പ്രതീകാത്മക ചിത്രം
അബുദാബി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ എണ്ണവ്യാപാരവും വിതരണവും സുരക്ഷിതമാക്കാൻ ബദൽ സംവിധാനങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. രാജ്യത്തിന്റെ കിഴക്കൻ തീരമേഖലയിലെ തുറമുഖങ്ങളുടെ വികസനം യുഎഇ വേഗത്തിലാക്കി. ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നീ തുറമുഖങ്ങളുടെ ശേഷി വർധിപ്പിക്കുമെന്ന് യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദി അറിയിച്ചു.
മറ്റു പ്രമുഖ ഗൾഫ് രാജ്യങ്ങളും തങ്ങളുടെ എണ്ണക്കയറ്റുമതി സുരക്ഷിതമാക്കാൻ പുതിയ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുവൈത്ത് പെട്രോളിയം കോർപറേഷൻ കൂടുതൽ കപ്പലുകൾ വാങ്ങാനും പൈപ്പ് ലൈനുകൾ വഴിയുള്ള അസംസ്കൃത എണ്ണ വിതരണം ശക്തമാക്കാനും തീരുമാനിച്ചു.
ക്രൂഡ് ഓയിൽ കയറ്റുമതിക്കായി ഖത്തർ എനർജി ടെൻഡറുകൾ ക്ഷണിച്ചു. കപ്പലുകളിൽ എണ്ണ കയറ്റുന്നത് വരെയുള്ള പൂർണ സുരക്ഷാ ചുമതല കമ്പനി തന്നെ വഹിക്കും. ഇറാൻ താത്കാലിക ഇടനാഴിയെക്കുറിച്ച് വ്യക്തത വരുത്താത്ത സാഹചര്യത്തിലാണ് എണ്ണ വിതരണത്തിൽ തടസമുണ്ടാകാതിരിക്കാൻ ഗൾഫ് രാജ്യങ്ങൾ ബദൽ നീക്കങ്ങൾ ഊർജിതമാക്കിയത്.
Tags : CurrentAffairs GlobalNews DailyNews InDepth NewsFlash