
ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്നലെ രാവിലെ സ്വര്‍ണ വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഉച്ചയോടെ രണ്ടു തവണയായി വില കുറഞ്ഞു.
ആദ്യം ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 14,890 രൂപയിലും പവന് 1,19,120 രൂപയിലുമെത്തിയ സ്വര്‍ണവില വീണ്ടും കുറയുകയാണുണ്ടായത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് നിലവില്‍ ഗ്രാമിന് 14,790 രൂപയും പവന് 1,18,320 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ആറ് ശതമാനത്തില്‍നിന്ന് 15 ശതമാനം ആയി വര്‍ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വര്‍ധിക്കുന്നതിന് ഇതു കാരണമാകുമെന്നു കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തത്. ആറ് ശതമാനം ഇറക്കുമതി ചുങ്കം നിലനില്ക്കുമ്പോള് 800 ടണ്ണില്‍ താഴെയാണ് ഇറക്കുമതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നാല്‍ 20 ലക്ഷം രൂപയ്ക്കു മുകളില്‍ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വര്‍ണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാല്‍ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാര്‍ക്ക് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
ന്യുഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് രൂപ വർധിച്ചേക്കുമെന്നാണ് സൂചന.
ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങളും എണ്ണക്കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്.
ഇന്ധന ഉപയോഗം കുറയ്ക്കാനും വർക്ക് ഫ്രം ഹോം പുനരാരംഭിരക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. യുഎസ്-ഇറാൻ സംഘർഷം നീണ്ടുനിൽക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ ആഹ്വാനം.
ഇതിനു പിന്നാലെയാണ് ഇന്ധനവില വർധിച്ചേക്കുമെന്ന് രീതിയിലുള്ള സൂചനകൾ പുറത്തുവരുന്നത്.
National
ന്യൂഡൽഹി: കേരളം, ബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂടി പൊതുമേഖലാ എണ്ണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലയാണ് വർിധിപ്പിച്ചത്. ഒറ്റയടിക്ക് കൂട്ടിയത് 993 രൂപയാണ്. അപൂർവമായിട്ടാണ് ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത്.
ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. 3085 രൂപയാണ് ഇന്ന് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് ഗുരുതര ആഘാതമാണ് ഈ വിലക്കയറ്റം. പ്രവർത്തനച്ചെലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഇവർ നിർബന്ധിതരായേക്കും. വിലകൂട്ടുന്നത് ഉപഭോക്താക്കളെ അകറ്റാനും സാധ്യതയേറെയാണ്.
ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാർച്ച് ഒന്നിന് 28 - 31 രൂപയും മാർച്ച് ഏഴിന് 115 രൂപയും വർധിപ്പിച്ചിരുന്നു.
ഗാർഹിക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില നിലവിൽ കൂട്ടിയിട്ടില്ല. ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ എന്നിവയുടെ വില തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണക്കമ്പനികൾ കൂട്ടുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന പ്രചാരണങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം തള്ളിയിരുന്നു.
Business
കണ്ണൂർ: പച്ചത്തേങ്ങ വില സർവകാല റിക്കാർഡിൽനിന്നു കുത്തനെ താഴേക്ക്. 2025 മേയ് മാസത്തിൽ കിലോയ്ക്ക് 85 രൂപയുണ്ടായിരുന്ന തേങ്ങയുടെ വിലയാണ് 45ലേക്കു കൂപ്പുകുത്തിയത്. വില ഇനിയും താഴുമെന്നാണു വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ 40 രൂപയോളം തേങ്ങയുടെ വിലയിടിഞ്ഞു.
ശ്രീലങ്കയിലും തമിഴ്നാട്ടിലും തേങ്ങ ഉത്പാദനം കൂടിയതാണ് വിലയിടിവിനു കാരണമെന്നും പറയുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസത്തിലാണ് തേങ്ങയുടെ ഉത്പാദനം കൂടുതലായും നടക്കുന്നത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലേക്കുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി നിലച്ചതും വിലയിടിവിനു കാരണമാകുന്നുണ്ട്. പച്ചത്തേങ്ങ പൊടിയാക്കി ഗൾഫിലേക്കു കയറ്റുമതി ചെയ്തിരുന്നു.
എന്നാൽ, ഗൾഫിൽ യുദ്ധം കാരണം അങ്ങോട്ടേക്കുള്ള കയറ്റുമതി നിലച്ചതിനാൽ കമ്പനികൾ തേങ്ങ വാങ്ങുന്നതു നിർത്തിയതും തിരിച്ചടിയായി. കൊപ്ര കിലോയ്ക്ക് 140 രൂപയായും വെളിച്ചെണ്ണ ലിറ്ററിന് 260 രൂപയായും വില കുറഞ്ഞിട്ടുണ്ട്.
നേരത്തേ വിലയിടിവുണ്ടാകുമ്പോൾ കേരഫെഡ് മുഖേന കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നു. അങ്ങനെ വില പിടിച്ചുനിർത്താൻ സാധിച്ചിരുന്നു. എന്നാൽ, കേരഫെഡിന്റെ സംഭരണ കേന്ദ്രങ്ങൾ ഇപ്പോൾ നാമമാത്രമാണ്. സംഭരണ കേന്ദ്രങ്ങൾ കൂടുതൽ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Kerala
തിരുവനനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖലയിലെ വിമാനയാത്ര പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡുവിന് കത്തയിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
വിമാന യാത്രാ പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളിലെ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മേയ് 31 വരെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലെ വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ കാരണം പല സര്‍വീസുകളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
കൂടാതെ പശ്ചിമേഷ്യന്‍ വ്യോമപാത നിയന്ത്രണങ്ങളും വിമന കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. തുടര്‍ന്ന് എയര്‍ ഇന്ത്യ 690 സര്‍വീസുകള്‍ റദ്ദാക്കുകയും ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ 90 ശതമാനം കുറക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം. ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ഇടപെട്ട് കൂടുതല്‍ ഇന്ത്യന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും വിമാന നിരക്ക് നിയന്ത്രിക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അടിയന്തഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സ്പെഷല്‍ നിരക്കില്‍ വിമാന യാത്ര ഏര്‍പ്പാട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിപണിയിൽ വീണ്ടും വിലക്കയറ്റം.
സംഘര്‍ഷം മൂലം ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ പോളിപ്രൊപ്പലിന്‍, പോളിസ്റ്റൈറിന്‍, ഗ്യാസ് എന്നിവയുടെ ലഭ്യതയില്‍ കുറവുണ്ടായതും രൂപയുടെ വിനിമയ നിരക്കിക്കിലുണ്ടായ വന്‍ ഇടിവുമാണ് കന്പനികൾ വിലകൂട്ടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ നാലു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കന്പനികൾ ഉത്പന്നങ്ങൾക്കു വില ഉയർത്തുന്നത്.
സ്മാർട്ട് ടിവികൾക്ക് അഞ്ചുമുതൽ ഏഴുശതമാനം വരെയും സ്മാർട്ട് ഫോണുകൾക്ക് 10 മുതൽ 15 ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് എട്ടു മുതൽ10 ശതമാനം വരെയും വില വർധിച്ചതായി റീട്ടെയിൽ വ്യാപാരികൾ അറിയിച്ചു.
എയർ കണ്ടീഷണറുകൾക്കും വില വർധിച്ചിട്ടുണ്ട്. കനത്ത ചൂടിനെത്തുടർന്ന് എസി വില്പന കൂടി നില്ക്കുന്ന പശ്ചാത്തലത്തിൽ വില വർധിച്ചത് ഉപയോക്താക്കളെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്.
പ്രമുഖ എസി ബ്രാൻഡുകളായ ബ്ലൂ സ്റ്റാർ ആറു ശതമാനവും ഹയർ നാലു മുതൽ ഏഴു ശതമാനംവരെയും വില ഉയർത്തിക്കഴിഞ്ഞു. എസി കംപ്രസറിന്റെ നിർമാണത്തിനുപയോഗിക്കുന്ന ചെന്പ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില വർധനയുമാണ് എസി കന്പനികളെ വലയ്ക്കുന്നത്.
മെമ്മറി ചിപ്പുകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ക്ഷാമമാണ് മൊബൈൽ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും വില വർധിക്കാൻ കാരണം. കൂടാതെ വിവിധ കംപോണന്റുകളുടെ ക്ഷാമവും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്.
Business
കോട്ടയം: പൈനാപ്പിള്‍ വിളവെടുപ്പ് എത്തിയതോടെ തുള്ളി മധുരിക്കാതെ കര്‍ഷകര്‍ വന്‍ നഷ്ടത്തില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാലാവസ്ഥാ വ്യതിയാനവും പൈനാപ്പിളിന്റെ വില കുത്തനെ ഇടിച്ചു. പ്രീമിയം കൈതച്ചക്ക കിലോയ്ക്ക് നിലവില്‍ വില 26 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50 രൂപ. 2024ല്‍ 49 രൂപ. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതാണ് സീസണിലെ പ്രധാന പരിമിതി.
റസ്റ്ററന്റുകള്‍ അടഞ്ഞതോടെ പൈനാളിന് ലോക്കല്‍ ആവശ്യക്കാര്‍ കുറഞ്ഞു. ആഴ്ചകള്‍ നീണ്ട യാത്രയില്‍ ഭക്ഷണം കിട്ടാനുള്ള പരിമിധിയും ട്രക്ക് ജീവനക്കാരെ വലയ്ക്കുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹസീസണ് വരികയാണ്. ട്രക്കുവരവ് നിലയ്ക്കുന്നതോടെ വിവാഹ ആവശ്യത്തിനും ആവശ്യക്കാരില്ലാതാകും.
വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല. റംസാന്, ഹോളി വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പൈനാപ്പിള്‍ ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണിയും വില്പനയുമില്ല.
120 ദിവസമാണ് ശരാശരി വിളവുകാലം. റംസാനും ഹോളിയും ഒരേസമയം വന്നത് ഉത്തരേന്ത്യയിലേക്കുള്ള ലോറി സര്‍വീസുകളെ ബാധിച്ചു. വിഷുവിനും കാര്യമായ വില്പന നാട്ടിലും മറുനാട്ടിലും പ്രതീക്ഷിക്കുന്നില്ല. റബര്‍ ഇടവിളയായും തനിച്ചും കേരളത്തില്‍ ഏകദേശം 60,000 ഏക്കര്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നുണ്ട്.
ഏകദേശം ആറു ലക്ഷം ടണ്‍ പൈനാപ്പിള്‍ വിളയിക്കുന്നതിലൂടെ 2000 കോടിയുടെ വരുമാനമുണ്ട്. തോട്ടം മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷം ഏക്കറിന് രണ്ടര ലക്ഷം രൂപയുടെ ചെലവുണ്ട്. രണ്ടും മൂന്നും വര്‍ഷങ്ങളിലും ഏക്കറിന് ഒരു ലക്ഷം രൂപ മുടക്കുവരും. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ മാത്രമാണ് കര്‍ഷകര്‍ക്ക് കാര്യമായ വിളവു ലഭിക്കുക.
ലോണെടുത്തും കടംവാങ്ങിയും വലിയ അളവില്‍ കൃഷിയിറക്കിയ പാട്ടകര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഈ സീസണിലുണ്ടാവുക. കൂലിച്ചെലവ്, വെള്ളം, വളം, കന്നാര തൈ എന്നിവയുടെ ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. അഞ്ചു വര്‍ഷത്തിനുള്ളല്‍ കൃഷി ചെലവില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ട്.ഇതിനൊപ്പം കൈതകൃഷിയിലെ പതിവു ജോലിക്കാരായ ബംഗാളികള്‍ ഒന്നടങ്കം നാട്ടിലേക്കു മടങ്ങിയതും വിളവെടുപ്പ് പ്രതസന്ധിയിലാക്കി.
പൈനാപ്പിള്‍ വിപണിയില്‍ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വിലയിടിഞ്ഞത്. സ്പെഷല്‍ ഗ്രേഡ് പൈനാപ്പിളിനു കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 52 രൂപയുണ്ടായിരുന്നതു നിലവില്‍ 34 രൂപ മാത്രമാണ്. സെലക്ഷന് കഴിഞ്ഞുള്ള ചെറു പൈനാപ്പിളുകള്‍ക്ക് കിലോ 15 രൂപയിലേക്ക് വില താഴ്ന്നു.
District News
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ മത്സ്യ - മാംസങ്ങൾക്ക് വില ഈടാക്കുന്നതു തോന്നും മട്ടിലാണെന്നുപരാതി.
കിലോയ്ക്ക് 400 രൂപ വിലയുണ്ടായിരുന്ന ബീഫിന് ഒറ്റയടിക്ക് 450 രൂപയും 500 രൂപയുമായി ഉയർത്തി. വിശേഷദിവസങ്ങൾ വരുമ്പോഴെല്ലാം ഇത്തരത്തിൽ വിലകൾ ഉയർത്തുന്ന സ്ഥിതിയാണ്. 300 രൂപയിൽ താഴെ വിലവരുന്ന പന്നിമാംസത്തിന്റെ വിലയും ഇത്തരത്തിൽ 50 രൂപ മുതൽ 100 രൂപ വരെ ഉയർത്തിയാണ് വില്പന നടത്തുന്നത്. വടക്കഞ്ചേരി ടൗണിലാണ് ഈവിധം വിലകൾ തോന്നും മട്ടിൽ ഇടക്കിടെ ഉയർത്തുന്നതെന്ന പരാതിയുണ്ട്. മത്സ്യവിലയും ഇതേ സ്ഥിതിയാണ്. കഴുകി വൃത്തിയാക്കാൻ പോലും പറ്റാത്തവിധം അഴുകിയ മത്സ്യമാണ് പലപ്പോഴും വില്പന നടത്തുന്നത്. ഇതിന് ഉയർന്ന വിലയും വസൂലാക്കും.
എന്നാൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെയോ പഞ്ചായത്തിന്റെയോ പരിശോധനകളോ നടപടികളോ ഇല്ലെന്നാണ് ആക്ഷേപം. യാതൊരു മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെയാണ് ടൗണിലെ മാംസ വില്പന. മാടിനെ കശാപ്പ് ചെയ്യുന്നതിനുമുമ്പും ശേഷവും വെറ്ററിനറി ഡോക്ടർ പരിശോധിച്ച് മാംസം ഭക്ഷ്യയോഗ്യമാണെന്നു ഉറപ്പുവരുത്തണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും എവിടെയും നടക്കുന്നില്ല.
പഞ്ചായത്ത് അംഗീകരിച്ച കശാപ്പുശാലകളിൽ മാത്രമേ മാടിനെ കശാപ്പു നടത്താവൂ എന്നു വ്യവസ്ഥയുണ്ടെങ്കിലും അതും കാറ്റിൽപറത്തി വൃത്തിഹീനമായ സ്ഥലത്തുവച്ചാണ് കശാപ്പ് ചെയ്തു മാംസമാക്കുന്നത്. മാട് കേടുവന്ന് ചത്തതാണോ അസുഖമുള്ള മാടാണോ എന്നുപോലും പരിശോധന നടത്തുന്നില്ല.
National
ന്യൂഡൽഹി: ഇന്ത്യൻ ഓയിലിന്റെ എക്സ്പി 100 പെട്രോളിന്റെയും എക്സ്ട്രാ ഗ്രീനിന്റെയും വില ഡൽഹിയിൽ വർധിപ്പിച്ചു.
എക്സ്പി100 ന്റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർത്തി. ആഡംബര കാറുകൾക്കും സൂപ്പർബൈക്കുകൾക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ 100-ഒക്ടേൻ പ്രീമിയം പെട്രോളാണ് ഇന്ത്യൻ ഓയിലിന്റെ എക്സ്പി100. അതുപോലെ, എക്സ്ട്രാ ഗ്രീൻ (പ്രീമിയം ഡീസൽ) 91.49 രൂപയിൽനിന്നും 92.99 രൂപയായി വർധിപ്പിച്ചു.
പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവിന് പിന്നിലെ കാരണം ഇന്ത്യൻ ഓയിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകളും യുഎസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലവുമാണ് വിലവർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയും ഇന്ത്യൻ ഓയിൽ വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 300 രൂപയിലധികം വർധിപ്പിച്ചു. മാർച്ച് ഒന്നിന് ഡൽഹിയിൽ 1,768.50 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 2,078.50 രൂപയായി.
ജെറ്റ് ഇന്ധനത്തിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ആഗോള എണ്ണവില കുതിച്ചുയരുന്നതിനിടയിൽ ജെറ്റ് ഇന്ധന വില രണ്ട് മടങ്ങിലധികം വർധിച്ച് കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി. ഡൽഹിയിൽ എടിഎഫ് വില കിലോലിറ്ററിന് 96,638.14 രൂപയിൽ നിന്ന് 2,07,341.22 രൂപയായി ഉയർത്തി.
Business
ന്യൂഡൽഹി: കാപ്പിക്കുരു വിലയിൽ വലിയ ഇടിവ് നേരിടുന്ന സാഹചര്യത്തിൽ കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ നിസംഗമനോഭാവം അവസാനിപ്പിക്കണമെന്ന് കാപ്പി കർഷകരുടെ സംഘടനായ കോഫീ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
വർഷങ്ങളോളം നീണ്ടുനിന്ന വിലക്കുറവിനുശേഷം കഴിഞ്ഞ സാന്പത്തികവർഷം മെച്ചപ്പെട്ട വില ലഭിച്ചത് കർഷകരിൽ ആത്മവിശ്വാസം നൽകി. എന്നാൽ, ഈ വർഷം കാപ്പി കർഷകർ വലിയ വിലയിടിവ് നേരിടുകയാണ്.
2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിക്ക് 260 രൂപയ്ക്കും 280 രൂപയ്ക്കുമിടയിൽ കർഷകർക്കു വില ലഭിച്ചിരുന്നു. സമാനമായി അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിയുടെ വില 300 രൂപ വരെയെത്തി. എന്നാൽ കഴിഞ്ഞ വർഷം 280 രൂപ വരെ വിലയുണ്ടായിരുന്ന റോബസ്റ്റ കാപ്പിയുടെ വില 180 രൂപ മുതൽ 205 രൂപ വരെയായി കുറഞ്ഞു.
അറബിക്ക ഇനത്തിപ്പെട്ട കാപ്പിയുടെ വില 260 രൂപയായും ഇടിഞ്ഞു. ഇതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലിയ വിലത്തകർച്ചയാണ് കാപ്പി കർഷകർ നേരിടുന്നതെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കാപ്പി കർഷകരെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിന് റോബസ്റ്റ ഇനത്തിപ്പെട്ട കാപ്പി വില 250 രൂപയും അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി വില 300 രൂപയുമാക്കി നിലനിർത്തുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും സിഎഫ്എഫ്ഐ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തില്‍ വിപണിയില്‍ ട്വിസ്റ്റ്. ഇറാനുമായി ചര്‍ച്ച നടക്കുകയാണെന്നും ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് തല്ക്കാലം പിന്മാറുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ വിപണിയില്‍ എണ്ണ വിലയിൽ വൻ ഇടിവ്.
ഒമാനിൽനിന്നാണ് ക്രൂഡ് വില പുറത്തുവന്നിരുന്നത്. ഇന്ന് രാവിലെ 160.20 ഡോളറിലായിരുന്നു വ്യാപാരം. ഇതിൽ 13 ശതമാനത്തിന്റെ കുറവ് ഉണ്ടായിരിക്കുന്നതായാണ് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചിരിക്കുന്നത്. ഒപ്പം ആഗോള ബ്രെന്റ് ക്രൂഡിന്റെ വിലയിലും വലിയ ഇടിവ് ഉണ്ടായി. 200 ഡോളറിലെത്തിക്കുമെന്നായിരുന്നു ഇറാന്റെ ഭീഷണി.
ക്രൂഡ് വില ഇടിഞ്ഞതോടെ സ്വര്‍ണവില തിരിച്ചുകയറി. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഇറാനെതിരായ ആക്രമണം നിര്‍ത്തിയേക്കുമെന്ന സൂചനയാണ് ട്രംപിന്റെ പുതിയ കുറിപ്പില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
Kerala
കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധം കനക്കുന്നതിനിടയില്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി ടാര്‍ വില കുതിച്ചുയരുന്നു. മാസത്തില്‍ രണ്ട് പ്രാവശ്യമാണ് ബിപിസിഎല്‍ ടാര്‍ വിലയില്‍ മാറ്റം വരുത്തുന്നത്.
ആദ്യമാറ്റം 1-15 വരെ തീയതികള്ക്കുള്ളിലും രണ്ടാമത്തേത് 15 മുതല്‍ 30നും ഇടയിലായിരിക്കും. എന്നാല്‍ ഈ മാസം ഒന്ന് മുതല്‍ അനിയന്ത്രിതമായ രീതിയിലാണ് ടാര്‍ വില വര്‍ധിക്കുന്നത്.
ഒന്നിനും 12നും ഇടയിലായി എണ്ണായിരത്തിലധികം രൂപയുടെ വര്‍ധനയാണ് ഒരു ടണ്‍ ടാറിന് വന്നിരിക്കുന്നത്. ഇന്നലെ മാത്രമുണ്ടായത് 3500 രൂപയുടെ വര്‍ധനയാണ്. ഒരു ടണ്ണിന് 73,000 രൂപയാണ് ഇപ്പോഴത്തെ വില. ഇത് കഴിഞ്ഞമാസം 15ന് 52,000 രൂപ മാത്രമായിരുന്നു.
ഇസ്രയേല്‍- ഇറാന് സംഘര്‍ഷത്തിന്റെ മറവിലാണ് കുത്തനെയുള്ള വില വര്‍ധന നടപ്പിലാക്കുന്നതെന്ന് പറയുമ്പോഴും ഇതിനു പിന്നില്‍ ഗൂഢതാത്പര്യങ്ങളുണ്ടെന്നാണ് ടാര്‍ എടുക്കുന്ന ആളുകള്‍ പറയുന്നത്.
ഇതുമൂലം കേരളത്തിലെയുള്പ്പെടെയുളള റോഡു നിര്‍മാണം സ്തംഭിച്ച നിലയിലാണ്. പെട്രോള്‍ വില പോലും വര്‍ധിക്കാത്ത സാഹചര്യത്തില്‍ ടാറിന്റെ വില ഉയരുന്നത് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
District News
ചമ്പക്കുളം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുൻപേ സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കർഷകർ കാത്തിരിപ്പ് തുടരുന്നു. നെടുമുടി കൃഷിഭവന് കീഴിലുള്ള പുളിക്കക്കാവ് പാടശേഖരത്തിലെ ഒരുപറ്റം കർഷകരാണ് നവംബർ അവസാന ആഴ്ചയിൽ നല്കിയ നെല്ലിന്റെ വിലയ്ക്കായി ആഴ്ചകളായി ബാങ്കുകളിൽ കയറി ഇറങ്ങുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ള കർഷകർക്കാണ് ഇതുവരെയും നെൽവില ലഭിച്ചില്ല എന്ന പരാതി ഉള്ളത്. ഇതോടൊപ്പം സംഭരിച്ച നെല്ലിന്റെ വില കാനറ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ നെല്ല് സംഭരണം നടത്തി ഒന്നരമാസം കഴിഞ്ഞിട്ടും നെല്ല് വില കിട്ടാതെ ബുദ്ധിമുട്ടിലാണ് പല കർഷകരും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് ഏകദേശം രണ്ടുമാസത്തോളം സംഭരിച്ച കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ നെല്ലിന്റെ വില ഒരാഴ്ച കൊണ്ട് തന്നെ കർഷകരുടെ ആക്കൗണ്ടുകളിൽ എത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നെല്ലുവില വിതരണം പഴയ പടി ആയി എന്നതാണ് അവസ്ഥ. ഓരോ കൃഷിക്കും വായ്പഎടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് നെല്ലുവില യഥാസമയം ലഭ്യമാകാത്തതിനാൽ വലിയ കട ബാധ്യതയാണ് ഉണ്ടാവുന്നത്.
നെല്ല്സംഭരണം നടത്തി ഒരാഴ്ചക്കകം കർഷകർക്ക് നെല്ല് വില ലഭ്യമാക്കാൻ സാധിക്കുന്നില്ലെങ്കിൽ നെല്ല് വിലയ്ക്ക് സർക്കാർ കുടിശികക്ക് ഈടാക്കുന്ന പലിശ നിരക്കിൽ കർഷകർക്ക് പലിശ നല്‍കണം എന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.
കർഷകൻ എടുക്കുന്ന വായ്പകൾക്ക് കണക്ക് പറഞ്ഞ് പലിശ ഈടാക്കുമ്പോൾ കർഷകന്റെ പണം ആഴ്ചകളും മാസങ്ങളും യാതൊരു പലിശയും ഇല്ലാതെ കിടക്കുന്നത് കർഷകരോട് ചെയ്യുന്ന വലിയ ദ്രോഹം തന്നെയാണ്.
ഒരു പാടശേഖരത്തിലെ 200 ഏക്കർ നിലത്തിൽ നിന്നും ഏക്കർ ഒന്നിന് 20 ക്വിന്റൽ നെല്ല് എന്ന കണക്കിൽ സംഭരിച്ചാൽ 4000 ക്വീന്റൽ നെല്ലിന്റെ വിലയായ 12000000 (ഒരു കോടി ഇരുപത് ലക്ഷം രൂപ) രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. സാധാരണ 8% പലിശ കണക്കാക്കിയാൽ പോലും ഓരോപാടശേഖരത്തിലെ കർഷകർക്കും പ്രതിമാസം ഒരു ലക്ഷത്തോളം രൂപയാണ് സംഭവിക്കുന്ന നഷ്ടം.
കുട്ടനാട്ടിൽ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള പാടശേഖരങ്ങളിലെ കർഷകർക്ക് ഒരു വർഷം നെല്ല് സംഭരണം നടത്തി യഥാസമയം വില നല്‍കാത്തതിന്റെ പേരിൽ വരുന്ന നഷ്ടത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ ആഴ്ചയിലും കോടികളാണ് എന്നതാണ് യാഥാർഥ്യം. ഈ സത്യം മനസിലാകാത്ത സാധാരണക്കാരായ കർഷകർ തങ്ങൾക്ക് അർഹമായത് നഷ്ടപ്പെടുത്തിക്കൊണ്ടാണ് നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് വേണ്ടി നെൽകൃഷി ചെയ്യുന്നത് എന്ന ബോധ്യം പൊതു സമൂഹത്തിന് ഉണ്ടാവേണ്ടിയിരിക്കുന്നു.
നെല്ല് സംഭരണം നടത്തി ഒരാഴ്ചയ്ക്കകം നെല്ലു വില ലഭ്യമായില്ലെങ്കിൽ തുക അക്കൗണ്ടിൽ എത്തും വരെയുള്ള ദിവസങ്ങൾക്ക് അർഹമായ പലിശ കർഷകർക്ക് ലഭ്യമാക്കണം എന്നതാണ് കുട്ടനാടൻ കർഷകരുടെ ആവശ്യം. അതോടൊപ്പം ബാങ്കുകൾ മാറുന്നതനുസരിച്ച് അക്കൗണ്ടിൽ നെല്ല് വില എത്തുന്നത് താമസിക്കും എന്ന വിചിത്ര രീതിക്കും മാറ്റം ഉണ്ടാകണം.
Business
മുംബൈ/ന്യൂയോർക്ക്: വെള്ളിവിലയിൽ വൻ കുതിച്ചുചാട്ടം. വെള്ളിയുടെ വില ഏകദേശം ഒമ്പത് ശതമാനം വർധിച്ച് റിക്കാർഡ് നിലവാരമായ 80 ഡോളറിലേക്ക് അടുത്തു. ഈ കുതിപ്പോടെ ഈ വർഷത്തെ വിലവർധനയിൽ വെള്ളി സ്വർണത്തെ മറികടന്നു. കഴിഞ്ഞ 12 മാസത്തിനിടെ വെള്ളിയുടെ വിലയിൽ 170 ശതമാനത്തിലധികം വരുമാനമാണ് നല്‍കിയിരിക്കുന്നത്. വെള്ളിയുടെ വില ഇന്ത്യയിൽ കിലോഗ്രാമിന് 2,50,000 ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
അമൂല്യ ലോഹങ്ങളുടെ വിപണിയിലാകെ വിലവർധന പ്രകടമായി. റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്വർണവില ഒൗണ്‍സിന് സർവകാല റിക്കാർഡിലെത്തി. പ്ലാറ്റിനം വില 10 ശതമാനം ഉയർച്ചയോടെ റിക്കാർഡ് നിലവാരമായ 2454.12 ഡോളറിലെത്തി. പല്ലേഡിയം വിലയിലാണ് വൻ കുതിച്ചുചാട്ടം നടന്നത്. 14 ശതമാനത്തിലധികം വർധനയോടെ ഒൗണ്‍സിന് 1924.03 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു.
ശക്തമായ വ്യാവസായിക ആവശ്യം, വിതരണത്തിലുണ്ടായ ഇടിവ്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചത്, വീണ്ടും പലിശനിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവയെല്ലാമാണ് ഈ വർഷം വെള്ളിവിലയിൽ ആകർഷമായ നേട്ടമുണ്ടാക്കിയത്. കൂടാതെ എഐ ഡാറ്റാ സെന്ററുകളിൽ വെള്ളിയുടെ വർധിച്ചുവരുന്ന ഉപയോഗം, ഇറക്കുമതി തീരുവകളെ സംബന്ധിച്ച അനിശ്ചിതത്വം എന്നിവയും ഈ വർഷം വെള്ളിയുടെ വില കുതിച്ചുയരാൻ പ്രധാന കാരണങ്ങളായെന്ന് സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ വർഷം സ്വർണവിലയിലുണ്ടായ ഏകദേശം 72 ശതമാനം വർധനയേക്കാൾ ഏറെ മുന്നിലാണ് വെള്ളിയുടെ കുതിപ്പ്.
വെള്ളിയുടെ വില അടുത്ത വർഷം 100 ഡോളറിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കണക്കുകൾ പ്രകാരം 2024ൽ ആഗോളതലത്തിൽ വെള്ളിയുടെ ആവശ്യകത അതിന്റെ വിതരണത്തേക്കാൾ കൂടുതലായിരുന്നു. തുടർച്ചയായ നാലാം വർഷമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് വിപണിയിൽ 148.9 മില്യണ്‍ ഒൗണ്സിന്റെ കുറവിനു കാരണമായി.
സ്വർണം, പ്ലാറ്റിനം...
ഫെഡറൽ റിസർവ് നയങ്ങളിലെ ഇളവുകൾ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ, ഇടിഎഫുകളെ വർധിച്ച നിക്ഷേപം, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന പ്രവണത എന്നിവയുടെ പിന്തുണയോടെ 1979നുശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനത്തിലേക്കാണ് സ്വർണം കുതിക്കുന്നത്. അതേസമയം, വിതരണത്തിലെ കുറവ്, അമേരിക്കയുടെ നിർണായക ധാതു എന്ന പദവി, ശക്തമായ വ്യാവസായിക ആവശ്യകത എന്നിവ വെള്ളിക്കു ഗുണമായി.
പ്ലാറ്റിനവും പല്ലേഡിയവും വ്യാപകമായി വാഹനങ്ങളിലെ കാറ്റലിറ്റിക് കണ്‍വെർട്ടറുകളിൽ ഉപയോഗിക്കുന്നു. വിതരണത്തിലുണ്ടായ കുറവ്, തീരുവ അനിശ്ചിതത്വം, നിക്ഷേപകർ സ്വർണത്തിൽനിന്ന് മാറി മറ്റു ലോഹങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നിവയാണ് ഈ ലോഹങ്ങളുടെ വിലയിൽ കുതിപ്പുണ്ടാക്കിയത്. പ്ലാറ്റിനത്തിന്റെ വിലയിൽ ഈ വർഷം ഏകദേശം 165 ശതമാനം വർധനയും പല്ലേഡിയത്തിന്റേത് 90 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.
Kerala
ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.
നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.
പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.
ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിലയിൽ വർധനവുണ്ടാകുമെന്ന സൂചന നല്കി മന്ത്രി ജെ. ചിഞ്ചുറാണി.
പാൽ വില വർധന പഠിക്കാൻ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ ശിപാർശ പ്രകാരം കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള പാല് വില വർധന നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മിൽമ അറിയിച്ചതായി മന്ത്രി നിയമസഭയിൽ തോമസ് .കെ തോമസിന്റെ സബ്മിഷനുള്ള മറുപടിയിൽ വ്യക്തമാക്കി.
കോടതി ഉത്തരവു പ്രകാരം പാൽവില വർധിപ്പിക്കുന്നതിനുള്ള അധികാരം മിൽമയ്ക്കാണ്. കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അധികം വൈകാതെ വിലവർധിപ്പിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Business
കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ കുറവ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. കൊച്ചിയില്‍ വ്യവസായികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികള്‍ ഉറപ്പു നല്കി. വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ സഹായകരമാകുന്ന രീതിയില്‍ വിലക്കയറ്റം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറില്‍ വ്യവസായികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കും. ഇത് വഴി വിപണിയിലെ വില കുറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സപ്ലൈകോയില്നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മായം ചേര്‍ത്ത എണ്ണ വിപണിയിലെത്തുന്നതില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി പി. രാജീവ് പറഞ്ഞു. വെളിച്ചെണ്ണയില്‍ കേരളത്തിന്റെ ഉത്പാദനം ശക്തിപ്പെടുത്താന്‍ വ്യവസായ വകുപ്പ് തന്നെ കുറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 കമ്പനികള്‍ക്ക് നന്മയെന്ന കേരള ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വില വര്‍ധിക്കുന്നതു സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്കു നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അറുപതോളം വ്യവസായികളാണു പങ്കെടുത്തത്. സപ്ലൈകോയ്ക്കു കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ നല്കുന്ന വ്യവസായികള്‍ക്ക് 15 ദിവസത്തിനകം തുക നല്‍കുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്കി. പലവിധത്തിലുള്ള അധിക ചെലവുകള്‍ ഒഴിവാക്കി ജനങ്ങളെ സഹായിക്കുക എന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കും. കേരഫെഡ് ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.