പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ ഗ്രൗണ്ട് സീറോയിൽ നടക്കാറുള്ള ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ ചരിത്രത്തിലാദ്യമായി ഏഴാമതൊരു നിശബ്ദ പ്രാർഥനകൂടി ഉൾപ്പെടുത്തി.
ആക്രമണത്തിനുശേഷം കെട്ടിടാവശിഷ്ടങ്ങളിൽനിന്നുള്ള വിഷപ്പുകയും കെമിക്കൽ പൊടിയും ശ്വസിച്ച് പിന്നീട് വിവിധ രോഗങ്ങളാൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് ആദരമർപ്പിക്കാനാണ് ഈ തീരുമാനം.
2001 സെപ്റ്റംബർ 11ലെ ആക്രമണസമയത്ത് വിമാനങ്ങൾ ഇടിച്ചുകയറിയതും ടവറുകൾ തകർന്നുവീണതുമായ ആറു നിർണായക നിമിഷങ്ങളെ അനുസ്മരിച്ച് ആറുതവണ മണി മുഴക്കി മൗനം പാലിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.
എന്നാൽ, ദുരന്തത്തിൽ നേരിട്ട് കൊല്ലപ്പെട്ടവരുടെയും പിന്നീട് രോഗബാധിതരായി മരിച്ചവരുടെയും കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇത്തവണ ഏഴാമതൊരു മണികൂടി മുഴക്കി പ്രാർഥന നടത്താൻ ‘9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ആക്രമണദിവസം നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ (2,977) കൂടുതലാളുകൾ ദുരന്താനന്തര രോഗങ്ങൾ കാരണം പിന്നീട് മരിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വ്യക്തമാക്കി. സംഭവസ്ഥലത്തെ വായു സുരക്ഷിതമാണെന്ന് അന്ന് അധികൃതർ തെറ്റായ സന്ദേശം നൽകിയിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ ന്യൂയോർക്ക് ഭരണകൂടം അടുത്തിടെ പുറത്തുവിട്ടിരുന്നു.
നിലവിൽ 57,000ത്തിലധികം രക്ഷാപ്രവർത്തകർക്കും രക്ഷപ്പെട്ടവർക്കും കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന്റെ ഇരകളായി രോഗബാധിതരായി മരിച്ച ആയിരക്കണക്കിന് ആളുകളുടെ കുടുംബങ്ങൾക്ക് വർഷങ്ങൾക്കുശേഷം ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ഏഴാമത് അനുസ്മരണ നിമിഷം.
Tags : 9/11 Remembrance Prayer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash