x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രത്തിന്‍റെ ഗതിതിരിച്ച 9/11 ഭീകരാക്രമണത്തിന് 25 വയസ്; സമാനതകളില്ലാത്ത ഭീകരതയിൽ പൊലിഞ്ഞത് 2977 പേർ; ലോകമെങ്ങും അനുസ്മരണ പരിപാടികൾ

വെബ് ഡെസ്ക്
Published: September 10, 2026 07:57 PM IST | Updated: September 10, 2026 07:59 PM IST

ന്യൂയോർക്ക്: ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയ 9/11 ഭീകരാക്രമണത്തിന്‍റെ 25-ാം വർഷികം ഇന്ന്. അൽ ഖ്വായിദ ഭീകരസംഘടനയിലെ 19 ഭീകരർ അമേരിക്കയിലെ നാലു യാത്രാവിമാനങ്ങൾ തട്ടിയെടുത്തു വേൾഡ് ട്രേഡ് സെന്‍റർ അടക്കമുള്ള കെട്ടിടങ്ങളിൽ ഇടിച്ചിറക്കിയ ആക്രമണത്തിൽ 2,977 പേർ നേരിട്ടു മരിച്ചു; വിഷപ്പുകയും പൊടിപടലങ്ങളും ശ്വസിച്ച് കാൻസർ പോലുള്ള രോഗങ്ങൾ പിടിപെട്ട് 9,600 പേർ പരോക്ഷമായും മരിച്ചു.

ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററിന്‍റെ 110 നിലകൾ വീതമുള്ള ഇരട്ട ടവറുകൾ രണ്ടു മണിക്കൂറിനുള്ളിൽ തകർന്നു തരിപ്പണമാകുന്നത് ലോകമെന്പാടുമുള്ളവർ ടെലിവിഷനിൽ തത്സമയം കണാണുകയുണ്ടായി. ആഗോളചരിത്രത്തെ മാറ്റിമറിച്ച് 2001 സെപ്റ്റംബർ 11നുണ്ടായ സംഭവം, മാസത്തിന്‍റെയും ദിവസത്തിന്‍റെയും കണക്കുവച്ച് 9/11 ഭീകരാക്രമണം എന്നറിയപ്പെടാൻ തുടങ്ങി.

അമേരിക്കയിലെ ആഭ്യന്തര സർവീസ് നടത്തുന്ന നാലു യാത്രാ വിമാനങ്ങളാണ് ഭീകരർ തട്ടിയെടുത്തത്. രണ്ട് വിമാനങ്ങൾ വേൾഡ് ട്രേഡ് സെന്‍ററിന്‍റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചുകയറ്റി. നൂറു മിനിറ്റിനുള്ളിൽ രണ്ടു കെട്ടിടങ്ങളും തകർന്നുവീണു. മൂന്നാമത്തെ വിമാനം അമേരിക്കൻ പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാനമായ പെന്‍റഗണിലേക്ക് ഇടിച്ചിറക്കി. നാലാമത്തെ വിമാനം അണേരിക്കൻ പ്രസിഡന്‍റിന്‍റെ ആസ്ഥാനമായ വൈറ്റ് ഹൗസോ, പാർലമെന്‍റ് മന്ദിരമായ ക്യാപിറ്റോളോ ലക്ഷ്യമിട്ട് വാഷിംഗ്ടൺ ഡിസിയിലേക്കാണു നീങ്ങിയത്. എന്നാൽ യാത്രക്കാരും ജീവനക്കാരും ഭീകരരെ ധീരമായി ചെറുത്തതിനെത്തുടർന്ന് വിമാനം പെൻസിൽവേനിയയിലെ വിജനമായ പാടശേഖരത്തിൽ തകർന്നു വീണു.

അൽ ഖ്വായിദ തലവൻ ഒസാമ ബിൻ ലാദൻ ആയിരുന്നു ആക്രമണത്തിന്‍റെ പ്രധാന സൂത്രധാരൻ. ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരൻ ഭീകരാക്രമണം നടപ്പാക്കേണ്ട രീതികൾ ആസൂത്രണം ചെയ്തു. അമേരിക്കൻ സേന പത്തു വർഷത്തിനുശേഷം 2011-ൽ പാകിസ്ഥാനിൽ രഹസ്യ ഓപ്പറേഷൻ നടത്തി ബിൻ ലാദനെ വധിച്ചു.

ഭീകരാക്രമണത്തെ തുടർന്ന് അന്നത്തെ യുഎസ് പ്രസിഡന്‍റ്് ജോർജ് ഡബ്ല്യു. ബുഷ് ഭീകരതയ്‌ക്കെതിരെ ആഗോള യുദ്ധം പ്രഖ്യാപിച്ചു. ഇത് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ പുറത്താക്കുന്നതിലേക്കും തുടർന്ന് ഇറാഖ് അധിനിവേശത്തിലേക്കും വഴിതെളിച്ചു. കൂടാതെ, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെയും രാജ്യങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ ഈ സംഭവം കാരണമായി.

ഭീകരാക്രമണത്തിന്‍റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് അമേരിക്കയിലുടനീളവും ആഗോളതലത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ 9/11 മെമ്മോറിയൽ മ്യൂസിയത്തിൽ (ഗ്രൗണ്ട് സീറോ) ആയിരിക്കും പ്രധാന പരിപാടി.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഏഴ് നിമിഷത്തെ മൗനാചരണം ഉണ്ടായിരിക്കും. ഇരട്ട ഗോപുരങ്ങളിൽ വിമാനങ്ങൾ ഇടിച്ച സമയം, അവ തകർന്നുവീണ സമയം, പെന്‍റഗണിലെയും പെൻസിൽവാനിയയിലെയും ആക്രമണ സമയങ്ങൾ എന്നിവയ്ക്ക് പുറമെ, രക്ഷാപ്രവർത്തനത്തിന് ശേഷം ആരോഗ്യപ്രശ്നങ്ങളാൽ ജീവൻ നഷ്ടപ്പെട്ടവർക്കായാണ് ഏഴു മിനിട്ട് മൗനാചരണം.

പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോ ബെൽജിയത്തിലെ ആസ്ഥാനം, ബ്രിട്ടൻ, ഇസ്രയേൽ, ഐക്യരാഷ്‌ട്രസഭ, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികൾ തുടങ്ങിയവർ അനുസ്മരണ പരിപാടികൾ നടത്തും.

Tags : 9/11 world trade center attack al qaeda osama bin laden

Recent News

Corehub Up